ഭവാനിപ്പുഴയെ തേടിയൊരു യാത്ര

കൃത്യമായ പ്ലാനിങ്ങില്ലാതെ നടത്തിയ ആദ്യയാത്ര, യാത്ര തുടങ്ങുമ്പോൾ എങ്ങോട്ട് പോകണമെന്ന് പോലും ഉറപ്പിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ ഒടുവിൽ ചെന്നെത്തിയതാകട്ടെ പ്രകൃതി സർവ്വാഭരണ വിഭൂഷിതയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഭവാനിപ്പുഴയുടെ തീരത്ത്! ഏതു സമയത്ത് എവിടെ എത്തണം, എവിടെ നിന്ന് ഭക്ഷണം കഴിക്കണം എന്നൊക്കെ പ്ലാൻ ചെയ്ത് യാത്രക്കൊരുങ്ങുന്ന ഞങ്ങളുടെ യാത്ര (കൽഫാൻ, ഷാഹുൽ പിന്നെ ഞാനും) ഇത്തവണ തിരുത്തികുറിച്ചു. ഹർത്താൽ ദിനത്തിലായിരുന്നു യാത്ര.

രാവിലെ പതിനൊന്ന് മണിക്ക് കോട്ടക്കലിൽ നിന്നും യാത്ര തുടങ്ങി. മലപ്പുറം - പെരിന്തൽമണ്ണ വഴി മണ്ണാർക്കാട്ടേക്ക്. വഴിയിൽ പലയിടത്തും വാഹനം തടഞ്ഞതു കാരണം മണ്ണാർക്കാട് എത്തിയപ്പോൾ സമയം ഉച്ച തിരിഞ്ഞ് രണ്ടു മണിയോടടുത്തിരുന്നു. മണ്ണാർക്കാട് ടൗണിൽനിന്നും അട്ടപ്പാടി - ആനക്കട്ടി റോഡിൽ അൽപം മുന്നോട്ടു യാത്ര. റോഡരികിൽ കണ്ട ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു. കുറച്ചു നേരത്തെ വിശ്രമത്തിന് ശേഷം യാത്ര തുടർന്നു. ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്ന് വാഹനം മലമ്പാതയിലേക്ക് പ്രവേശിച്ചു.

റോഡിനിരുവശത്തും പച്ചപിടിച്ച് കാട്. മനസ്സിനു കുളിർമ പകരുന്ന കാഴ്ചയെന്നു പറയേണ്ടതില്ല. ഈ വേനൽക്കാലത്ത് ഇത്തരമൊരു കാഴ്ച ഒരുപക്ഷെ ഇവിടെ മാത്രമേ കാണൂ! സൈലൻറ് വാലി നാഷണൽ പാർക്കിലെ നിത്യഹരിതവനങ്ങളുടെ തുടർച്ചയാണിത്. മലയടിവാരത്ത് നിന്നും മുക്കാലിയിലേക്കുള്ള പത്തു കിലോമീറ്ററിലധികം ദൂരം നിബിഡവനത്തിലൂടെയാണ് റോഡ് കടന്നുപോകുന്നത്.

സൈലന്റ‍‍‍‍‍‍‍‍‍‍‍് വാലിയിലേക്ക് തിരിയുന്ന മുക്കാലി ജംഗ്ഷനും കടന്ന് ഞങ്ങൾ മുന്നോട്ടു പോയി. കാട് കൃഷിക്ക് വഴിമാറിയിരിക്കുന്നു. അഗളി അടുക്കാറായപ്പോൾ ഇടത് വശത്ത് ഭവാനിപ്പുഴ റോഡിനു സമാന്തരമായി ഒഴുകുന്നത് കാണാനായി. അല്‍പം കൂടി മുന്നോട്ടു പോയി സൗകര്യപ്രദമായ ഒരിടത്ത് വണ്ടി നിർത്തി ഞങ്ങൾ ഭവാനിപ്പുഴയുടെ സൗന്ദര്യത്തിലേക്ക് ഇറങ്ങിച്ചെന്നു. വേനലിന്റെ കാഠിന്യം പുഴയെ ബാധിച്ചിരിക്കുന്നു, നീരൊഴുക്ക് കുറഞ്ഞ് അവൾ മെലിഞ്ഞു പോയിരിക്കുന്നു! കേരളത്തിൽ നിന്നും കിഴക്കോട്ട് ഒഴുകുന്ന മൂന്നു നദികളിൽ ഒന്നാണ് ഭവാനി. തമിഴ്നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ നദികൂടിയാണിത്.

നീലഗിരി കുന്നുകളിൽ നിന്ന് ഉത്്ഭവിച്ച് സൈലന്റ്‌വാലിയുടെ മടിത്തട്ടിലൂടെ ഒഴുകി അട്ടപ്പാടിയിലെത്തുന്ന ഭവാനി കൽകണ്ടിയൂർ വെച്ച് തമിഴ്നാട്ടിൽ പ്രവേശിക്കുന്നു. നീലഗിരി, കോയമ്പത്തൂർ, ഈറോഡ് ജില്ലകളിലെ കാർഷിക സമൃദ്ധിക്ക് ഹേതുവായ ശേഷം അവൾ ഈറോഡ് വെച്ച് കാവേരിയുമായി സംഗമിക്കുന്നു.

നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും പുഴയുടെ സൗന്ദര്യത്തിന് ഒട്ടും കുറവില്ല! നീലഗിരിക്കുന്നുകളുടെ പശ്ചാത്തലത്തിൽ സൈലന്റ്‌വാലിയുടെ സ്നേഹ സ്പർശമേറ്റ് ലാവണ്യവതിയായി ഒഴുകുകയാണവൾ. വിജനമായൊരിടത്ത് പുഴയുടെ മധ്യത്തിൽ ഉയർന്ന് നിൽക്കുന്ന ഒരു പാറയിൽ നീരൊഴുക്കിന്റെ സംഗീതം കേട്ട്, സൗഹൃദത്തിന്റെ മധുരം പങ്കിട്ട് ഏറെനേരം ഞങ്ങളിരുന്നു! പിന്നെ അൽപനേരം വെള്ളത്തിൽ നീരാട്ട്. ഇരുൾ വീഴും വരെ ആ സുന്ദര ദേശത്ത് ജീവിതത്തിൻറെ കെട്ടുപാടുകളെല്ലാം മറന്ന് പ്രകൃതിയുടെ സൗന്ദര്യത്തിൽ ഞങ്ങൾ അലിഞ്ഞിരുന്നു എന്ന് പറയുന്നതാവും ശരി!