എവറസ്റ്റിന്റെ ആദ്യദർശനം-വിഡിയോ കാണാം

ഒക്ടോബർ 26 ‘‘നിനക്ക് എവറസ്റ്റ് കാണണോ? ഇവിടേയ്ക്കു വാ’’ ദേവന്റെ ചോദ്യം കേട്ട് കാലത്തെ പല്ലുതേപ്പിനിടെ ഞാൻ ഒരല്പം പേസ്റ്റ് വിഴുങ്ങി! ലോഡ്ജിനു പുറകിലായുള്ള മരത്തിനു ഇടതുഭാഗത്ത് ചെന്ന് നിന്ന് അയാൾ ദൂരേക്കു കൈ ചൂണ്ടി പറഞ്ഞു  ‘‘ദാ ആക്കാണുന്ന മലനിരയുടെ നടുക്കു നിൽക്കുന്നതാണ് എവറസ്റ്റ്. വലത് വശത്തുള്ളത് ലോഹ്ട്സെ’’‌ ദൂരെ കാണുന്ന ആ മലനിരകളിലേക്കു ഞാൻ അല്പ സമയം കണ്ണിമവെട്ടാതെ നോക്കി നിന്നു. എടുത്തു പറയത്തക്ക പ്രത്യേകതകളൊന്നുമില്ല. പക്ഷെ, ആ പേര് – എവറസ്റ്റ്, ഈ ദൃശ്യത്തിനു പകിട്ടു പകരാൻ അതുതന്നെ ധാരാളം. ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയാണ് എന്റെ കണ്ണിൻ മുമ്പിൽ. ഇരുപതാം നൂറ്റാണ്ടിലെ ഒരു വലിയ നാഴിക കല്ലിനു സാക്ഷ്യം വഹിച്ച ആ ശിഖരത്തിന്റെ അറ്റം പ്രഭാത സൂര്യന്റെ പൊൻകിരണങ്ങളേറ്റു വെട്ടിതിളങ്ങുന്നു. എനിക്ക് തോന്നുന്നു, എപ്രകാരമാണോ ‘മൊണാലിസ’ മറ്റു ചിത്രങ്ങൾക്കു മുമ്പിൽ, അതുപോലെ തന്നെയാണ് എവറസ്റ്റ് ലോകത്തിലെ കൊടുമുടികളുടെ കൂട്ടത്തിൽ.

  ആ പ്രശസ്തി, ആവേശം , വിസ്മയം. പക്ഷെ കാവ്യാത്മകമായ ഈ വർണനകളൊന്നും കാര്യങ്ങൾ എളുപ്പമാക്കില്ല. ആ പർവ്വതത്തിന്റെ അരികിലെത്താൻ ഒരുപാടു കാതങ്ങൾ ഞങ്ങൾ താണ്ടേണ്ടിയിരിക്കുന്നു. 

തലേന്നതിനു വിപരീതമായി എല്ലാവരും സമയത്തു തയാറായി വന്നത് ദേവനെ സന്തോഷിപ്പിച്ചട്ടുണ്ട്. ടെങ്ബോഷെ ഗ്രാമത്തിൽ നിന്നും കുത്തനെയുള്ള ഇറക്കമാണ് ആദ്യം തന്നെ. ഇത് ഒരു പുഴ മറികടക്കുവാൻ ആയിരിക്കും. ട്രെക്കിങ്ങിൽ എനിക്ക് ഏറ്റവും മുഴിച്ചിലുള്ള കാര്യമാണ് ഈ ഏർപ്പാട്. മലയുടെ മുകളിൽ നിന്നും കുത്തനെയുള്ള ഇറക്കം ഇറങ്ങി അടിവാരത്തെത്തി പുഴ കടക്കണം, എന്നിട്ടോ, ഇക്കണ്ട ഉയരമത്രയും മറുകരയിൽ ചെന്നു കയറണം. എന്തായാലും ഇതു ചെയ്യാതെ ഇവിടെ വേറെ നിവൃത്തിയില്ല. കാലത്തെ പെയ്ത മഞ്ഞിൽ നനഞ്ഞു കുഴഞ്ഞു കിടക്കുന്ന മണ്ണിൽ കൂടെയുള്ള ഇറക്കം ഇന്നലത്തെ കയറ്റത്തേക്കാൾ അധ്വാനിപ്പിക്കുന്നതാണ്. 

Trekking-towards-Dingboche

ശിശിരത്തെ  എതിരേൽക്കുവാനായി ‘സാഗരമാതാ നാഷണൽ പാർക്കി’ലെ മരങ്ങളെല്ലാം ഇല പൊഴിച്ചു തുടങ്ങിയിരിക്കുന്നു. യാത്രയിൽ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരമായ ഭൂപ്രദേശത്തു കൂടിയാണ് ഇപ്പോളത്തെ സഞ്ചാരം. ഇന്നലത്തെ കയറ്റത്തിൽ ടെങ്ബോഷെ ഗ്രാമത്തിനു പുറകിലായി മറഞ്ഞ മലനിരകളെല്ലാം ഇപ്പോള്‍ തിരിച്ചെത്തി, ആ കൂട്ടത്തിൽ അമാദബലവുമുണ്ട്. 

കയറ്റമിറങ്ങിച്ചെന്ന ‘ഡെബോഷെ’ എന്ന ചെറുഗ്രാമത്തിന്റെപേര് ചെറിയ ഒരു ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. കാരണം ഞങ്ങളുടെ ഇന്നത്തെ ലക്ഷ്യസ്ഥാനത്തിന്റെ പേര്  ‘ഡിങ്ബോഷെ’ യെന്നാണ്. 

ഗ്രാമം കഴിഞ്ഞ് ഏതാനും നിമിഷങ്ങൾക്കകം ഞാൻ പ്രതീക്ഷി ച്ച പാലം എത്തി. പക്ഷെ ഇന്ന് ഞങ്ങൾക്കു കടക്കേണ്ടത് ഇന്നലെ കണ്ട  ദൂത്കോശിയല്ല. ഇത് ‘ഇമ്ജിഘോല’, ദൂത്കോശിയുടെ പോഷകനദി. ഇവരുടെ സമാഗമം ടെങ്ബോഷെയുടെ പുറകിലെ മലയിടുക്കുകളിലെവിടെയോ ആണ്. നന്നേ ഇടുങ്ങിയ മലനിരക്കുകളിലൂടെയുള്ള ഇമ്ജിഘോലയുടെ വരവു കണ്ടാൽ അണക്കെട്ടിൽ നിന്നും വരുന്ന ഒരു കനാലിനെ അനുസ്മരിപ്പിക്കും. ദൂരെ ഒരു ഭീമാകാരമായ വെള്ളമതിലു പോലെ നിൽക്കുന്ന ലോഹ്ട്സെയുടെ ദൃശ്യം ഈ ഉപമയെ സാധൂകരിക്കുന്നു. 

ലോഹ്ടെസെ– സത്യത്തിൽ ഇതൊരു ഭാഗ്യമില്ലാത്ത കൊടുമുടിയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നാലാമത്തെ പർവതം, എവറസ്റ്റിനെ അപേക്ഷിച്ച് വെറും 300 മീറ്ററോളം മാത്രം പൊക്കക്കുറവ്, ഉയരത്തിന്റെ കാര്യത്തിൽ K2 വും  കാഞ്ചൻജംഗയും മാത്രമേ ഇവർക്കിടയിലുള്ളൂ. പക്ഷെ, സാക്ഷാൽ എവറസ്റ്റ് തൊട്ടടുത്തു നില്‍ക്കുമ്പോൾ ആരെങ്കിലും കൂട്ടത്തിലെ മറ്റുള്ളവരുടെ വലിപ്പം ശ്രദ്ധിക്കുമോ! സത്യത്തിൽ ഇന്നലെ നാമ്ചി ബസാറു മുതൽക്കേ ഞാൻ ശിഖിരത്തെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷെ ഇന്ന് കാലത്തെ ദേവൻ പറയുമ്പോളാണ് ഞാൻ ഈ പേര് ആദ്യമായി കേൾക്കുന്നതും ഇതിന്റെ വലിപ്പത്തെക്കുറിച്ച് അറിയുന്നതും. 

Near-Dingboche

എന്തായാലും ഇന്നത്തെ നടത്തം മുഴുവൻ ലോഹ്ടെയുടെ നിരീക്ഷണത്തിലാണ്. 

തലേന്നേതു പോലെയല്ല  ഇന്ന് കാഴ്ചകളൊക്കെ കണ്ട് ചിത്രങ്ങളും പകര്‍ത്തി പതുക്കെയാണ് പാലം കടന്നത്. ലോഹ്ട്സെ പശ്ചാത്തലമാക്കി സെൽഫി എടുക്കുന്നതിനിടെ തന്റെ ഉയരങ്ങളോടുള്ള പേടി പ്രണവ് പാടെ മറന്നു! പാലം കടന്ന് മറുകരയെത്തിയതോടെ ഭൂപ്രകൃതി പാടെ മാറി. അക്കരെ കണ്ട പച്ചപ്പൊന്നും ഇവിടെയില്ല. ചൂടുകൂടി  വരുന്ന ഈ പാതകളിൽ വിശ്രമിക്കാൻ തണൽ മരങ്ങൾ നന്നേ കുറവ്, മലയിടുക്കുകളിലൂടെ വരുന്ന കുളിർ കാറ്റാണ് ഏക ആശ്വാസം. എന്തായാലും ഇവിടെ നിന്ന് അമാദബലത്തെ കുറച്ചു കൂടി നന്നായി കാണാം. ഉച്ച സൂര്യന്റെ വെയിലേറ്റ് തിളങ്ങുന്ന അതിന്റെ മഞ്ഞ് തൊപ്പിയിലേക്കു പക്ഷെ ഇപ്പോൾ അധികനേരം നോക്കി നിൽക്കുന്നത് അഭികാമ്യമല്ല.

സമുദ്രനിരപ്പിൽ നിന്നും 4000 മീറ്റർ ഉയരത്തിലുള്ള ‘സൊമാരെ’ ഗ്രാമത്തിൽ നിന്നും ഉച്ചയൂണും ഒരല്പം വിശ്രമവും കഴിഞ്ഞു നടപ്പു തുടർന്നു. ഭക്ഷണം കൂടിപ്പോയതാണോ അതോ ശരീരം തളർന്നു തുടങ്ങിയതുകൊണ്ടാണോ എന്നറിയില്ല ഉച്ചകഴിഞ്ഞുള്ള നടത്തത്തിനു കാലത്തെയത്ര വേഗത പോര. അതെന്തായാലും സാരമില്ല, കാരണം അത്രയും നേരം അമാദബല ത്തെ കണ്ടു കൊണ്ടു നടക്കാമല്ലോ. വെയിലാറിത്തുടങ്ങിയതോടെ ഇപ്പോൾ ഈ മലയെ കുറച്ചു കൂടി നന്നായി കണ്ടാസ്വദിക്കാം. തന്റെ കുട്ടികളെ ഇരുകൈകളിലും ചേർത്ത് പിടിച്ചു നിൽക്കുന്ന ഒരമ്മയുടെ രൂപത്തോടു  സാദൃശ്യം തോന്നുന്ന ഈ കൊടുമുടിക്ക് പണ്ട് ഏതോ ഒരു വിദ്വാൻ ചാർത്തി കൊടുത്ത പേരാണ് അമാദബലം. ‘അമാ’ എന്നാൽ ഇവിടുത്തുകാരുടെ ഭാഷയിൽ അമ്മയെന്നർത്ഥം, ‘ദബലം’ എന്നാൽ മാല. പർവതത്തിന്റെ മേലെ സ്ഥിരമായി കാണുന്ന മഞ്ഞു പാളികൾക്ക് ഇവിടത്തെ ഒരു പ്രാദേശിക ആഭരണത്തിന്റെ രൂപമാണ്. ഇതിലും കാവ്യാത്മകമായി ഈ കൊടുമുടിയ്ക്കു പേരുനൽകാൻ മറ്റാർക്കും സാധിക്കുമെന്നു തോന്നുന്നില്ല. കേരളത്തിലെ ഒരു പ്രമുഖ ചാനലിന്റെ ലോഗോ ഇതിൽനിന്നും ആശയംകൊണ്ടു വരച്ചതാണോ എന്നൊരു സംശയം!

‘ദാ ആ കാണുന്ന പാലം കയറി അക്കരെ ചെന്നു കുറച്ചു നടന്നാൽ അമാദബലത്തിന്റെ  ബേസ് ക്യാമ്പിലെത്തും’ ഈ പ്രദേശത്തെ ഓരോ വഴികളുടേയും മലകളുടേയും വിശേഷ ങ്ങൾ അറിയുവാനുള്ള എന്റെ ജിജ്ഞാസ മനസ്സിലാക്കിയ ദേവൻ ഇപ്പോൾ അങ്ങോട്ടു ചോദിക്കാതെ എന്നോടു പറഞ്ഞു തരാൻ തുടങ്ങി.

Crossing-the-river-Imji-Khola

 ഒരു ഇരുപത് വർഷങ്ങൾക്കു മുമ്പ് അവിടെയുണ്ടായ ഹിമപാതത്തിൽ അനേകം ഷെർപ്പകളും പർവ്വതാരോഹകരും കൊല്ലപ്പെട്ടുവത്രെ. 

ഉയരങ്ങളിലൂടെയുള്ള ഈ പാതകളിൽ ഞങ്ങളെ എതിരേൽ ക്കാൻ ഇപ്പോൾ കുറ്റിച്ചെടികളല്ലാതെ മറ്റൊന്നുമില്ല. മറ്റൊരു സസ്യലതാദികള്‍ക്കും വളരുവാൻ സാധിക്കുകയില്ല എന്നതാണ് യാഥാർഥ്യം. പതുക്കെ പതുക്കെ ഞങ്ങൾ പടുകൂറ്റൻ പർവ്വതങ്ങളുടെ മടിത്തട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. സായാഹ്നമാകുന്നതോടെ കഴിഞ്ഞ ദിവസങ്ങളിലേപ്പോലെ തന്നെ പതിവു കാഴ്ചകളാണ്. മേഘാവൃതമായ ആകാശത്തിൽ നിന്നും ഇടയ്ക്കിടെ എത്തി നോക്കുന്ന സൂര്യൻ, അതിനെ കൂടെ മറയ്ക്കുവാനായി  ധൃതിയിൽ വരുന്ന മൂടൽ മഞ്ഞ്. ദൂരെ താഴെയായി കാണുന്ന ‘സൊമാരെ’ ഇപ്പോൾ അതിന്റെ പിടിയിലായി കഴിഞ്ഞിരിക്കുന്നു. അത് ഇവിടേയ്ക്കെത്താൻ വലിയ താമസം വേണ്ടി വരില്ല. 

കാലുകൾ പതുക്കെ കഴച്ചു തുടങ്ങി. ഏകദേശം സമനിരപ്പായ പ്രദേശത്തു കൂടിയുള്ള നടത്തത്തിൽ ബാഗ് ഒന്ന് വച്ച് വിശ്രമിക്കാൻ യാതൊരു നിവൃത്തിയുമില്ല. സമയം നാലുമണി കഴിഞ്ഞിരിക്കുന്നതിനാൽ ലക്ഷ്യസ്ഥാനമായ ‘ഡിങ്ബോഷെ’യിലേക്കിനി അധികം നേരം ഉണ്ടാവാൻ വഴിയില്ല. കുറച്ചു മുമ്പിലായി ഒരു ചെറിയ പാലം കാണാം എന്നാൽ അത് എത്തുന്നതിനു മുമ്പായി ഒരു ചെറിയ വഴി ഇടത്തോട്ട് തിരിഞ്ഞു പോകുന്നു, അയൽ ഗ്രാമമായ ‘പെരിച്ചി’യിലേക്കുള്ള വഴിയാണിത്. അവിടേയ്ക്ക് ഞങ്ങൾ പോകും, ഇന്നല്ല എവറസ്റ്റ് ബേസ് ക്യാമ്പിൽ നിന്നും തിരികെ വരുന്ന വഴി. 

പാലം കയറി ഒരു ഇടുക്ക് കടന്നതോടെ ‘ഡിങ്ബോഷെ’ ഗ്രാമം പ്രത്യക്ഷപ്പെട്ടു. ഇപ്പോൾ തോന്നുന്നു കാലത്തെ കണ്ട എവറസ്റ്റിനേക്കാൾ ഭംഗി ഈ ഗ്രാമത്തിനാണെന്ന്. ശരീരത്തിന്റെ തളർച്ച തന്നെയാണ് അങ്ങനെയൊരു തോന്നലിനു കാരണം! വലിപ്പത്തിന്റെ കാര്യത്തിൽ നാമ്ചി ബസാറിനോളം തന്നെയുണ്ട് ഈ ഗ്രാമം. മലകയറി വരുന്ന സഞ്ചാരികളെല്ലാവരും Accumalization ന്റെ ഭാഗമായി രണ്ട് രാത്രി ഇവിടെ തങ്ങണമെന്നതിനാൽ തീർച്ചയായും ഹോട്ടലുകൾ അധികം വേണമല്ലോ. 

Yaks

ഞങ്ങള് ക്കായി ദേവൻ കണ്ടെത്തിയ ലോഡ്ജിന്റെ ഭക്ഷണമുറി യിൽ നിന്നും ഞാനാ നിരാശപ്പെടുത്തുന്ന കാഴ്ച കണ്ടു. താഴെ നിന്നും പുറപ്പെട്ട മൂടൽ മഞ്ഞ് ഇവിടെയത്താറായിരിക്കുന്നു. അത് വന്ന് ഈ ഗ്രാമത്തെ മൂടുന്നതിനു മുമ്പ് പുറത്തെ കാഴ്ചകൾ കാണാനായി ഞാൻ എളുപ്പം  പുറകുവശത്തേക്കു തിരിച്ചു. വടക്ക് ഭാഗത്തായി നെഞ്ചും വിരിച്ചു നിൽക്കുന്ന ലോഹട്സെയുടെ  മനോഹരമായ കാഴ്ച ഒരേ സമയം സന്തോഷവും ഒരല്പം ആശങ്കയും സമ്മാനിക്കുന്നു. 

ഇന്ന് കാലത്തെ താഴെ ടെങ്ബോഷയിൽ നിന്നും കണ്ടതിൽ നിന്നും ഒരടി അടുത്തിട്ടില്ലെന്നു തോന്നും ഈ പര്‍വ്വത നിരകൾ. ഞങ്ങൾ അടുത്തെത്തും തോറും അകന്നു പോവുകയാണോ ലോഹ്ട്സെ ?! ഇവിടെ നിന്നു നോക്കിയാൽ എവറസ്റ്റിന്റെ  മുകൾഭാഗം കാണാനേ സാധിക്കുകയില്ല. ഇനി ആ കാഴ്ച കാണണമെങ്കില്‍ മിക്കവാറും ബേസ് ക്യാമ്പ് എത്തേണ്ടി വരും. താമസിയാതെ പിന്നാമ്പുറത്തെ കാഴ്ചകളും താഴെ നിന്നുവന്ന  മൂടൽമഞ്ഞ് മറച്ചു. കുമ്പു താഴ് വാരത്തെ മറ്റൊരു സായാഹ്നം കൂടി ക്ഷണിക്കാത്ത അതിഥികൾക്കു സ്വന്തം. യാത്രയിൽ ഒരിക്കൽ പോലും ഇതിനൊരു മാറ്റമുണ്ടാവുകയില്ലേ?  ഞാൻ നെടുവീർപ്പെട്ടു. 

അത്താഴം വരെ സുഹൃത്തുക്കളുമായി സംസാ രിച്ചിരുന്നു ലോഡ്ജിനുള്ളിൽ. ഇത്രയും ഉയരത്തിലും നല്ല സുഖസൗകര്യങ്ങളോടുകൂടിയുള്ള മുറികൾ എന്നെ അത്ഭുത പ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മുറിയ്ക്കു ഒരു രാത്രി 200 രൂപ കൊടുക്കേണ്ടി വന്നപ്പോൾ ഇവിടെയെത്തിയപ്പോള തു 300 രൂപയായി എന്ന്  മാത്രം. അത്താഴശേഷം  ഓരോരുത്തരും ഓരോ കാര്യങ്ങളായി തിരക്കിട്ടു നടക്കുന്നതിനിടെ അജിനാണ് ആ സന്തോഷവർത്തമാനം പറഞ്ഞത്. പുറത്ത് ആകാശം തെളിഞ്ഞത്രേ, മൂടൽ മഞ്ഞ് മുഴുവനും മാറി. കേൾക്കേണ്ട താമസം ഇത്രയും ദിവസം ചുമന്നുകൊണ്ട് നടന്ന ഭാരമേറിയ ജാക്കറ്റും ഇട്ട് ഞാൻ പുറത്തിറങ്ങി. മരം കോച്ചുന്ന തണുപ്പാണ് വെളിയിൽ, അതിനാൽ ആകാശത്തിന്റെ രാത്രി കാഴ്ച കാണാൻ എന്റെ ഒപ്പം വരാൻ അജിനൊഴിച്ച് ആരും താൽപര്യം കാണിച്ചില്ല. 

‘‘എടാ നീ അതുകണ്ടോ? ആകാശത്ത് അവിടെയായി എന്തോ മിന്നി മറഞ്ഞു!’’ 

‘‘അതൊരു വാൽ നക്ഷത്രമാണ്, ഇവിടെ ധാരാളം കാണാൻ സാധിക്കും’’. 

ഇതുവരെ ഇതൊന്നും കണ്ടിട്ടില്ലെ എന്ന മട്ടിൽ ഒരു പുച്ഛത്തോടെ ഞാൻ മറുപടി പറഞ്ഞു. ഇന്ന് കാലത്ത് കണ്ടതിന്റെ പകുതി വെളിച്ചമില്ല ആകാശത്ത് നക്ഷത്രങ്ങൾക്ക്. ഗ്രാമത്തിന്റെ തൊട്ടടുത്തായി ഉയർന്നു നിൽക്കുന്ന പടുകൂറ്റൻ അമാദബലത്തിന്റെ മഞ്ഞു തൊപ്പികൾ പൂർണ ചന്ദ്രന്റെ നിലാവെളിച്ചത്തിൽ പവിഴകല്ലുകൾ പോലെ തിളങ്ങുന്നു.  അതു ശരി, അപ്പോൾ അതാണ് കാരണം. നിലാവെളിച്ചത്തിന്റെ പ്രഭയിൽ കുഞ്ഞൻ നക്ഷത്രങ്ങളും ആകാശഗംഗയുമെല്ലാം മുങ്ങിപ്പോയിരിക്കുന്നു. ഇവയുടെ ഒരു നല്ല ചിത്രമെടുക്കണ മെങ്കിൽ ഇന്ന് ചെയ്തപോലെ വെളുപ്പിനെ തന്നെ എഴുന്നേൽക്കേണ്ടി വരും. ഇടയ്ക്കെപ്പോഴോ പ്രണവ് ഞങ്ങൾക്കൊപ്പം കൂടി. ട്രൈപാഡില്ലാത്തതിനാൽ ഉരുളൻ കല്ലുകൾ പെറുക്കി വച്ച് ലോഹ്ട്സെയെ പശ്ചാത്തലമാക്കി ഒരു ടൈംലാപ്സ് വിഡിയോ എടുക്കുവാനുള്ള എന്റെ ശ്രമം അമ്പേ പരാജയ പ്പെട്ടു. അത്തരം മനോഹരങ്ങളായ ചിത്രങ്ങൾ എടുക്കാൻ ഞാൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. 

കൂടി കൂടി വരുന്ന തണുപ്പിനു കീഴടങ്ങി രണ്ടു പേരും അകത്തേക്കു തിരിച്ചു. അധികം താമസിയാതെ പിന്നാലെയായി ഞാനും. നാളെ വിശ്രമദിവസമാണ്, അതിനാൽ സാധിക്കുമെങ്കിൽ പുലർച്ചെ ഒന്നു എഴുന്നേൽക്കാം ചിത്രങ്ങൾ എടുക്കുവാൻ. സമുദ്രനിര പ്പിൽ നിന്നും 4410 മീറ്ററുകൾക്കു മേലെയാണ് ഡിങ്ബോഷെ ഗ്രാമം, മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ഇന്ന് രാത്രി ഉറങ്ങു വാൻ സാധിച്ചാൽ മതിയായിരുന്നു!   (തുടരും)