പാലക്കയം തട്ട് കണ്ണൂരിന്റെ മൊഞ്ചത്തി

പഠിപ്പിച്ചുകൊണ്ടിരുന്ന കോളേജിലെ NSS യൂണിറ്റിന്റെ ഭാഗമായുള്ള ഔട്ടിംഗിന് കുട്ടികളെയും കൊണ്ട് പോകേണ്ട ചുമതല ടീച്ചറായ എനിക്കു കിട്ടുന്നത് ആദ്യം. മടിച്ചു നിന്നെങ്കിലും സ്ഥലം തൊട്ടടുത്തുള്ള പാലക്കയം തട്ടാണെന്നു കേട്ടപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. എപ്പഴേ റെഡി എന്ന മട്ടിലായി ഞങ്ങൾ.

കാഴ്ചയുടെ വിരുന്നൊരുക്കി പാലക്കയം തട്ട്

കണ്ണൂരിന്റെ പ്രകൃതി ഭംഗി അതിന്റെ തനതു സൗകുമാര്യത്തോടുകൂടി ആസ്വദിക്കണമെങ്കിൽ പാലക്കയം തട്ടിലേക്ക് പോയേ തീരൂ. വൈകുന്നേരം 3 മണിക്ക് പുറപ്പെട്ട ഞങ്ങൾ കുട്ടികളുടെ ആരവങ്ങളും അന്താക്ഷരി കളിയും പാട്ടു മേളവു മൊക്കെയായി സ്ഥലം എത്തിയത് അറിഞ്ഞതേയില്ല.

കാഴ്ചയുടെ വിരുന്നൊരുക്കി പാലക്കയം തട്ട്

പാലക്കയം തട്ടിലേക്ക് ബസ് യാത്ര ദുഷ്കരമാണ്. അതിനാൽ ഒരു സ്ഥലത്ത് ബസ് നിർത്തിയിട്ട് ഞങ്ങൾ നടന്നാണ് മുന്നോട്ട് യാത്ര തുടർന്നത്. പാലക്കയം തട്ടിനു ചുറ്റുമുള്ള പ്രദേശങ്ങൾ തനിഗ്രാമങ്ങളാണ് പക്ഷേ ഇവിടേക്കുള്ള വഴിയിൽ ജനവാസം വളരെക്കുറവാണു താനും. അതിനാൽ തന്നെ ദാഹിച്ചു വലഞ്ഞ ഞങ്ങൾ ദാഹമകറ്റാൻ നന്നേ പാടുപെട്ടു. വഴിയരികിൽ, മോരും നാരങ്ങാ വെള്ളവും വിൽക്കുന്ന ഒരു പെട്ടിക്കടയുണ്ട് അതാണ് ഏക ആശ്വാസവും. ടാറിട്ട നീളൻ റോഡുകൾക്കിരുവശവുമുള്ള വമ്പൻ മരങ്ങളും കാടുകളും പഴയകാലകാവുകളെ ഓർമപ്പെടുത്തി.

ഈ നടപ്പാതകൾ ഒരു ഗൃഹാതുരത്വം ഉണർത്തുന്നതാണ്. നഷ്ടപ്പെട്ട ഗ്രാമീണത എവിടെയൊക്കെയോ തിരിച്ചു കിട്ടിയ തു പോലെ. ഇവിടത്തെ ഏറ്റവും വലിയ പ്രത്യകത കുത്തനെ യുള്ളകയറ്റവും അതിമനോഹരമായ പ്രകൃതിയുമാണ്. പാറ ക്കെട്ടുകൾക്കു മുകളിൽ പോയി നിന്നാൽ പച്ചപ്പരവതാനി തട്ടു തട്ടുകളായ് മഞ്ഞിൽവിരിച്ചിട്ടിരിക്കുന്നതു കാണാം. മുകളി ലേക്ക് പോകുംന്തോറും തണുപ്പ് കൂടിക്കൂടി വന്നു. വൈകു ന്നേരമായതിനാൽ കോടമഞ്ഞു വന്നു പൊതിയാൻ തുടങ്ങി.

കാഴ്ചയുടെ വിരുന്നൊരുക്കി പാലക്കയം തട്ട്

ഇവിടത്തെ മറ്റൊരു ആകർഷണം അസ്തമയസൂര്യന്റ ശോഭയാണ്. സൂര്യാസ്തമയം അതിന്റെ പരമോന്നതഭംഗിയിൽ ആസ്വദിക്കാൻ കഴിയും. സൂര്യൻ കൈക്കുമ്പിളിൽ വന്നസ്തമിക്കുന്ന പ്രതീതി. വൈകുന്നേരമാകുന്നതോടുകൂടി പ്രകൃതി അണിഞ്ഞൊരുങ്ങി സുന്ദരിയായി മാറാൻ തുടങ്ങും. പച്ചയുടുത്ത് മഞ്ഞിൽ കുളിച്ച് സൂര്യാസ്തമയത്തിന്റെ സുവർണ്ണ ശോഭയിൽ തിളങ്ങി നിൽക്കുന്ന മൊഞ്ചത്തി. സത്യത്തിൽ സായാഹ്നം ഇത്രയും മനോഹരമായി ചിലവഴിക്കാൻ പറ്റിയ സ്ഥലം വേറെ കാണില്ല. ഏകദേശം 7 മണിയോടുകൂടി ഞങ്ങൾക്കവിടം യാത്ര പറയേണ്ടി വന്നു.