കുടജാദ്രിയിലെ നിലയ്ക്കാത്ത ചിലമ്പ് ഒലികൾ

ശാന്തമായ കുടജാദ്രി പച്ച പുതപ്പണിഞ്ഞു നിൽക്കുന്നു. മൂടൽമഞ്ഞും മേഘങ്ങളും കൈകോർത്തു താഴേക്കിറങ്ങി വന്നു ആ പച്ചപ്പിനെ തഴുകുന്നത് പോലെ തോന്നി. കാറ്റ് വീശിയടിക്കുന്നുണ്ടായിരുന്നു. തന്ത്രിയുടെ താമസസ്ഥലവും അതിനടുത്തുള്ള ചെറിയ ആരാധനാസ്ഥലവും കടന്നു മുന്നോട്ടു പോയി. അവിടെ നിന്നും കയറ്റം ആരംഭിക്കുകയാണ്.  കൊടും തണുപ്പിനെയും, വീശിയടിക്കുന്ന കാറ്റിനെയും വകവയ്ക്കാതെ മുകളിലേക്ക് ഓടിക്കയറി. ശങ്കര പീഠത്തിലേക്കുള്ള കയറ്റം ഒരു ചെറിയ പുൽമേടാണ്. അതുകൊണ്ടു തന്നെ കാറ്റിനു ശക്തി വളരെ കൂടുതലാണ്. ശരാരത്തിലേയ്ക്ക് കുത്തിത്തുളയ്ക്കുന്ന തണുപ്പും ഉയരങ്ങളിലേക്ക് കയറും തോറും മൂടൽമഞ്ഞും മേഘങ്ങളും കൊണ്ട് അന്തരീക്ഷം കനപ്പെട്ടു നിന്നു. 

വെയിലിന്റെ ചൂട് കിട്ടാൻ കൊതിയാവുന്ന ഒരുയാത്രയാണിത്. ജീപ്പിൽ ഞങ്ങളോടൊപ്പം ഒരു ദമ്പതിമാരും മറ്റു രണ്ടു പേരുമുണ്ടായിരുന്നു. ദമ്പതിമാർ പോവുന്ന വഴിയിൽ ഒരിടത്തു വെയിൽ കായുന്നതു കണ്ടു.  ഉഷ്ണമേഖലയിൽ ഇന്ത്യക്കാർ വെയിൽ കായുന്ന ഒരേയൊരു ഇടം.നിരപ്പായ ഒരിടതു വശത്തായാണ് ഗണപതി ഗുഹ. അവിടെ ഒരു പൂജാരിയെയും കണ്ടു. തുടർന്നുള്ള കയറ്റം കയറിക്കഴിഞ്ഞപ്പോൾ കുടജാദ്രിയുടെ ഉച്ചിയിലെത്തി. ഉച്ചയായെന്നു മറന്നു പോകുന്ന തരത്തിലായിരുന്നു കൊടും തണുപ്പ്. ഒരു വശം അഗാധമായ കൊക്കയാണ്. കാറ്റ് ഞങ്ങളെ പൊക്കിയെടുത്ത് എറിയുമോ എന്നു പോലും തോന്നുന്ന് അതിശക്തമായ കാറ്റ്.

കുടജാദ്രിക്കു മുകളിൽ നിന്നുള്ള കാഴ്ച അതിമനോഹരമായിരുന്നു. മൂകാംബിക സാങ്ച്വറി ആണിത്. 247 സ്ക്വയർ കിലോ മീറ്റർ വിസ്തീർണത്തിലുള്ള ഈ സാങ്ച്വറിയിൽ അപൂർവമായ ജൈവസമ്പത്തും, അഭൗമമായ സൗന്ദര്യവും ഉണ്ട്. തന്ത്രിയുടെ വീടല്ലാതെ മറ്റു താമസസൗകര്യങ്ങളൊന്നും ഇവിടെയില്ല. എങ്കിലും സന്യാസ പാതയിലുള്ളവരും, മോക്ഷമാർഗം അന്വേഷിക്കുന്ന മനസ്ഥിതിയുള്ളവരുമൊക്കെ വെറും മണ്ണിൽ ഉറങ്ങി രാത്രി ചെലവഴിക്കാറുണ്ട്. ഇത്തരം താമസക്കാർ തീ കൂട്ടിയതിന്റെ  അവശിഷ്ടങ്ങളും വഴിയിൽ അവിടവിടെ കാണാം.

പുൽമേടിനിടയിലൂടെ നീണ്ടു കിടക്കുന്ന വഴി ചെറു വൃക്ഷങ്ങൾ നിറഞ്ഞ വനപ്രദേശത്ത് അവസാനിച്ചു. തുടർന്നങ്ങോട്ട് വഴിയില്ല. കട്ടിയുള്ള ശിഖരങ്ങളോട് കൂടിയ ചെറിയ വൃക്ഷങ്ങളുടെ അടിയിൽക്കൂടി നൂഴ്ന്നു കടന്നു കൊണ്ട് താഴേക്കിറങ്ങി.  ഇറക്കം അവസാനിച്ചു കൊക്കയുടെ ഓരത്തു കൂടി നേരിയ ഒരു വഴി കടന്നു മലയുടെ പള്ളയിൽ എത്തിയപ്പോൾ കണ്ടു. മുന്നിൽ മേഘങ്ങൾ പരവതാനി വിരിച്ച  വിശാലമായ താഴ്‍വര. പർവതത്തിന്റെ  ഉന്നതമായ ശിഖരത്തിൽ നിന്നും ആരവത്തോടെ ഉള്ള ജലപാതം അതിനഭിമുഖമായി ചിത്രമൂല. കാഴ്ചയിൽ അതിഗംഭീരം.

കോലമഹർഷിക്കും, ശ്രീ ശങ്കരാചാര്യർക്കും വേദാന്തപ്പൊരുളായ പരാശക്തിയുടെ അർഥം വെളിവായത് ഇവിടെ വച്ചാണ്. 8 അടിയോളം ഉയരത്തിലാണ് ഗുഹാമുഖം. ചിത്രമൂലയിലേക്കു കയറാനായി ഒരു ഇരുമ്പുകോണിയുമുണ്ട്.  ഗുഹയിൽ നിന്നു മുള്ള കാഴ്ച ഇന്ദ്രിയാതീതമായ അനുഭൂതിക്കു തുല്യമാണ്. വീശിയടിക്കുന്ന കാറ്റിന്റെ ശബ്ദം ഇവിടെ തീരെയില്ല. നിഗൂഢമായ നിശ്ശബ്ദത. മൂകത നിറഞ്ഞ, മൂകാംബികയുടെ അധിവാസസ്ഥാനം. ഇവിടെയിരുന്നാൽ നിശ്ശബ്ദതയുടെ ആഴങ്ങളിൽ, മൂകാംബികാ ക്ഷേത്ര സന്നിധിയിൽ നിന്നുള്ള മണിയൊച്ച കേൾക്കാൻ കഴിയുമത്രേ. ഗുഹയ്ക്കുള്ളിൽ ജലപ്രവാഹമുണ്ട്. ആരും ഇപ്പോൾ താമസമില്ല. ഉപേക്ഷിക്കാനാവാത്ത അതി നിശ്ശബ്ദത, ദേവിയുടെ പ്രിയ ആവാസ സ്ഥാനത്തെ ആന്തരിക ജ്ഞാനത്തെ പ്രവഹിപ്പിക്കുന്ന സന്നിധിയാക്കിയിരിക്കാം. ആ പ്രവാഹമാണ് കേരള ഭൂമിയിൽ നിന്നും ഹിമാലയത്തോളമെത്തിയ ജ്ഞാനരസത്തെ പ്രകാശിപ്പിച്ചത്. 

താമസിക്കാൻ തയാറായല്ല ഞങ്ങൾ വന്നത്. ജീപ്പും സഹയാത്രികരും അക്ഷമരായി കാത്തു നിൽക്കുന്നു എന്ന അറിവ് ഞങ്ങളെ തിരികെനയിച്ചു. നിലയ്ക്കാത്ത ചിലമ്പ് ഒലികൾ പിന്തുടരുന്നെന്ന സങ്കൽപ്പത്തിന്റെ മാധുര്യത്തിൽ ഞങ്ങൾ താഴേക്കിറങ്ങി.