ചൈനയുടെ രണ്ടാം ബഹിരാകാശ പേടകവും ഭൂമിയ്ക്കു നേരെ‌; ഇത്തവണ എന്തു സംഭവിക്കും?

ഇക്കഴിഞ്ഞ ഏപ്രിലിലാണ് ബഹിരാകാശ ഗവേഷകർ അസാധാരണമായ ആ കാഴ്ച കണ്ടത്. ചൈനയുടെ രണ്ടാമത്തെ ബഹിരാകാശ പരീക്ഷണശാലയായ (സ്പെയ്സ് ലാബ്) ടിയാൻഗോങ്–2 കുത്തനെ ഭൂമിക്കു നേരെ പതിക്കുന്നു. ഭൂമിക്ക് ഏകദേശം 95 കിലോമീറ്റർ അടുത്തു വരെ ടിയാൻഗോങ്– 2 എത്തി. പിന്നീട് ആ സ്ഥാനത്തു തുടർന്നശേഷം തിരികെ യഥാർഥ ഭ്രമണപഥത്തിലേക്കു തന്നെ പോവുകയും ചെയ്തു. അന്നുതന്നെ ഗവേഷകർക്ക് സൂചന ലഭിച്ചു, ചൈന ഈ പേടകത്തെ ഒഴിവാക്കാനുള്ള പരിപാടിയാണെന്ന്. ഇക്കാര്യത്തിലിപ്പോൾ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരിക്കുകയാണ്.

അടുത്തവർഷം ജൂലൈയിൽ ടിയാൻഗോങ്–2വിനെ ഭ്രമണപഥത്തിൽ നിന്നു വ്യതിചലിപ്പിച്ചു ഭൂമിയിലെത്തിച്ചു തകർക്കാനാണു ചൈനയുടെ തീരുമാനം. ആറു മാസം മുൻപ് ടിയാൻഗോങ്–1 ഭൂമിയിലേക്കു വീഴുമെന്നതു സംബന്ധിച്ചുണ്ടായ പരിഭ്രാന്തി ഇത്തവണ ഇല്ലാതാക്കാനാണു ചൈനയുടെ ശ്രമം. ടിയാൻഗോങ്–1 ഭൂമിയിലേക്കു വീഴുമ്പോൾ ചൈനയ്ക്കു യാതൊരു നിയന്ത്രണവുമുണ്ടായിരുന്നില്ല. വീഴുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപു മാത്രമാണ് അതെവിടെയായിരിക്കും എന്നതു സംബന്ധിച്ച വിവരം പോലും ലഭിച്ചത്. അന്നു രാജ്യാന്തര തലത്തിലുണ്ടായ നാണക്കേട് ആവർത്തിക്കരുതെന്ന ചിന്തയും ചൈനയ്ക്കുണ്ട്. 

സൗത്ത് പസഫിക് സമുദ്രത്തിലാണ് ടിയാൻഗോങ്–1 വന്നുവീണത്. എന്നാൽ 2018 ഏപ്രിലിൽ കടലിലേക്കു പതിക്കും മുൻപ് അതിന്റെ ഭൂരിപക്ഷം ഭാഗങ്ങളും കത്തിത്തീർന്നിരുന്നു. ഭയന്നതു പോലെ ആളപായവും സംഭവിച്ചില്ല. എങ്കിലും നിയന്ത്രണമില്ലാത്ത പേടകത്തിന്റെ പേരിൽ ചൈനീസ് ബഹിരാകാശ ഏജൻസി കേട്ട പഴി കുറച്ചൊന്നുമല്ല. ഇത് ആവർത്തിക്കാതിരിക്കാൻ കൃത്യമായ പ്ലാനിങ്ങാണ് ഇത്തവണ ചൈന ഒരുക്കുന്നത്. അതിന്റെ ‘റിഹേഴ്സലായിരുന്നു’ നേരത്തേ കണ്ടതും. 

അടുത്ത ജൂലൈയോടെ രണ്ടു വർഷത്തെ ദൗത്യം ടിയാൻഗോങ്–2 പൂർത്തിയാക്കും. നിലവിൽ പേടകത്തിനു യാതൊരു കുഴപ്പവുമില്ലെന്നും ചൈന മാൻഡ് സ്പെയ്സ് എൻജിനീയറിങ് ഓഫിസ് വ്യക്തമാക്കി. 2016ൽ രണ്ടു ബഹിരാകാശ യാത്രികൾ ഒരു മാസത്തോളം ടിയാൻഗോങ്–2വിൽ താമസിച്ചിരുന്നു. ചൈനയുടെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു അത്. വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, ജിവശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും അന്ന് പേടകത്തിൽ നടത്തി. ബഹിരാകാശത്ത് തങ്ങുകയും ഇന്ധനം നിറയ്ക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പരീക്ഷണങ്ങൾ നടത്താനും ടിയാൻഗോങ്–2 അരങ്ങൊരുക്കി.  

ചൈന പരീക്ഷണാടിസ്ഥാനത്തിൽ അയച്ച രണ്ടാമത്തെ സ്പെയ്സ് സ്റ്റേഷനാണ് ടിയാൻഗോങ്–2. രണ്ടു വർഷം മുൻപ് സെപ്റ്റംബർ 16ന് ലോങ് മാർച്ച് 2 എഫ് റോക്കറ്റിലേറിയായിരുന്നു ഇതിന്റെ യാത്ര. 34 അടിയാണ് സ്റ്റേഷന്റെ നീളം. 14 അടി വീതിയുള്ള പേടകത്തിന് ഏകദേശം 8600 കിലോഗ്രാം വരും ഭാരം. 2022ഓടെ ഒരു സ്ഥിരം സ്പെയ്സ് സ്റ്റേഷൻ ഒരുക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ചൈനയുടെ ടിയാൻഗോങ് പദ്ധതി. ടിയാൻഗോങ് എന്നാൽ ‘സ്വർഗം പോലൊരു കൊട്ടാരം’ എന്നാണർഥം. എന്നാൽ പദ്ധതിയിലെ ആദ്യ പരീക്ഷണ പേടകം തന്നെ നരകസമാനമായ ദുഃസ്വപ്നമാണു ചൈനയ്ക്കു സമ്മാനിച്ചത്. 

2011 സെപ്റ്റംബറിൽ അയച്ച ടിയാൻഗോങ്–1 അഞ്ചു വർഷത്തെ പ്രവർത്തനത്തിനു ശേഷം 2016 മാർച്ചിൽ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ എന്തുകൊണ്ടു പ്രവർത്തനം നിലച്ചതെന്ന കാര്യം ചൈന ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. ഈ ഗതി  ടിയാൻഗോങ്–2ന് ഉണ്ടാകില്ലെന്നത് ഉറപ്പ്. ഭൂമിയിൽ നിന്ന് ‘കമാൻഡ്’ നൽകി തങ്ങൾ ആഗ്രഹിക്കുന്നയിടത്ത് പേടകം തകർത്തു വീഴ്ത്താനുള്ള പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയം കണ്ട സാഹചര്യത്തിൽ പ്രത്യേകിച്ച്. റഷ്യയും യുഎസും തങ്ങളുടെ ബഹിരാകാശ പേടകങ്ങൾ ‘കൺട്രോൾഡ് കമാൻഡിലൂടെ’ തകർത്തിടുന്ന സൗത്ത് പസഫിക് സമുദ്രത്തിലെ ‘സാറ്റലൈറ്റ് ഗ്രേവ്‌യാർഡിൽ’ തന്നെയായിരിക്കും ടിയാൻഗോങ് –2വും വന്നു വീഴുകയെന്നാണു കരുതുന്നത്.