നിഗൂഢതകള്‍ ഒളിപ്പിച്ച് ആത്മാക്കളെ ആരാധിക്കുന്നവർ

കാടും മലയും തങ്ങളുടെ ജീവിതതിന്റെ ഭാഗമായി കരുതുന്ന, കാടിന്റെ മക്കൾ നിരവധിയുള്ള നാടാണ് നമ്മുടേത്. ആധുനിക മനുഷ്യന്റെ അറിവും സാങ്കേതിക വിദ്യയുമൊന്നും കൈവശമില്ലെങ്കിലും മണ്ണും മരവും സംരക്ഷിക്കുന്നതിൽ ആദിവാസികൾ എന്ന് നാം പേരിട്ടു വിളിക്കുന്ന അവരോളം ശ്രദ്ധപുലർത്തുന്നവർ വേറെയില്ലെന്നു  തന്നെ പറയാം. രണ്ടായിരത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ശ്രീലങ്കയിലെ ഒരു ആദിമനിവാസി വിഭാഗമാണ് വെദ്ധ. പഴയ പാരമ്പര്യത്തെ അതേപടി കാത്തുസൂക്ഷിക്കുന്ന ആ ഗോത്രത്തെ അടുത്തറിയാനായി അവർക്കടുത്തേക്കു യാത്രകൾ സംഘടിപ്പിക്കപ്പെടുന്നുണ്ട് ഇപ്പോൾ. ശ്രീലങ്കയിലെ കാന്റിയിൽ നിന്നാണ് ആ യാത്രകളുടെ തുടക്കം. 

ശ്രീലങ്ക ഇന്ത്യയിൽ നിന്നും വിഭജിച്ചു പോകുന്നതിനു  മുൻപ് തന്നെ അവിടെ വസിച്ചിരുന്ന ആദിമ വിഭാഗമായിരുന്നു വെദ്ധ വംശജർ. അഞ്ചടി മാത്രം ഉയരമുള്ള  ഇവർ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരുമാണ്. തങ്ങളുടെ പാരമ്പര്യവും സംസ്ക്കാരവും അതേപടി കാത്തുസൂക്ഷിക്കുന്ന വെദ്ധാക്കൾ, ഇപ്പോഴും വേട്ടയാടിയും പഴങ്ങൾ ഭക്ഷിച്ചും ആത്മാക്കളെ ആരാധിച്ചും തന്നെയാണ് കഴിഞ്ഞുപോരുന്നത്.  സിംഹളഭാഷയും തമിഴും വെദ്ധാക്കൾ നന്നായി സംസാരിക്കും.

vedda hut

സിംഹളരാജ്യത്തിന്റെ സ്ഥാപകൻ എന്നറിയപ്പടുന്നത് വിജയ എന്ന രാജാവാണ്. ഇന്ത്യയിൽ നിന്ന് വിജയ രാജാവും സംഘവും ശ്രീലങ്കയിൽ എത്തുമ്പോൾ, അന്നവിടെ ഉണ്ടായിരുന്ന ആദിമ ജനവിഭാഗമായിരുന്നു വെദ്ധാക്കൾ. വിജയ രാജാവ് അവിടുത്തെ ഒരു രാജകുമാരിയെ വിവാഹം കഴിക്കുകയും യാക്ക എന്ന ഗോത്രവർഗവുമായി ചേർന്ന് ഭരണം നടത്തുകയും ചെയ്തു. 

വെദ്ധാക്കളുടെ ആരാധനയും വിശ്വാസവുമെല്ലാം തികച്ചും വേറിട്ട രീതിയിലുള്ളതാണ്. മരണപ്പെട്ട പൂർവികരെയും സർവ്വചരാചരങ്ങളിലും കുടികൊള്ളുന്ന ആത്മാവിനെയുമൊക്കെയാണ് ഇവർ ആരാധിക്കുന്നത്. എന്നാൽ ഇന്ന് ആരാധനാരീതികളിൽ അല്‍പം വ്യത്യാസങ്ങളൊക്കെ  വന്നിട്ടുണ്ട്.  വെദ്ധാക്കളുടെ വിശ്വാസപ്രകാരം സ്കന്ദ ദേവൻ വിവാഹം ചെയ്തിരിക്കുന്നത് വെദ്ധാഗോത്രത്തിൽ നിന്നാണ്. അതുകൊണ്ടു തന്നെ സ്കന്ദനെ ആരാധിക്കുന്നതിനായി കാട്ടരാകാമ എന്ന പേരിൽ ഒരു ക്ഷേത്രവും ആരാധനയുമൊക്കെ അവിടെ നിലനിക്കുന്നുണ്ട്. 

vedda hut

വെദ്ധാക്കളുടെ ഗ്രാമത്തിലേക്കുള്ള യാത്രകൾ ഏറെ കൗതുകകരമാണ്.  പുല്ലുകൾ മേഞ്ഞ കുടിലുകളിലാണ് അവർ താമസിക്കുന്നത്. അവരുടെ ആരാധനയും നൃത്തവും പാരമ്പര്യവുമെല്ലാം അവിടെ നിന്ന് അറിയാനും ആസ്വദിക്കാനും കഴിയുന്നതാണ്. ഗോത്രത്തലവൻ തങ്ങൾക്കു പാരമ്പര്യമായി പകർന്നുകിട്ടിയ അറിവുകളെ ക്കുറിച്ചും നാട്ടുവൈദ്യത്തെക്കുറിച്ചും അവരുടെ സംസ്കാരത്തെക്കുറിച്ചുമെല്ലാം വിവരിച്ചു തരുകയും ചെയ്യും. 

ഈ  ഗ്രാമങ്ങൾ സന്ദർശിക്കുന്നത് ഇന്നും നിലനിൽക്കുന്നതിൽ ഏറ്റവും പഴക്കമേറിയ ആദിമഗോത്രത്തെക്കുറിച്ചു വലിയ തോതിലുള്ള അറിവുകൾ നേടുന്നതിന് സഹായകരമാണ്. അവരുടെ പാരമ്പര്യവും നാട്ടറിവുകളുമെല്ലാം പുറംലോകത്തെത്തിക്കുന്നതിനു വേണ്ടിയാണ്  ഈ ഗ്രാമങ്ങളിലേക്ക് ഇപ്പോൾ സന്ദർശകരെ  അനുവദിക്കുന്നത്.