രണ്ടു ദിവസം കൊണ്ട് കണ്ടു തീർക്കാവുന്ന സുന്ദര രാജ്യം

പേർഷ്യൻ ഗൾഫിലെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന, മുപ്പതിലധികം ദ്വീപുകൾ ഉൾക്കൊള്ളുന്ന രാജ്യമാണ് ബഹ്‌റൈൻ. മനാമയാണ് തലസ്ഥാനം. കേരളത്തിലെ ഒരു ചെറിയ ജില്ലയുടെ വലുപ്പമേ ഈ കൊച്ചു രാജ്യത്തിനുള്ളൂ. പ്രൗഢിയും പൈതൃകവും നിറഞ്ഞു തുളുമ്പുന്ന കാഴ്ചകളാണ് പവിഴദ്വീപ് എന്നറിയപ്പെടുന്ന ബഹ്‌റൈനെ മറ്റു സമ്പന്ന അറേബ്യൻ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ടൂറിസമാണ് ഇവിടുത്തെ  പ്രധാന വരുമാനമാർഗം.

മറ്റു പല രാജ്യങ്ങളിൽ നിന്നും  സ്വാതന്ത്ര്യം ആസ്വദിക്കാനാണ് സഞ്ചാരികൾ ഇവിടെയെത്തുന്നത്. വിനോദസഞ്ചാരികൾക്ക് എരിവും പുളിയും പകരുന്ന എല്ലാം വിഭവങ്ങളും ഇവിടെയുണ്ട്. അയൽരാജ്യങ്ങളിൽനിന്നും സഞ്ചാരികളുടെ ഒഴുക്കാണ് ഇവിടേക്ക്. എല്ലാ വാരാന്ത്യങ്ങളിലും ആഘോഷത്തിമിർപ്പാണ്. ബീച്ച് പാർട്ടികളും ഡിജെ നൈറ്റുകളുമൊരുക്കി സന്ദർശകരെ വരവേൽക്കുന്നു. അറബി, പേർഷ്യൻ, ഇന്ത്യൻ, ബലൂചി, അമേരിക്കൻ, യൂറോപ്യൻ തുടങ്ങി എല്ലാ ഭക്ഷണ വൈവിധ്യവും ആസ്വദിക്കാം. സ്വാദിഷ്ടമാണ് ബഹ്‌റൈൻ രുചികൾ.

ഒരു ദിവസത്തെ യാത്രക്ക് തിരഞ്ഞെടുക്കാവുന്ന ഇടമാണ് 'അൽ ദാർ ഐലൻഡ് ' (Al daar Island) മനാമയിൽ നിന്ന് 30 മിനിറ്റു നേരം യാത്ര ചെയ്താൽ ഇവിടെയെത്താം. സ്വപ്നസുന്ദരമായ കാഴ്ചകളും ആസ്വദിക്കാം. പേൾ ഡൈവിങ്, ഡോൾഫിൻ വാച്ചിങ്, ഫിഷിങ് തുടങ്ങിയ വിനോദങ്ങളിലേർപ്പെടാം. രാത്രിയിൽ താങ്ങാൻ കോട്ടേജുകളുണ്ടെങ്കിലും ചെലവേറിയതാണ്. മറ്റൊരു ആകർഷണമാണ് "ട്രീ ഓഫ് ലൈഫ് " (Tree of Life). ഏകദേശം  400 വർഷം പഴക്കമുള്ള മരുഭൂമിയിൽ ഒറ്റപെട്ടു പടർന്നു പന്തലിച്ചു നിൽക്കുന്ന വൃക്ഷം സന്ദർശകർക്ക് അദ്ഭുതക്കാഴ്ചയാണ്.

വെള്ളമോ വളമോ നല്‍കാതെ  നൂറ്റാണ്ടുകളോളം പഴക്കമുള്ള വൃക്ഷം വിസ്മയമാണ്.  ഓരോ വർഷവും ഏതാണ്ട് 50,000 വിനോദ സഞ്ചാരികൾ ഇവിടെ എത്താറുണ്ട്. വലിയ മരുഭൂമികളൊന്നും ഇവിടെയില്ലാത്തതിനാൽ ഡെസേർട് സഫാരി പോലുള്ള കാര്യങ്ങൾ ആസ്വദിക്കാൻ കഴിയില്ല. എങ്കിലും ചെറിയ ടെന്റ് ഹൗസുകളും മറ്റുമിവിടെ ലഭ്യമാണ്. രാത്രി ഇവിടെ ചെലവിടുന്നത് വേറിട്ടൊരു അനുഭവമായിരിക്കും ഓരോ സഞ്ചാരിക്കും സമ്മാനിക്കുന്നത്.

അൽ ഫത്തേ ഗ്രാൻഡ് പള്ളി (Al-Fateh Mosqu) രാജ്യത്തിന്റ ആത്മീയ ഹൃദയമാണ്. ഈ പ്രദേശത്തെ ഏറ്റവും വലിയ മുസ്ലീം പള്ളികളിലൊന്നാണ്. എല്ലാ മതവിഭാവക്കാരായ സന്ദർശകരെയും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. മനാമയിൽ നിന്നും 10 മിനിറ്റ് സഞ്ചരിച്ചാൽ ഇവിടെയെത്താം. ഇൗ ദേവാലയത്തിലേക്കെത്തുന്ന സഞ്ചാരികളെല്ലാം തീർച്ചയായും ബഹ്‌റൈൻ മ്യൂസിയം സന്ദർശിക്കുക പതിവാണ്. ആയിരകണക്കിന് വർഷങ്ങൾ പഴക്കമുള്ള ഡിൽമൻ സംസ്കാര പുരാശേഷിപ്പുകൾ ഇവിടെ കാണാം. ബഹറൈൻ രാജ്യത്തിന്റെ പൈതൃകത്തിന്റെയും ചരിത്രത്തിന്റെയും സംരക്ഷണത്തിനായുള്ള പരിശ്രമങ്ങളുടെ നേട്ടമാണിത്. ഹമദ് ടൗണിലെയും മുഹറഖിലെയും മാർക്കറ്റുകൾ ബഹ്‌റൈൻ സന്ദർശനത്തിൽ വിട്ടുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഗ്രാമ ജീവിത സ്പന്ദനങ്ങൾ തൊട്ടറിയുന്നിടമാണ് ഇൗ മാർക്കറ്റുകൾ. ഉപ്പുതൊട്ട് കർപ്പൂരം വരെയും ഇവിടെ ലഭിക്കും. ഉൾനാടുകളിലേക്കുള്ള യാത്രകൾ ബഹ്‌റൈനിന്റെ ആത്മാവിനെ തൊട്ടറിയാൻ സഹായിക്കും.

1869 മുതൽ 1932 വരെ ബഹ്റിനിൽ ഭരിച്ച ശൈഖ് ഇസ ബിൻ അലി അൽ ഖലീഫ പിറന്നുവീണ റിഇഫാ ഫോർട്ടും പത്തൊമ്പതാം നൂറ്റാണ്ടിലെ രാജ കുടുബത്തിന്റെ കഥകൾ പറയുന്നു. ഡിൽമൻ സംസ്കാര തലസ്ഥാനമായിരുന്ന ബഹ്‌റൈൻ ഫോർട്ട് (Qal'at al-Bahrain) കാലം വരുത്തിവച്ച പരിക്കുകളെ അതിജീവിച്ച് ഇപ്പോഴും തലഉയർത്തിപിടിച്ച് നിലകൊള്ളുന്നു. ഇതെല്ലാം ഒറ്റ ദിവസം കൊണ്ട് കണ്ടുതീർക്കാം എന്നതാണ് ഈ രാജ്യത്തിന്റെ മറ്റൊരു പ്രത്യേകത.

ബഹ്‌റൈനിയെയും സൗദിയേയും കൂട്ടിയിണക്കുന്ന കടൽ പാലങ്ങളുടെ ഒരു പരമ്പരയാണ് 1986ൽ ജനങ്ങൾക്കായി തുറന്നു കൊടുത്ത കിങ് ഫഹദ് കോസ്വേ കടലിനുമുകളിൽ ഒരു അദ്ഭുതമായി നിലകൊള്ളുന്നു. ആയിര കണക്കിന് വാഹനങ്ങളാണ് ഇതിലൂടെ ഒരു ദിവസം കടന്നു പോകുന്നത്. ഈ പാലം സൗദി അറേബ്യയുമായുള്ള ബഹ്‌റൈനിന്റെ ബന്ധത്തിന്റെ ദൃഢത കൂടുന്നു. അതിപുരാതന കാലം മുതൽക്കേ ഇന്ത്യയുമായി സാംസ്കാരിക വാണിജ്യ ബന്ധമുണ്ടായിരുന്നു. ഇന്ത്യൻ രൂപയായിരുന്നു അന്ന് ഉപയോഗിച്ചിരുന്ന കറൻസി. ഇന്നിപ്പോൾ 1 ബഹ്‌റൈനി ദിനാർ ഇന്ത്യൻ മണി 170 രൂപവരും. അതിനാൽ വിനോദ സഞ്ചാരത്തിനായി വരുന്നവർക്ക് ചിലവേറും. രണ്ടോ മൂന്നോ ദിവസം കൊണ്ട് കണ്ടു തീർക്കാവുന്ന സുന്ദര രാജ്യമാണിത്. സന്ദര്‍ശകർക്ക് ഓൺലൈൻ വിസ ലഭ്യമാണ്.