കടലുണ്ടി പുഴയുടെ വശ്യതയിൽ മനം നിറഞ്ഞ് ഒരു തോണിയാത്ര

"അസ്തമിക്കാൻ പോകുന്ന സൂര്യനെയും ചൂളം വിളിച്ച് പായുന്ന തീവണ്ടികളെയും വിരുന്ന് വന്ന ദേശാടന പക്ഷികളെയും സാക്ഷികളാക്കി കടലുണ്ടി പുഴയുടെ വശ്യമനോഹാരിതയിൽ മനം നിറഞ്ഞ് ഒരു തോണിയാത്ര". കണ്ടൽ വനങ്ങളെ കണ്ടറിഞ്ഞും പക്ഷികളെ നിരീക്ഷിച്ചും തുരുത്തുകളെ വീക്ഷിച്ചും തോണികളിൽ സഞ്ചരിച്ചും കപ്പയും മുരുവും രുചിച്ചുകൊണ്ടുള്ള യാത്ര.

കോഴിക്കോട് നിന്നും 20 കിലോമീറ്റർ മാറി മലപ്പുറം ജില്ലയിൽ 300 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന സുന്ദരമായ നദീ തടവും കണ്ടൽ കാടുകളും അതിനിടയിലൂടെ കടന്നുപോകുന്ന കൈവഴികളും ദേശാടന പക്ഷികൾ കുടിയേറുന്ന പക്ഷിസങ്കേതവും അടുത്തറിയുന്നതിന് വേണ്ടി സംഘടിപ്പിച്ച യാത്ര 15 പേർക്ക് കയറാവുന്ന 3 തോണികളിൽ ആയി ആരംഭിച്ചു.

യാത്രയുടെ തുടക്കത്തിൽ ഹമീദലി സാറിന്റെ ക്ലാസ് കേട്ട് കണ്ടൽ കാടുകളെ കുറിച്ചും ഇതിലൂടെ ഒഴുകുന്ന പുഴയെ കുറിച്ചും ചെറിയ അറിവ് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ കാണുന്ന ഓരോ കാഴ്ചകളും ‌പുതിയ അറിവുകൾ പഠിപ്പിക്കുന്നുണ്ടായിരുന്നു. പുഴകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ചെറിയ തുരുത്തുകൾ ആണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ബാലാ തുരുത്തി, ചെറുതുരുത്ത്, സി.പി. തുരുത്ത് എന്നിവയൊക്കെ ഇതിൽ പ്രധാനപ്പെട്ടവയാണ്. കൃഷി ഉപജീവനമാർഗമായി കാണുന്ന ഒരുപറ്റം നന്മ നിറഞ്ഞ കർഷകരുടെ ലോകം. ഏകവരുമാന മാർഗം കക്ക കൃഷി, മുരു കൃഷി തുടങ്ങിയവ ആണ്. (തോടുള്ള,ഭക്ഷ്യയോഗ്യമായജലജീവികളില്‍പ്പെട്ടതാണ് മുരു)

വലിയ തോതിൽ കാൽസ്യം അടങ്ങിയിട്ടുള്ള മുരു ഭക്ഷ്യയോഗ്യം ആക്കാൻ വളരെ പ്രയാസം ആണ്. ഇതിന്റെ പുറം തോടുകൾ വളരെ മൂർച്ചയേറിയത് ആണ് എന്നതാണ് കാരണം. ഇത് 1 കിലോയ്ക്ക് 300 രൂപ നിരക്കിലാണ് വിപണിയിൽ വിറ്റഴിക്കുന്നതെന്നാണ് തോണിക്കാരൻ പറഞ്ഞത്.

തോണിയാത്രയിൽ ഏറ്റവും ഹരം പകരുന്നത് പാലങ്ങൾക്ക് അടിയിലൂടെ ഉള്ള യാത്രകൾ ആണ്. റെയിൽവേ പാലത്തിന്റെ താഴെ എത്തുമ്പോൾ മിനിട്ടുകൾ വ്യത്യാസത്തിൽ തീവണ്ടികൾ കടന്നുപോകുന്നത്. തീവണ്ടി പോകുന്നത് ശരിക്കും അടുത്തറിയാം. മാത്രമല്ല, ബാലാത്തുരുത്തിലെ നടപ്പാലത്തിന്റെയും പൈപ്പ് പാലത്തിന്റേയും താഴേകൂടിയുള്ള യാത്ര നല്ല അനുഭവങ്ങളും കാഴ്ചയും സമ്മാനിക്കുന്നു. തോണിയിൽ നിന്ന് കഴിച്ച കപ്പയും മുരു കറിയും ചെമ്മീൻ ചമ്മന്തിയും നാവിൽ വെള്ളം നിറക്കുമ്പോൾ വഞ്ചിപ്പാട്ടുകൾ കൊണ്ടും നാടൻ പാട്ടുകൾ കൊണ്ടും ആർത്തുല്ലസിച്ച ആ സായംസന്ധ്യകളെ വീണ്ടും ഓർത്തെടുക്കുവാൻ മനസ്സ് വെമ്പൽ കൊള്ളും. തോണിയാത്രയൊടൊപ്പം നിരവധി കാഴ്ചകളും മനസ്സ് കീഴടക്കി. പലവർണങ്ങളിലുള്ള പക്ഷികളെ കാണാൻ സാധിച്ചു. 135 ഓളം ദേശാടന പക്ഷികൾ വിരുന്നുവരുന്ന ഈ പക്ഷി സങ്കേതത്തിൽ കാലാവസ്ഥാ വ്യതിയാനവും വംശ നാശവും കൊണ്ട് ഇപ്പോൾ വളരെ കുറച്ച് പക്ഷികളെ വരാറുള്ളൂ.

6.30 ന് അവസാനിച്ച തോണിയാത്രയ്ക്കും പക്ഷി നിരീക്ഷണത്തിനും ശേഷം ഒരിക്കൽ കൂടി ഹമീദലി സാറിന്റെ ക്ലാസ് കേൾക്കാൻ ഭാഗ്യം ലഭിച്ചു. കൂടാതെ സിവിൽ എൻജിനീയറും ഇപ്പോൾ പൂമ്പാറ്റ നിരീക്ഷകനും സഞ്ചാരിയും ആയ ബാലകൃഷ്ണൻ വളപ്പിൽ സാറിന്റെയും മനോഹര ക്ലാസിലൂടെയും കൂടുതൽ ചരിത്രങ്ങളും ഒരു സഞ്ചാരി എങ്ങനെ ആയിരിക്കണം എന്നതിന്റെയും പൂർണ വിവരണവും മനസിലാക്കാൻ കഴിഞ്ഞു.