അവസാനം ബിങിനും പൂട്ടിട്ട് ചൈന, സെൻസറിങ് ശക്തമാക്കി

ചൈനയുടെ വൻമതിൽ ഭേദിച്ച് നിലകൊള്ളുക ഇന്‍റർനെറ്റ് ഭീമൻമാരെ സംബന്ധിച്ചു പോലും പ്രയാസകരമാണ്. സർക്കാരിന്‍റെ കഴുകൻ കണ്ണുകൾക്കു മീതെ പറക്കാൻ ഒന്നിനും അനുവാദമില്ല. സേർച്ച് എൻജിൻ രംഗത്തെ അതികായരായ ഗൂഗിളിനു പോലും പൂട്ടിട്ട ചരിത്രമുള്ള ചൈന വീണ്ടും വാർത്തകളിൽ നിറയുന്നത് മൈക്രോസോഫ്റ്റിന്‍റെ സേർച്ച് എൻജിനായ ബിങിനെ വിലക്കി കൊണ്ടാണ്. 

2010ൽ ഗൂഗിളിന്‍റെ പിൻമാറ്റത്തിനു ശേഷം ചൈനയിൽ ലഭ്യമായ ഏക വിദേശ സേർച്ച് എൻജിനായിരുന്നു ബിങ്. ചൈനയുടെ നയങ്ങൾക്കനുസരിച്ചുള്ള സേര്‍ച്ച് എൻജിൻ രൂപീകരണത്തിൽ ഗൂഗിൾ വ്യാപൃതരാണെന്നും ഇതിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ ശക്തമായ പ്രതിഷേധം നിലവിലുണ്ടെന്നുമുള്ള റിപ്പോർട്ടുകൾക്കിടെയാണ് ബിങിനും വിലക്കു വന്നതായി സ്ഥിരീകരണമുണ്ടാകുന്നത്. വിലക്കിനുള്ള കാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെയായും പുറത്തുവന്നിട്ടില്ല. 

ഇന്‍റർനെറ്റ് ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുള്ള ചൈനയിൽ ഫെയ്സ്ബുക്, ട്വിറ്റര്‍, യുട്യൂബ് എന്നീ അതികായൻമാർക്കെതിരെ വർഷങ്ങളായി വിലക്കു നിലവിലുണ്ട്. കര്‍ശന സെൻസറിങ്ങിനു വിധേയമായി പ്രവർത്തിച്ചതിനെ തുടർന്നാണ് ബിങിനു ഇത്രയുംകാലം പിടി വീഴാതിരുന്നത്. സർക്കാരിന്‍റെ മാനദണ്ഡങ്ങൾക്കനുസരിച്ചു പ്രവർത്തിച്ചാല്‍ പോലും എത്ര അതികായൻമാരായാലും സുരക്ഷിതരല്ലെന്നാണ് ബിങിനെതിരായ നടപടി തെളിയിക്കുന്നത്.