ആധാർ വേണ്ടവർക്ക് നൽകാം, ആരും നിർബന്ധിക്കില്ല, നിയമത്തിന് അംഗീകാരം

ഉടമയുടെ സമ്മതത്തോടെ മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവയുമായി ആധാറിനെ ബന്ധിപ്പിക്കാൻ അനുമതി നൽകുന്ന ആധാർ നിയമഭേഗതിക്ക് ലോക്സഭയുടെ അംഗീകാരം. പ്രതിപക്ഷം ഉയർത്തിയ ആശങ്കകൾ തള്ളിക്കളഞ്ഞാണ് ഭേദഗതിക്കു സഭ അംഗീകാരം നൽകിയത്. ആധാറിന്‍റെ നിയമപരമായ സാധുത ഉയർത്തിപ്പിടിക്കുമ്പോൾ തന്നെ ആധാർ നമ്പർ സ്വകാര്യ സ്ഥാപനങ്ങൾ നിർബന്ധപൂർവം ഉപയോഗപ്പെടുത്തുന്നത് സുപ്രീംകോടതി തടഞ്ഞിരുന്നു. ഇതു മറികടക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് പുതിയ ഭേദഗതി. 18 വയസു തികയുന്ന കുട്ടികൾക്കു ആധാർ റദ്ദാക്കാനുള്ള സൗകര്യവും ഭേദഗതിയിലുണ്ട്. 18 വയസാകുന്നതിനു മുൻപ് ആധാർ എടുത്തിട്ടുള്ള കുട്ടികൾ പ്രായപൂർത്തിയെത്തിയാലും ആധാറിൽ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം നിലവിലുണ്ടായിരുന്നില്ല. ഇത് പരിഹരിച്ചുള്ള ഭേഗദതി പ്രകാരം 18 മാസം തികഞ്ഞ് ആറു മാസത്തിനകം ആധാർ വേണമെങ്കിൽ റദ്ദാക്കാം.

തിരിച്ചറിയൽ രേഖയായി ആധാർ ഉപയോഗിക്കാൻ സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അധികാരം ലഭിക്കുമെങ്കിലും ഇതിനായി ആരെയും നിർബന്ധിക്കാൻ കഴിയില്ല. ഒരു വ്യക്തി സ്വമേധയാ തീരുമാനിച്ചാൽ മാത്രമാകും മൊബൈൽ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവയുമായി ആധാറിനെ ബന്ധിപ്പിക്കാനാകുക. ഉപയോക്താവിന്‍റെ അറിവോ സമ്മതമോ കൂടാതെ ആധാർ നമ്പർ ഉപയോഗിക്കുന്നവരിൽ നിന്നും ഒരു കോടി രൂപവരെ ഈടാക്കാനും. ആദ്യത്തെ പിഴ ശിക്ഷക്കു ശേഷവും സമാന കുറ്റം ആവർത്തിക്കുകയാണെങ്കിൽ ഒരു ദിവസം 10 ലക്ഷം രൂപവച്ച് പിഴ ഈടാക്കാം.

ഓഫ് ലൈൻ പ്രമാണീകരണം ആഗ്രഹിക്കുന്നവരെ ആധാർ നമ്പറിനായി നിർബന്ധിക്കരുതെന്നു നിയമം അനുശാസിക്കുന്നു. ക്യൂആർ കോഡുകളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓഫ്‍ലൈൻ ആധാർ അനുവദിക്കുന്നതു സംബന്ധിച്ചും ഭേഗഗതിയിൽ സൂചനയുണ്ട്. പ്രമാണീകരണത്തിനായി യുഐഡിഎഐയുടെ സെര്‍വറുകളിലേക്കു ബയോമെട്രിക് വിവരങ്ങളുൾപ്പെടെ ഒരു തരത്തിലുള്ള വിവരങ്ങളും കൈമാറേണ്ടതില്ല.

എന്താണ് ക്യൂആര്‍ കോഡ് ചെയ്യുന്നത്?

ആധാര്‍ ഉടമകള്‍ക്ക് ഓഫ്‌ലൈന്‍ വെരിഫിക്കേഷനായി മൂന്നു തരത്തിലുള്ള ക്യൂആര്‍ കോഡ് നല്‍കാനാണ് ഉദ്ദേശം. ഒന്നില്‍ ഡെമോഗ്രാഫിക്‌സ് മാത്രം രേഖപ്പെടുത്തുമ്പോള്‍ രണ്ടെണ്ണത്തില്‍ ഡെമൊഗ്രാഫിക് വിവരങ്ങളും ഫോട്ടോയും പതിക്കും. നമ്പര്‍ വെളിപ്പെടുത്തില്ല. ആധാര്‍ വെബ്‌സൈറ്റില്‍ നിന്ന് ഇതു ഡൗണ്‍ലോഡ് ചെയ്യാം. സര്‍വീസ് പ്രൊവൈഡര്‍മാര്‍ ഒരു ക്യൂആര്‍ കോഡ് റീഡര്‍ വാങ്ങി ഇന്‍സ്‌റ്റാള്‍ ചെയ്യണം.

ക്യൂആര്‍ കോഡിലൂടെ സ്വകാര്യ കമ്പനികളും മറ്റും ഉപയോക്താക്കളുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നത് ഒഴിവാക്കാമെന്നാണ് പറയുന്നത്. കൂടാതെ ഇത് ആധാര്‍ സെര്‍വറുമായും ബന്ധപ്പെടുത്തിയല്ല പ്രവർത്തിക്കുന്നതെന്നും പറയുന്നു. മറ്റ് വെരിഫിക്കേഷന്‍ ഡോക്യുമെന്റുകള്‍ ഇങ്ങനെ ഓഫ്‌ലൈനായി വേരിഫൈ ചെയ്യാന്‍ പറ്റില്ലെന്നാണ് ഈ ആശയം മുന്നോട്ടു വയ്ക്കുന്നവര്‍ പറയുന്നത്. ഫോട്ടോഷോപ്പിലൂടെ ആധാര്‍ മിനുക്കിയെടുക്കൽ തുടങ്ങി നിരവധി തട്ടിപ്പുകൾ ഒഴിവാക്കാമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. 

പേപ്പര്‍ലെസ് ലോക്കല്‍ ഇകെവൈസി

ഓഫ്‌ലൈന്‍ ഈ കെവൈസി ആധാര്‍ സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഇതിന് ഡിജിറ്റല്‍ ഒപ്പ് ഉണ്ടായിരിക്കും. ഇതില്‍ ആവശ്യത്തിന് ഡെമോഗ്രാഫിക് വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. അഞ്ച് ഓപ്ഷന്‍സ് ഉണ്ടായിരിക്കും. പേരും അഡ്രസും എല്ലാത്തിലും ഉണ്ടായിരിക്കും. കൂടാതെ സ്ത്രീയോ പുരുഷനോ എന്ന വിവരം, ജനന തിയതി, മൊബൈല്‍ നമ്പര്‍, ഇമെയില്‍, ഫോട്ടോ എന്നിവ ഉള്‍ക്കൊള്ളിക്കുകയോ ഉള്‍ക്കൊള്ളിക്കാതിരിക്കുകയോ ചെയ്യാം.

ഇത് ഓഫ്‌ലൈനായി വെരിഫൈ ചെയ്യാം. സര്‍വീസ് പ്രൊവൈഡര്‍ക്ക് ഇലക്ട്രോണിക്കലി നല്‍കുകയും ചെയ്യാം. പ്രിന്റ് എടുത്തും നല്‍കാം. രണ്ടു രീതികളില്‍ ആധാര്‍ നല്‍കിയാലും ബയോമെട്രിക്‌സ് നല്‍കേണ്ടതില്ലെന്നും യുണീക് ഐഡെന്റിഫിക്കേഷന്‍ ഓഫ് ഇന്ത്യയുടെ സെര്‍വറിലൂടെ ഒതന്റിക്കേഷന്‍ ആവശ്യമില്ലെന്നും പറയുന്നു.

ഇത് ജനസമ്മതി നേടുമെന്നാണ് സർക്കാർ കരുതുന്നു. ഇതിലൂടെ സ്വകാര്യ കമ്പനികളുടെ യുഐഡി ഒതന്റിക്കേഷന്‍ വേണമെന്നുള്ള പരാതിക്കും പരിഹാരമാകുമെന്ന് സർക്കാർ കരുതുന്നു. ഉപയോക്താക്കള്‍ക്ക് ക്യൂആര്‍ കോഡ് യുഐഡിഎഐയുടെ സൈറ്റില്‍ നിന്ന് കോഡും, സര്‍വീസ് പ്രൊവൈഡര്‍ക്ക് ക്യൂആര്‍കോഡ് റീഡറും ഡൗണ്‍ലോഡ് ചെയ്യാം. 

പേപ്പര്‍ലെസ് ഇകെവൈസിയാണു ഡൗണ്‍ലോഡ് ചെയ്യുന്നതെങ്കില്‍ ഇത് ലാപ്‌ടോപ്പിലും മറ്റും സ്മാര്‍ട് ഫോണുകളിലും മറ്റും സൂക്ഷിക്കാം. സര്‍വീസ് പ്രൊവൈഡര്‍ക്ക് ഇത് ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കിയാല്‍ മതി. യുഐഡിഎഐക്കു പോലും ഇതിന്റെ ഉപയോഗം അറിയാനാവില്ലെന്നാണ് പറയുന്നത്. ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും മറ്റും ഇത് ഉപയോഗിക്കാമെന്നാണ് പറയുന്നത്.

അതേസമയം ആധാര്‍ ഡേറ്റ ഡിലീറ്റു ചെയ്യാനുള്ള പ്ലാന്‍ 15 ദിവസത്തിനുള്ളില്‍ അറിയിക്കാന്‍ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടു. സ്വകാര്യ കമ്പനികള്‍ക്കു നല്‍കാനുള്ളതല്ല ആധാര്‍ വിവരമെന്ന് സുപ്രീംകോടതി അസന്നിഗ്ധമായി പ്രഖ്യാപിച്ചു കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ യുണീക് ഐഡന്റിഫിക്കേഷന്‍ ഒതോറിറ്റി ഓഫ് ഇന്ത്യ ടെലികോം സേവനദാദാക്കളോട്, അവര്‍ വാങ്ങിവച്ചിരിക്കുന്ന ആധാര്‍ ഡേറ്റ എന്നു നശിപ്പിക്കുമെന്നതിന്റെ വിവരങ്ങള്‍ 15 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ടെലികോം സെക്ടറിലെ ഭീമന്മാരായ എയര്‍ടെല്‍, റിലയന്‍സ് ജിയോ, വൊഡാഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ക്കാണ് സര്‍ക്കുലര്‍ അയച്ചത്.