കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളും അറിവുകളും തേടി ഡിയുവിലേക്ക്

വിവിധ സംസ്കാരങ്ങളുടെ ഭാഷകൾ, മതവിശ്വാസം എന്നിവയുടെ ഒരു സമ്മിശ്ര സഞ്ചയം ആണ് ഡിയു. ഡ്രൈസ്റ്റേറ്റായ ഗുജറാത്തിനാൽ ചുറ്റപ്പെട്ട കടലോരനഗരമായ ഡിയു ഗുജറാത്തിലുള്ളവരുടെ ആശ്വാസ കേന്ദ്രമാണ്. നീണ്ട അവധി ദിനങ്ങളിൽ ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. അവധി ആഘോഷിക്കാൻ ഇവിടേക്ക് തള്ളിക്കയറുന്നവർ ഈ പ്രദേശം കുപ്പതൊട്ടിയാക്കി മാറ്റിയിട്ടുണ്ടാകും. നഗോവ ജലന്ധർ ചക്രതീർത്ഥ തുടങ്ങി നിരവധി ബീച്ചുകൾ ഇവിടെയുണ്ട്.‌‌

ചക്രതീർത്ഥയിലെ സൂര്യസ്തമയവും ഗോവയിലെ സൂര്യോദയവും പ്രശസ്തമാണ്. നഗോവ ബീച്ചിനോട് ചേർന്നുള്ള പച്ചപ്പുള്ള പുൽമേടുകൾ ബീച്ചിന് പ്രത്യേക സൗന്ദര്യം പകരുന്നു. തീരങ്ങളിലുടനീളമുള്ള പാറക്കെട്ടുകൾ നൂറ്റാണ്ടുകളായുള്ള കടലാക്രമണത്തിൽ ഒരു പ്രത്യേക രൂപഭാവം കൈവരിച്ചിട്ടുണ്ട്. 1600 ൽ ഇവിടെ പണികഴിക്കപ്പെട്ട സെന്റ് പോൾസ് ദേവാലയം പോർട്ടുഗീസ് നിർമ്മാണ വിദ്യയുടെയും സംസ്കാരത്തിന്റേയും നേർസാക്ഷ്യമാണ്.

ഏഷ്യയിലെ ഏറ്റവും നീണ്ടു നിൽക്കുന്ന ബീച്ച് ഫെസ്റ്റിവൽ ഫെസ്റ്റ് ഡിയു ഡിസംബർ മുതൽ ജനുവരി വരെ ഇവിടെ ആഘോഷിക്കുന്നു. കടൽ തീരങ്ങളിലെ ആർഭാട ടെന്റുകളും ഹോട്ട് എയർ ബലൂൺ യാത്ര പോലുള്ള സാഹസിക വിനോദങ്ങളും ഇവിടെ ആസ്വദിക്കാം. ഒപ്പം സംഗീതവും ലഹരിയും സമം ചേർത്ത രാവുകളും ഇവിടുത്തെ ബീച്ചുകളെ ഉൽസവലഹരിയിലാഴ്ത്തുന്നു.

1971 ഡിസംബർ 9ന് പാകിസ്ഥാൻ നേവി ഡിയു തീരത്തോട് ചേർന്ന് കടലിൽ ടോർപിഡോ അക്രമണത്തിൽ തകർത്ത ഇന്ത്യയുടെ യുദ്ധക്കപ്പലായ lNS ഖുക്രിയുടെ ഒരു സ്മാരകം ചക്രതീർത്ഥ ബീച്ചിനോട് ചേർന്ന് സ്ഥാപിച്ചിട്ടുണ്ട്. 194 നാവികർ ഈ സംഭവത്തിൽ കൊല്ലപ്പെട്ടു. സ്വാതന്ത്യലബ്ധിക്കു ശേഷം യുദ്ധത്തിൽ തകർക്കപ്പെട്ട ഇന്ത്യയുടെ ഒരേയൊരു കപ്പലാണിത്. തികച്ചും വികാരപരമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഒരു മെമ്മോറിയൽ ആണിത്. ഒരു പരാജയം പഠിപ്പിച്ച പാഠത്തിന്റെ കഥയും കൂടിയാണിത് ഓർമിപ്പിക്കുന്നത്. ഇന്ത്യൻ നേവിയുടെ ചരിത്രത്തിലെ കറുത്ത ഏടുകളിൽ ഒന്നായി ഈ സംഭവം രേഖപ്പെടുത്തപ്പെട്ടു.

ചെറുപ്പത്തിൽ കേട്ടറിഞ്ഞ നിരവധി യുദ്ധകഥകളിലൊന്നാണ് ഈ യുദ്ധകപ്പൽ അപകടം. അന്ന് മനസ്സിൽ പതിഞ്ഞ പേരാണ് ഖുക്രി. ശത്രുവിന്റെ ടോർപിഡോയിൽ പിടഞ്ഞ് മരിച്ച നിരവധി ധീരയോദ്ധാക്കൾക്കു മുന്നിൽ ഒരു നിമിഷം മൗനപ്രണാമം അർപ്പിച്ചു. രാജ്യത്തിന് വേണ്ടി ജീവൻ ബലി നൽകിയ വീരൻമാർ. അവരോടള്ള  ബഹുമാനവും ആദരവും ഈ രാജ്യം അവർക്ക് നൽകുന്ന തുച്ഛമായ പാരിതോഷികം മാത്രമാണ്.