‘ഇന്ത്യയിലെ ‘സമ്പത്ത്’ പുറത്തു പോകരുത്, വിദേശകുത്തകകളെ പുറത്താക്കണം’

ഇന്ത്യയിലെ ഡേറ്റ ഇന്ത്യക്കാർ തന്നെ നിയന്ത്രിക്കണമെന്നും ഈ രംഗത്തെ വിദേശകുത്തക അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രിയോട് റിലയൻസ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനി. കോളനികളുടെ രാഷ്ട്രീയവത്ക്കരണത്തിനെതിരെ മഹാത്മഗാന്ധി പൊരുതിയതു പോലെ ഡേറ്റയുടെ കോളനിവത്ക്കരണത്തിനെതിരെയുള്ള പോരാട്ടമാണ് ഇനി ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനിവാര്യമെന്നും റിലയൻസ് ചെയർമാൻ കൂട്ടിച്ചേർത്തു. വൈബ്രന്‍റ് ഗുജറാത്ത് സമ്മിറ്റിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാഷ്ട്രീയപരമായി കോളനികൾ സൃഷ്ടിക്കുന്നതിനെതിരെ ഗാന്ധിജി പോരാടിയതു പോലെ ഡേറ്റയുടെ കോളനിവത്ക്കരണത്തിനെതിരായ സംയുക്ത നീക്കത്തിനു നാം തുടക്കം കുറിക്കേണ്ട സമയമാണിത്. ഇന്ത്യക്കാരുടെ ഡേറ്റ സംരക്ഷിക്കേണ്ടത് ഇവിടത്തെ ജനങ്ങളാണ്, കോർപ്പറേറ്റുകളല്ല, പ്രത്യേകിച്ച് വിദേശ കോർപ്പറേറ്റുകൾ’ – മുകേഷ് അംബാനി പറഞ്ഞു.

ഡേറ്റയാണ് വരുംനാളുകളിലെ ഏറ്റവും വലിയ സമ്പത്തെന്നും ഡേറ്റ അടിസ്ഥാനമാക്കിയുള്ള വിപ്ലവത്തിൽ ഇന്ത്യ വിജയിക്കണമെങ്കിൽ ഇന്ത്യയുടെ ഡേറ്റ തിരികെ ഇന്ത്യയിൽ തന്നെ എത്തണമെന്നും മറ്റൊരർഥത്തിൽ പറഞ്ഞാൽ ഇന്ത്യയുടെ സമ്പത്ത് ഇന്ത്യയിലേക്കു തന്നെ തിരിച്ചെത്തേണ്ടതുണ്ടെന്നും അംബാനി കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ സേവനദാതാക്കളുടെയും ഡേറ്റാ സെന്‍റർ ഇന്ത്യയിൽ തന്നെ വേണമെന്നു അനുശാസിക്കുന്ന കരടു ഡേറ്റാ സുരക്ഷ നിയമം കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിലാണ്. ഇ–കൊമേഴ്സ് മേഖലയിലെ ഉപയോക്താക്കളെ സംബന്ധിച്ച എല്ലാവിധ ഡേറ്റയും ഇന്ത്യയിൽ തന്നെ സൂക്ഷിക്കണമെന്ന ചട്ടവും ആലോചിച്ചു വരുന്നു. ഇതു രണ്ടാം തവണയാണ് സർക്കാരിന്‍റെ നീക്കങ്ങളെ പിന്തുണച്ച് മുകേഷ് അംബാനി രംഗത്തെത്തുന്നത്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്പനികൾ തങ്ങളുടെ പണമിടപാടു സംബന്ധിച്ച വിവരങ്ങളെല്ലാം തന്നെ ഇന്ത്യയിൽ തന്നെ സൂക്ഷിക്കണമെന്നു റിസർവ് ബാങ്ക് കഴിഞ്ഞ വർഷം നിർദേശിച്ചിരുന്നു.

റിലയൻസ് ജിയോയിലൂടെ ഇന്ത്യയിലെ ഡേറ്റ ചെലവിനെ മാറ്റിമറിച്ച മുകേഷ് അംബാനി ഇ–കൊമേഴ്സ് രംഗത്തേക്കു കടന്നു വരാനുള്ള തീരുമാനവും യോഗത്തിൽ പ്രഖ്യാപിച്ചു. ഓൺലൈൻ വിപണന രംഗത്തെ അതികായരായ ആമസോണിനും ഫ്ലിപ്കാർട്ടിനും കനത്ത പ്രഹരമേൽപ്പിക്കുന്ന പുതിയ ഇ–കൊമേഴ്സ് നയം കേന്ദ്രം പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടിയാണ് ഈ രംഗത്തേക്കുള്ള റിലയൻസിന്‍റെ കടന്നുവരവ്. ഡേറ്റകൾ ഇന്ത്യയിൽ തന്നെ സംരക്ഷിക്കണമെന്ന ആശയത്തിനു മുകേഷ് അംബാനി പിന്തുണ പ്രഖ്യാപിക്കുമ്പോൾ, എതിരാളികൾക്കു മേല്‍ ലഭിക്കാനിടയുള്ള സ്വാഭാവിക മുൻതൂക്കമാകണം ഇതിനുള്ള പ്രേരണയെന്ന വിലയിരുത്തൽ ശക്തമാണ്.