ഹാപ്പി ഫോൺ ഇയർ; പ്രതീക്ഷിക്കാം, പുതിയ വിസ്മയങ്ങൾ

ആൻഡ്രോയ്ഡിന്റെ പിതാവായ ആൻഡി റൂബിൻ ഗൂഗിൾ വിട്ടുപോയി എസ്സെൻഷ്യൽ എന്നൊരു കമ്പനി തുടങ്ങിയപ്പോൾ പലരും പറഞ്ഞു, ഇനി കാണാം കളി, ഗൂഗിൾ വെള്ളം കുടിക്കും എന്നൊക്കെ. 2015ൽ ആരംഭിച്ച കമ്പനി അവരുടെ ആദ്യത്തെ ആൻഡ്രോയ്ഡ് ഫോൺ പുറത്തിറക്കിയത് 2017ൽ. ആൻഡ്രോയ്ഡിന്റെ പിതാവിൽ നിന്നുള്ള ആൻഡ്രോയ്ഡ് ഫോൺ എന്ന നിലയ്ക്ക് എസ്സെൻഷ്യൽ ഫോണിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഗൂഗിളിന്റെ ആൻ‍ഡ്രോയ്ഡിൽ പ്രവർത്തിക്കുന്ന, വിപണിയിലുള്ള മുൻനിര ആൻഡ്രോയ്ഡ് ഫോണുകളിലുള്ള സംവിധാനങ്ങൾ മാത്രമുള്ള എസ്സെൻഷ്യൽ നിർഭാഗ്യവശാൽ വിപണിയെ വിസ്മയിപ്പിച്ചില്ല. ആദ്യ വർഷം ആകെ വിറ്റുപോയത് കഷ്ടിച്ച് 5000 ഫോൺ. 2018 അതിലും പരിതാപകരമായിരുന്നു. ഇതുവരെ ആകെ വിറ്റുപോയത് ഒന്നര ലക്ഷത്തോളം ഫോൺ മാത്രം. ഫോൺ നിർമാണം അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച കമ്പനി പ്രഖ്യാപിച്ചതോടെ ആ അധ്യായം ഏറെക്കുറെ അവസാനിക്കുകയാണ്.

എസ്സെൻഷ്യലിന്റെ പരാജയത്തോടെ സ്മാർട്ഫോൺ വിപണിയിൽ നിലവിലുള്ള താരങ്ങളുടെ പുതിയ വിസ്മയങ്ങൾ തന്നെയാവും ഈ വർഷവും തിളങ്ങാൻ പോകുന്നത് എന്നത് തർക്കമില്ലാത്ത കാര്യമായി. ഈ വർഷം പുതിയ ഫോൺ വാങ്ങാനുദ്ദേശിക്കുന്നവർക്ക് വരും മാസങ്ങളിൽ വരാനിരിക്കുന്ന ഈ ഫോണുകളുടെ പേര് മനസ്സിൽ കുറിച്ചിടാം.

സാംസങ് ഗ്യാലക്സി എസ് 10: ഈ വർഷം ആദ്യമെത്തുന്ന ഫ്ലാഗ്ഷിപ് ഫോണുകൾ സാംസങ്ങിന്റേതാവും. ഗ്യാലക്സി എസ് 10, എസ് 10 പ്ലസ് എന്നീ മോഡലുകൾ മാർച്ചോടെ വിപണിയിലെത്തുമെന്നു കരുതുന്നു. ഡിസ്പ്ലേ നോച്ച് സവിശേഷതകളാണ് പുതിയ ഗ്യാലക്സിയിൽ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഘടകം.

നോക്കിയ 9: 5 ലെൻസുകളടങ്ങിയ റിയർ ക്യാമറ മൊഡ്യൂളുമായെത്തുന്ന നോക്കിയ 9 മാർച്ചിലാണ് പ്രതീക്ഷിക്കുന്നത്. പ്യുവർ വ്യൂ ടെക്നോളജിയുടെ മടങ്ങിവരവും മൊബൈൽ ഫൊട്ടോഗ്രഫിയിലെ വിസ്മയങ്ങളും പ്രതീക്ഷിക്കുന്നു.

ഹ്വാവേ പി 30 പ്രോ: ഈ വർഷം ഏറെ ആകാംക്ഷയോടെ പ്രതീക്ഷിക്കുന്ന മോഡൽ. ലോ ലൈറ്റ് ഫൊട്ടോഗ്രഫിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പി30 പ്രോയിൽ സോണിയുടെ 38 മെഗാപിക്സൽ ക്യാമറ സെൻസർ പ്രതീക്ഷിക്കുന്നു. ഏപ്രിലിൽ അവതരിപ്പിച്ചേക്കും.

സാംസങ് ഗ്യാലക്സി x: മടക്കി പോക്കറ്റിലിടാവുന്ന ഡിസ്പ്ലേയോടു കൂടിയ ഈ ഫോൺ ആണ് ഈ വർഷം പ്രതീക്ഷിക്കുന്നവയിലെ താരം. പുതിയ സാങ്കേതികവിദ്യ ഇതിനോടകം പ്രദർശിപ്പിച്ചു കഴിഞ്ഞു എങ്കിലും വിപണിയിലെത്താൻ കാത്തിരിക്കുന്നു.

വൺ പ്ലസ് 7: 5 ജി ചിപ്പിന്റെ കരുത്തിൽ ന്യൂജെൻ ആയി എത്തുന്ന ഫോൺ മേയിൽ പ്രതീക്ഷിക്കുന്നു. കുറഞ്ഞ വിലയ്ക്ക് കൂടിയതെല്ലാം നൽകുന്ന വൺ പ്ലസ് ശൈലിയുടെ തുടർച്ച ഈ ഫോണിലും പ്രതീക്ഷിക്കുന്നു.

ഐഫോൺ 11: പതിവു പോലെ സെപ്റ്റംബറിൽ ആപ്പിൾ ഐഫോൺ പുതിയ പതിപ്പുകളായ ഐഫോൺ 11, ഐഫോൺ 11 മാക്സ് എന്നിവ എത്തുമെന്നതിൽ സംശയമില്ല. 5ജി നൽകാൻ ആപ്പിളിനു കഴിയുമോ എന്നറിയാൻ ഉറ്റുനോക്കുന്നു.

ഗൂഗിൾ പിക്സൽ 4: ഇത് ഒക്ടോബറിന്റെ വിസ്മയം. പിക്സൽ 4, പിക്സൽ 4 എക്സ്എൽ എന്നീ മോഡലുകളാണ് പ്രതീക്ഷിക്കുന്നത്. നിർമിതബുദ്ധിയുടെ മികവ് ഫോണിന്റെ കൂടുതൽ മേഖലകളിൽ പ്രത്യേകിച്ച് ക്യാമറയിൽ പ്രതീക്ഷിക്കുന്നു. ഓഗ്മെന്റഡ് റിയാലിറ്റിയിലും പുതുമകൾ ഉറപ്പ്.