ആനവണ്ടിയിലേറി കാരപ്പാറയിലേക്ക്

മലയടിവാരത്തോളം പരന്ന നെൽവയലുകൾ. നീണ്ടു നിവർന്ന കരിമ്പനകൾ. അനന്തതയിലേക്ക് ഇഴയുന്ന ഒറ്റയടിപ്പാത. ആൽ മരങ്ങൾ മനസ്സിലാരോ ഒരു പാലക്കാടൻ ചിത്രം വരച്ചിട്ടു കൊണ്ടിരിക്കെ പോത്തുണ്ടിയിലെത്തി. പോത്തുണ്ടിയിൽ നിന്നും മലകയറി തുടങ്ങണം. നെല്ലിയാമ്പതിമലകൾക്കപ്പുറം കരപ്പാറയിലേക്ക് വിനോദസഞ്ചാരികളധികവും നെല്ലിയാമ്പതിയിലെ സീതാർകുണ്ടും കേശവൻ പാറയും കണ്ടു മലയിറങ്ങുമ്പോൾ 13 കി.മീ മാത്രം അകലെ കാരപ്പാറയിൽ വശ്യമനോഹര കാഴ്ചകളാണ് സഞ്ചാരികളെയും കാത്തിരിക്കുന്നത്.

 KSRTC യുടെ ഒറ്റ ബസ്സ് സർവീസും ഉണ്ട് കാരപ്പാറയിലേക്ക്. മല കയറുകയാണ്. താഴെ തെളിഞ്ഞു മറയുന്ന പോത്തുണ്ടി ജലാശയത്തിന്റെ പലവിധ ചിത്രങ്ങൾ. ചെറുനെല്ലിയിലെത്തു മ്പോൾ മറ്റൊരു ലോകമായി. ഏകാന്തമായ കാടും കാടിന്റെ കുളിരും മാത്രം. കൈകാട്ടിയിൽ നിന്നും കരപ്പാറയിലേക്ക് തിരിഞ്ഞു. മലകളെ ഹരിത കമ്പളം ചാർത്തി തേയിലത്തോട്ടങ്ങൾ. കാറ്റിലെ തണുപ്പ് മഴയുടെ സൂചകങ്ങളായി. ഭൂപ്രകൃതിയാകെ മാറി. വലിയ കയറ്റിറക്കങ്ങൾ കുറഞ്ഞ സുന്ദരമായ കുന്നുകൾ. ഒരു കൈത്തോടായി കുന്നുകളെ പുണരുന്ന കാരപ്പാറ പുഴ. നാലഞ്ചു സിംഹവാലന്മാർ മരച്ചില്ലകളിൽ ചാഞ്ചാടിയെത്തി. 

പൂത്തുണ്ട്, ലില്ലി, കരടി, പോത്തുമാല, ഓറിയന്റൽ, ബിയാട്രിസ്. എസ്റ്റേറ്റുകളുടെ പേരുകൾ സ്ഥലനാമങ്ങൾ കൂടിയാണിവിടെ. പൂത്തുണ്ട് മുതൽ കാപ്പിച്ചെടികൾ ആശ്ലേഷം ചൊരിഞ്ഞു.   

കരപ്പാറ കവലയിൽ ടാർ വഴി അവസാനിക്കും. ജലസമൃദ്ധമായ കാരപ്പാറ പുഴ പൊടുന്നനെ ഇടത്തോട്ട് തിരിഞ്ഞു ആവേശത്തോടെ ഒഴുകിമറയുന്നു. ചാലക്കുടി പുഴയിലേക്ക്. പുഴയോരത്തു കൂടി സ്വസ്ഥം നടന്നാൽ പാൽനുര പതയുന്ന ജലപാതം കാണാം. തൂക്കുപാലത്തിൽ കയറി പുഴയുടെ നിറവറിഞ്ഞു ഉൾവനങ്ങളിലേക്കു നടക്കാം. മാനം വീണ്ടും കറുത്തിരുണ്ടു. കാറ്റ് പിടിക്കുന്ന കാപ്പിച്ചെടികളിൽ പ്രണയാർദ്രമായ സല്ലാപം. ഒളിപ്പിച്ചു വച്ച നിഗൂഢ ഭാവങ്ങൾ സഞ്ചാരികൾക്കു തുറന്നിടുകയാണിവിടെ കരപ്പാറയിലെ പ്രകൃതി.