7 മണിക്കൂർ കൊണ്ട് വയനാട് കാണാം

സഞ്ചാരപ്രിയർക്ക് വയനാട് എന്നുമൊരു സാഹസിക കേന്ദ്രം തന്നെയാണ്. തീരാത്ത ദൃശ്യാനുഭവം സമ്മാനിക്കുന്ന അദ്ഭുതലോകം എന്ന് വിശേഷിപ്പിക്കാം. ഒരുപാട് തവണ പോകാൻ ഒരുങ്ങിയിട്ടും പുല്പള്ളിയിൽ നിന്ന് രാവിലെ ആനക്കാട്‌ കടന്നു പോവാൻ കഴിയാത്തത് കൊണ്ട് ബാക്കി വെച്ച ഒരു സ്വർഗ്ഗരാജ്യമായിരുന്നു കുറുമ്പാലകോട്ട! പറഞ്ഞു കേട്ട ആ കോട്ടവാതിൽ തുറക്കുന്നത് സ്വർഗത്തിലേക്കാണോ എന്നൊന്നറിയാൻ തന്നെ തീരുമാനിച്ചായിരുന്നു ഞങ്ങളുടെ യാത്ര. 

മഴ പെയ്തത് കൊണ്ട് ബൈക്ക് യാത്ര കുറച്ചു ബുദ്ധിമുട്ടേറിയതായിരുന്നു അതുകൊണ്ട് തന്നെ കുറച്ചു ദൂരം നടക്കേണ്ടി വന്നു രാവിലെ 6 മണിക്ക് തന്നെ ഞങ്ങൾ അവിടെ എത്തി. കുറച്ചു സഞ്ചാരികൾ ടെന്റടിച്ചു കുന്നിൽ മുകളിലായി തീകാഞ്ഞിരിക്കുണ്ടായിരുന്നു ഒപ്പം കുറച്ചു ബൈക്ക് യാത്രികരും. കേട്ടറിവിനേക്കാൾ വലുതാണ് കുറുമ്പാലയെന്ന സത്യം! ഇന്നാണെനിക്കത് മനസിലായത് അത്രക്കും മനം കവരുന്ന കാഴ്ചയാണ് കുറുമ്പാല യാത്രികർക്കായൊരുക്കുന്നത്.

മേഘങ്ങൾ മലകളെ ഉമ്മവെച്ചു നീങ്ങുന്ന ഒരു കാഴ്ച. അത് കണ്ടറിയേണ്ട ഒന്ന് തന്നെയാണ്. രാവിലെ 8 മണിയോടെ ചരിത്രവും (പഴശ്ശി പടയോട്ട കാലത്തു ഒളിത്താവളമായി കുറമ്പാലക്കോട്ടയും മറ്റുമലകളും ഉപയോഗിച്ചിരുന്നെന്നു ചരിത്രം പറയുന്നു) സൗന്ദര്യവും ഒന്നിക്കുന്ന കുറുമ്പാലക്കോട്ടയോട് സലാം പറഞ്ഞു. ആ മഞ്ഞുപുതപ്പിൽ നിന്ന് ഞങ്ങൾ മെല്ലെ പുറത്തു കടന്നു. പിന്നെ കണിയാമ്പറ്റ വഴി പനമരതേക്ക് കടന്ന് അവിടുന്നു നേരെ ചരിത്ര സ്മരണയുണർത്തുന്ന വാസ്‌തു വിസ്മയമായ ജൈന ക്ഷേത്രങ്ങളിലേക്കായി യാത്ര! നടവയലിൽ മാത്രം നഷ്ട ചരിത്രങ്ങളുടെ ബാക്കിപാത്രം പോലെ രണ്ട് ജൈന ക്ഷേത്രങ്ങൾ ഉണ്ട്. കൽപാളികളിൽ കൊത്തിയും കെട്ടിപൊക്കിയും ഒരു കാലത്തു ഒരുപാട് വിശ്വാസങ്ങൾ സൂക്ഷിച്ച അവയെല്ലാം ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. ഏറിയ ഭാഗവും നശിച്ചിരിക്കുന്നു എങ്കിലും ഓരോ കൽപാളികളിലെയും കൊത്തുപണികൾ ഏറെ അതിശയിപ്പിക്കും എന്ന് തീർച്ച !!! നടവയിലിൽ നിന്ന് കുറുവാദ്വീപ് പോകുന്ന വഴിയിൽ പുഞ്ഞവയിലാണ് മറ്റൊരു ജൈന അമ്പലം സ്ഥിചെയ്യുന്നത്. മയിലുകളുടെ ഒരിഷ്ട കേന്ദ്രമാണ് ഈ അമ്പലം 80% ഭാഗങ്ങളും നശിപ്പിക്കപ്പെട്ടിരിക്കുന്നു എങ്കിലും പഠനത്തിനും കാഴ്ചക്കാർക്ക് ദൃശ്യവിരുന്നൊരുക്കിയും  ക്ഷേത്രസമുച്ചയം അങ്ങനെ തലയെടുപ്പോടെ നിൽക്കുന്നു.

അവിടുന്നു 5 കിമീ സഞ്ചരിച്ചാൽ കബനിയുടെ ഉത‍‍്ഭവ സ്ഥലമായ കൂടൽകടവെത്തെ കാഴ്ചകളും സ്വന്തമാക്കാം. നീന്തിതുടിക്കാൻ ഇതിലും നല്ലൊരു സ്ഥലം വയനാട്ടിൽ ഇല്ലെന്നു തന്നെ പറയാം. ഏകദേശം 150 മീറ്റർ വീതിയിൽ കെട്ടി ഭംഗിയാക്കിയിരിക്കുന്നൊരു കടവ് നീന്തൽ അറിയുന്നവർക്ക് രണ്ടാൾ താഴ്ചയിലുള്ള കടവിന്റെ ഏത് ഭാഗത്തിറങ്ങിയും കുളിക്കാം സ്ത്രീകൾക്കും കുട്ടികൾക്കും നീന്തലറിയത്തവർക്കും നീന്തി തുടിക്കാൻ കടവിന്റെ മറുഭാഗം ഉപയോഗിക്കാവുന്നതാണ്, ഇരുഭാഗവും ചെറുതുരുത്തുകളും ദീപുകളും നിറഞ്ഞു അതിസുന്ദരമായ കാഴ്ചതന്നെയാണ് (വെള്ളകെട്ടുകളും ചീങ്കണ്ണികളും ഉള്ളതിനാൽ ശ്രദ്ധയോടെ ഇത്തരം സ്ഥലങ്ങളിലേക്ക്‌ പോകാൻ ശ്രമിക്കുക).

ഇവിടെനിന്നും ഒന്നര കിലോമീറ്റർ ഓഫ്‌റോഡ് സഞ്ചരിച്ചാൽ കുറുവാദ്വീപിന്റെ മറ്റൊരു പ്രവേശന കവാടവമായ പാൽവെളിച്ചത്തിലെത്തിചേരാം. 

ചെറു വെള്ളച്ചാട്ടങ്ങളുടെയും പാറക്കെട്ടുകൾക്കിടയിൽ നിന്നും ചെറുകുളി പാസാക്കി ഞങ്ങൾ നേരെ പോയത്‌ സ്രാമ്പിയിലേക്കാണ് കൂടൽകടവിൽനിന്നും 2 കിമീ ബൈക്കിൽ സ്രാമ്പിയിലെത്താം ബ്രിട്ടീഷ് ഭരണകാലത്ത് 1886-ൽ പാക്കം വനത്തിൽ പണികഴിപ്പിച്ചതാണ് സ്രാമ്പി. ബ്രിട്ടീഷ് അധികാരികളുടെ സുഖവാസത്തിനും വിശ്രമത്തിനും വനം മേൽനോട്ടത്തിനും മൃഗവേട്ടയ്ക്കും വേണ്ടിയെല്ലാമാണ് ഇതുണ്ടാക്കിയത്. നൂറ്റാണ്ടിന്റെ പഴക്കമുള്ള ഈ സ്മാരകത്തിന്റെ കഴുക്കോലും തൂണുകളും സംരക്ഷിക്കപ്പെടാതെ ചിതലരിച്ച് നാശത്തിന്റെ വക്കിലാണ്. കടുവയും ആനയും തുടങ്ങി എല്ലാ ഇനം വന്യമൃഗങ്ങളുടെയും വിഹാരകേന്ദ്രമാണിവിടം. അതുകൊണ്ടുതന്നെ ഫോറെസ്റ്റ് വാച്ച് ഹൗസിൽ നിന്നും അനുമതി വാങ്ങി സ്രാമ്പി കാണുന്നത് നന്നായിരിക്കും. സ്രാമ്പിയോട് വിടപറഞ്ഞു പിന്നീട് പോയത്‌ വേലിയമ്പം കോട്ടയിലേക്കാണ് 2500 വർഷം ആണ്‌ കോട്ടയിലെ പ്രതിഷ്ഠയുടെ പഴക്കം (wiki) പാതിരി റിസേർവ് വനത്തിൽ ഉള്ളിൽ ആണ്‌ കോട്ട സ്ഥിചെയ്യുന്നത്. സ്രാമ്പിയിൽ നിന്നും 7 കിമീ അകലത്തിൽ ആണ്‌ കോട്ടയുള്ളത് ഇവിടുത്തെ പ്രധാന ആകർഷണം കാട്ടിനുള്ളിലെ പാറക്കെട്ടുകളിൽ ഒളിഞ്ഞിരിക്കുന്ന ആദിമ മനുഷ്യരുടെ ലിപികളും കൊത്തുപണികളും ചിത്രങ്ങളുമാണ് ഏത് സമയവും ആനശല്യം ഉള്ളതിനാൽ കോട്ടയിലെ വനത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത് ശ്രദ്ധിക്കണം. വയനാടിന്റെ ചരിത്രവും സൗന്ദര്യവും സംസ്കാരവും കാടും കൃഷിയും പുഴകളും അങ്ങനെ പറഞ്ഞറിയിക്കാൻ പറ്റാത്തതെല്ലാം ഒരു രൂപ ചിലവില്ലാതെ നിങ്ങൾക്ക് ഈ യാത്രയിൽ സ്വന്തമാകാം.