1.25 ലക്ഷത്തിന്റെ ഐഫോൺ XS മാക്സ് പൊട്ടിത്തെറിച്ചു, പ്രതികരിക്കാതെ ആപ്പിൾ

ആപ്പിളിന്റെ ജനപ്രിയ സ്മാർട് ഫോൺ പൊട്ടിത്തെറിച്ചു. ഈ വർഷം പുറത്തിറങ്ങിയ ഏറ്റവും പുതിയ മോഡൽ ഐഫോൺ XS മാക്സ് ആണ് പൊട്ടിത്തെറിച്ചത്. ആഴ്ചകൾക്ക് മുൻപ് വാങ്ങിയതാണ് ഫോൺ. യുഎസിലെ ഓഹിയോയിലെ കൊളംബസിലാണ് ഐഫോൺ ദുരന്തം സംഭവിച്ചത്.

ഉപയോക്താവിന്റെ പാന്റ്സിന്റെ പോക്കറ്റിലിരുന്ന ഐഫോൺ XS മാക്സ് ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു. ഫോൺ ചൂടായതോടെ തീപിടിച്ചതാണെന്ന് കരുതി പുറത്തേക്ക് എറിയുകയായിരുന്നു. ഇതു സംബന്ധിച്ച് ആപ്പിൾ അധികൃതരെ അറിയിച്ചെങ്കിലും വേണ്ട നടപടി എടുത്തില്ലെന്നും ഉപയോക്താവായ ജോഷ് ഹില്ലാഡ് പരാതിപ്പെട്ടു.

ഫോൺ തീപിടിച്ച ഉടനെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടെങ്കിലും തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. നിരവധി തവണ ആപ്പിൾ സ്റ്റോറുമായി ബന്ധപ്പെട്ടെങ്കിലും നഷ്ടപരിഹാരം നൽകാൻ പോലും കമ്പനി തയാറായില്ലെന്നും ഉപയോക്താവ് പറയുന്നു.

മൂന്നാഴ്ച മുൻപ് വാങ്ങിയ ഫോണാൻ തീപിടിച്ച് തകർന്നത്. കത്തിയ ഐഫോൺ XS മാക്സിന്റെ ചിത്രങ്ങൾ സോഷ്യല്‍മീഡിയകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയിൽ ഏകദേശം ഒന്നേക്കാൽ ലക്ഷം രൂപ വില വരുന്നതാണ് ഐഫോൺ XS മാക്സ്.