ഭാര്യയെ വേർപിരിയൽ; ആമസോൺ തകരുമെന്ന് ഭീതി, ബെസോസിന്റെ വാക്കുകള്‍ അറം പറ്റുമോ?

കുറച്ചു മാസങ്ങളായി ലോകത്തെ ഏറ്റവും വലിയ ധനികനും ആമസോണ്‍ കമ്പനി മേധാവിയുമായ ജെഫ് ബെസോസ് ആവര്‍ത്തിക്കുന്ന ഒരു കാര്യമാണ് 'ഒരു ദിവസം തന്റെ കമ്പനിയും തകരുമെന്നത്'. ആദ്യമിതു കേള്‍ക്കുമ്പോള്‍ എന്തിനാണ് ഇദ്ദേഹം ഇങ്ങനെ പറയുന്നത്, ഇത് ഉദ്യോഗസ്ഥരുടെയും നിക്ഷേപകരുടെയും ആത്മവിശ്വാസം കെടുത്തില്ലെ എന്ന് ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ അവരെ തെറ്റു പറയാനുമാകില്ല. പക്ഷേ, ബെസോസ് ഇതു പറഞ്ഞു തുടങ്ങിയ കാലത്തിനു മുൻപ് തന്നെ അദ്ദേഹത്തിന്റെ വിവാഹമോചന ചര്‍ച്ചകള്‍ വീട്ടില്‍ തുടങ്ങിയിട്ടുണ്ടായിരുന്നിരിക്കും. മേധാവിയുടെ വിവാഹ മോചനം ലോകത്തെ ഇപ്പോഴത്തെ ഏറ്റവും മൂല്യമുളള കമ്പനിയെന്ന പദവിയുള്ള ആമസോണിനെ തകര്‍ക്കാന്‍ കെല്‍പ്പുള്ളതായിരിക്കുമോ? അത്തരമൊരു വിദൂര സാധ്യത തള്ളിക്കളയാത്തവരും ഉണ്ട്. കാരണങ്ങള്‍ പരിശോധിക്കാം:

ആദ്യ വണ്‍ ട്രില്ല്യന്‍ കമ്പനിയായ ആപ്പിളിന്റെ മൂല്യമിടിഞ്ഞപ്പോള്‍ മൈക്രോസോഫ്റ്റ് മുന്നില്‍ക്കയറിയിരുന്നു. പിന്നീട്, ആമസോണ്‍ മൈക്രോസോഫ്റ്റിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. വിവാഹ മോചന വാര്‍ത്ത പരന്നപ്പോള്‍ കമ്പനിയുടെ ഓഹരികളുടെ മൂല്യം ഒരു ശതമാനത്തോളം ഇടിഞ്ഞെങ്കിലും ഇപ്പോഴും ആമസോണ്‍ തന്നെയാണ് മൈക്രോസോഫ്റ്റിനെക്കാള്‍ കുറച്ചു മുന്നില്‍. ബിസിനസ് തന്ത്രജ്ഞനായ ബെസോസിനെ വിശ്വസിച്ച് നിക്ഷേപകര്‍ തങ്ങളുടെ പണം ആമസോണില്‍ മുടക്കിയിരിക്കുകയാണ്. എന്നാല്‍, ഇന്ത്യയില്‍ ഒറ്റ നേതാവിനെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ പോലെയാണ് ആമസോണുമെന്നു കാണാം.

കഴിഞ്ഞ 25 വര്‍ഷമായി കമ്പനിയെന്ന കപ്പലിനെ, അതിവിദഗ്ധനായ ഒരു കപ്പിത്താനെപ്പോലെ നയിക്കുകയായിരുന്നു ബെസോസ്. ആര്‍ത്തു പൊന്തിയ തിരമാലകള്‍ക്കു മുകളിലായാലും, തിരയടങ്ങിയ സമയത്തും സമചിത്തതയോടെ അദ്ദേഹം കമ്പനിയെ മുന്നോട്ടു നയിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലെപ്രതിസന്ധി ബിസിനസിലേക്കു പരക്കുമോ എന്നാണ് നിക്ഷേപകരും അവലോകരും ഉറ്റു നോക്കുന്നത്.

വിവാഹ മോചനം പ്രഖ്യാപിച്ചപ്പോള്‍, വളരെ സൗഹാര്‍ദ്ദപരമായ വേര്‍പിരിയലാണെന്ന പ്രതീതി പരത്താനുള്ള ശ്രമമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ബെസോസിന് മറ്റൊരു പ്രേമം ഉണ്ടായിരുന്നതായി ന്യൂയോര്‍ക് പോസ്റ്റ് വെളിപ്പെടുത്തി. ഇത് നിക്ഷേപകരില്‍ ഭീതി വളര്‍ത്തുന്ന ഒന്നായിരുന്നു. രണ്ടുതരത്തിലുള്ള ഭീഷണിയാണ് ഇതുയര്‍ത്തുന്നത്. ഒന്ന് ബെസോസ് എന്ന ഒറ്റയാള്‍പ്പട്ടാളമാണ് കമ്പനിയുടെ സിരാകേന്ദ്രം എന്നതാണ്. ഇകൊമേഴ്‌സിലും ക്ലൗഡ് കംപ്യൂട്ടിങ്ങിലും ലോകത്തെ ഒന്നാം സ്ഥാനത്തുള്ള കമ്പനിയാണ് ആമസോണ്‍. ഡിജിറ്റല്‍ പരസ്യ വരുമാനത്തില്‍ ഇപ്പോള്‍ ഗൂഗിളിനും ഫെയ്‌സ്ബുക്കിനും തൊട്ടുപിന്നില്‍ മൂന്നാം സ്ഥാനത്തുണ്ട് കമ്പനി. ആമസോണ്‍ അലക്‌സ എന്ന വോയ്‌സ് അസിസ്റ്റന്റിന്റെ വിജയമാണ് ആമസോണിന് അടുത്ത കുതിപ്പു നല്‍കുമെന്നു കരുതുന്ന മറ്റൊരു കാര്യം. ഇനി വരുന്നത് വോയ്‌സ് കംപ്യൂട്ടിങിന്റെ കാലമായിരിക്കുമെന്നാണ് പറയുന്നത്. അപ്പോള്‍ ആമസോണ്‍ മുന്‍പന്തിയില്‍ തന്നെയുണ്ടാകുമെന്നത് സംശയമില്ലാത്ത കാര്യമാണല്ലോ. എന്നാല്‍ കമ്പനിയുടെ വിജയത്തിനു പിന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണമെന്താണെന്നു ചോദിച്ചാല്‍ മിക്ക നിക്ഷേപകരും പറയും 'ജെഫ് ബെസോസ്' എന്ന്. അപ്പോള്‍, അദ്ദേഹത്തിന്റെ ശ്രദ്ധ പതറിയാല്‍ കമ്പനിയുടെ ഭാഗ്യവും അണയില്ലെ? വിവാഹ മോചനത്തിലൂടെ കടന്നു പോകുന്നയാള്‍ പൂര്‍ണമായും അശ്രദ്ധനായിരിക്കുമെന്നാണ് ഒരു അഭിപ്രായം.

രണ്ടാമത്തെ കാരണം കൂടുതല്‍ സങ്കീര്‍ണ്ണവും നിക്ഷേപകരെ ഏറെ ഭയപ്പെടുത്തുന്നതുമാണ്. ബെസോസിന്റെ കയ്യില്‍ ആമസോണിന്റെ 79 ദശലക്ഷം ഓഹരികളാണുള്ളത്. ഇതാകട്ടെ മൊത്തം ഷെയറുകളില്‍ 16 ശതമാനം വരും. പൈസയാക്കിയാല്‍ ഇത് 131 ദശലക്ഷം ഡോളര്‍ വരും. ഇതാണ് ബെസോസിനെ ലോകത്തെ ഏറ്റവും വലിയ ധനികനാക്കുന്നതും. അദ്ദേഹത്തിന്റെ ആസ്തിയുടെ 95 ശതമാനവും തന്റെ ആമസോണ്‍ ഓഹരികളില്‍ നിന്നാണ്. ഇതില്‍ നിന്നായിരിക്കും വിവാഹമോചന ദ്രവ്യം എടുക്കുന്നത്.

ശരിയായ ഭീതി

വാഷിങ്ടണ്‍ സ്‌റ്റെയ്റ്റിലാണ് ബെസോസ് ദമ്പതികളുടെ പ്രധാന വാസസ്ഥലം. ഇവിടെയായിരിക്കും വിവാഹമോചന കേസ് നല്‍കാന്‍ പോകുന്നത്. ഇവിടെ ഭര്‍ത്താവിന്റെ സ്വത്തിന്റെ പകുതി ഭാര്യയ്ക്കു കൊടുക്കണമെന്ന നിയമമില്ല. എങ്കിലും ആമസോൺ ഉടമസ്ഥാവകാശത്തിന്റെ ഒരു വലിയ പങ്ക് കൊടുക്കാതെ ഒഴിഞ്ഞു മാറാനും വഴിയില്ല. ഒരു പക്ഷേ, പകുതി പോലും ലഭിച്ചേക്കാമെന്നാണ് ചില നിയമവിദഗ്ധര്‍ പറയുന്നത്. ആമസോണ്‍ നിക്ഷേപകര്‍ ഭയക്കുന്നത് നല്‍കുന്ന ഓഹരികളില്‍ എന്തുതരം നിയന്ത്രണമായിരിക്കും ഭാര്യയ്ക്കു ലഭിക്കുക, അതെങ്ങിനെയാണ് അവര്‍ക്കു നല്‍കുക, അതുപയോഗിച്ച് അവര്‍ എന്തു ചെയ്യും എന്നൊക്കെയാണ്. തനിക്കു കിട്ടുന്ന ഓഹരി വില്‍ക്കാന്‍ ഭാര്യ ശ്രമിച്ചാലോ, ഭാര്യയ്ക്കു പണമായി നല്‍കാന്‍ ബെസോസ് ആമസോണിന്റെ ഓഹരികള്‍ ധാരാളമായി വിറ്റാലോ എല്ലാം പ്രശ്‌നം നിക്ഷേപകര്‍ക്കായിരിക്കാം.

വാന്‍ഗാര്‍ഡ്, ബ്ലാക്‌റോക് എന്നീ കമ്പനികള്‍ക്കാണ് ബെസോസ് കഴിഞ്ഞാല്‍ ആമസോണില്‍ ഏറ്റവുമധികം ഓഹരിയുള്ളത്. ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനെപ്പോലെ ബെസോസിന് ആമസോണില്‍ സമ്പൂര്‍ണ്ണ നിയന്ത്രണാധികാരമൊന്നുമില്ല താനും. കമ്പനിയുടെ നിയന്ത്രണം ബെസോസിനു നഷ്ടപ്പെടുക പോലും ചെയ്യാം. സക്കര്‍ബര്‍ഗ്, ആല്‍ഫബെറ്റിന്റെ (ഗൂഗിളിന്റെ മാതൃകമ്പനി) ലാറി പെയ്ജ് തുടങ്ങി ഒരുപറ്റം ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍മാര്‍ തങ്ങളുടെ കമ്പനികള്‍ തനിക്കും, തന്നെ വലംവയ്ക്കുന്ന ചിലര്‍ക്കും നിയന്ത്രിക്കാവുന്ന രീതിയിലാണ് പടുത്തുയര്‍ത്തിയിരിക്കുന്നത്. വോട്ടിങ് അവകാശത്തിലൂടെയാണ് അവരിതു ചെയ്തത്. അത്തരം ദീര്‍ഘവീക്ഷണം ആമസോണിന്റെ സൃഷ്ടിയിലില്ലാത്തത് ബെസോസിനും, ഒരു പക്ഷേ നിക്ഷേപകര്‍ക്കും വിനയാകാം.

ആമസോണിന്റെ മറ്റു ഓഹരിയുടമകളുടേതു പോലെയുള്ള ഓഹരികളാണ് ബെസോസിന്റെയും. കമ്പനിയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ഓഹരിയുടമയാണ് എന്നതല്ലാതെ പ്രത്യേകാധികാരം ഒന്നും അദ്ദേഹത്തിനില്ല. ബെസോസിന്റെ നിയന്ത്രണം പോയേക്കാമെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ തന്റെ ഓഹരി ഉപയോഗിച്ച് ഭൂരിപക്ഷം ഓഹരിയുടമകള്‍ക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും നീക്കം നടത്താന്‍ ശ്രമിച്ചാല്‍ എതിര്‍ത്തു തോല്‍പ്പിക്കാമെന്നത് ഓഹരിയുടമകള്‍ക്ക് ആശ്വാസം പകരുന്ന കാര്യവുമാണ്. ഓഹരിയുടമകളുടെ ഭീതിയെക്കുറിച്ച് ബെസോസ് ബോധവാനുമാണ്. അവരുടെ എന്തുമാത്രം പണമാണ് ആമസോണില്‍ നിക്ഷേപിച്ചിരിക്കുന്നത്.

എന്നാല്‍, വിവാഹമോചനം വളരെ ശാന്തമായി തന്നെ കഴിഞ്ഞേക്കുമെന്നു വിശ്വസിക്കുന്നവരുമുണ്ട്. ബെസോസിനും ഭാര്യയ്ക്കും അത്ര വലിയ തുകയായരിക്കുമല്ലോ ലഭിക്കുന്നത്. അതുകൊണ്ട്, ഇതുപോലെയുള്ള കേസുകളില്‍ പേടിക്കാനൊന്നുമുയമുണ്ടാവില്ലെന്നും അവര്‍ കരുതുന്നു. ഓഹരികള്‍ വന്‍തോതില്‍ വില്‍ക്കേണ്ടിവരില്ലാത്ത  രീതിയിലായിരിക്കാം ബെസോസും ഭാര്യയും നീങ്ങുക എന്നു കരുതുന്നു. അത്തരമൊരു നീക്കം നിക്ഷേപകര്‍ക്ക് ആശ്വാസമാകും. ഭാര്യ, മക്കെന്‍സി ബെസോസിന് ഓഹരി വില്‍ക്കാനുള്ള അവകാശത്തിന് വിലക്കിട്ടുകൊണ്ടുമാകാം വിവാഹമോചന വ്യവസ്ഥകള്‍ എഴുതുക. ഒരുപക്ഷേ, ബെസോസിന് മൊത്തം വോട്ടിങ് അവകാശവും നല്‍കാനും സാധ്യതയുണ്ട്.

ജെഫും, മക്കിന്‍സിയും വികാരപരമായി അല്ല വിവാഹമോചനത്തെ സമീപിക്കുന്നതെങ്കില്‍ നിക്ഷേപകര്‍ക്കു ഭയക്കാനൊന്നുമുണ്ടായേക്കില്ല. എന്നാല്‍ പല വിവാഹമോചനങ്ങളും അങ്ങനെയല്ല നടക്കുക എന്നതാണ് നിക്ഷേപകരെ ഭയപ്പെടുത്തുന്ന കാര്യം. ആമസോണ്‍ കിതയ്ക്കുമോ, അതോ കുതിക്കുമോ എന്ന കാര്യം കണ്ടറിയാന്‍ ഏതാനും വര്‍ഷങ്ങള്‍ എടുത്തേക്കാം. ടെക്‌നോളജി മേഖലയില്‍ വന്‍ പ്രതീക്ഷകളുള്ള കമ്പനിയാണ് ആമസോണ്‍. ബെസോസിന്റെ പ്രവചനം അറംപറ്റാതിരിക്കട്ടെ എന്നു മാത്രമായിരിക്കും കമ്പനിയുടെ നിക്ഷേപകര്‍ ആഗ്രഹിക്കുക.