ഭൂമിയിലെ മഞ്ഞുമൂടിയ സ്വർഗ്ഗം ഇവിടെയാണ്

ജോലിത്തിരക്കുകളിൽ നിന്നും, മനസ്സിനെ ആസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നചിന്തകളിൽ നിന്നും താൽക്കാലികമായി ഒരു ഒളിച്ചോട്ടം ആവശ്യമായി വന്നപ്പോൾ രണ്ടു സ്ഥലങ്ങളാണ് മനസ്സിലുണ്ടായിരുന്നത്. ഒന്നു മണാലിയും മറ്റൊന്ന് കശ്മീരും.

ആദ്യമായി മഞ്ഞുമലകൾ കണ്ടതാരാണെന്ന തർക്കം തുടങ്ങിയതിവിടെവെച്ചാണ്

ഒറ്റക്കുള്ള യാത്രകൾ ഇഷ്ടപ്പെടമാണെങ്കിലും എന്റെ യാത്രകൾ സുഹൃത്തുകളില്ലെങ്കിൽ പൂർണ്ണമാവില്ല. സന്തോഷ്, ഷഫീഖ് എന്നിവർക്കൊപ്പം അവരുടെ ഭാര്യമാർ കൂടി ചേർന്നപ്പോൾ ഞങ്ങളുടെ യാത്രാപ്ലാനിങ്ങിന് വേഗംകൂടി. മണാലിയിൽ സഞ്ചാരികളുടെ തിരക്കുകൂടുതലായിരിക്കുമെന്നതുകൊണ്ടു ഇത്തവണത്തെ യാത്ര ഭൂമിയിലെ സ്വർഗ്ഗത്തിലേക്കായിരുന്നു.

മഞ്ഞുമലകൾ കൂടുതൽ വ്യക്തമായിത്തുടങ്ങി

പുറപ്പെടുന്നതിന്റെ രണ്ടുദിവസം മുന്നേ ഞങ്ങൾക്ക് പോവാനുള്ള വഴിയിൽ തീവ്രവാദികളുമായി ഇന്ത്യൻ പട്ടാളക്കാരുടെ ഏറ്റുമുട്ടൽ നടന്നെന്ന വാർത്ത ഞങ്ങളെ അസ്വസ്ഥമാക്കി.

ടണൽ റോഡുകളിലൊന്നിലേക്കുള്ള പ്രവേശനകവാടം

ടൂർ ഓപ്പറേറ്ററുമായും ഓഫീസിലെ കശ്മീരി സുഹൃത്തുക്കളുമായുമൊക്കെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. ടൂറിസ്റ്റുകളെ ബാധിക്കുന്ന ഒരു പ്രശ്നങ്ങളും അവിടെയില്ലെന്ന ഉറപ്പോടുകൂടി ഞങ്ങൾ അഞ്ചുപേർ യാത്രതിരിച്ചു.

കാശ്മീരിലേക്കുള്ള ദുർഘടമായ പാത

ബെംഗളൂരുവിൽനിന്നും ഉച്ചതിരിഞ്ഞുള്ള വിമാനത്തിൽ ചെന്നൈ വഴി ഡൽഹിയിലെത്തിയപ്പോൾ സമയം രാത്രി എട്ടുമണി കഴിഞ്ഞിരുന്നു. ജമ്മുവിലെക്കുള്ള ട്രെയിൻ പത്തുമണിക്കായതുകാരണം ഞങ്ങൾക്കു അധികസമയം അവിടെ കളയാനില്ലായിരുന്നു.

ഓൺലൈനായി ബുക്ക് ചെയ്ത ക്യാബിൽ ഡൽഹി സാരയ് റോഹില്ല റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഞങ്ങൾക്കുപോവാനുള്ള ഉധംപൂർ എക്സ്പ്രെസ് പ്ലാറ്റ്ഫാം രണ്ടിൽ വന്നു കിടപ്പുണ്ടായിരുന്നു. ട്രെയിനിലിരുന്നു മയങ്ഹി പോയി. രാവിലെ ആറുമണിക്കുവെച്ച മൊബൈൽ അലാംമിന്റെ ശബ്ദം കേട്ടു എണീറ്റു ബർത്തിൽ നിന്നും താഴെയിറങ്ങി നോക്കിയപ്പോൾ ട്രെയിൻ പത്താൻകോട്ട് റെയിൽവേ സ്റ്റേഷൻ കഴിഞ്ഞതെയൊള്ളൂ. 

യാത്ര രാത്രിയിലായതുകാരണം നഷ്ടമായ ഉത്തരേന്ത്യൻ ഗ്രാമകാഴ്ചകളെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഞങ്ങൾ ജമ്മുതാവി റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. നമ്മുടെ നാട്ടിലെ ഒരു വലിയ റയിൽവേ സ്റ്റേഷന്റെ അത്രതന്നെ വലിപ്പമില്ലെങ്കിലും ചെറുതല്ലാത്ത ഒരു റെയിൽവേ സ്റ്റേഷനാണ് ജമ്മു താവി.

ലിദർ നദിക്കരയിൽ ഞങ്ങൾ താമസിച്ച പഹൽഗം റിട്രീറ്റ് ഹോട്ടൽ

യാത്രക്കാരിൽ കൂടുതലും ടൂറിസ്റ്റുകളും വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകരുമാണ്. ജമ്മുവിലെ കാലാവസ്ഥ ഞങ്ങളേ അദ്ഭുതപ്പെടുത്തി. ഏകദേശം നമ്മുടെ നാട്ടിലെ കാലവസ്ഥപോലെതന്നെ 30 ഡിഗ്രിയോടടുത്തു ചൂടായിരുന്നു.

ചന്ദർക്കോട്ട് ഡാമിന്റെ വിദൂര ദൃശ്യം

നേരത്തെ അറിയിച്ചതനുസരിച്ചു റെയിൽവേ സ്റ്റേഷനടുത്തുള്ള മംഗൾ മാർക്കറ്റില്‍ ഞങ്ങളെയുംകാത്തു ഡ്രൈവർ ഗോൾഡിസിങ് നിൽക്കുന്നുണ്ടായിരുന്നു. ഇനിയുള്ള ദിവസങ്ങളിൽ അദ്ദേത്തിന്റെ ഇന്നോവ കാറിലാണ് ‍‍ഞങ്ങളുടെ യാത്ര. കശ്മീരിന്റെ തനതായ വസ്‌ത്രവൈവിധ്യങ്ങൾ അങ്ങിനെ ടൂറിസ്റ്റുകളെ മാത്രം മുന്നിൽകണ്ടുള്ള ഷോപ്പുകളുള്ള സ്ഥലമാണ് മംഗൾമാർക്കറ്റ്.

കശ്മീർ യാത്രയുടെ ആദ്യദിവസം ഞങ്ങൾക്ക് പോകാനുള്ളത് പഹൽഗാമിലേക്കാണ്. ജമ്മുവിൽ നിന്നും 300 km ദൂരമുണ്ട് അവിടേക്ക്. പോകുന്ന വഴിയിൽ ഒരു പഞ്ചാബി ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു ശേഷം യാത്ര തുടർന്നു. ചെങ്കുത്തായ മലനിരകളിലെ റോഡുകളിലൂടെ കാഴ്ചകൾ കണ്ടുള്ള യാത്ര ശരിക്കും ആസ്വദിച്ചു.

മഞ്ഞിൽ നിന്നും തണുപ്പിൽ നിന്നും സംരക്ഷണമേകുന്ന, ഡബിൾ ഹൈറ്റിലുള്ള വീടുകൾ

പോകുന്ന വഴിയിൽ ചന്ദർക്കോട്ട് ഡാമും, ചേനാനി-നഷരി ടണൽ റോഡും ഞങ്ങൾ കണ്ട കാഴ്ചയിലെ  അദ്ഭുതങ്ങളായിരുന്നു. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ഈ ടണൽ റോഡ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ കാലത്തു നിർമാണം തുടങ്ങി കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൽഘാടനം ചെയ്‌തതാണ്‌. ഏകദേശം ഒൻപതു കിലോമീറ്ററിലധികം നീളമുണ്ടിതിന്. ഇതുപോലെയുള്ള ചെറുതും വലുതുമായ മൂന്നു ടണൽ റോഡുകളുണ്ട് പോകുന്ന വഴിയിൽ. ഈ ടണൽ റോഡിനടുത്തായുള്ള മലകളാൽ ചുറ്റപ്പെട്ട ഗ്രാമത്തിലാണ് ജാനേദുഷ്‌മൻ എന്ന ഹിന്ദി മൂവി ചിത്രീകരിച്ചതെന്നു ഡ്രൈവർ ഞങ്ങൾക്ക് പറഞ്ഞുതന്നു.

ദൂരെ ചന്ദർക്കോട്ട് ഡാം കാണാം

ജമ്മുവിൽ നിന്നും കാശ്മീരിലേക്കുള്ള ഹൈവേയിൽ പകുതിദൂരം പിന്നിട്ടു ബനിഹാൽ എന്ന സ്ഥലത്തു ഉച്ചഭക്ഷണത്തിനായി നിർത്തിയപ്പോഴേക്കും തണുപ്പ് വന്നുതുടങ്ങിയിരുന്നു. ഞങ്ങളുടെ കണ്ണുകൾക്കു സന്തോഷമെന്നോണം ദൂരെ മഞ്ഞുമലകൾ കണ്ടുതുടങ്ങി. ആദ്യം കണ്ടതാരാണെന്ന തർക്കം നടക്കുന്നതിനിടയിൽ ഡ്രൈവർ കാർ ഓരം ചേർന്നു നിറുത്തി. താഴെ കൃഷിസ്ഥലങ്ങളും ദൂരെ വെയിലേറ്റു വെട്ടിത്തിളങ്ങുന്ന മഞ്ഞുമലകാഴ്ചകളുമുള്ള ടൈറ്റാനിക് വ്യൂ പോയിന്റായിരുന്നവിടെ.

ടൈറ്റാനിക് വ്യൂ പോയിന്റിലെ കാഴ്ചകൾ.

കുറച്ചു സമയം അവിടെ ചിലവഴിച്ചു ഫോട്ടോസ് എടുത്തപ്പോഴേക്കും മഴ ചാറിതുടങ്ങി, ഞങ്ങൾ തിരിച്ചു വാഹനത്തിലേക്ക്. കയറ്റിറക്കങ്ങളുള്ള ചുരംറോഡ് കഴിഞ്ഞു കാർ ഞങ്ങളെയും കൊണ്ടു കടുക് പാടങ്ങൾക്കും കുങ്കുമപ്പൂ കൃഷിസ്ഥലങ്ങൾക്കും നടുവിലൂടെയായിരുന്നു യാത്ര. 

മഞ്ഞയിൽ കുളിച്ചുനിൽക്കുന്ന കടുകുപാടങ്ങൾക്കൊരു പ്രത്യേക ഭംഗിയാണ്.

നോക്കെത്താ ദൂരത്തോളം മഞ്ഞപ്പൂക്കൾ നിറഞ്ഞ കടുകുപാടങ്ങൾ കാണാന്‍ പ്രത്യേക ഭംഗിയാണ്. റോഡിലും കൃഷിസ്ഥലങ്ങൾക്കു നാടുവിലായും അങ്ങിങ്ങായി പട്ടാളക്കാർ നിൽക്കുന്നുണ്ട്. ശ്രീനഗർ റോഡിൽ നിന്നും വലത്തേക്കു തിരിഞ്ഞു അനന്ത്നാഗ്‌ എന്ന സ്ഥലത്തെത്തിയപ്പോൾ വൈകുന്നേരമായിരുന്നു. രണ്ടുദിവസം മുന്നേ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടൽ നടന്ന സ്ഥലമായതിനാൽ തന്നെ എങ്ങും ശക്തമായ സുരക്ഷ തന്നെ ഒരുക്കിയിട്ടുണ്ട്.

ലിദർ നദിക്കരയിലൂടെ നടക്കാനിറങ്ങിയപ്പോൾ.

പട്ടാളക്കാർ റോന്തുചുറ്റുന്ന ആ തെരുവീഥികളിലൂടെ പോയപ്പോൾ ഒരു യുദ്ധഭൂമിയിലെത്തപ്പെട്ട പ്രതീതിയായിരുന്നു. വെള്ളനിറത്തിലുള്ള പൂക്കൽവിരിഞ്ഞുനിൽക്കുന്ന ആപ്പിൾതോട്ടങ്ങൾക്കു അരികുചേർന്നുള്ള റോഡിലൂടെ കാർ പഹൽഗം ലക്ഷ്യമാക്കി നീങ്ങി. രസമുള്ള കാഴ്ചകള‍ തന്നെയായിരുന്നു.

ലിദർ നദിക്കരയിലൂടെ നടക്കാനിറങ്ങിയപ്പോൾ

വൈകുന്നേരം അഞ്ചുമണിയായപ്പോൾ ഞങ്ങൾക്കു ആദ്യദിവസത്തെ താമസമൊരുക്കിയിട്ടുള്ള പഹൽഗാമിലെ 'പഹൽഗം റിട്രീറ്റ്' എന്ന ഹോട്ടലിലെത്തി. പ്രശസ്തമായ ലിദർ നദിക്കരയിലെ റാഫ്റ്റിങ് പോയിന്റിനടുത്തായാണ് ഹോട്ടൽ സ്ഥിതിചെയ്യുന്നത്. റൂമിൽ കയറി പെട്ടെന്നുതന്നെ ഫ്രഷായി പുറത്തിറങ്ങി. ശാന്തമായൊഴുകുന്ന നദിക്കരയിലൂടെയിലൂടെ അൽപ സമയം നടക്കണം, പറ്റുമെങ്കിൽ വെളിച്ചം പോവുന്നതിനുമുന്നേ കുറച്ചു ഫോട്ടോസ് എടുക്കണം അതായിരുന്നു ഉദ്ദേശം.

ആട്ടിടയാന്മാരുടെ താഴ്‌വര

ജമ്മുവിൽ നിന്നും പോകുന്ന വഴിയിൽ കണ്ട ആടുമേയ്ക്കുന്ന കുടുംബം.

ആട്ടിടയാന്മാരുടെ താഴ്‌വര( Valley of Shepherd ) എന്നറിയപ്പെടുന്ന സ്ഥലമാണ് പഹൽഗം. സമുദ്രനിരപ്പിൽ നിന്നും 7200 അടി ഉയരത്തിൽ ദൂരെ മഞ്ഞുമലകളും പുൽമേടുകളും, അവിടെനിന്നൊഴുകിവരുന്ന പുഴകളും ശുദ്ധജലതടാകങ്ങൾക്കെയുമുള്ള സ്ഥലം. വരുന്നവഴിയിൽ മലഞ്ചെരുവിലൂടെ ആടുകളെയും മേച്ചുകൊണ്ടുപോവുന്ന ആളുകളെ ഞങ്ങൾ കണ്ടിരുന്നു. പഹൽഗാമിലാണ് ബജ്‌റംഗി ഭയ്ജാൻ, ജബ്തക് ഹേ ജാൻ തുടങ്ങിയ ബോളിവുഡ് സിനിമകളുടെ പല ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. രാത്രിയായപ്പോഴേക്കും അന്തരീക്ഷ താപനില 7 ഡിഗ്രിയായി കുറഞ്ഞുവന്നു. യാത്രയുടെ ക്ഷീണം ശരീരത്തെ തളർത്തിയതിനാൽ പകൽ കണ്ട കാഴ്ചകളുടെ സ്വപ്നവുമായി ഉറക്കിലേക്ക് മയങ്ങി വീണു.