രണ്ടാം ചൈനീസ് നിലയവും ഭൂമിയിലേക്ക്? ലോകം ഭീതിയിൽ

ചൈനയുടെ രണ്ടാം ബഹിരാകാശ നിലയവും ഭൂമിയിലേക്ക് പതിക്കുമെന്ന് മുന്നറിയിപ്പ്. ടിയാൻഗോങ്–2 എന്ന ബഹിരാകാശ നിലയം ഭൂമിയോടു അടുക്കുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ചൈനീസ് സർക്കാർ ഇത് സംബന്ധിച്ച് മുന്നറിയിപ്പുകളോ സൂചനകളോ നൽകിയിട്ടില്ല.

ടിയാൻഗോങ്–1 ബഹിരാകാശ നിലയം ഭൂമിയിൽ പതിച്ചതിനു തൊട്ടുപിന്നാലെയാണ് രണ്ടാം ബഹിരാകാശ നിലയത്തെ കുറിച്ചുള്ള മുന്നറിയിപ്പ് വരുന്നത്. ടിയാൻഗോങ്–2 എന്ന നിലയം ഏകദേശം 100 കിലോമീറ്ററോളം ഭൂമിയിലേക്ക് താഴ്ന്നുവെന്നാണ് അറിയുന്നത്. എന്നാൽ ടിയാൻഗോങ്–2 നേരത്തെയുള്ള നിലയത്തിനേക്കാൾ നിയന്ത്രിതമാണെന്നാണ് ഗവേഷകർ പറയുന്നത്.

ടിയാൻഗോങ്–2 ന്റെ ശരിക്കുമുള്ള പാതയിൽ നിന്ന് 100 കിലോമീറ്ററോളം താഴോട്ടു വന്നിട്ടുണ്ട്. എന്നാൽ ഇടക്കിടെ താഴോട്ടു വരുന്ന ടിയാൻഗോങ്–2 തിരിച്ചു മുകളിലേക്ക് എത്തിക്കാൻ സാധിച്ചില്ലെങ്കിൽ നിലയത്തിന്റെ പ്രവർത്തനം ചൈന നിർത്തിയേക്കുമെന്നും സൂചനയുണ്ട്.

ഭൂമിയില്‍ നിന്ന് 380–386 കിലോമീറ്റർ പരിധിയിലായിരുന്ന ടിയാൻഗോങ്–2 പത്ത് ദിവസത്തോളം 292–297 കിലോമീറ്റർ പരിധിയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ ചൈനയ്ക്ക് നിയന്ത്രിക്കാൻ സാധിച്ചതിനാൽ പഴയ ഓർബിറ്റിൽ തന്നെ തിരിച്ചെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ചൈനയുടെ രണ്ടാമത്തെ ബഹിരാകാശ നിലയമാണ് ടിയാൻഗോങ്–2. 2016 സെപ്റ്റംബർ 15ന് മാർച്ച് 2എഫ് റോക്കറ്റിലാണ് നിലയം വിക്ഷേപിച്ചത്.

എരിഞ്ഞമർന്ന് ടിയാൻഗോങ്–1

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ദക്ഷിണ പസിഫിക്കിനു മുകളിൽ എരിഞ്ഞുതീർന്നത് ഏപ്രിൽ രണ്ടിനാണ്. ഏപ്രിൽ രണ്ട്, തിങ്കൾ പുലർച്ചെ പന്ത്രണ്ടേകാലോടെ (ബെയ്ജിങ് സമയം രാവിലെ 8.15) നിലയം ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിച്ചു പൂർണമായും എരിഞ്ഞമർന്നു. എന്നാൽ നിലയത്തിന്റെ ഏതെങ്കിലും ഭാഗങ്ങൾ ഭൂമിയിൽ പതിച്ചതായി റിപ്പോർട്ടില്ല. 

ബ്രസീലിയൻ തീരത്ത് ദക്ഷിണ അറ്റ്ലാന്റിക്കിനു സമീപം സാവോ പോളോയ്ക്കും റിയോ ഡി ജനീറോയ്ക്കും സമീപം നിലയം തകർന്നുവീഴുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. എന്നാൽ ടാഹിതിയുടെ വടക്കുപടിഞ്ഞാറായി 100 കിലോമീറ്റർ ചുറ്റളവിലെവിടെയോ ടിയാൻഗോങ്–1 തകർന്നു വീണു.

2016 സെപ്റ്റംബര്‍ 14 നാണ് നിലയത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട വിവരം ചൈന ഔദ്യോഗികമായി സമ്മതിച്ചത്. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ മാതൃകയിൽ (ഐഎസ്എസ്) ചൈന വികസിപ്പിച്ചെടുത്ത സ്വന്തം ബഹിരാകാശ നിലയമാണു ടിയാൻഗോങ്–1. ‘സ്വർഗ സമാനമായ കൊട്ടാരം’ എന്നാണു പേരിനർഥം. ചൈനീസ് ശാസ്ത്രജ്ഞർക്കു മാസങ്ങളോളം ബഹിരാകാശത്തു തങ്ങി പരീക്ഷണങ്ങൾ നടത്താനുള്ള അവസരമൊരുക്കുകയായിരുന്നു പ്രധാന ലക്ഷ്യം.