കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകൾ, ഗ്യാലക്‌സി M10, M20 വിപണിയിലേക്ക്

15,000 രൂപയ്ക്കു താഴെയാണ് ഇന്ത്യയില്‍ ഏറ്റവുമധികം ഫോണുകള്‍ വില്‍ക്കപ്പെടുന്നത്. ഈ വിപണിയിലെ തമ്പുരാക്കന്മര്‍ ഷവോമിയും സാംസങ്ങുമാണ്. ഫോണുകള്‍ പൈസ വസൂലാകുന്ന രീതിയലാണ് എത്തുന്നതെന്ന തോന്നല്‍ ഷവോമിയെ നിരവധി പേരുടെ പ്രിയപ്പെട്ട ബ്രാന്‍ഡാക്കുന്നു. അവരോട് പിടിച്ചു നില്‍ക്കാനാകുന്ന ചുരുക്കം ചില കമ്പനികളിലൊന്നാണ് സാംസങ്. ഇരു ബ്രാന്‍ഡുകള്‍ക്കും ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റുകളുണ്ടെന്നത് വില കുറച്ചു വില്‍ക്കാന്‍ അവരെ അനുവദിക്കുന്നു. ഷവോമിയുടെ വെല്ലുവിളിക്കെതിരെ സാംസങ് വിപണിയിലെത്തിക്കാന്‍ പോകുന്ന മോഡലുകളാണ് ഗ്യാലക്‌സി M20, M10 എന്നിവ. ഇവ ജനുവരി 28ന് അനാവരണം ചെയ്യുമെന്നും മാര്‍ച്ച് 5 മുതല്‍ ആമസോണ്‍ എക്‌സ്‌ക്ലൂസീവായി വില്‍പ്പന തുടങ്ങുമെന്നുമാണ് അറിയുന്നത്. 

ഗ്യാലക്‌സി M സീരിസിലുള്ള ഫോണുകള്‍ താരതമ്യേന കുറഞ്ഞ വിലയ്ക്കു ഹാന്‍ഡ്‌സെറ്റ് അന്വേഷിക്കുന്നവര്‍ക്ക് അനുഗ്രഹമാകുമെന്നു കരുതുന്നു. കൂടാതെ മികച്ച ഫീച്ചറുകളുമുണ്ട് ഇവയ്ക്ക്. ഇരു മോഡലുകള്‍ക്കും V ആകൃതിയിലുള്ള നോച്ച് ആണുള്ളത്. ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതികവിദ്യയുമുണ്ട്. സാധാരണ ഫോണുകളെക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ ചാര്‍ജു ചെയ്യാമെന്നത് പലര്‍ക്കും ആകര്‍ഷകമായിരിക്കും. കൂടിയ മോഡലായ M20ക്ക് 5000 mAh ബാറ്ററിയും കുറഞ്ഞ മോഡലായ M10ന് 3500 mAh ബാറ്ററിയുമുണ്ട്.

ഗ്യാലക്‌സി M20 മോഡലിന് 6.13-ഇഞ്ച് വലിപ്പമുള്ള, ഫുള്‍എച്ഡി പ്ലസ് റെസലൂഷനുള്ള എല്‍സിഡി സ്‌ക്രീനാണുള്ളത്. പിന്നില്‍ ഇരട്ട ക്യാമറ സെറ്റ്-അപ് പ്രതീക്ഷിക്കുന്നു. 13MP + 5MP ക്യാമറകളായിരിക്കുമെന്നാണ് അഭ്യൂഹം. മുന്നിലുള്ളത് 8MP ക്യാമറയായിരിക്കാം. സാംസങ്ങിന്റെ സ്വന്തം എക്‌സിനോസ് 7885 പ്രൊസസറായിരിക്കും ഇതിനു ശക്തി പകരുന്നത്. മാലി (Mali-G71 MP2 GPU) ഗ്രാഫിക്‌സ് പ്രൊസസറുമുണ്ടായിരിക്കും. ഈ മോഡലിന് രണ്ടു വേരിയന്റുകള്‍ പ്രതീക്ഷിക്കുന്നു-3GB RAM+32GB ഉള്ളതും 3GB RAM+64GB ഉള്ളതും. ആന്‍ഡ്രോയിഡ് 8.1 കേന്ദ്രമാക്കി സൃഷ്ടിച്ച എക്‌സ്പീരിയന്‍സ് UI ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. ഈ മോഡലിന്റെ തുടക്ക വില 10,990 രൂപയായിരിക്കും.

കുറഞ്ഞ മോഡലായ M10ന്റെ വിശേഷങ്ങളായി പറഞ്ഞു കേള്‍ക്കുന്നത് ഇവയാണ്: എക്‌സിനോസ് 7870 പ്രൊസസറും മാലി (Mali-T830 GPU) ഗ്രാഫിക്‌സ് പ്രൊസസറും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 6.5-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീന്‍ പ്രതീക്ഷിക്കുന്നു. റെസലൂഷന്‍ കൃത്യമായി അറിയില്ല. 3GB + 16GB അല്ലെങ്കില്‍ 32GB മോഡലുകളായിരിക്കും ഇറങ്ങുക. മൈക്രോ എസ്ഡി കാര്‍ഡി സ്വീകരിക്കും. ഈ മോഡലിന്റെ തുടക്ക വില 7,990 രൂപയായിരിക്കും.

ഇരു മോഡലുകളും നോയിഡയിലുള്ള സാംസങ്ങിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഫാക്ടറിയില്‍ നിര്‍മിച്ചവയാണെന്ന പ്രത്യേകതയുമുണ്ട്. ഷവോമി ഒരു ചൈനീസ് കമ്പനിയാണ്. കുറച്ചു കൂടെ പേരുള്ള കമ്പനിയുടെ ഫോണ്‍ കൈയ്യില്‍ വയ്ക്കണമെന്ന് ആഗ്രഹമുള്ളവരെ പ്രലോഭിപ്പിക്കാനാണ് സാംസങ് പുതിയ മോഡലുകളുമായി എത്തുന്നത്.