മമ്മികളെ കാണാൻ ഫറവോയുടെ നാട്ടിലേക്ക്

മാഷിന്റെ തല്ലുകൊണ്ട് ചരിത്രം പഠിക്കുമ്പോൾ ഓർത്തിരുന്നില്ല ഒരിക്കൽ ഈ സ്ഥലം എനിക്ക് നേരിൽകാണാൻ സാധിക്കുമെന്ന്. ജൂണിലാണ് യാത്ര തിരിച്ചത്. ചൂടുകാലമായിരുന്നു സ്ഥലങ്ങൾ ചുറ്റികാണുക പ്രയാസമായിരുന്നു. എന്നാൽ ഈ സമയത്ത് യാത്രചെലവ് കുറവാണ്. അവധി ദിവസങ്ങൾ കുറവായതിനാൽ കെയ്റോ കണ്ടുമടങ്ങാനായിരുന്നു പദ്ധതി. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നഗരമാണ് കെയ്റോ,എന്നാൽ ആഫ്രിക്കൻസ് എന്ന് പറയുമ്പോൾ മനസിലേക്ക് ഓടിവരുന്നവരുടെ രൂപഭാവത്തിൽ ഉള്ളവരല്ല ഈജിപ്തുകാർ.

എയർപോർട്ടിൽ നിന്ന് ഒരു ടാക്സി എടുത്ത് ഏകദേശം 40 മിനിറ്റ് ദൂരമുള്ള കെയ്റോ പട്ടണത്തിൽ എത്തിയപ്പോൾ വെളുപ്പിന് 6 മണി ‌കഴിഞ്ഞിരുന്നു. മനസ്സിനെ അദ്ഭുതപ്പെടുത്തുന്ന കാഴ്ചകാളാണവിടെ. എപ്പോൾ വേണമെങ്കിലും തകർന്നുവീഴാം എന്നനിലയിൽ നിൽക്കുന്ന കെട്ടിടങ്ങളാണ് നഗരമധ്യത്തിൽ കൂടുതലും. പലപ്പോഴായി നടന്നിട്ടുള യുദ്ധങ്ങൾ ഈ രാജ്യത്തെ എത്രയധികം പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന്  ഇവിടുത്തെ കെട്ടിടങ്ങളും ആളുകളുടെ ജീവിതസാഹചര്യങ്ങളും കണ്ടാൽ മനസിലാവും.

കയ്‌റോ ടവർ

ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽനിന്നു നടക്കാവുന്ന ദൂരത്തിലാണ് മ്യുസിയവും കെയ്റോ ടവറും. മ്യുസിയം കാണാൻ ഒരുപാടു സമയം വേണ്ടതിനാൽ ആ രാത്രി ടവർ കാണാൻ തീരുമാനിച്ചു. 1961ൽ നിർമിക്കപ്പെട്ട കെയ്റോ ടവർ  ഈജിപ്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്.

മുകളിൽ നിന്നാൽ പിരമിഡ്, നൈൽ നദിയടക്കം കെയ്റോ പട്ടണം മുഴുവൻ കാണാം. ഈ പട്ടണത്തിന്റെ സൗന്ദര്യം ആസ്വദിച്ചു ഭക്ഷണം കഴികണ്ടവർക്ക് ടവറിന് മുകളിൽ ഒരുപാട് ഹോട്ടലുകളുമുണ്ട്. സൗന്ദര്യം ആസ്വദിച്ചുകൊണ്ട് നല്ലരീതിയിൽ  സായാഹ്നം ചിലവിടാൻ പറ്റിയ ഇടം.

ഗിസ നെക്രോപോളിസ്

ചൂടുകാലമായതുകൊണ്ട് പിരമിഡ് കാണാൻ ഏറ്റവും ഉത്തമമായ നേരം വെളുപ്പാൻ കാലമാണ്. ഹോട്ടലുടമയുടെ നിർദേശമനുസരിച്ച് 7 മണിക്ക് തന്നെ പിരമിഡ് കാണാൻ പദ്ധതിയിട്ടു. 7 മുതൽ 3 വരെയാണ് പ്രവേശന സമയം. കെയ്റോ പട്ടണത്തിൽ നിന്ന്  30 മിനിറ്റ് യാത്രയുണ്ട് ഇവിടേക്ക്. ഈജിപ്തിൽ യാത്ര ചെയുമ്പോൾ സരക്കാർ ടാക്സികളെക്കാൾ യൂബർ പോലെയുള്ള ഓൺലൈനായി ടാക്സികൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

ഖുഫാ, കഫറി, മെൻകൗരെ എന്ന പേരുകളിൽ അറിയപ്പെടുന്ന 3 പിരമി‍ഡുകളാണ് ഇവിടെയുള്ളത്. ഈജിപ്ത് രാജാക്കന്മാരായ ഫറവോന്റെ മരണാനന്തര ജീവിതത്തിനു വേണ്ടിയുള്ള ഒരുക്കമായിട്ടാണ് ഇവയെ സൃഷ്ടിച്ചിരിക്കുന്നത്‌. ‍147 മീറ്ററിനടുത്ത് ഉയരം, 2.5 മുതൽ 15 ടൺ വരെ ഭാരം വരുന്ന 2 മില്യൺ കല്ലുകൾ വെച്ചാണ് ഇവ നിർമിച്ചിരിക്കുന്നത്. യാതൊരുയന്ത്രങ്ങളും ഇല്ലാതിരുന്ന ആ കാലത്ത് ഇതെങ്ങനെ നിർമിച്ചു എന്നത് ഇപ്പോഴും ചർച്ചാവിഷമയമായി നിലനിൽക്കുന്ന ഒന്നാണ്.

അൽപം പണം കൂടുതൽ കൊടുത്താൽ ഏറ്റവും ഉയരം കൂടിയ പിരമി‍ഡായ ഖുഫുവിൽ അകത്തു കയറാൻ സാധിക്കും. പിരമിഡിനുള്ളിലൂടെയുള്ള ഇരുട്ടറകൾ ഒരുപാട് പിന്നിടുമ്പോൾ വായുസഞ്ചാരം കുറയുന്നതായി തോന്നാം. എങ്കിലും പിരമിഡുകൾ കാണാൻ വരുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ടതാണ് ഖുഫു. പിരമിഡിന്റെ പേരിലുള്ള രാജാവിന്റെയും രാഞ്ജിയുടെയും കല്ലറകളാണ് ഇതിനുള്ളിൽ സൂക്ഷിച്ചിരിക്കുന്നത്.

മേല്‍പറഞ്ഞ പിരമിഡുകളിൽ നിന്നു അല്പം മാറിയാണ് ഫീനിക്സ് ഉള്ളത്. മനുഷ്യമുഖവും സിംഹത്തിന്റെ ഉടലുമുള്ള ഈ പിരമിഡ് ഖുഫ്രേ രാജാവിന്റെ മുഖസാമ്യം വരുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്. ഒരു ടൂർഗൈഡിന്റെ സഹായത്തോടെ എത്തിയാൽ കാഴ്ചകൾക്കൊപ്പം ചരിത്രവും പഠിക്കാം.  

ഖാൻ-ഇൽ- ഖലീലീലി മാർക്കറ്റ്

ഈജിപ്ത് ചരിത്രവും പിരമി‍ഡുകളുമായി ബന്ധപ്പെട്ടിരിക്കുന്ന കരകൗശലവസ്തുക്കളുടെ വിൽപനകേന്ദ്രമാണ് ഇൗ മാർക്കറ്റ്. വൈവിധ്യം നിറഞ്ഞതും കൗതുകം സൃഷ്ടിക്കുന്നതുമായ ഒരുപാട് വസ്തുക്കൾ ഇവിടെയുണ്ട്. ഈജിപ്തിൽ തന്നെ ഉൽപാദിപ്പിക്കുന്ന ഒരു പ്രത്യേകതരം അരി, ഫവ എന്ന പേരിൽ അറിയപ്പെടുന്ന ഒരുതരം പയർ ഇതൊക്കെ ആണ് ഇവിടുത്തുക്കാരുടെ പ്രധാന ഭകഷണം.

നൈൽ നദി

ലോകത്തിലെ ഏറ്റവും നീളം കൂടിയതും ക്രൈസ്തവ വിശ്വാസത്തിൽ മോശയുടെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടുമിരിക്കുന്ന നൈൽ നദിയുടെ തീരത്താണ് ഈജിപ്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും. ഈജിപ്ത് ടൂറിസത്തിൽ ഒരു വലിയ പങ്ക് ഈ നദി വഹിക്കുന്നുണ്ട്, ഇവിടുത്തെ കപ്പലുകളുടെ എണ്ണം തന്നെ വ്യക്തമാക്കുന്നുമുണ്ട്. ഒരു ആഴ്ചമുതൽ 30 ദിവസംവരെ നീണ്ടുനിൽക്കുന്ന കപ്പൽ യാത്രകൾ യാത്രക്കാരുടെ സൗകര്യാർത്ഥം ഇവിടെനിന്ന് തിരഞ്ഞെടുക്കാം.

ഈജിപ്ത് മ്യൂസിയം

ലോകത്തിലെ പ്രധാനപ്പെട്ട മ്യുസിയങ്ങളുടെ പട്ടികയെടുത്താൽ ആദ്യപത്തിൽ തീർച്ചയായും ഇടംപിടിക്കുന്നതാണ് ഈജിപ്ത് മ്യൂസിയം. എല്ലാ ഹാളിലും കൗതുകം ജനിപ്പിക്കുന്ന ഒട്ടേറെ ശില്പങ്ങൾ, ഓരോന്നിനും പറയാൻ ഒട്ടേറെകഥകൾ. ഇവയിൽ യാത്രക്കാരെ ഏറെ ആകർഷിക്കുന്ന ഒന്നാണ് ടുത് (tuth) രാജാവിന്റെ സൂക്ഷിപ്പുകൾ. 19 വയസ്സിൽ മരണമടഞ്ഞ ഈ രാജാവിനെ മറവുചെയ്യുമ്പോൾ ഉപയോഗിച്ച ഒട്ടേറെ വസ്തുക്കൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. സ്വർണം കൊണ്ടു നിർമിച്ച 11 കിലോഗ്രാം ഭാരം വരുന്ന മുഖംമൂടി, മമ്മി ബെൽറ്റുകൾ, ആഭരണങ്ങൾ അങ്ങനെ നീളുന്നു. മ്യുസിയത്തിന്റെ രണ്ടാംനിലയിൽ ഒരു പ്രത്യേക റൂമിലാണ് ഇതെല്ലാം സൂക്ഷിച്ചിരിക്കുന്നത്. ഫോട്ടോ എടുക്കുന്നത് ഇവിടെ അനുവദനീയമല്ല, പിടിക്കപ്പെട്ടാൽ ഫോൺ വാങ്ങി എല്ലാം ഡിലീറ്റ് ചെയ്യും.

റോയൽ മമ്മി റൂം എന്നറിയപ്പെടുന്ന ഒരു പ്രത്യേക മുറിയിലാണ് മമ്മിയുടെ ശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നത്. Screaming mummy (അലറുന്ന മമ്മി) എന്ന പേരിൽ അറിയപ്പെടുന്ന ഇതു രമെസെസ് 3 (rameses 3)എന്ന ഫറഹോന്റെ മകനാണ് എന്നാണ് വിശ്വാസം. മരണകാരണം ഇപ്പോഴും വ്യക്തമല്ലെങ്കിലും ശരീരത്തിന്റെ പലഭാഗത്തുള്ള പാടുകൾ കൊലപാതകമാണെന്ന സംശയം ഊട്ടിയുറപ്പിക്കുന്നതാണ്.

ഒരു മനുഷ്യശരീരത്തെ 'മമ്മി'യാക്കുന്ന പ്രക്രിയയെ മമ്മിഫിക്കേഷൻ എന്നാണ് അറിയപ്പെടുന്നത്. 70 ദിവസം നീണ്ടുനിക്കുന്ന ഇതിൽ ആദ്യ ഘട്ടം ശരീരത്തിന്റെ ഈർപ്പം പൂർണമായി ഒഴിവാക്കുക എന്നതാണ്. ഇതിനുശേഷം ഒരു പ്രേത്യേകതരം തുണിവെച്ചു ശരീരത്തെ ചുറ്റികെട്ടുന്നു. ഇത്തരത്തിൽ മമ്മിഫിക്കേഷൻ ചെയ്തിരിക്കുന്ന ശവശരീരങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.

ചരിത്രം ഉറങ്ങിക്കിടക്കുന്ന ഈ മണ്ണിൽ അൽപം കൂടെ സമയം ചിലവഴിേക്കണ്ടതായിരുന്നുവെന്ന് തോന്നി. സീനായ് മലയും അബുസിമ്പൽ അമ്പലങ്ങളും, സ്കൂബ ഡൈവിങ്ങിൽ ലോകത്തിലെ ആദ്യ 10ൽ ഇടം നേടിയ ഷെർമൽഷെയ്ക്കും എല്ലാമുള്ള നാട്. അടുത്തവരവിന്‌ 10 ദിവസമെങ്കിലും ഇവിടെ തങ്ങണം എന്നുറപ്പിച്ച് ഈജിപ്തിന്റെ നല്ല ഓർമകളുമായി നാട്ടിലേക്ക് യാത്രതിരിച്ചു.