ജോലി വിട്ട് വീട് വിറ്റ് ലോകം കാണാനിറങ്ങിയ ദമ്പതികൾ

യാത്രയെയും ഫൊട്ടോഗ്രഫിയെയും ഭ്രാന്തമായി സ്നേഹിക്കുന്ന ദമ്പതികൾ ഒടുവിൽ ആ തീരുമാനമെടുത്തു. മതിവരുവോളം യാത്ര ചെയ്യണം അതിന് വീടോ ജോലിയോ തടസമാവരുത്. അങ്ങനെ വീട് വിറ്റ് ജോലി ഉപേക്ഷിച്ച് അവർ ലോകം കാണാൻ യാത്ര തിരിച്ചു.

മുംബെ സ്വദേശികളായ സന്ദീപാ- ചേതൻ ദമ്പതികളാണ് യാത്രചെയ്യുവാൻ വേണ്ടി സ്വന്തമായി ഉണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ചത്. ഇലക്ട്രോണിക് എഞ്ചിനീയറായ സന്ദീപയെയും അഡ്വർഡൈസിങ് ഡിസൈൻ ഫീൽഡിൽ ജോലിചെയ്യുന്ന ചേതനെയും ഒന്നിപ്പിച്ചത് തന്നെ രണ്ടുപേരിലുമുണ്ടായിരുന്ന യാത്രയോടുള്ള ഭ്രാന്തമായ ആവേശമാണ്.

ഉള്ളതെല്ലാം ഉപേക്ഷിച്ച് നാടുചുറ്റാനിറങ്ങിയ ദമ്പതികളെ ഉപദേശിച്ചവരോട് അവർ ചോദിച്ചതിതാണ്. ആരോഗ്യമുള്ള കാലത്തോളം സമ്പാദിച്ചു കൂട്ടിയിട്ട് വാർധക്യകാലത്ത് യാത്രപോകാമെന്നു വിചാരിച്ചാൽ അതു നടക്കുമോ? മനസും ആഗ്രഹവും ഉള്ള ആരോഗ്യമുള്ള കാലത്തല്ലേ യാത്രചെയ്യാൻ പറ്റൂ?

എന്നിരുന്നാലും വിമർശിച്ചവരേക്കാളേറെ തങ്ങളുടെ തീരുമാനത്തെ പിന്തുണച്ചവരാണധികവും എന്നു പറയാനും ദമ്പതികൾ മറക്കുന്നില്ല. ഈരും വീടും ഉപേക്ഷിച്ച് അവർ ആദ്യമായി യാത്ര പോയത് കർണാടകയിലെ കൂർഗിലാണ്.

യാത്രകളിളിൽ പകർത്തിയ ചിത്രങ്ങൾ പ്രമുഖ പരിസ്ഥിതി ജേണലുകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നും ഇതുവരെ എട്ടോളം രാജ്യങ്ങളിൽ യാത്രചെയ്തിട്ടുണ്ടെന്നും അഭിമാനത്തോടെ ഈ ദമ്പതികൾ പറയുന്നു.