ടെൻഷനടിച്ച വനയാത്ര; നടി ശ്രിയ രമേശിന്റെ യാത്രാക്കുറിപ്പ്

മുൻനിര ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും സഞ്ചരിക്കുന്ന ശ്രിയ രമേശ് എന്ന അഭിനേത്രി യാത്രകളെ പ്രണയിക്കുന്ന താരം കൂടിയാണ്. ഷൂട്ടിങ് തിരക്കുകളിൽ നിന്നും വീണുകിട്ടുന്ന അവസരങ്ങളിൽ കുടുംബവുമൊത്ത് യാത്ര പോകുവാനാണ് ശ്രിയക്കേറെ ഇഷ്ടം. തിരക്കുപിടിച്ച ജീവിതത്തിൽ നിന്നും  യാത്ര നൽകുന്ന ഊർജവും ആശ്വാസവും ആസ്വാദനവുമൊക്കെ എത്രത്തോളമാണെന്നും ഒപ്പം യാത്രാവിശേഷങ്ങളും ശ്രിയ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുന്നു.

ശ്രിയയുടെ യാത്രാക്കുറിപ്പ്

യാത്രകൾ പുതിയ അനുഭവങ്ങളും കാഴ്ചകളും മാത്രമല്ല നൽകുന്നത് മനസ്സിന്റെ ഉള്ളിൽ കുട്ടിക്കാലം മുതൽ കേട്ടതും സിനിമകളിലൂടെ മനസ്സിൽ ഇടം നേടിയതും  വായനയിലൂടെയുമെല്ലാം കാത്തു സൂക്ഷിച്ചു വച്ച പലതിനെയും ഓർമ്മിപ്പിക്കുന്നതുകൂടിയാണ്. ജീവിതത്തിന്റെ തിരക്കിനിടയിൽ നാം പലപ്പോഴും കുടുംബവുമൊത്തുള്ള യാത്രകൾക്ക് പലപ്പോഴും സമയം കണ്ടെത്താറില്ല. അനാവശ്യ ചിലവെന്ന് കരുതുന്നവരും ഇക്കൂട്ടത്തിലുണ്ട്. യാത്രകൾ എപ്പോഴും ഹരം പിടിപ്പിക്കുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്. നമ്മുടെമാത്രമല്ല കുട്ടികളുടേയും ജീവിതത്തിലെ മുതൽക്കൂട്ടാണ് ഒാരോ യാത്രകളും.

കുടുംബസമേതം ഏഴു ദിവസത്തെ യാത്രയിൽ രാമേശ്വരം, ധനുഷ്ക്കോടി, തിരുനെല്ലാർ, പോണ്ടിച്ചേറി ,ട്രിച്ചി, തിരുപ്പൂർ, പഴനി, ഊട്ടി അങ്ങനെ വ്യത്യസ്ഥമായ സ്ഥലങ്ങളിലൂടെയാണ് കടന്നു പോയത്. കണ്ടു പഠിക്കാനും ആസ്വദിക്കാനുമൊക്കെയായി ഒരുപാട് സ്ഥലങ്ങൾ ഉണ്ടായിരുന്നു. ഒരുപാട് പേർക്ക് പ്രചോദനമായ വാക്കുകളും പിന്തുണയും നൽകിയ വ്യക്തി, മരണാനന്തരവും തന്റെ വാക്കുകളാൽ ഊർജ്ജം പകർന്നുകൊണ്ടിരിക്കുന്ന ഡോ.കലാം സാറിന്റെ വീട് കാണാൻ സാധിച്ചു. യാത്രയിൽ ഏറെ ആകർഷിച്ചത് പാമ്പൻപാലമായിരുന്നു. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഉപ്പുപാടങ്ങളുമൊക്കെ പുതുമയാർന്ന കാഴ്ചയായിരുന്നു. പിന്നീടുള്ള കാഴ്ചകൾ ഉൗട്ടിക്ക് സ്വന്തമായിരുന്നു.

ഊട്ടി എന്ന് കേട്ടാൽ ചുവന്ന ഷാൾ പുതച്ച് ചൂളമരങ്ങൾക്കിടയിലൂടെ ഓടുന്ന ലാലേട്ടന്റെ ഗാന രംഗങ്ങളാണ് മനസ്സിൽ ആദ്യം എത്തുക. ഇത്തവണത്തെ യാത്രയിലും ചിത്രത്തിലേയും കിലുക്കത്തിലേയും കഥാപാത്രങ്ങളെ  കണ്ണുകൾ തിരയും, അവരെ എവിടെയെങ്കിലും കണ്ടുമുട്ടുമോ എന്ന് തോന്നും. ചെറിയ ടീഷോപ്പുകൾ കാണുമ്പോൾ ലോട്ടറി ടിക്കറ്റ് നമ്പർ നോക്കുന്ന കിട്ടുണ്ണിയെയും, ക്യാമറയുമായി വെൽകം ടു ഊട്ടി എന്ന് പറയുന്ന നിശ്ചലിനെയും, ജോജിയെയും, മരുതിനെയുമൊക്കെ ഒാർമയില്‍ എത്തും. പ്രിയദർശൻ സാർ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ മറക്കാനാകുമോ? 

മൂന്നാം ദിവസമായിരുന്നു ഞങ്ങൾ ഊട്ടിയിലെത്തിയത്. രാമേശ്വരത്തെയും മറ്റും വരണ്ട കാറ്റിൽ നിന്നും എയർകണ്ടീഷൻ ചെയ്തു ഹരിതാഭമായ ഒരിടത്തേക്ക് അതെ പ്രകൃതി ഒരുക്കിയ അദ്ഭുതം തന്നെയാണ് മൂന്നാറും ഊട്ടിയുമെല്ലാം. വൈകിയെത്തിയതിനൽ അന്നേ ദിവസം  കാഴ്ചകൾ കാണാൻ സാധിച്ചില്ല. പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റു. കോടയും ചാറ്റൽ മഴയും ചേർന്ന തണുപ്പിന്റെ ലഹരിയെ ചൂടുപിടിപ്പിക്കാൻ ഊട്ടിയുടെ സ്പെഷ്യൽ തേയിലപ്പൊടി ചേർത്ത ചൂടു ചായ ഊതിക്കുടിച്ചപ്പോൾ ഉന്മേഷം പതിന്മടങ്ങായി.

മുമ്പും ഊട്ടിയിൽ വന്നിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും കൂനൂരിലേക്കുള്ള ട്രെയിൻ യാത്ര ആസ്വദിക്കുവാൻ കഴിഞ്ഞില്ല. ഇത്തവണ സാധിച്ചെടുത്തു. അറിയാതെ സമ്മർ ഇൻ ബദ്‌ലഹേമിലെ ദൃശ്യങ്ങളും ഷാരൂഖ് ഖാൻ ട്രെയിനിനു മുകളിലൂടെ ആടിപ്പാടി സഞ്ചരിച്ച ചയ്യ ചയ്യ എന്ന ഗാനത്തിന്റെ ഈരടികളും മനസ്സിലേക്ക് കടന്നെത്തി. ട്രെയിൻ യാത്ര പ്രതീക്ഷിച്ചതിലും ഗംഭീരമായിരുന്നു. മനസ്സിനും ശരീരത്തിനും സന്തോഷവും ഉന്മേഷവും പകരുന്ന ഹരിതാഭമായ കാഴ്ചകൾ.

മടങ്ങിവരുമ്പോൾ ലൗ ഡേൽ സ്റ്റേഷനിൽ ട്രെയിൻ കുറേ നേരം നിർത്തിയിട്ടു. ഒരു കുടപിടിച്ച് കിലുക്കത്തിലെ രേവതിചേച്ചിയെ അനുകരിച്ചുകൊണ്ട് ഫോട്ടോ എടുത്തു. ലേക്കിൽ ഒരു ബോട്ട് യാത്രയും കുതിര സവാരിയും ഊട്ടി യാത്രയിലെ ഒഴിച്ചുകൂടാനാകാത്ത ചടങ്ങാണല്ലൊ. അതു കഴിഞ്ഞു അഞ്ചുമണിയോടെ ഡോഡ ബേട്ട പീക്കിലേക്ക് യാത്ര തുടർന്നു. ഒരു ഫാക്ടറിയിൽ കയറി ചായപ്പൊടിയും ചോക്ലേറ്റും നിർമ്മിക്കുന്നത് കണ്ടു. നേരം സന്ധ്യയോടടുക്കുന്നു. സായാഹ്നം കാഴ്ചകൾ ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾ പ്രകൃതി തണുപ്പിന്റെ കമ്പളം മൂടി. സുഖമുള്ള കാഴ്ചയായിരുന്നു ഉൗട്ടി സമ്മാനിച്ചത്.

മുതുമലൈ

മുതുമലൈ എന്ന് കേട്ടിട്ടുണ്ടെങ്കിലും ചിത്രങ്ങളിലും യാത്രാവിവരണങ്ങളിലും കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് അങ്ങോട്ടേക്കൊരു യാത്ര. കാട്ടുപോത്തും ആനയും കരടിയുമെല്ലാം വിഹരിക്കുന്ന കൊടും വനത്തിലൂടെയുള്ള യാത്ര ത്രില്ലിംഗ് ആണെങ്കിലും അൽപം ഭയം ഇല്ലാതിരുന്നില്ല.  ഹെയർപിന്നു വളവുകളിൽ ആനയോ കാട്ടുപോത്തോ ഉണ്ടാകുമോ എന്ന് ആകാംഷ നിറഞ്ഞ ഭയം. ആദ്യം കാഴ്ചയിൽ പെട്ടത് മാനുകളായിരുന്നു, പിന്നെ മയിലും മറ്റു ചില പക്ഷികളും. മുതുമലൈ എത്തി അവിടെ ഒരു ആദിവാസി കാന്റീൻ ഉണ്ട്. നഗരത്തിലെ മനം മടുപ്പിക്കുന്ന രുചിക്കൂട്ടുകൾ ഇല്ലാത്ത നല്ല നാടൻ ഭക്ഷണം. രുചിയൂറും ഭക്ഷണം ആസ്വദിച്ചു കഴിച്ചു.

ശേഷം  ജിപ്സിയിൽ സഫാരിയും നടത്തി. വീണ്ടും ആനക്കൂട്ടങ്ങളും മാനുകളൂം പക്ഷികളും കുരങ്ങുകളുമെല്ലാം കാഴ്ചയ്ക്ക് വിരുന്നൊരുക്കി. ഇടക്ക് ചിലത് വാഹനത്തിനടുത്തേക്ക് വന്നെങ്കിലും പേടിക്കണ്ട അവ ഉപദ്രവിക്കില്ലയെന്നു ഡ്രൈവർ പറഞ്ഞു. കാടിന്റെ സ്വാതന്ത്യത്തിൽ വിഹരിക്കുന്ന മൃഗങ്ങളെ കണ്ടുകൊണ്ടുള്ള സഫാരിയുടെ സുഖം ഒന്ന് വേറെയാണ്. മൃഗശാലകളിലെ കൂട്ടിൽ ദുസ്സഹമായ ജീവിതം നയിച്ച് ചത്തൊടുങ്ങുന്ന അനേകം സാധു മൃഗങ്ങളോട് സഹതാപം തോന്നി. വിസ്തൃതമായ വനങ്ങളുള്ള നമ്മൾ അല്പം ഒന്ന് മനസ്സുവച്ചാൽ ഇത്തരത്തിൽ തുറന്നിട്ട സാഹചര്യത്തിൽ അവയെ ജീവിക്കുവാൻ അനുവദിക്കുകയും ഒപ്പം നമുക്ക് കണ്ട് ആസ്വദിക്കുവാൻ സാധിക്കുകയും ചെയ്തുകൂടെ എന്ന് ആലോചിക്കാതിരുന്നില്ല. മനം നിറയെ വന്യതയുടെ കാഴ്ചകൾ നിറച്ച് തിരിച്ച് വീണ്ടും ഊട്ടിക്ക് മടങ്ങി.

ബൈക്കെട്ടി, മുള്ളി, താവളം, അട്ടപ്പാടി, സൈലന്റ് വാലി വഴി മണ്ണാർക്കാട്ടെക്കുള്ള പിറ്റേന്നത്തെ യാത്ര ജീവിതത്തിൽ ഒരിക്കലും മറക്കില്ല. ഇത്തരത്തിൽ ഒരു റോഡിലൂടെ അതും വാഹനങ്ങളോ ആളുകളോ ഇല്ലാതെ കാടിനു നടുവിലൂടെ ഭയവും ഒപ്പം റിസ്കും നിറഞ്ഞ ഒരു യാത്ര. കൊടും വനത്തിൽ നിരവധി ഹെയർപിന്നുകൾ നിറഞ്ഞ ആ വഴിയിൽ അപൂർവ്വമായി ചിലർ ബൈക്കുകളിൽ പോകുന്നത് കണ്ടു. ആനകളുടെ ചിന്നം വിളികൾ, വഴിമുടക്കി നിൽക്കുന്ന കാട്ടു പോത്തുകൾ പലപ്പോഴും വാഹനം നിർത്തിയ്യിടേണ്ടിവന്നു. ഇതെല്ലാം ചേർന്നപ്പോൾ പാതിവഴിയിൽ തിരിച്ചു പോയാലോ എന്ന് പലതവണ ആലോചിച്ചു. എന്നാൽ ഒപ്പമുണ്ടായിരുന്ന കുടുംബത്തിനു യാതൊരു കുലുക്കവുമില്ല അവർ ഒക്കെ പുതു അനുഭവം പകർന്ന ത്രില്ലിലാണ്. ഞാനകട്ടെ ആനയാണൊ മാവോയിസ്റ്റുകളാണോ കാട്ടുപോത്താണോ ആക്രമിക്കുക എന്ന ചിന്തയിൽ ചില ഹൊറർ സിനിമകളിൽ ഇത്തരം സ്ഥലത്ത് പെട്ടു പോകുന്നവരുടെ ഒരു അവസ്ഥയിലും.

പോകുന്ന വഴിയിൽ ഒരിടത്ത് ഡാം ഉണ്ട്. തമിഴ്നാട് സ്പെഷ്യൽ പോലീസിന്റെ ചെക്ക് പോസ്റ്റുണ്ടായിരുന്നു അവിടെ. മാവോയിസ്റ്റ് സാന്നിധ്യം ഉള്ളതിനാൽ കുടുംബസമേതം പോകുവാൻ പറ്റിയതല്ല ഈ വഴിയെന്ന് അവർ മുന്നറിയിപ്പ് നൽകി. അട്ടപ്പാടിയിൽ എത്തിയപ്പോഴാണ് ഒന്ന് ശ്വാസം വീണത്. അപ്പോഴേക്കും ഞങ്ങളെല്ലാം ക്ഷീണിച്ചിരുന്നു. കേരള ബോർഡർ എത്തിയപ്പോൾ കുറേ മാവിൻ തോപ്പുകൾ. വഴിയരികിലെ ചെറിയ കടയിൽ ഉപ്പും പച്ചമാങ്ങയും ചെറിയ ഉള്ളിയും പച്ചമുളകും വിൽക്കാൻ വച്ചിരിക്കുന്നു. വാങ്ങി കഴിച്ചുനല്ല രുചി.

യാത്രയിൽ നേരത്തെ നിശ്ചയിച്ചിരുന്നതല്ലെങ്കിലും വനത്തിനുള്ളിലൂടെയുള്ള യാത്രയിൽ മണിക്കൂറുകളിൽ അനുഭവിച്ച ടെൻഷൻ തീർക്കാൻ, അപകടങ്ങൾ ഒന്നും വരുത്തിയില്ലല്ലോ എന്നതിനു നന്ദി പറയുവാൻ നേരെ ഗുരുവായൂരിലേക്ക്. ഭഗവാനെ തൊഴുതു വീണ്ടും ശ്രീപത്മനാഭന്റെ മണ്ണിലേക്ക് മടങ്ങിയെത്തി. തിരക്കും പൊടിയും ബഹളങ്ങളും നിറഞ്ഞ നഗരജീവിതത്തിന്റെ ഇടയിൽ നിന്നും ഇടക്ക് ഒരു യാത്ര എത്രമാത്രം ഊർജ്ജവും ആശ്വാസവുമാണെന്ന് അനുഭവിച്ചുതന്നെ അറിയേണ്ടതാണ്.