ജിയോക്ക് റെക്കോർഡ് ലാഭം, ജൂണിൽ 10,383 കോടി വരുമാനം, രക്ഷിച്ചത് നിരക്കുകൾ

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയുടെ മൂന്നാം പാദത്തിലെ വന്‍ കുതിപ്പിനെ കുറിച്ചാണ് മിക്ക ടെക്, സാങ്കേതിക വിദഗ്ധരും ചർച്ച ചെയ്യുന്നത്. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം 2018 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്നാം പാദത്തിലെ ജിയോയുടെ ഓപ്പറേറ്റിങ് വരുമാനം 10,383 കോടിയാണ്. മുൻ വർഷം ഇക്കാലയളിൽ ഇത് 6,879 കോടിയായിരുന്നു. ഇത് 50.9 ശതമാനത്തിന്റെ മുന്നേറ്റമാണ് കാണിക്കുന്നത്.

മൂന്നാം പാദത്തിൽ ജിയോയുടെ അറ്റാദായം 831 കോടി രൂപയാണ്. മുൻ വർഷം മൂന്നാം പാദത്തിൽ ഇത് 681 കോടി രൂപയായിരന്നു. ലാഭത്തില്‍ 65 ശതമാനത്തിന്റെ കുതിപ്പാണ് ജിയോ നടത്തിയിരിക്കുന്നത്. ആളോഹരി റീചാർജ് കുറഞ്ഞെങ്കിലും വരിക്കാരുടെ എണ്ണം കുത്തനെ കൂടിയതാണ് ജിയോയ്ക്ക് നേട്ടമായത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജിയോ വരിക്കാരുടെ എണ്ണം 28 കോടിയാണ്. കഴിഞ്ഞ ഡിസംബറിൽ കമ്പനിയുടെ വരിക്കാരുടെ എണ്ണം 13.1 കോടിയായിരുന്നു.

ജിയോ വരിക്കാർ മാസം ശരാശരി 10.8 ജിബി ഡേറ്റ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഓരോ മാസവും 794 മിനിറ്റ് വോയ്സ് കോളുകളും വിളിക്കുന്നു. ഒരു മാസം ജിയോ വഴി കാണുന്നത് 460 കോടി മണിക്കൂർ വിഡിയോയാണ്. ഇത്രയും കുറഞ്ഞ കാലത്തിനിടെ ഒരു സംരംഭം ലാഭത്തിലാകുന്നത് ശ്രദ്ധേയമാണ്. ട്രായിയുടെ ചില തീരുമാനങ്ങളും കുറഞ്ഞ നിരക്കിലുള്ള താരിഫ് പ്ലാനുകളുമാണ് കമ്പനിയെ ഇത്രയും വലിയ ലാഭത്തിലാക്കിയത്. ഇന്റർകണക്‌ഷന് നൽകേണ്ട തുക 14 പൈസയിൽ നിന്ന് ആറു പൈസയായി വെട്ടിക്കുറച്ചപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ജിയോ തന്നെയായിരുന്നു. കാരണം അൺലിമിറ്റഡ് കോൾ സര്‍വീസ് തുടങ്ങിയ ജിയോയെ സംബന്ധിച്ചിടത്തോളം ഈ വഴിക്ക് എയർടെൽ, ഐഡിയ, വോഡഫോൺ കമ്പനികൾക്ക് വൻ തുക നൽകേണ്ടി വന്നിരുന്നു.

നിലവിൽ വിപണിയിൽ നിന്ന് ലഭ്യമായ റിപ്പോർട്ട് പ്രകാരം മിക്ക വരിക്കാരും രണ്ട് കമ്പനികളുടെ സിം ഉപയോഗിക്കുന്നുണ്ട്. ഇവരിൽ മിക്കവരും വിളിക്കാൻ ഉപയോഗിക്കുന്നത് ജിയോയും ഇൻകമിങ് സിം മറ്റു കമ്പനികളുടേതുമാണ്.