രത്‍‍‍നഖനികളുടെ കലവറയിലേക്കൊരു യാത്ര

ഒമ്പതു നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ഗോൽകൊണ്ട കോട്ടയാണ് ഹൈദരാബാദിന്റെ പിറവിക്കു കാരണം എന്ന് നിസ്സംശയം പറയാം. ഹൈദരാബാദിന്റെ യഥാർത്ഥ ചരിത്രം തുടങ്ങുന്നത് ഷാഹി രാജവംശത്തിനും അഞ്ചു നൂറ്റാണ്ടുകൾക്കു മുമ്പാണ്. ആട്ടിടയന്മാരുടെ കുന്ന് എന്നാണ് ഗോൽകൊണ്ടയുടെ പേരിലടങ്ങിയിരിക്കുന്ന സാരാംശങ്ങളിൽ ഒന്ന്. കാകതീയ രാജവംശത്തിന്റെ കാലഘട്ടത്തിൽ ആട്ടിടയൻ ഈ കുന്നിനു മുകളിൽ ഒരു വിഗ്രഹം കണ്ടെത്തിയിരുന്നു. വിവരം കേട്ടറിഞ്ഞ കാകതീയ രാജാവ് അതിനു ചുറ്റും ഒരു ക്ഷേത്രം പടുത്തുയർത്താൻ കൽപിക്കുകയായിരുന്നു. ഇതാണ് ഗോൽകൊണ്ട കോട്ടയുടെ ഐതിഹ്യങ്ങളിലൊന്നായി കേട്ടുകൊണ്ടിരിക്കുന്നത്.

golkonda fort

കാലങ്ങൾക്കു ശേഷം കോട്ട ബഹ്മനി സുൽത്താന്മാർ കയ്യടക്കുകയും അവരുടെ സാമ്രാജ്യത്തിന്റെ ഭാഗമാക്കുകയും ചെയ്തു. അവരിൽ നിന്നും ഖുലി ഖുതുബ് ഷാഹ് കോട്ടയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയും ഗോൽകൊണ്ടയെ തങ്ങളുടെ രാജ്യത്തിന്റെ തലസ്ഥാനമാക്കുകയും ചെയ്തു. 

golkonda fort

ഷാഹികളിൽ നിന്നും മുഗൾ സാമ്രാജ്യം കോട്ട പിടിച്ചെടുത്തെങ്കിലും പിന്നീട് കോട്ടയെ നശിപ്പിക്കുകയായിരുന്നു. കാകതീയ രാജവംശത്തിൽ തുടങ്ങി ബഹ്മനി സുൽത്താൻമാരിലൂടെ ഷാഹികളിൽ എത്തി മുഗളന്മാരിലൂടെ അവസാനിക്കുകയാണ് അഞ്ചു നൂറ്റാണ്ടുകൾ നീണ്ടു നിന്ന കോട്ടയുടെ ഭരണ ചരിത്രം. പിന്നീട് ഈ കോട്ട ചരിത്രത്തിന്റെയും ചരിത്രകാരന്മാരുടെയും ഭാഗമാവുകയായിരുന്നു.

സമയപരിധി കഴിയുന്നതിനു തൊട്ടുമുമ്പായി ഞങ്ങൾ ഗോൽകൊണ്ടയുടെ ഗേറ്റു കടന്നു. എട്ടു ഗേറ്റുകളാണ് ഗോൽകൊണ്ടക്ക് ചുറ്റും പടുത്തുയർത്തിയിരിക്കുന്നത്. അതിൽ മുഖ്യ കവാടം ഫത്തേ ദർവാസാ എന്ന ഗേറ്റ് ആണ്. വിജയത്തിന്റെ വഴി എന്ന് മുഗളന്മാർ വിളിക്കുന്ന ഈ ഗേറ്റിനെ ചരിത്രം മുഴങ്ങുന്ന ഇടം എന്നി വിളിക്കാനാണ് ഏറെ ഇഷ്ടം. ഔരംഗസേബിന്റെ ആനപ്പടക്കും പീരങ്കിപ്പടക്കും തകർക്കാനാവാത്തതായിരുന്നു ഫത്തേ ദർവാസാ. ഇവിടുത്തെ ശബ്ദസംവിധാനം അദ്ഭുതപ്പെടുത്തുന്നതാണ്. ഇവിടെ നിന്നും  കൈകൊട്ടി ശബ്ദം ഉണ്ടാക്കിയാൽ ആ ശബ്ദം കിലോമീറ്റര്‍ അപ്പുറത്തുള്ള ബാല ഹിസാറിൽ കേൾക്കാനാകും. രാജകുടുംബത്തിന്റെ വസതിയായിരുന്ന അവിടുത്തെ സുരക്ഷക്ക് വേണ്ടിയായിരുന്നു ഈ ശബ്ദ സംവിധാനം ഒരുക്കിയിരുന്നത്. അവിടെ നിന്നും തുരങ്കം ഹൈദരാബാദിലേക്ക് ഉണ്ടെന്നു പറയപ്പെടുന്നുണ്ടെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

golkonda fort

നൂറ്റാണ്ടുകൾക്കു മുമ്പേ ഇത്രയും മഹത്തായ നിർമിതികൾ നടത്തിയവർ ചരിത്രത്തിന്റെ തിരശീലക്കു പിന്നിൽ തന്നെയാണ് ഇപ്പോഴും. 

ഏകദേശം പത്തു കിലോമീറ്ററുകൾ ചുറ്റളവിലാണ് കോട്ടയുടെ മതിലുകൾ പടർന്നിരിക്കുന്നത്. അങ്ങകലെ വരെ നീണ്ടുനിവര്‍ന്നു കിടക്കുന്ന മല. അതിനുള്ളില്‍ പൊട്ടിപ്പൊളിഞ്ഞതും അല്ലാത്തതുമായ കരിങ്കല്‍ കെട്ടുകളോടുകൂടിയ ധാരാളം കെട്ടിടാവശിഷ്ടങ്ങള്‍. 

ഗോൽകൊണ്ട അറിയപ്പെട്ട പട്ടണമായിരുന്നു. പ്രധാനപ്പെട്ട വ്യാപാരങ്ങളെല്ലാം നടന്നിരുന്ന ഇടം. രത്‌നശേഖരമായിരുന്ന ഗോൽകൊണ്ടയിലെ വ്യാപാര ശാലയിൽ അധികവും. ആ കാലഘട്ടങ്ങളിൽ കോട്ടയിൽ നിന്നും കുഴിച്ചെടുത്ത രത്‌നങ്ങളായ കോഹിനൂർ, ദാര്യ ഇ നൂർ, നൂറുൽ ഐൻ ഡയമണ്ട്, ഹോപ്പ് ഡയമണ്ട് മുതലായവ ലോകത്തിലെ ഏറ്റവും വിലയേറിയ കല്ലുകളായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഖനികളിലൊന്നായിരുന്നു കൃഷ്ണ നദീ തീരത്തുള്ള കൊല്ലൂർ മെയിൻ. അവിടെ സുൽത്താന്മാർ രത്‍‍ന വ്യാപാരികളുടെ സഹായത്തോടെയായിരുന്നു ഖനനം നടത്തിയിരുന്നത്. ഒരു ലക്ഷത്തോളം ജോലിക്കാർ അവിടെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. മൂന്നു നൂറ്റാണ്ടുകളോളം വജ്രവ്യാപാരത്തിന്റെ സുവര്‍ണ്ണ കാലഘട്ട മായിരുന്നു. പറഞ്ഞു കേട്ട െഎതീഹ്യ കഥകളിലൂടെ യാത്ര തുടർന്നു.

golkonda fort

കോട്ട വാതിലിലൂടെ സാമ്രാജ്യത്തിനകത്തേക്കു പ്രവേശിച്ചു. ഫത്തേ ദർവാസായിലൂടെ ഇരമ്പിയാർത്ത കുതിരപ്പടയാണ് മനസ്സിൽ തെളിഞ്ഞത്. ദൂരെ മുകളിൽ ബാല ഹിസാർ കാണാമായിരുന്നു. അവിടേക്കുള്ള ചവിട്ടുപടികളിലൂടെ നടന്നു നീങ്ങുന്ന ടൂറിസ്റ്റുകളെ പൊട്ടുപോലെ കാണാം. ടൂറിസം വകുപ്പിന്റെ ഗൈഡുകളും ഒപ്പമുണ്ട്.  മറുഭാഗത്ത് ഫോട്ടോയെടുക്കാൻ മത്സരിക്കുന്ന ചിലരെയും കാണാം. ശബ്ദമുഖരിതമാണ് ഇവിടം. ബാല ഹിസാറിന് ഏകദേശം നാനൂറു മീറ്ററോളം ഉയരമുണ്ട്. ഇത്രയും ആനന്ദകരമായ ഒരു കാഴ്ച അപൂര്‍വമായേ ലഭിക്കാറുള്ളൂ.

കോട്ട ശക്തമാക്കിയത് ഖുലി ഖുതുബ് ഷായുടെ കാലത്താണെങ്കിലും ഇന്ന് കാണുന്ന രീതിയിൽ കോട്ടയെ മാറ്റിയെടുത്തത് ഇബ്രാഹിം ഖുലി ആയിരുന്നു. കാഴ്ചകൾ കണ്ട് സമയം പോയതറിഞ്ഞില്ല. സൂര്യൻ മറയാൻ തുടങ്ങുന്നു, പലവർണങ്ങള്‍ നിറഞ്ഞ ലൈറ്റുകൾ പ്രകാശിച്ചിരിക്കുന്നു. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഗോൽകൊണ്ട ചരിത്രം പറയുന്ന സംഗീത -കഥ വിരുന്നിനായുള്ള ഒരുക്കങ്ങൾ തുടങ്ങുന്നു. ഷാഹി രാജ വംശത്തിന്റെ കഥ അറിയാതെ, അവരുടെ നിർമ്മിതികളെക്കുറിച്ചറിയാതെ ഇവിടെ എത്തുന്നവര്‍ക്ക് ഫിലിം സിറ്റിയും സ്നോ വെൾഡും NTR ഗാർഡനുനൊക്കെയായിരിക്കും ആസ്വാദ്യകരം. കുട്ടികൾക്കാകട്ടെ ബിർള മ്യൂസിയവും നെഹ്‌റു സുവോളജിക്കൽ പാർക്കും. ഗോൽകൊണ്ട കോട്ടയുടെ അദ്ഭുതകഥകൾ അറിയുന്നവർ തീർച്ചയായും കോട്ടയുടെ ശിൽപചാരുത കാഴ്ചക്ക് മിഴിവേകും.