ആപ്പിളിന്റെ പരസ്യം തെറ്റിദ്ധരിപ്പിക്കുന്നെന്നു പരാതി, കേസ് കോടതിയിൽ

ഐഫോണ്‍, X/ Xs/Xs മാക്‌സ് എന്നീ മോഡലുകളെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ പരസ്യമാണ് ആപ്പിള്‍ നല്‍കുന്നതെന്ന് പരാതി. ക്രിസ്റ്റ്യന്‍ സ്‌പോഞ്ചിയാഡോ, കോട്ണി ഡേവിസ് എന്നിവരാണ് കലിഫോര്‍ണിയയിലെ നോര്‍തെണ്‍ ഡിസ്ട്രിക്ട്ര് കോടതിയിൽ കമ്പനിക്കെതിരെ കേസു കൊടുത്തിരിക്കുന്നത്. ഫോണുകള്‍ക്ക് നോച് ഉണ്ടെങ്കിലും അങ്ങനെ തോന്നിക്കാത്ത വിധത്തിലാണ് പരസ്യത്തില്‍ കാണിച്ചിരിക്കുന്നതെന്ന് അവര്‍ വാദിക്കുന്നു.

ഐഫോണിലെ 'പ്ലാനെറ്റ് വോള്‍പേപ്പര്‍' ഉപയോഗിച്ചെടുക്കുന്ന ഫോട്ടോകള്‍ക്കാണ് പ്രശ്‌നമെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് നോച്ച് ഉള്ള ഡിസ്‌പ്ലെയില്‍നിന്നു ജനങ്ങളുടെ ശ്രദ്ധതിരിക്കുന്നുവെന്ന് അവര്‍ ആരോപിക്കുന്നു. ചുരുക്കത്തിൽ, ഫോണിന്റെ ഡിസ്‌പ്ലെ സൈസിനെയും സ്‌പെസിഫിക്കേഷനുകളെയും പറ്റി ആപ്പിള്‍ നുണ പറയുകയും തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്നെന്നാണ് പരാതി. നോച്ചിന്റെ ഭാഗത്തേക്കും കടക്കത്തക്ക രീതിയില്‍  ഈ വോള്‍പേപ്പര്‍ ഉപയോഗിച്ചിരിക്കുന്നുവെന്ന് പരാതിക്കാര്‍ വാദിക്കുന്നു. ഈ പരസ്യം കണ്ട് ഫോണ്‍ ഓര്‍ഡര്‍ ചെയ്‌തെന്നും ഫോണ്‍ കിട്ടിയപ്പോഴാണ് അതിനു നോച്ചുണ്ടെന്നു മനസ്സിലായതെന്നും പരാതിയിൽ പറയുന്നു.

പ്രതികള്‍ അവരുടെ ഉപകരണങ്ങളെക്കുറിച്ച് തെറ്റായ പരസ്യം നല്‍കുന്നു. അവയുടെ പിക്‌സല്‍ കൗണ്ട്, റെസലൂഷന്‍, സ്‌ക്രീന്‍ സൈസ് എന്നിവയെല്ലാം ഉപയോക്താവില്‍ താത്പര്യം ജനിപ്പിക്കുന്ന രീതിയിലാണ് പരസ്യം. പ്രതികള്‍ ഇതു ചെയ്യുന്നത് ഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ റെസലൂഷന് കാര്യമായ പരിഗണന നല്‍കുന്നുവെന്നു മനസ്സിക്കാക്കിത്തന്നെയാണെന്ന് വാദികള്‍ പറയുന്നു.

55 പേജുള്ളതാണ് പരാതി. ഓലെഡ് സ്‌ക്രീനുകളുളള ഐഫോണുകളുടെ സൈസിനെക്കുറിച്ചും പിക്‌സല്‍ കൗണ്ട്‌സിനെക്കുറിച്ചും കമ്പനി നുണപറയുന്നു എന്നതാണ് മുഖ്യ പരാതി. സ്‌ക്രീന്‍ ഇല്ലാത്ത ഭാഗങ്ങള്‍കൂടി കണക്കിലെടുത്താണ് ആപ്പിള്‍ സ്‌ക്രീനിന്റെ വലുപ്പത്തെക്കുറിച്ച് പരസ്യം നല്‍കുന്നത്. നോച്ചും സ്‌ക്രീനായി പരിഗണിക്കുന്നു. ഐഫോണ്‍ Xന്റെ ഡിസ്‌പ്ലെ '5.6785-ഇഞ്ച്' മാത്രമാണെന്നും പക്ഷേ 5.8-ഇഞ്ച് വലുപ്പമുണ്ടെന്നു പറഞ്ഞാണ് വില്‍ക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു.

ആപ്പിളിനെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയരുന്നത് ആദ്യമല്ല. ഈ വര്‍ഷം ആദ്യം ഐഫോണുകളുടെ പ്രൊസസറുകളുടെ ശക്തി മനപ്പൂര്‍വം കുറയ്ക്കുന്നുവെന്ന് ആരോപിച്ച് 59 പരാതികളാണ് കോടതിയിൽ ലഭിച്ചത്. ഇത് ശരിയെന്നു കണ്ടെത്തുകയും കമ്പനി മാപ്പു പറയുകയും തുടര്‍ന്ന് കമ്പനി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. ബാറ്ററി മാറ്റിവയ്ക്കുന്നതിന് കിഴിവുകള്‍ പ്രഖ്യാപിച്ച് ജനരോഷം പടരുന്നത് തടയുകയായിരുന്നു അന്ന് ആപ്പിൾ ചെയ്തത്. ഇതിനു ശേഷം മാക്ബുക്, മാക്ബുക് പ്രോ ലാപ്‌ടോപ്പുകള്‍ക്ക് പ്രശ്‌നമുള്ള കീബോര്‍ഡുകള്‍ നല്‍കിയെന്നും ആരോപണമുയർന്നിരുന്നു.