മനുഷ്യനായാല്‍‌ ഒരിക്കലെങ്കിലും കണ്ടിരിക്കണം ഇൗ അദ്ഭുതലോകം

പൂക്കളാൽ സുന്ദരമായ പുൽത്തകിടി എന്നറിയപ്പെടുന്ന സ്ഥലമാണ് ഗുൽമർഗ്. അദ്ഭുതപ്പെടുത്തുന്ന കാഴ്ചകളഇടെ പറുദീസയാണിവിടം. മുഗൾ ഭരണാധികാരി ജഹാൻഗീർ അദ്ദേഹത്തിന്റെ പൂന്തോട്ടത്തിലേക്ക് ഇരുപത്തൊന്നോളം വൈവിധ്യങ്ങളായകാട്ടുപൂക്കൾ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നാണ് ചരിത്രം രേഖപ്പെടുത്തു.

വളരെ പ്രശസ്തമായ സ്കേറ്റിങ് ഡെസ്റ്റിനേഷനായ ഇവിടം വെസ്റ്റേൺ ഹിമാലയത്തിന്റെ ഭാഗമാണ്. വർഷത്തിൽ പന്ത്രണ്ടു മാസവും മഞ്ഞുള്ള സ്ഥലമാണ് ഗുൽമർഗ്. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന സമയത്തു നോർത്തിന്ത്യയിലെ ചൂടിൽ നിന്നു രക്ഷനേടാൻ കണ്ടെത്തിയിരുന്ന സ്‌ഥലമായിരുന്നു ഗുൽമർഗ്. സമുദ്ര നിരപ്പിൽ നിന്നും 14000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇന്ത്യ - പാകിസ്ഥാൻ ബോർഡറും, പാക് അധീന കശ്മീരും മഞ്ഞിലൂടെ ട്രെക്ക് ചെയ്തുപോയൽ കാണാൻ സാധിക്കും. കൂടാതെ സ്കേറ്റിങ്, സ്ലെഡ്ജിങ് അങ്ങനെ നിരവധി വിനോദങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്‌.

ഗുല്‍മാർഗിലെ പ്രസിദ്ധമായ ഗൊണ്ടോള എന്ന കേബിൾ കാറിലുള്ള യാത്ര അതിശയിപ്പിക്കുന്നതാണ്.   കേബിൾ കാറിന്റെ സ്റ്റാർട്ടിങ് പോയിന്റിലെത്തണമെങ്കിൽ കുറച്ചുദൂരം താണ്ടണം. പോകുന്നവഴിയിൽ ഫാറൂഖ് ഭായ് എന്നുപേരുള്ള അമ്പതു വയസ്സിലധികം പ്രായം തോന്നിക്കുന്ന ഒരു ഗൈഡും ഞങ്ങളുടെ കൂടെ കൂടി. ഇൗ യാത്രയിൽ  ഒരു ഗൈഡ് ആവശ്യമാണ്. അദ്ദേഹം ഞങ്ങളെയും കൊണ്ടു ആദ്യം പോയത് ബൂട്ടുകളും ജാക്കറ്റുകളും വാടകക്കെടുക്കുന്ന ഒരു ഷോപ്പിലേക്കാണ്. കേബിൾ കാറ്‍ യാത്രയ്ക്കായി പത്തുമണിക്കാണ് ടിക്കറ്റ് കൊടുക്കാൻ ആരംഭിക്കുന്നത്.

ഗൈഡ് ടിക്കറ്റ് എടുത്തു ഞങ്ങളെയും കൊണ്ടു സ്റ്റാർട്ടിങ് പോയിന്റിൽ എത്തിയപ്പോൾ സമയം പതിനൊന്നായിരുന്നു. രണ്ടുപോയിന്റുകളിലേക്കാണ് നമുക്കു പോവാനുള്ളത്. ഒന്നാമത്തെ പോയിന്റ് കാങ്ടൂരും, രണ്ടാമത്തേത് അഫർവത്തും. ഏകദേശം ആറുകിലോമീറ്റർ ദൂരമുള്ള യാത്രയാണ് കേബിൾ കാർ സവാരിയിൽ. ഏഷ്യയിലെ ഏറ്റവും ഉയരത്തിലുള്ളതും നീളമുള്ളതുമായ ഗൊണ്ടോള റൈഡ് ഒരു അവിസ്മരണീയമായ അനുഭവമായിരുന്നു. പൈന്മരങ്ങൾക്കിടയിലൂടെ തുടങ്ങി, മഞ്ഞുമലകൾക്കു മുകളിലൂടെ വേണം ആ അദ്ഭുതലോകത്തെത്താൻ. 

ചുറ്റുമുള്ള മഞ്ഞുമലകളുടെ കാഴ്ച ആരെയും ആകർഷിക്കുന്നതാണ്. ഐസ് മലകൾക്കു മുകളിലൂടെ ഉയരത്തിലേക്ക് പോകുംതോറും, ജീവിച്ചിരിക്കുമ്പോൾതന്നെ സ്വർഗത്തിലേക്ക് പൊയിക്കോണ്ടിരിക്കുന്ന ഒരനുഭവമായിരുന്നു. സ്വർഗ്ഗത്തിലെത്തിയ പ്രതീതി. ചുറ്റിനും ഐസിനാൽ നിറഞ്ഞ സ്ഥലങ്ങൾ മാത്രം. വെച്ചിരിക്കുന്ന സണ്‍ഗ്ലാസ് ഒന്നൂരിനോക്കിയതും വെയിലിൽ വെട്ടിത്തിളങ്ങുന്ന മഞ്ഞുമലകളിലെ പ്രകാശം എന്നെ കുറച്ചുനേരത്തേക്കെങ്കിലും അന്ധനാക്കി. ജീവിതത്തിൽ ആദ്യമായനുഭവിച്ചറിഞ്ഞ സുന്ദരനിമിഷങ്ങളെ ഫോട്ടോയിൽ പകർത്താനുള്ള ശ്രമത്തിനിടയിൽ ഞങ്ങളുടെ കാലുകൾ പലപ്പോഴും ഐസിൽ താഴ്ന്നുപോകുന്നുണ്ടായിരുന്നു.

ഇനിയും കയാറാനുണ്ട് മഞ്ഞുമലകൾ, കാലുകൾ താഴ്ന്നുപോകുന്നകാരണം ട്രക്ക് ചെയ്തുപോവൽ ബുദ്ധിമുട്ടേറിയതുകൊണ്ടും സ്ലെഡ്ജിങ് പരീക്ഷിക്കാനുള്ള ആഗ്രഹം കൊണ്ടും ക്യാഷ് പറഞ്ഞുറപ്പിച്ചു സ്ലെഡ്ജിങ് ഉപകരണത്തിൽ കയറി. ആ മഞ്ഞിൽ ഞങ്ങളെയും വലിച്ചുകൊണ്ടവർ മലകാറാൻ തുടങ്ങി. പത്തെൺപതു കിലോയോളമുള്ള എന്നെയും വലിച്ചു മഞ്ഞിലൂടെ കയറുമ്പോൾ ക്ഷീണം കാരണം ഇടക്കിടക്ക് അവർ നിർത്തുന്നുണ്ടായിരുന്നു.

ലാ ഇലാഹ എന്നു അവർ ഉച്ചത്തിൽ വിളിക്കുമ്പോൾ, ഇല്ലള്ളാഹ് എന്നു ഞാനും ഏറ്റുവിളിച്ചു. ഉയരത്തിലേക്കെത്തും തോറും തണുപ്പുകൂടുന്നതിനാനുസരിച്ചു ഹൃദയമിടിപ്പും കൂടാൻ തുടങ്ങി, കൂടാതെ ശ്വസിക്കാനുള്ള ബുദ്ധിമുട്ടും. ഞങ്ങളെയും വലിച്ചുകൊണ്ട് മുകളിലെത്തിയപ്പോഴേക്കും ഫാറൂഖ് ഭായ്(ഗൈഡ്) ആ മഞ്ഞു മലകളത്രെയും നടന്നുകയറി അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇപ്പോൾ ഞങ്ങൾ മുകളിലെത്തിയിരിക്കുന്നു. ഒരാൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട, അല്ലെങ്കിൽ അനുഭവുക്കേണ്ട കാഴ്ചകളാണ് ഇവിടെയുള്ളത്. എങ്ങും നിശബ്ദത.

മുകളിൽ ആകാശവും ചുറ്റിനും വെള്ളനിറത്തിൽ ഐസ് മലകളും മാത്രം. ഒരു സ്വപ്ന ലോകം പോലെ... ദൂരെ ഇന്ത്യ-പാകിസ്ഥാൻ ബോർഡറും അതിനപ്പുറം മഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന പാകിസ്ഥാൻ മിലിട്ടറി ബങ്കറും ഫാറൂഖ് ഭായ് ഞങ്ങൾക്ക് കാണിച്ചുതന്നു. ബോർഡറിനിപ്പുറം ഇന്ത്യൻ പട്ടാളക്കാരുടെ രണ്ടുബംഗറുകൾ. ഇത്രയും തണുപ്പിൽ ജീവൻപോലും പണയം വെച്ചു നമ്മുടെ രാജ്യത്തിനു കാവൽ നിൽക്കുന്ന പട്ടാളക്കാർക്ക് മനസ്സിൽ സല്യൂട്ട് ചെയ്തു. മുകളിൽ നിന്നും സ്ലെഡ്ജിങ് ചെയ്തു താഴെ വരുമ്പോഴുള്ള അനുഭവം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

തിരിച്ചിറങ്ങുന്ന വഴി കേബിൾ കാറിന്റെ ഒന്നാമത്തെ പോയിന്റിനടുത്തായി മഞ്ഞിനാൽ ചുറ്റപ്പെട്ട സ്ഥലത്തുള്ള റെസ്റ്റോറന്റിൽ നിന്നും കശ്മീരി പുലാവും, കശ്മീരി ദമ്മാലുവും കൂടെ കാശ്മീരി കാവയും കഴിച്ചു താഴെ എത്തിയപ്പോൾ സമയം മൂന്നുമണികഴിഞ്ഞിരുന്നു. ഹോട്ടലിൽ പോയി ചെക്ക്ഔട്ട് ചെയ്തു ഫാറൂഖ് ഭായിയെ കണ്ടു യാത്രപറഞ്ഞു മടങ്ങുമ്പോൾ ഇനി ഡിസംബറിൽ വരണമെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് സന്തോഷത്തോടെ വരാമെന്നു വാക്കുകൊടുത്തു. എല്ലാം കഴിഞ്ഞു ഗുൽമർഗ് വിടുമ്പോൾ സമയം നാലു കഴിഞ്ഞിരുന്നു.

കാഴ്ചകള്‍ തേടി ഇനിയുള്ള യാത്ര ജമ്മു കശ്മീരിന്റെ രണ്ടു തലസ്ഥാനങ്ങളിലൊന്നായ ശ്രീനഗറിലേക്കാണ്. മഞ്ഞുകാലത്തു ജമ്മുവും മറ്റുസമയങ്ങളിൽ ശ്രീനഗറുമാണ് തലസ്ഥാനം. ഗുൽമർഗിലെ മഞ്ഞിനാൽപുതഞ്ഞുകിടക്കുന്ന സുന്ദരമായ ഓർമകളെ താലോലിച്ചുകൊണ്ടു ശ്രീനഗറിലേക്കു തിരിച്ചു