യാത്രികരേ ഇതിലേ ഇതിലേ: ഉഷ്ണത്തിന് ആശ്വാസമായി ഊഞ്ഞാപ്പാറ

വേനൽ കനത്തതോടെ തണുപ്പുള്ള സ്ഥലങ്ങൾ തേടി പോവുകയാണ് യാത്രാപ്രേമികൾ. എന്നാൽ അധികം ചെലവില്ലാതെ ഉഷ്ണത്തിന് ആശ്വാസമേകുകയാണ് കോതമംഗത്തുള്ള ഊഞ്ഞാപ്പാറ. പെരിയാർവാലിയുടെ ഭാഗമായിട്ടുള്ള നീർപ്പാലം തേടി സഞ്ചാരികളുടെ ഒഴുക്കാണ്.  പ്രകൃതിസുന്ദരമാണ് ഊഞ്ഞാപ്പാറയിലെ നീർപ്പാലം. 



കവുങ്ങിൻ തോട്ടത്തിന്റെ ഇടയിലൂടെയുള്ള കനാലിന് ഇരുവശവും പാടങ്ങളാണ്. പക്ഷികളുടെ പാട്ടും കവുങ്ങിന്റെ തണലുമേറ്റ് സുരക്ഷിതമായി കുളിക്കാം. 20 അടി താഴ്ചയുള്ള നീർപ്പാലത്തിലെ വെള്ളം ശുദ്ധവും തണുത്തതുമാണ്. ഭൂതത്താൻകെട്ട് ഡാമിൽ നിന്നുമുള്ള അക്യുഡേറ്റ് കൂടിയാണിത്. നിറഞ്ഞൊഴുകുന്ന നീർപ്പാലത്തിലേക്ക് മധ്യവേനലവധി കൂടിയായതോടെ നിറയെപ്പേർ എത്തുന്നുണ്ട്. സമൂഹമാധ്യമത്തിലൂടെയാണ് ഊഞ്ഞാപ്പാറ പ്രസിദ്ധമാകുന്നത്. സൗജന്യമായി നല്ല ഒന്നാന്തരം കുളികുളിക്കാം. ദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാകരുതെന്ന് മാത്രം. 



ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



കുട്ടികൾ മുതിർന്നവരോടൊപ്പം മാത്രം ഇറങ്ങുക



കനാലിലേക്ക് പ്ലാസ്റ്റിക് കുപ്പുകളും മാലിന്യങ്ങളും വലിച്ചെറിയാതിരിക്കുക



കനാലിന്റെ ഇരുവശങ്ങളിലൂടെയും നടക്കാതിരിക്കുക



മാറ്റി ധരിക്കാൻ വസ്ത്രങ്ങൾ കൊണ്ടുപോവുക



പോകേണ്ട വഴി



കോതമംഗലം ടൗണിൽ നിന്നും 7 കിലോമീറ്റർ ദൂരമുണ്ട്. കോതമംഗലം – തട്ടേക്കാട് റോഡില്‍ കീരംപാറ കഴിഞ്ഞ് 1 കിലോമീറ്റർ  പിന്നിടുമ്പോള്‍ വലതു വശത്തെക്കുള്ള വഴി തിരിയുക. നാടുകാണിക്കുള്ള വഴിയെ 100 മീറ്റര്‍ ചെന്നാല്‍ നീർപ്പാലം എത്തും. 



ചിത്രങ്ങൾക്ക് കടപ്പാട് : Sumod O G Shuttermate, സഞ്ചാരി ഫെയ്സ്ബുക്ക്പേജ്