സഞ്ചാരികളെ പേടിപ്പിക്കുന്ന അഞ്ചു ഇന്ത്യൻ റോഡുകൾ!

അർധരാത്രി റോഡിലൂടെ  ഒറ്റയ്ക്ക് കാറോടിച്ചു  പോകുമ്പോൾ മുന്നിൽ വെള്ള സാരിയുടുത്തു ഒരു പെണ്ണ്. ബ്രെക്ക് ചവിട്ടാനോ അതോ വേണ്ടയോ! എങ്കിലും അറിയാതെ കാലു ബ്രെക്കിൽ അമർന്നു പോയി. എവിടെ അവൾ! ഇപ്പോൾ കാണുന്നില്ല. ഒന്ന് കണ്ണ് ചിമ്മി തുറന്നപ്പോൾ കാറിന്റെ വിൻഡോ ഗ്ളാസ്സിൽ അവളുടെ വിരലുകൾ...!!!

ഏതെങ്കിലും പ്രേത സിനിമകളുടെ സീൻ വിശദീകരിക്കുകയാണെന്നു കരുതിയെങ്കിൽ തെറ്റി. സംഭവം ഇപ്പോഴും പലരും വിശ്വസിക്കുന്നതാണ്, അതും നമ്മുടെ ഇന്ത്യൻ റോഡുകളിൽ. ഭയാനകമായ കഥകളാൽ വേട്ടയാടപ്പെടുന്ന ഇന്ത്യയിലെ അഞ്ചു റോഡുകളെ പരിചയപ്പെടൂ..

സത്യമംഗലം കാടുകൾ

209  ദേശീയ പാതയാണ് തമിഴ്‌നാട്ടിലെ സത്യമംഗലം കാടുകൾക്കടുത്തൂടെ പോകുന്നത്. സത്യമംഗലം പേര് കേട്ടത് തന്നെ വീരപ്പന്റെ ഭയപ്പെടുത്തലോടെയായിരുന്നു.  ഇപ്പോഴും ഈ കാടുകൾ തമിഴ്‌നാട്ടിലെ ഏറ്റവും ഭീതിപ്പെടുത്തുന്ന വഴിയാണെന്നാണ് സഞ്ചാരികളുടെ വിശ്വാസം. ഇതുവഴി സഞ്ചരിക്കുന്നവർ സത്യങ്ങൾ അറിയാത്തവരാണെങ്കിൽ  പലപ്പോഴും രാത്രിയിൽ ഉറക്കെയുള്ള അലർച്ചകളും റാന്തലിന്റെ വെളിച്ചവും ഒക്കെ കാണാറും കേൾക്കാറുണ്ടെന്നാണ് ഇവിടെ പ്രചരിച്ചു വരുന്ന കഥ. ഈ ഭയപ്പെടുത്തുന്നത് സാക്ഷാൽ വീരപ്പന്റെ പ്രേതമാണത്രെ! മരിച്ചാലും മനസമാധാനം തരാത്ത ഭീകരനായി വീരപ്പൻ കെട്ട് കഥകളിൽ പുനർജ്ജനിക്കുന്നു.

കസാര ഘട്ട്

റോഡ് യാത്രകളിൽ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന റോഡുകൾ ഏതാവും? കൂടുതൽ ആലോചിക്കേണ്ട, ഇരു വശത്തും മനോഹരമായ പച്ചപ്പും മരങ്ങളും നിറഞ്ഞ പ്രദേശമാണെങ്കിൽ വെയിലും ചൂടും ഒന്നും അറിയില്ല, നല്ല ശുദ്ധവായു ആസ്വദിക്കുകയും ചെയ്യാം. അങ്ങനെയൊരു കാടാണ് മുംബൈ-നാഷിക് വഴിയിൽ ഉള്ളത്.  ഈ വഴി പോകുന്നവർ ഒന്ന് സൂക്ഷിക്കണം. കാരണം ഇതുവഴി പോകുന്നവർ സ്ഥിരം ഈ വഴിയിൽ തലയില്ലാത്ത ഒരു സ്ത്രീ മരക്കൊമ്പിൽ ഇരിക്കുന്നത് കാണാറുണ്ടത്രെ! സംഭവം സത്യമാണോ കള്ളമാണോ എന്നതല്ല, ഈ കഥ പലരും പറഞ്ഞു കേൾക്കുന്നുമുണ്ട്. എന്തായാലും ഈ വഴി പോകുമ്പോൾ അറിയാതെ പോലും രാത്രിയിൽ മരങ്ങളിലേയ്ക്കൊന്നും സൂക്ഷിച്ചു നോക്കാൻ നിൽക്കണ്ട.

ഡൽഹി-ജയ്പ്പൂർ റോഡ്

ഡൽഹിയിൽ നിന്നും ജയ്‌പ്പൂരിലേയ്ക്കൊരു റോഡ് യാത്രയാണോ മനസ്സിൽ, അതും ദേശീയപാത 11  എ യിലൂടെ? ഈ യാത്രയിലാണ്  ഭയപ്പെടുത്തുന്ന കഥകളിലെ ദുരന്തവാഹിയായ ഒരു കോട്ടയുള്ളത്. ബംഗാർ കോട്ടയാണ് ഇവിടെ യാത്രക്കാരെ ഭയപ്പെടുത്താൻ നിവർന്നു നിൽക്കുന്നത്. എന്നാൽ കോട്ടയിൽ പോകാതെ ഇരുന്നാൽ പോരെ എന്നാണു ചോദ്യമെങ്കിൽ അതും നിവൃത്തിയില്ല, കോട്ടയ്ക്കുള്ളിൽ അലഞ്ഞു നടക്കുന്ന ആത്മാക്കൾ ഈ ദേശീയ പാതയിലും യാത്രികരെ ഭയപ്പെടുത്താറുണ്ടെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്ന ഒരിടമാണ് ഈ കോട്ടയും അതിന്റെ പരിസര പ്രദേശങ്ങളും. പുരാവസ്തു ഗവേഷകർ വരെ സഞ്ചാരികളെ ഈ കോട്ടയിൽ പോകുന്നതിൽ നിന്നും വിലക്കിയിട്ടുണ്ടെന്നാണ് വാർത്തകൾ പറയുന്നത്. ഈ വഴിയിലൂടെയുള്ള യാത്ര സ്വന്തം റിസ്കിൽ മാത്രം.

കാഷെഡി ഘട്ട് 

ഗോവയിലേയ്ക്കൊരു യാത്ര പോയാലോ, അതും മുംബൈ വഴി? കാഷെഡി ഘട്ട് വഴി തന്നെ പോകാം എന്നുറപ്പിച്ചാൽ യാത്ര അപകടമാണ്. പ്രത്യേകിച്ച് ഇതുവഴിയുള്ള രാത്രിയാത്ര ഒഴിവാക്കാനാണ് അനുഭവസ്ഥർ പറയുന്നത്. ഈ വഴിയിൽ  നിഗൂഢതകൾ പേറുന്ന മുഖമുള്ള ഒരു മനുഷ്യൻ കൈ നീട്ടി വാഹനം നിർത്താൻ ആവശ്യപ്പെടുമത്രേ. ഇനിയിപ്പോൾ ഭയന്ന് വാഹനം നിർത്താതെ പോയാലോ, അടുത്ത സമയങ്ങൾക്കുള്ളിൽ വാഹനം അപകടത്തിൽപ്പെടും.  ഏതു വിധത്തിൽ നോക്കിയാലും ഈ വഴിയിലൂടെയുള്ള യാത്ര ഭീതിദമാണ്.

ഈസ്റ് കോസ്റ്റ് റോഡ്

ചെന്നൈയിൽ നിന്നും പുതുച്ചേരിയ്ക്കുള്ള യാത്രയിൽ കടന്നു പോകേണ്ട റോഡുകളിലൊന്നാണ് ഈസ്റ്റ് കോസ്റ്റ് റോഡ്. ഒരു ഡ്രൈവറെ സംബന്ധിച്ചിടത്തോളം മനോഹരമായ  സുഖകരമായ ഡ്രൈവിങ് അനുഭവമായിരിക്കും ഈ റോഡുകൾ നൽകുന്നത്. സഞ്ചാരികൾക്ക് കണ്ണുകൾക്ക് ആനന്ദമായി റോഡിന്റെ ഇരു വശത്തും മനോഹരമായ പച്ചപ്പുമുണ്ട്. അങ്ങനെ എല്ലാം കൊണ്ടും യാത്ര ആനന്ദ ദായകം. കാഴ്ചകൾ രസകരമാണെങ്കിലും ഇതുവഴിയുള്ള രാത്രി യാത്ര ഒഴിവാക്കുന്നതാവും നല്ലതെന്നു ഇതുവഴി യാത്ര ചെയ്തിട്ടുള്ള അനുഭവമുള്ളവർ വെളിപ്പെടുത്തുന്നു.

വെളുത്ത സാരി ധരിച്ച ഒരു സ്ത്രീ രൂപത്തെ പലപ്പോഴും ഈ റോഡിൽ കണ്ടവരുണ്ടത്രേ. കാണുമ്പോൾ സ്വാഭാവികമായും വണ്ടിയോടിക്കുന്നവരുടെ നിയന്ത്രണം നഷ്ടപ്പെടുമെന്നതിനാൽ ഇവിടെ നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. മാത്രമല്ല കാലാവസ്ഥയിലും ഈ ഇടത്ത് മാറ്റമുണ്ടെന്നാണ് പറയപ്പെടുന്നത്. എന്തായാലും പകൽ യാത്ര അത്ര പ്രശ്നമില്ല. ഈസ്റ്റ് കോസ്റ്റ് റോഡിലൂടെ രാത്രിയിൽ സഞ്ചരിക്കുമ്പോൾ ഒന്ന് സൂക്ഷിച്ചോളൂ.