നിങ്ങൾക്ക് കോടീശ്വരനാകണോ? വാട്‌സാപ്, ഐമെസേജ് അക്കൗണ്ടുകൾ ചോർത്തുക!

സുരക്ഷിതമെന്നു കരുതുന്ന മെസേജിങ് സര്‍വീസുകളായ വാട്‌സാപ്, ആപ്പിളിന്റെ ഐമെസേജ് (iMessage) ഹാക്കു ചെയ്യുക എന്നു പറഞ്ഞാല്‍ അത്ര എളുപ്പമുളള കാര്യമല്ല. ഇനി ഹാക്കു ചെയ്താല്‍ നിയമനടപടികള്‍ നേരിടുകയും ചെയ്‌തേക്കാം. എന്നാല്‍ അത്തരമൊരു ഹാക്കിങ് സാമര്‍ഥ്യമുണ്ടെങ്കില്‍ നിങ്ങള്‍ക്കും കോടീശ്വരനാകാം!

വാട്‌സാപ്പിന്റെയോ, ഐമെസേജിന്റെയോ സുരക്ഷ ഭേദിക്കാന്‍ കഴിവുള്ളവര്‍ക്ക് വന്‍ തുക നല്‍കാന്‍ തയാറുള്ള കമ്പനികളുണ്ട്. നിങ്ങള്‍ ചെയ്യുന്നത് പൂര്‍ണ്ണമായും ധാര്‍മികമായ കാര്യവുമായിരിക്കാം. ഈ കമ്പനികള്‍ നിയമപാലകരെ സഹായിക്കാനായിരിക്കാം നിങ്ങളുടെ ഹാക്കിങ് മികവ് ഉപയോഗിക്കുന്നത്. ക്രിമിനലുകളും ഭീകരവാദികളും ഇത്തരം മെസേജിങ് സര്‍വീസുകള്‍ ഉപയോഗിച്ച് അവരുടെ നിയമവിരുദ്ധമായ നടപടികളുമായി മുന്നോട്ടുപോകുന്നുണ്ട്. ഇത്തരക്കാരുടെ അക്കൗണ്ട് ഹാക്കു ചെയ്യാനോ, ദൂരത്തിരുന്ന് നീക്കങ്ങൾ നിരീക്ഷിക്കാനോ ആയിരിക്കും നിങ്ങളുടെ കഴിവുകള്‍ ഉപയോഗിക്കുക.

അത്തരം കമ്പനികളിലൊന്നായ സെറോഡിയം (Zerodium) ആണ് ഇപ്പോള്‍ ഓഫര്‍ ഇറക്കിയിരിക്കുന്നത്. അവര്‍ ഹാക്കിങ് ടൂളുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കമ്പനിയാണ്. അവരുടെ പുതിയ പ്രഖ്യാപനമനുസരിച്ച് ഐമെസേജ്, വാട്‌സാപ് റിമോട്ടായി ഹാക്കു ചെയ്യാനുള്ള വഴി പറഞ്ഞു കൊടുക്കുന്നവര്‍ക്ക് അവര്‍ 10 ലക്ഷം ഡോളര്‍ നല്‍കും. റിമോട്ട് ഐഒഎസ് ജെയിൽ ബ്രെയ്ക്കുകളും, വിന്‍ഡോസിലുള്ള പരിശ്രമങ്ങളും ഇതിലുള്‍പ്പെടും.

സെറോഡിയമിന്റെ സ്ഥാപകാംഗമായ സി ബെക്‌റാര്‍ (C. Bekrar) പറയുന്നത്, ചിലര്‍ നിയമവിരുദ്ധമായ സന്ദേശങ്ങൾ അയക്കാന്‍ ആശ്രയിക്കുന്നത് മെസേജിങ് സര്‍വീസുകളെയാണ്. ഇതില്‍ മുഖ്യം വാട്‌സാപ് ആണ്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപഷനുള്ള മെസേജിങ് സര്‍വീസുകളിലേക്ക് സർക്കാരുകള്‍ക്ക് കടന്നു കയറല്‍ എളുപ്പമല്ല. ഇത്തരം ആപ്പുകള്‍ റിമോട്ടായി നിരീക്ഷിക്കാനാകുന്ന ഹാക്ക് ചെയ്യാന്‍ കഴിവുള്ളവരെയാണ് തങ്ങള്‍ നോക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഫോണ്‍ പിടിച്ചുവാങ്ങി അതിലെ ഡേറ്റ പരിശോധിക്കുന്നതിനെക്കാള്‍ ഇത് തന്ത്രപരവും കൂടുതല്‍ ഫലപ്രദവുമായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം.

സ്മാര്‍ട് ഫോണുകള്‍ ആളുകളുടെ മനഃസാക്ഷി സൂക്ഷിപ്പുകാരാണിന്ന്. അവയില്‍ അത്രമേല്‍ പ്രാധാന്യമുള്ള വിവരങ്ങളായിരിക്കും അടക്കം ചെയ്തിരിക്കുക. ഇവ ഹാക്കു ചെയ്യുന്നതിനായി വന്‍ തുകയാണ് നല്‍കേണ്ടിവരുന്നത്. 20 ലക്ഷം ഡോളര്‍ വരെയൊക്കെ ചിലവാക്കുന്നു. സാങ്കേതികവിദ്യ കൂടുതല്‍ സ്മാര്‍ട് ആകുകയാണ്. ഹാക്കിങ് കൂടുതല്‍ വിഷമവും. ഐഒഎസിലേക്കും ആന്‍ഡ്രോയിഡിലേക്കുമൊക്കെ ഹാക്കു ചെയ്തു കയറുക എന്നു പറയുന്നത് ഓരോ വര്‍ഷം കഴിയുന്തോറും വിഷമംപിടിച്ച കാര്യമായി തീരുകയാണ്. സെറോഡിയം പോലെയുള്ള കമ്പനികള്‍ ഹാക്കര്‍മാര്‍ക്കും പൊലീസിനും മധ്യേ ഇടനിലക്കാരുടെ റോളാണ് കളിക്കുന്നത്. ഐഒഎസിലും ആന്‍ഡ്രോയിഡിലുമൊക്കെ ഭേദ്യത കണ്ടെത്തി അതതു കമ്പനികളെ അറിയിച്ചാല്‍ അവരും കൈയയച്ചു പ്രോത്സാഹനം നല്‍കുകയും ചെയ്യും.