ബഹിരാകാശ ഹോട്ടലിലേക്ക് ഭൂമിയില്‍ നിന്നൊരു ലിഫ്റ്റ്!

ഭൂമിയില്‍ നിന്നു ബഹിരാകാശത്തേക്ക് ഒരു ലിഫ്റ്റിന്റെ പണിപ്പുരയിലാണ് ജപ്പാനില്‍ നിന്നുള്ള സംഘം. ഇതിന്റെ ആദ്യഘട്ട പരീക്ഷണങ്ങള്‍ ഈ മാസം തന്നെ നടക്കും. ജപ്പാന്‍ ബഹിരാകാശ ഏജന്‍സിക്കൊപ്പം ഷിസൂക്ക സര്‍വകലാശാലയിലെ ഗവേഷകരും ഒബയാഷിയെന്ന കണ്‍സ്ട്രക്‌ഷന്‍ കമ്പനിയും ചേര്‍ന്നാണ് ഈ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ഇറങ്ങിയിരിക്കുന്നത്.

ലിഫ്റ്റിന്റെ ചെറുമാതൃകയെ ബഹിരാകാശത്തെത്തിച്ച് പ്രവര്‍ത്തിച്ച് പരീക്ഷിക്കാനാണ് പദ്ധതി. ഇതിനായി ആറു സെന്റിമീറ്റര്‍ നീളവും മൂന്നു സെന്റിമീറ്റര്‍ വീതിയും മൂന്നു സെന്റിമീറ്റര്‍ ഉയരവുമുള്ള ചെറു മാതൃക സജ്ജമാക്കിയിട്ടുണ്ട്. ബഹിരാകാശത്ത് പത്തു മീറ്റര്‍ അകലത്തില്‍ ഈ ചെറു ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ക്യാമറയില്‍ ചിത്രീകരിച്ചായിരിക്കും പരീക്ഷണം.

1895ല്‍ റഷ്യന്‍ ശാസ്ത്രജ്ഞനായ കോണ്‍സ്‌റ്റൈന്‍ സിയോഗവസ്‌കിയാണ് ഇത്തരമൊരു ബഹിരാകാശത്തേക്ക് ലിഫ്റ്റ് എന്ന കടന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. പാരീസില്‍ ഈഫല്‍ ടവര്‍ കണ്ടതിന് ശേഷമായിരുന്നു അദ്ദേഹത്തിന് ഈ ആശയം തോന്നിയത്. ഒരു നൂറ്റാണ്ടിന് ശേഷം ആര്‍തര്‍ സി ക്ലാര്‍ക്ക് ഇതേ ആശയത്തില്‍ ഒരു നോവല്‍ എഴുതുകയും ചെയ്തു. അപ്പോഴും ബഹിരാകാശത്തേക്കുള്ള ലിഫ്റ്റ് പ്രായോഗിക തടസങ്ങളില്‍ പെട്ടുകിടക്കുകയായിരുന്നു.

പരീക്ഷണത്തിലെ പങ്കാളികളിലൊരാളായ ജാപ്പനീസ് കണ്‍സ്ട്രക്ഷന്‍ സ്ഥാപനമായ ഒബയാഷിയുടെ ലക്ഷ്യം 2050 ആകുമ്പോഴേക്കും സ്വന്തമായി ബഹിരാകാശത്തേക്ക് ലിഫ്റ്റ് നിര്‍മിക്കുകയെന്നതാണ്. ഉരുക്കിനേക്കാള്‍ 20 മടങ്ങ് കരുത്തുള്ള നാനോട്യൂബ് സാങ്കേതികവിദ്യയായിരിക്കും ഇതിനായി ഉപയോഗിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഭൂമിയില്‍ നിന്നും 96000 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ലിഫ്റ്റിനെ എത്തിക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

ആദ്യഘട്ടത്തില്‍ 20 ടണ്‍ കേബിളാണ് നിര്‍മാണത്തിനായി ഉപയോഗിക്കുക. പിന്നീട് പടിപടിയായി 7000 ടണ്‍ വരെ കേബില്‍ ഉപയോഗിച്ച് 18 കൊല്ലം കൊണ്ട് ബഹിരാകാശ ലിഫ്റ്റ് യാഥാര്‍ഥ്യമാക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ലിഫ്റ്റ് നിര്‍മാണം കഴിഞ്ഞാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ബഹിരാകാശ ഹോട്ടലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. ചൊവ്വയിലേക്ക് അടക്കമുള്ള ബഹിരാകാശ യാത്രക്കായി പോകുന്നവര്‍ക്കുള്ള സ്‌പേസ് സ്റ്റേഷനായും ഈ ബഹിരാകാശ ഹോട്ടല്‍ പ്രവര്‍ത്തിക്കും.

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ 30 സഞ്ചാരികളെ ഒരേസമയം ബഹിരാകാശ ലിഫ്റ്റിലൂടെ കൊണ്ടുപോകാനാകും. 36000 കിലോമീറ്ററില്‍ ഒരു സ്‌റ്റേഷനും സഞ്ചാരികള്‍ക്കുണ്ടാകും. വിനോദസഞ്ചാരികള്‍ ഇവിടെയായിരിക്കും ഇറങ്ങുക. ബഹിരാകാശ സഞ്ചാരികളും ഗവേഷകരും വീണ്ടും സഞ്ചരിച്ച് ഏറ്റവും മുകളിലെ സ്‌റ്റേഷനിലെത്തും.