നാമ്ചി ബസാറിലേക്ക് ആകാശയാത്ര

വഴിയരികിലെ SBI എടിഎമ്മിൽ നിന്നു ആവശ്യത്തിനു പൈസയുമെടുത്ത് എല്ലാവരും ഒരിക്കൽക്കൂടി വിമാനത്താവളത്തിൽ എത്തിയിരിക്കുകയാണ്. ഞാനീ സ്ഥലം വെറുത്തു തുടങ്ങിയിരിക്കുന്നു. ഇനിയൊരു വരവുണ്ടെങ്കിൽ അത് ലുക്ലയിൽ നിന്നുള്ള മടങ്ങിവരവായിരിക്കും തീർച്ച. ലുക്ലയിലെ അവസ്ഥയ്ക്കു ഇന്നും പ്രത്യേകിച്ച് മാറ്റമൊന്നുമില്ല. പക്ഷേ ഇനി ഞങ്ങൾക്ക് അതൊന്നും അറിയേണ്ട കാര്യമില്ലല്ലോ, ‘ആൾട്ടിറ്റ്യൂഡ് എയറി’ന്റെ ഓപ്പറേറ്റർ ഞങ്ങളുടെയും കയ്യിലുള്ള ബാഗുകളുടെ ഭാരമെല്ലാം അളന്നു തിട്ടപ്പെടുത്തി. വിമാനയാത്ര പോലയല്ല, ഹെലികോപ്ടർ യാത്രയിൽ കൂടെ കൊണ്ടുപോകുന്ന ഓരോ ചെറിയ വസ്തുവിന്റെയും ഭാരം പോലും യാത്രയുടെ ഗതി നിർണയിക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ 3440 മീറ്റർ സമുദ്ര നിരപ്പിൽ നിന്നുള്ള നാമ്ചബസാറിലേക്കു പറക്കാൻ ലുക്ലയിൽ ലാന്റ് ചെയ്ത് കുറച്ചു ഇന്ധനം മാറ്റണം. എങ്കിൽ മാത്രമേ ഉയരങ്ങളിലേക്കു പറക്കാൻ പറ്റുകയുള്ളൂ.

9.30 യാത്ര തുടങ്ങാം എന്നാണ് പറഞ്ഞിരുന്നത് എന്നാൽ ഞങ്ങൾക്കു പറക്കേണ്ട ഹെലികോപ്ടർ അടിയന്തര സഹായത്തിനായി മലനിരകളുടെ ഇടയിലെവിടെയോ ആണ്. ട്രക്കിങ്ങിനിടെ അപകടം പറ്റിയ വിദേശിയെ സുരക്ഷിത ‌സ്ഥാനത്തെത്തിക്കാൻ. ഇതുവരെ ചെയ്തയാത്രകൾ പോലെയല്ല, ഇത് തീർച്ചയായും ഒരൽപം അപകടം പിടിച്ച പണിതന്നെയാണ്.

WALKING-TOWARDS-TENGBOCHE

ഒടുവിൽ 11.30 ഓടു കൂടി ഹെലികോപ്ടറിനരികെ എത്തി. അവസാനവട്ട പരിശോധനയ്ക്കു ശേഷം പൈലറ്റ് എൻജിൻ ഓണാക്കി. സുഹൃത്ത് മുന്നേതന്നെ കോ-പൈലറ്റിന്റെ സീറ്റ് കൈക്കലാക്കിയപ്പോൾ. ഞങ്ങള്‍ നാലുപേരും ഒരൽപം തിങ്ങി ഞെരുങ്ങി പുറകിലും. ജീവിതത്തിലെ ആദ്യ ഹെലികോപ്ടർ യാത്ര. അതുകൊണ്ടു തന്നെ ചക്രങ്ങൾ ആകാശത്തേക്കുയർന്നപ്പോൾ എന്റെ സാമ്പത്തിക ഭാരത്തിന്റെ കഥയെല്ലാം വിസ്മൃതിയിലായി. ഏതാനും നിമിഷങ്ങൾക്കകം നാഗരിക ജീവിതത്തിന്റെ  ഇടുങ്ങിയ കാഴ്ചകൾ സമ്മാനിക്കുന്ന കാഠ്മണ്ഡു നഗരം പിന്നിലാക്കി ഹെലികോപ്ടർ മലനിരകൾക്കിടയിലെത്തി. താഴെ മലയോരങ്ങളിൽ തീപ്പെട്ടി കൂടുകൾ പോലെ കാണുന്ന അശാസ്ത്രീയമായി നിർമ്മിച്ച കെട്ടിടങ്ങൾക്കു ഇനിയൊരു ഭൂകമ്പം കൂടി താങ്ങാനാകുമോ എന്ന ചിന്ത മനസിൽ കടന്നുകൂടി.

വെള്ളമേഘക്കീറുകൾ നീക്കി ദൂരെ അതാ ഹിമവാൻ പ്രത്യക്ഷപ്പെടുന്നു. ഇടതുഭാഗം മുഴുവൻ ഇപ്പോൾ മഞ്ഞു തൊപ്പിയണിഞ്ഞ മലനിരകളാണ്. എന്നാൽ എവറസ്റ്റ് അതില്‍ ഒന്നുമില്ല കാരണം ഞങ്ങളുടെ യാത്ര അതെല്ലാം മറികടന്നു തുടർന്നുകൊണ്ടിരിക്കുകയാണ്. ഉയരമുള്ള കുന്നുകളെ തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് ഇപ്പോൾ ഹെലികോപ്ടറിന്റെ യാത്ര. എതിരെ വരുന്ന ചെറു വിമാനങ്ങൾക്കനുസരിച്ച് കൺട്രോൾ റൂമിൽ നിന്നുള്ള നിർദേശങ്ങൾ. അതിനനുസരിച്ച പൈലറ്റ് ഹെലികോപ്ടറിന്റെ ഗതി നിയന്ത്രിക്കുന്നു.

Namche Bazar

സമയം ഏകദേശം അരമണിക്കൂറോളം പിന്നിട്ടു. ദൂരെയായി ഒരു ചെറുഗ്രാമം മലയിടുക്കുകളുടെ അരികിലായി തെളിഞ്ഞു വന്നു. ലുക്ല എത്താറായിരിക്കുന്നു. ഗ്രാമത്തിലെ ഹോട്ടലുകളുടെ അടുത്തുതന്നെയായി ഒരു ചെറിയ റൺവേയുമുണ്ട്. ലോകത്തിലെ ഏറ്റവും അപകടമേറിയ എയർപോർട്ട്, ലുക്ലയിലെ ‘ടെൻസിങ്–ഹിലരി’ എയര്‍പോർട്ടിന്റെ വിശേഷണം അതാണ്. ഒരു മേഘ കീറുകൊണ്ടു പോലും ഇവിടുത്തെ ലാന്റിങ് തടസ്സപ്പെടുമെന്നാണ് സംസാരം. അതെന്തുകൊണ്ടാണെന്ന് ഈ റൺവേ കണ്ടപ്പോൾ തന്നെ എനിക്കു ബോധ്യമായി. വീട്ടിലേക്കുള്ള പോക്കറ്റ് റോഡിനു ഇതിലും വീതിയും നീളക്കുടുതലുമുണ്ട്. റൺവേയുടെ അരികിലുള്ള ഹെലിപാഡിൽ അതിവിദഗ്ധമായി പൈലറ്റ് ലാന്റ് ചെയ്തു. ചിലയാളുകളുടെ സഹായത്തോടെ കുറച്ചു ഇന്ധനം പമ്പു ചെയ്തു മാറ്റി വീണ്ടും ചക്രങ്ങൾ ആകാശത്തേക്കുയർന്നു, നാമ്ചി ബസാർ ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കായി.

sleeping inside sleeping bag at Namche and walking towards tengboche

തന്റെ തീരത്തായി ചെറിയ ഗ്രാമങ്ങൾക്ക് ഒരൽപം ഇടം നൽകി താഴെ മലകളെ രണ്ടായി പിളർത്തിക്കൊണ്ട് ഒരു പുഴ ആർത്തലച്ച് ഒഴുകുകയാണ്. ലുക്ല കഴിഞ്ഞ് ഏതാനും ഗ്രാമങ്ങൾ കൂടെ ഞങ്ങൾ താണ്ടിയിരിക്കുന്നു, ‘ഫാക്ടിങ്’ഉം ‘മോൻജോ’യുമെല്ലാം ഞങ്ങൾ കഴിഞ്ഞിരിക്കണം. അവസാനത്തെ പേര് എനിക്കൊരു ചെറിയ ഷോക്ക് ട്രീറ്റ്മെന്റാണ് സമ്മാനിച്ചത്. ഒരു ഞെട്ടലോടെ ഞാൻ ഓർത്തു, യാത്രയ്ക്കു വേണ്ട പെർമിറ്റ്, അതു സംഘടിപ്പിക്കുവാൻ മറന്നു.

lukla airport runway

നേപ്പാളിലെ ഒട്ടുമിക്ക ട്രക്കിങ്ങിനും നിർബന്ധമായും വേണ്ട രണ്ട് രേഖകളാണ് TIMS കാർഡും, ട്രെക്കിങ് പെർമിറ്റും. ഇതിൽ TIMS കാർഡ് എടുക്കുവാൻ വേണ്ട പണത്തിന്റെ കുറച്ചു ശതമാനം നേപ്പാളിലെ എല്ലാ അംഗീകൃത പോർട്ടർമാർക്കും ഗൈഡുമാർക്കും വീതിച്ചു നൽകുന്നതാണ്. എന്നാൽ കുമ്പു താഴ്്വാരത്തിൽ ഈയടുത്തിടെ നടന്ന സംഘടനാ തിരഞ്ഞെടുപ്പിനു ശേഷം അവർ TIMS കാർഡ് നിരാകരിക്കുന്ന ഒരു തീരമാനമെടുത്തു. ഈ മേഖലയിലെ തൊഴിലാളികളിലേക്കു അതിന്റെ ആനുകൂല്യങ്ങൾ എത്തുന്നില്ല എന്നതാണ് അതിനു കാരണമായി അവർ ചൂണ്ടിക്കാട്ടിയത്. അതിനുപകരമായി അവർ ഒരു ലോക്കൽ പെർമിറ്റ് കാർഡും കൊണ്ടു വന്നു. അതിനോടൊപ്പം തന്നെ കുമ്പു താഴ്്വാരം നിലകൊള്ളുന്ന ‘സാഗരമാതാ നാഷണൽ പാർക്ക്’ പ്രവേശന അനുമതിയും ഏതൊരു സഞ്ചാരിയും എടുത്തിരിക്കണം. എന്റെ പദ്ധതിപ്രകാരം മറ്റെല്ലാ സഞ്ചാരികളെയും പോലെ ലുക്ലയിൽ നിന്നും നടന്നു വരുന്ന വഴി ‘മോൻജോ’യിൽ നിന്നും ഇവ സംഘടിപ്പിക്കാം എന്നാണ് കരുതിയിരുന്നത്. എന്നാൽ ഹെലികോപ്ടർ യാത്രയുടെ ആവേശത്തിൽ ഞങ്ങൾ നേരിട്ട് നാമ്ചി ബസാറിലേക്കു പോവുകയാണെന്ന കാര്യം വിസ്മരിച്ചു. ലക്ഷണം കണ്ടിട്ടു നാമ്ചിയിലെത്തി തിരികെ നടക്കേണ്ടി  വരുമെന്നാണ് തോന്നുന്നത്.

namchi-bazar-A-view-from-helicopter

15 മിനിറ്റോളം കഴി‍ഞ്ഞപ്പോൾ ഞങ്ങളുടെ മുന്നിലായി മറ്റൊരു വലിയ ഗ്രാമം പ്രത്യക്ഷപ്പെട്ടു. കുമ്പുവിലെ ഏറ്റവും വലിയ ഗ്രാമമായ ‘നാമ്ചി ബസാർ’ - സാഹസിക സഞ്ചാരികളുടെ പ്രിയങ്കരമായ മലമുകളിലെ ഗ്രാമം. മലകയറി നടന്നു വന്നിരുന്നുവെങ്കിൽ ലുക്ലയിൽ നിന്നും ഇവിടെയെത്താന്‍ 2 ദിവസം വേണമെന്നാലോചിക്കണം. ലാന്റ് ചെയ്തു പുറത്തിറങ്ങിയപ്പോളേക്കും തണുപ്പു ഞങ്ങളെ പൊതിഞ്ഞു. ബാഗുകളെല്ലാം പുറത്തെടുത്തതോടെ പൈലറ്റ് മടക്കയാത്രയ്ക്കു എൻജിൻ ഓണാക്കി. സമയം എത്രയായി എന്നറിയാൻ മൊബൈൽ ഫോൺ തപ്പിയപ്പോളാണ് അക്കാര്യം ശ്രദ്ധിച്ചത്. ഫോൺ എന്റെ കൈവശമില്ല. പോക്കറ്റിൽ നിന്ന് യാത്രയിലെപ്പോളോ അത് ഹെലികോപ്ടറിനകം വീണു പോയിരിക്കണം. പക്ഷെ എന്റെ തിരിച്ചറിവ് ഒരൽപം വൈകിപ്പോയിരുന്നു, തിരിഞ്ഞു നോക്കിയപ്പോളേക്കും ഹെലികോപ്ടറിന്റെ ചക്രങ്ങൾ ആകാശത്തുയർന്നിരുന്നു. താഴ്്വാരത്തെ ഇറക്കത്തിലേക്ക് അത് ഊളിയിട്ടു പോകുന്നത് നോക്കി നിൽക്കുവാൻ മാത്രമേ എനിക്കു സാധിച്ചുള്ളൂ. കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ്.

‘‘ഹലോ, എന്റെ പേര് ദേവൻ, ഞാനാണ് നിങ്ങളുടെ ഗൈഡ്’’ അതീവ പ്രസരിപ്പോടെ ഉയരം കുറഞ്ഞ ഒരു മധ്യവയസ്കൻ ഞങ്ങളുടെ അരികിലെത്തി സ്വയം പരിചയപ്പെടുത്തി. ‘‘ഇത് ഖട്ക, ആസാദ്, രാം നിങ്ങളുടെ പോർട്ടർമാർ. നാലുപേരുള്ളു എന്നാണല്ലോ പറഞ്ഞിരുന്നത്?” ‘‘ഞാൻ ടൂർ പാക്കേജിൽ ഉൾപ്പെട്ടയാളല്ല എന്റെ ബാഗെല്ലാം ഞാൻ തന്നെ ചുമന്നു കൊള്ളാം.” ഞാൻ ദേവനെ പറഞ്ഞു മനസ്സിലാക്കി.

ഹെലിപാഡ് ഗ്രാമത്തിനു കുറച്ചു മുകളിലായാണ്. പോർട്ടർമാർ ബാഗുകളും ചുമന്ന് ഞങ്ങളെയും കൂട്ടി താഴെയുള്ള ഹോട്ടലിലേക്കു നടന്നു. “താങ്കൾ പ്രഭുദേവയാണോ?” താടിവച്ചു ഉയരമുള്ള അജിന്റെ രൂപം കണ്ട് എതിരെ വന്ന നേപ്പാളി യുവതിയുടേതാണ് സംശയം. ഡബ് ചെയ്ത് വരുന്ന തെന്നിന്ത്യൻ സിനിമകളാണ് നേപ്പാളി ജനതയുടെ പുതിയ ഇഷ്ടങ്ങളിൽ ഒന്ന്. കൂട്ടത്തിൽ എല്ലാവരും പൊട്ടിച്ചിരിച്ചെങ്കിലും ഫോൺ നഷ്ടപ്പെട്ടിരിക്കുന്ന എനിക്ക് വലിയ ചിരിയൊന്നും വന്നില്ല. ‘‘നീ വിഷമിക്കേണ്ട, ആ ഓപ്പറേറ്ററെ വിളിച്ചു ഫോൺ എടുത്തു എയർപോര്‍ട്ടിൽ ഏല്‍പ്പിക്കാൻ ഞാൻ വിളിച്ചു പറയാം’’ വിക്രം ആശ്വസിപ്പിച്ചു.

A-view-from-helicopter

ഹോട്ടലുകളാൽ തിങ്ങിനിറഞ്ഞതാണ് നാമ്ചി ഗ്രാമം, അതിന്റെ ഒത്ത നടുക്കിലാണ് ഞങ്ങളുടെ ഹോട്ടൽ. ഞങ്ങൾക്കെന്നു പറഞ്ഞാൽ ഞാനൊഴികെ മറ്റ് നാലുപേർക്കും. എനിക്കു വേണ്ടി സംസാരിച്ചു ദേവൻ തൊട്ടടുത്തു തന്നെയുള്ള ഒരു ഒറ്റമുറി റൂം തരപ്പെടുത്തി– 200 രൂപ.

ഉച്ചഭക്ഷണത്തിനിരിക്കുമ്പോൾ ദേവനോടു ട്രക്കിങ് പെർമിറ്റിന്റെ പ്രശ്നം പറഞ്ഞു. സത്യത്തിൽ മറ്റു നാലുപേരെയും ഈ പ്രശ്നം ബാധിച്ചിരിക്കുകയാണ്. ഏജൻസി മാസങ്ങൾക്കു മുമ്പേ എടുത്ത TIMS കാർഡ് ഇപ്പോൾ ഉപയോഗശൂന്യമാണ്. ‘‘നിങ്ങൾ പൈസയും രണ്ട് വീതം ഫോട്ടോയും തരൂ. ഇവിടെ താഴെ ഗ്രാമത്തിലേക്കു കയറുന്ന വഴി ഒരു ചെക്ക് പോസ്റ്റ് ഉണ്ട്. ഞാൻ അവിടെ പോയി പെർമിറ്റ് സംഘടിപ്പിക്കാൻ പറ്റുമോ എന്നു നോക്കിയിട്ടു വരാം. ഉറപ്പില്ല എന്നാലും ശ്രമിക്കാം’’ കൂടെ പോകാമെന്നു പറഞ്ഞിട്ടും ഒറ്റയ്ക്കു തന്നെ അയാൾ പോയി.

ഉച്ചയൂണിനും ദാൽബട്ട് ആണ് എല്ലാവരും തിരഞ്ഞെടുത്തത്. താഴ്്വാരങ്ങളിലെ ഏറ്റവും സുലഭമായ ആഹാരം. ചോറും പരിപ്പു കറിയും, ഉരുളക്കിഴങ്ങു കറിയും പിന്നെ പപ്പടവും. ഭക്ഷണം കഴിച്ചു കഴിഞ്ഞതിന്റെ ആലസ്യത്തിലിരിക്കുമ്പോഴാണ് സന്തോഷവാർത്തയുമായി ദേവൻ വന്നു കയറിയത്. എല്ലാ രേഖകളും കിട്ടി. ഇനി മറ്റു കടമ്പകളൊന്നുമില്ലാതെ നാളെ മല കയറാം!

Everest-(middle-one)

ഹിമാലയത്തിലെ മറ്റേത് മല കയറ്റങ്ങളേയും പോലെ ഇവിടെയും ഏതൊരു സഞ്ചാരിയും ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ഉയരവുമായി ശരീരത്തെ പൊരുത്തപ്പെടുത്തുക (Acclimatization) എന്നുള്ളതാണ്. ഉയരക്കൂടുതലിലേക്കു എളുപ്പം ചാടാതെ ഓരോ ദിവസവും പടിപടിയായി ട്രക്കിങ് ചെയ്തു വേണം ഇത്രയും ഉയരമുള്ള സ്ഥലത്തേക്കു എത്താൻ. അതു ചെയ്യാത്ത പക്ഷം പല ശാരീരിക ബുദ്ധിമുട്ടുകളും (Acute Mountain Sickness -AMS) നേരിടേണ്ടിവരും. തീവ്രമായ തലവേദന, ഛർദി, തലകറക്കം തുടങ്ങിയവയെല്ലാം അതിന്റെ ലക്ഷണങ്ങളാണ്. ആദ്യ ട്രക്കിങ്ങായ ഉത്തരാഖണ്ഡിലെ ഗംഗോത്രി– ഗോമുഖ് യാത്രയിൽ, ഇതേ കുറിച്ചൊന്നും അറിയാതെ ചാടിപ്പുറപ്പെട്ട് ഇതെല്ലാം ഞാൻ വരുത്തി വച്ചതാണ്.

പദ്ധതിപ്രകാരം കാഠ്മണ്ഡുവിൽ നിന്നും യാത്ര തുടങ്ങി സമുദ്രനിരപ്പിൽ നിന്നും 2600 മീറ്ററോളം ഉയരത്തിലുള്ള ഫാക്ടിങ്ങിൽ ഒരു ദിവസം തങ്ങി, ഇന്നലെയോടെ നാമ്ചിയിൽ വന്നു, ഇന്നു ഒരു ദിവസം മുഴുവൻ ഇവിടെ വിശ്രമിച്ച് ഉയരവുമായി ശരീരത്തെ പൊരുത്തപ്പെടുത്തേണ്ടതായിരുന്നു. എന്നാൽ മറിച്ച് ഒറ്റയടിക്കു 3,440 മീറ്ററോളം ഉയരത്തിലാണ് ഞങ്ങൾ ഇന്നെത്തിച്ചേർന്നിരിക്കുന്നത്. അതു കൊണ്ടുതന്നെ AMS വരാതിരിക്കാൻ മുൻകരുതൽ എന്ന നിലയിൽ ഓരോ Diamox ടാബ്ലറ്റും കഴിച്ചു ഒരൽപം വിശ്രമിച്ചു.

വെയിലാറുന്നതിനു മുമ്പേ തന്നെ ദേവന്‍ വീണ്ടും വന്നു. ‘‘ഇന്ന് ഒരു ചെറിയ ട്രക്കിങ് ചെയ്യണം, ഗ്രാമത്തിന്റെ മുകളിൽ വരെ. ഖട്ക നിങ്ങളെ വഴി കാട്ടും.” ഓരോ കുപ്പി വെള്ളവുമായി ഞങ്ങൾ അങ്ങനെ ഖട്കയുടെ പിന്നാലെ നടപ്പു തുടങ്ങി. ഹോട്ടലുകൾ മാത്രമല്ല ട്രക്കിങ്ങിനുവേണ്ട സാധന സാമഗ്രികൾ വിൽക്കുന്ന കടകൾ കൊണ്ടും ഭക്ഷണശാലകൾ കൊണ്ടും തിങ്ങി നിറഞ്ഞതാണ് നാമ്ചി ഗ്രാമം. യാത്രയ്ക്കുവേണ്ട എന്തെങ്കിലും മറന്നുപോയിട്ടുണ്ടെങ്കിൽ അതു വാങ്ങാനുള്ള അവസാന അവസരമാണ് ഇവിടെ. ഏതാനും നിമിഷത്തെ കയറ്റത്തിനൊടുവിൽ ഗ്രാമം മുഴുവൻ ഒരു ക്യാമറ ലെൻസിൽ ഒതുങ്ങി. നാളത്തെ ലക്ഷ്യ സ്ഥാനമായ ‘ടെങ്ബോഷെ’യിലേക്കുള്ള വഴിയിൽ നിന്നും വേർപിരിഞ്ഞു ‍ഞങ്ങൾ കുന്നിന്റെ അരികിലേക്ക് ഖട്കയെ അനുഗമിച്ചു നടപ്പു തുടർന്നു. ഇവിടെ വരെ നാളെ ഒരിക്കൽ കൂടെ നടന്നുവരേണ്ടതുണ്ട്.

കുന്നിന്റെ മുകളിലായി ഒരുവശത്താണ് ഷേര്‍പ്പമ്യൂസിയം. കെട്ടിടത്തിനു മുമ്പിലായി നേപ്പാളിന്റെ യശസ്സ് ലോകത്തെ ആകമാനം അറിയിച്ച വീരനായകൻ ടെന്‍സിംഗ് നോർഗയുടെ വെങ്കല പ്രതിമയുണ്ട്. ഒരുകയ്യിൽ മലകയറ്റത്തിനുപയോഗിക്കുന്ന ചെറിയ മഴുവുമേന്തി പ്രസന്നവാനായി നിൽക്കുന്ന അദ്ദേഹത്തിന്റെ ഈ രൂപം ഇക്കൊല്ലം തന്നെ രണ്ടാമത്തെ തവണയാണ് കാണുന്നത്. ആദ്യ കാഴ്ച 6 മാസങ്ങൾക്കു മുമ്പ്, ഡാർജിലിംഗിലുള്ള ‘ഹിമാലയന്‍ മൗണ്ടനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടി’ലെ അദ്ദേഹത്തിന്റെ ശവകുടീരത്തിനു മുമ്പിൽ വച്ചായിരുന്നു. ജവഹർലാൽ നെഹ്റു 1954 ൽ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആദ്യ ഡയറക്ടർ ശ്രീ നോര്‍ഗയായിരുന്നു.

മ്യൂസിയത്തിന്റെ താഴ്്വാരത്തെ തട്ടുതട്ടുകളായി തിരിച്ചിരിക്കുന്ന ഭൂമിയിൽ കാബേജും, കാരറ്റും കൃഷി ചെയ്തിരിക്കുകയാണ്. സമയം 4 കഴിഞ്ഞതേയുള്ളുവെങ്കിലും സൂര്യൻ മലകൾക്കു പിന്നിലായി കഴിഞ്ഞു, താഴ്്വാരം ആകെ മേഘാവൃതമായി. ഗ്രാമത്തിനു മുകളിൽ നിന്നും വടക്കു കിഴക്കായി നോക്കിയാൽ എവറസ്റ്റ് കൊടുമുടിയുടെ മുകൾഭാഗം കാണാനാകുമെന്നാണ് കേട്ടിരുന്നത്. എന്നാൽ ഇന്നീ കാലാവസ്ഥയിൽ അതിനു തരമില്ല. പർവതാരോഹണത്തിനു വേണ്ട സാധനസാമഗ്രികളും പഴയ എവറസ്റ്റ് പര്യടനത്തിന്റെ ചിത്രങ്ങളും എല്ലാം അടങ്ങിയ ഷേർപ്പ മ്യൂസിയത്തിൽ ഒരൽപ സമയം ചിലവഴിച്ചു ഞങ്ങൾ താഴേക്കു നടന്നു.

‘‘ഇന്ത്യയിൽ എവിടെ നിന്നാണ്?’’ ടെങ്ബോഷ്യയിൽ നിന്നുള്ള വഴിയിലൂടെ ഇറങ്ങി നടന്നുവന്ന സമപ്രായക്കാരന്റേതാണ് ചോദ്യം ‘‘ഞാൻ പിയൂഷ്, ഗുജറാത്തിയാണ്”. ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു. ഇന്ത്യയിൽ നിന്നുള്ള ഒരു NGOയുടെ ജോലിക്കാരനാണ് കക്ഷി. ട്രക്കിങ്ങിലൂടെയും പർവ്വതാരോഹണത്തിലൂടെയും ഒരു പാട് പണം ഈ താഴ്്വാരത്തിനു ലഭിക്കാറുണ്ട്, അതുപോലെ തന്നെ അവർ ഉപേക്ഷിച്ചു പോകുന്ന മാലിന്യങ്ങളും. അപകടകരമാം വിധം ഉയർന്ന ഇത്തരം മാലിന്യങ്ങൾ ശേഖരിച്ചുവച്ച് പ്രദർശന വസ്തുക്കൾ ഉണ്ടാക്കുന്ന ഒരു ആർട്ട് ഗ്യാലറിയുടെ നിർമാണത്തിന്റെ ചുക്കാൻ പിടിക്കലാണ്, പിയൂഷിന്റെ ഇവിടുത്തെ ജോലി. പണി പൂർത്തിയാകുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള  ആർട്ട് ഗ്യാലറിയായി അതു മാറും. രാത്രി വീണ്ടും കണ്ടു മുട്ടാം എന്ന ഉറപ്പു നൽകി ഞങ്ങൾ പിരിഞ്ഞു.

Tenzing-Norgey-statue

ഇരുട്ടു പരക്കുന്നതിനേക്കാൾ വേഗത്തിൽ താഴ് വാരത്തെ തണുപ്പു വരിഞ്ഞ് മുറുക്കുകയാണ്. ഒറ്റയടിക്ക് നാമ്ചി ബസാർ എത്തിയതിനാൽ ഉയരത്തോടു മാത്രമല്ല, തുളച്ചു കയറുന്ന ഈ തണുപ്പിനോടും ഞങ്ങൾ പൊരുത്തപ്പെടേണ്ടി ഇരിക്കുന്നു. തണുപ്പിന്റെ ആലസ്യത്തിൽ ഭക്ഷണമുറിയിലെ നെരിപ്പോടിൽ നിന്നും ചൂട് കാഞ്ഞു കൊണ്ട് എല്ലാവരും വിശ്രമിക്കുകയാണ്. എന്നാൽ തനിയെ ഒരു റോന്തു ചുറ്റിയിട്ടു വരാം എന്നു കരുതി ഞാൻ പുറത്തിറങ്ങി.

കച്ചവട സ്ഥാപനങ്ങളെല്ലാം അടച്ചു തുടങ്ങി ഏതാനും ATMമെഷീനുകൾ ഗ്രാമത്തിലുണ്ട്. എന്നാൽ ഇന്ത്യൻ ബാങ്കുകളുടെ കാർഡുകളൊന്നും അതിൽ പ്രവർത്തിക്കുകയില്ല. അങ്ങ് കാഠ്മണ്ഡുവിലുള്ള SBI എടിഎമ്മുകളാണ് നമ്മൾ ഇന്ത്യാക്കാർക്കുള്ള ഏക ശരണം. അതിനാൽ ആവശ്യത്തിന് പൈസ എടുത്തിട്ടു വേണം കാഠ്മണ്ഡുവില്‍ നിന്നും തിരിക്കാൻ. ഒരു ദിവസം 2000 മുതൽ 3000 നേപ്പാളി രൂപ വരെ ചിലവിടേണ്ടി വരുമെന്ന് മുൻ പരിചയത്തിൽ നിന്നും മനസ്സിലാക്കിയതാണ്. യാത്ര തുടങ്ങുന്നതിന്റേയും അവസാനിക്കുന്നതിന്റെയും ആഘോഷങ്ങളാൽ നിറഞ്ഞിരിക്കുകയാണ് ഓരോ ഭക്ഷണശാലകളും. മുന്തിയ ഇനം മദ്യവും, പിസയും പാസ്റ്റയും ഉൾപ്പെടെയുള്ള യൂറോപ്യൻ ഭക്ഷണങ്ങളെല്ലാം ഇവിടെ ലഭ്യമാണ്. വഴിയരികിലെ ‘ഐറിഷ് പമ്പിൽ’ നിന്നും ഒരാൾ എന്നെ നോക്കി കൈവീശുകയാണ്, പിയൂഷാണ്.

‘‘ഞാൻ എന്റെ ലാപ്ടോപ്പ് എടുത്തിട്ടു വരാം. ഞങ്ങളുടെ ഗ്യാലറിയുടെ നിർമാണ ചിത്രങ്ങൾ കാട്ടിത്തരാം.’’ അതുമായി ഞങ്ങൾ രണ്ടു പേരും ഹോട്ടലിൽ പ്രവേശിച്ചു. മറ്റു നാലു പേരും ഇരുന്നിടത്തു നിന്നു അനങ്ങിയ ലക്ഷണമില്ല.

തൊട്ടടുത്തായി ഒരു വലിയ യൂറോപ്യൻ സംഘം തങ്ങളുടെ യാത്രയുടെ പര്യവസാനം ആഘോഷിക്കുകയാണ്. കൂട്ടത്തിൽ ഒരു പാക്കിസ്ഥാനിയുമുണ്ട്, എജെ എന്ന് സ്വയം പരിചയപ്പെടുത്തിയ അഹമ്മദ് ജാവേദ്. ഞങ്ങളുടെ കഥകേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു. ‘‘സത്യത്തിൽ നിങ്ങൾ ഭാഗ്യവാന്മാരാണ്. ഫാക്ടിങ്ങിൽ നിന്നും നാമ്ചിയിലേക്കുള്ള കയറ്റമാണ് ഈ യാത്രയിലെ ഏറ്റവും കഠിനം. വഴിമുഴുവനും പടികളാണ്.’’ പൈസ കുറച്ചു ചിലവായെങ്കിലും ഒരു വലിയ കടമ്പ എളുപ്പം കടന്നതിന്റെ സന്തോഷം ഞങ്ങളിൽ എല്ലാവരിലും ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു. ‘‘എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രമായി നിങ്ങൾ യാത്ര ചുരുക്കരുത്, പിറ്റേദിവസം കാലാപത്തർ പോകണം. എവറസ്റ്റിന്റെ ഏറ്റവും നല്ല ദൃശ്യം അവിടെ നിന്നാണ്’’.

ഒടുവിൽ അത്താഴമെത്തി. യാക്ക് സ്റ്റേകും ഫ്രൈഡ് റൈസുമാണ് ഞാനും പ്രണവും പറഞ്ഞിരുന്നത്. ഒരു കഷണം രുചിച്ചു കൊണ്ട് ദേവൻ പറഞ്ഞു, ‘‘കൊള്ളാം നല്ല രുചി, ഇതെല്ലാം ഇന്ത്യയിൽ നിന്നും വരുന്ന ബീഫാണ്!’’

അത്താഴശേഷം, പുതുതായി പരിചയപ്പെട്ട സുഹൃത്തുക്കളോടു യാത്ര പറഞ്ഞു എല്ലാവരും മുറികളിലേക്കു തിരിച്ചു. എന്തായാലും കാലാപത്തർ പോകണമെന്ന് ദൃഢനിശ്ചയമെടുത്തു.