അഞ്ഞൂറോളം യാത്രികരെ ഭീതിയിലാക്കി എമിറേറ്റ്‌സ് വിമാനത്തിന്റെ സാഹസിക ലാൻഡിങ്!

ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനത്തിന്റെ അതിസാഹസികമായ ലാൻഡിങ്ങിന്റെ വിഡിയോ യുട്യൂബിൽ ഹിറ്റ്. എമിറേറ്റ്‌സിന്റെ എയര്‍ബസ് എ380 എന്ന ഇരുനില യാത്രാവിമാനം വിമാനത്താവളത്തില്‍ ആടിയുലഞ്ഞ് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. അഞ്ഞൂറോളം യാത്രക്കാരുമായി കാറ്റില്‍ ഉലഞ്ഞുകൊണ്ട് റണ്‍വേയിലിറങ്ങുന്ന ദൃശ്യങ്ങള്‍ ജനുവരി ആറിനാണ് യുട്യൂബില്‍ പോസ്റ്റ് ചെയ്തത്.

വിമാനത്തിന്റെ പൈലറ്റിന്റെ മനഃസാന്നിധ്യവും വൈദഗ്ധ്യവും കൊണ്ട് മാത്രമാണ് യാത്രാവിമാനം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. ദുബായില്‍ നിന്നും ബ്രിട്ടനിലെ ബർമിങ്ഹാം എയർപോർട്ടിലേക്ക് വന്ന വിമാനമാണ് ലാൻഡിങ്ങിന് തൊട്ടുമുൻപ് കനത്ത കാറ്റില്‍ പെട്ടുലഞ്ഞുപോയത്. ഫ്ലഗ്സങ് എന്ന യുട്യൂബ് ചാനലില്‌ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനകം തന്നെ സോഷ്യൽമീഡിയകളിലും ഹിറ്റാണ്.

ഇത്രയും വലിയ വിമാനം അത്യന്തം അപകടകരമായ രീതിയില്‍ ആടിയുലഞ്ഞ് പറന്നിറങ്ങുന്നത് ആദ്യമായാണ് കാണുന്നതെന്നും വിഡിയോ വ്ലോഗർ പറയുന്നുണ്ട്. ശക്തമായ ക്രോസ് വിൻഡ് കാരണം വിമാനം ആടിയുലഞ്ഞാണ് റൺവെയിൽ ഇറങ്ങിയത്. റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറാതിരിക്കാന്‍ കഴിവിന്റെ പരമാവധി പൈലറ്റിന് ഉപയോഗിക്കേണ്ടി വന്നുവെന്നും വിഡിയോയിൽ നിന്ന് വ്യക്തമാണ്. ഇതേ ദിവസം ബർമിങ്ഹാമിൽ ലാൻഡ് ചെയ്ത മിക്ക വിമാനങ്ങളും ക്രോസ് വിൻഡിൽ ബുദ്ധിമുട്ടി. ചില വിമാനങ്ങൾ നിരവധി തവണ ശ്രമം നടത്തിയാണ് ലാൻഡ് ചെയ്യാനായത്.

വിമാനങ്ങള്‍ പറന്നിറങ്ങുമ്പോള്‍ അനുഭവിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ക്രോസ് വിന്‍ഡ്. ഈ സംഭവത്തിലും വില്ലനായത് ക്രോസ് വിന്‍ഡ് തന്നെയായിരുന്നു. യാത്രികര്‍ക്ക് ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവം സമ്മാനിച്ചെങ്കിലും ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ തക്ക പരിശീലനം പൈലറ്റുമാര്‍ക്ക് ലഭിക്കുന്നുണ്ട്. പ്രത്യേകിച്ച് എ380 പോലുള്ള കൂറ്റന്‍യാത്രാ വിമാനങ്ങള്‍ നിയന്ത്രിക്കുന്ന പൈലറ്റുമാര്‍ ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ പ്രാപ്തിയുള്ളവരായിരിക്കും. ഇക്കാര്യം അടിവരയിട്ട് തെളിയിക്കുന്നത് കൂടിയാണ് ഈ സംഭവം.

എമിറേറ്റ്സിന് കീഴിൽ എയർബസ് എ380യുടെ 108 വിമാനങ്ങളുണ്ട്. 54 വിമാനങ്ങൾക്ക് ഓർഡറും നൽകിയിട്ടുണ്ട്. ദുബായിൽ 50 സ്ഥലങ്ങളിലേക്കാണ് എയർബസ് എ380 വിമാനങ്ങൾ സര്‍വീസ് നടത്തുന്നത്. എമിറേറ്റ്സിന്റെ എ380 വിമാനത്തിൽ 517, 489, 615 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും.

എന്താണ് ക്രോസ് വിൻഡ് ?

എതിർ വശങ്ങളിൽ നിന്നു വരുന്ന കാറ്റിനെയാണ് ക്രോസ് വിൻഡ് എന്നു പറയുന്നത്. ലോകത്ത് നിരവധി വിമാന അപകടങ്ങൾക്ക് ക്രോസ് വിൻഡ് കാരണമായിട്ടുണ്ട്. ചുഴലിക്കു സമാനമായ കാറ്റായിരുന്നു ചില ദിവസങ്ങളിൽ കൊച്ചിയിൽ കണ്ടുവരുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം പറയുന്നത്.

ക്രോസ് വിൻഡ് പ്രതിഭാസത്തിൽപെട്ട് ഗൾഫ് എയർ വിമാനം 2011 ൽ നിയന്ത്രണം വിട്ട് റൺവേയ്ക്കു പുറത്തേക്കു പോയിരുന്നു. അന്ന് ഏഴു യാത്രക്കാർക്ക് പരുക്കേറ്റതിനു പുറമെ റൺവെ അടച്ചിടുകയും ചെയ്തിരുന്നു. മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിലൊക്കെ ക്രോസ് വിൻഡ് അടിച്ചാൽ വിമാനം സുഖകരമായി ലാൻഡ് ചെയ്യുക ബുദ്ധിമുട്ടാണ്. ഇത്തരം പ്രതിഭാസങ്ങളെ നേരിടാൻ മികച്ച പൈലറ്റുമാർക്ക് മാത്രമെ സാധിക്കൂ.

ക്രാബ് ലാൻഡിങ്

ശക്തമായ ക്രോസ് വിൻഡ് അടിക്കുന്ന സമയത്ത് വിമാനം ലാൻഡ് ചെയ്യുന്നതിനെ ക്രാബ് ലാൻഡിങ് എന്നാണ് പറയുന്നത്. കാറ്റിനെ പ്രതിരോധിക്കാൻ വിമാനം ചെരിച്ച് പറത്തിയാണ് റൺവേയിലിറക്കുക. ഇതിനാൽ തന്നെ കാറ്റിന്റെ ശക്തിയിൽ വിമാനം ചെരിഞ്ഞാലും റൺവെ വിട്ട് പുറത്തുപോകില്ല.