ആത്മാക്കൾ ഉറങ്ങുന്ന ഹിമാലയൻ താഴ്‍‍‍വാരം

Oct -27

ഡിങ്ബോഷെയിൽ ഇന്ന് വിശ്രമദിവസമാണ്. എവറസ്റ്റ് യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട Acclamatization day. നാമ്ചി ബസാറിൽ അതിനായി അധികം സമയം ചിലവഴിക്കാത്ത ഞങ്ങൾക്ക് പക്ഷെ ഇവിടെയത് ചെയ്തേ മതിയാകൂ. 4300 മീറ്ററോളം ഉയരത്തിലുള്ള ഡിങ്ബോഷെ ഗ്രാമത്തിൽ ഇന്നലെ രാത്രി തങ്ങിയ ഞങ്ങൾക്ക് ഇന്നൊരു ദിവസം മുഴുവൻ കൂടി ചിലവിട്ട് ഉയരവുമായി ശരീരത്തെ പൊരുത്തപ്പെടുത്തേണ്ടതുണ്ട്. അതിനുശേഷമേ അടുത്ത ദിവസം മലകയറേണ്ടതുള്ളൂ.

Everest Memorial Park

പ്രഭാത ഭക്ഷണത്തിനിരുന്നപ്പോഴാണ് കഴിഞ്ഞ കൊല്ലത്തെ അന്നപൂർണ യാത്രയിൽ കഴിച്ച ‘ഗുരുങ് ബ്രഡിന്റെ’ കാര്യം ഓർമ്മ വന്നത്, ഏതാണ്ട് ‘ബട്ടൂര’ പോലുള്ള നേപ്പാളി വിഭവം.

‘‘ഇവിടുത്തെ മെനുവിലൊന്നും ഗുരുങ് ബ്രഡ് കാണാൻ ഇല്ലല്ലോ?’’ ഞാൻ ദേവനോട് ചോദിച്ചു.

‘‘ഗുരുങ് എന്നത് നേപ്പാളിലെ അന്നപൂർണ മലനിരകളുടെ സമീപം വസിക്കുന്ന ഒരു ജനവിഭാഗത്തിന്റെ ജാതിയാണ്. ഗുരുങ് ബ്രഡ് അവരുടെ ഒരു തനത് വിഭവമാണ്. നേപ്പാളിലെ മറ്റ് സ്ഥലങ്ങളിലത് ലഭിക്കുകയില്ല. ഒരു പാട് ജാതികളുണ്ട് നേപ്പാളിൽ. അവർ ഓരോരുത്തരും ഓരോ മേഖലയിൽ വസിക്കുന്നവരാണ്, വ്യത്യസ്ത സംസ്കാരമുള്ളവർ. ഈ കുംമ്പു താഴ്്വാരത്ത് മുഴുവൻ ഷേര്‍പ്പകളാണ്. ലോഡ്ജിലെ പണിക്കാരെല്ലാം അതിൽ പെടുന്നു. എന്റേത് റായ് എന്ന ജാതിയാണ്. ഞങ്ങളുടെ ആളുകൾ ഭൂരിഭാഗവും താഴ്്വാരത്തിന് താഴെ വസിക്കുന്നവരാണ്.’’

ഇന്ത്യപോലെ തന്നെ അനേകം ജാതികളും ഉപജാതികളുമായി കൂടിയതാണ് നേപ്പാളിലെ ജനതയും എന്ന് ദേവന്റെ ഉത്തരത്തിൽ നിന്നും മനസ്സിലാക്കി.

Trekking-towards-Laboche

ഇന്ന് മുഴുവൻ ഹോട്ടൽമുറിയിൽ മടിപിടിച്ചിരിക്കാമെന്ന കണക്കു കൂട്ടൽ തെറ്റി. ഭക്ഷണശേഷം ഗ്രാമത്തിന്റെ അടുത്തായുള്ള മലയുടെ മുകളിലേക്ക് ഒരു ചെറിയ ട്രക്കിങ് ഉണ്ട്. Acclamatization ന്റെ ഭാഗമായുള്ളതാണ് ഈ ചെറിയ വ്യായാമം. ഇത്തവണ ഞങ്ങളെ നയിക്കുന്നത് ഖട്കയല്ല. മറ്റൊരു പോർട്ടറായ ആസാദ് ആണ്. ആസാദിനെയും റാമിനേയും സത്യത്തിൽ ദിവസത്തിന്റെ തുടക്കവും ഒടുക്കവും മാത്രമാണ് കാണാറ്. യാത്ര എല്ലാവരും ഒരുമിച്ചു തുടങ്ങുമെങ്കിലും ഞങ്ങളെ കാത്തു നിൽക്കാതെ അതിവേഗം ചുമടും താങ്ങി അവർ നടന്നകലും. ഒടുവിൽ വൈകിട്ടു ഞങ്ങൾ തളർന്ന് അവശരായി ഹോട്ടലിൽ എത്തുമ്പോൾ ഒരു കപ്പ് ചായയും കുടിച്ച് അവർ ഞങ്ങളേയും കാത്തിരിക്കുന്നുണ്ടാകും. എന്തായാലും ഇന്ന് ആസാദിന് ഞങ്ങളുടെ ഒച്ചിഴയുന്ന വേഗത്തിൽ നടന്നേ മതിയാകൂ!

ഗ്രാമത്തിന്റെ കുറുകെയുള്ള വഴിയിലൂടെ ഞങ്ങൾ ദേവൻ പറഞ്ഞ മലയെ ലക്ഷ്യമാക്കി നടന്നു. ലോഡ്ജുകൾ മാത്രമല്ല ഏതാനും കടകമ്പോളങ്ങളുമുണ്ട് ഡെങ്ബോഷെ ഗ്രാമത്തിൽ. ട്രെക്കിങ്ങിനാവശ്യമായ എന്തെങ്കിലും മറന്നു പോയിട്ടുണ്ടെങ്കിൽ  നാമ്ചി ബസാറിൽ നിന്നും മാത്രമല്ല ഇവിടെ നിന്നും കിട്ടുമെന്ന് മനസ്സിലായി.

മലയുടെ ഒരുവശത്തായുള്ള ബുദ്ധസ്തൂപം ലക്ഷ്യമാക്കിയാണ് ആദ്യം നടക്കേണ്ടത്. അവിടെ നിന്നും നേരെ പോയാൽ ‘ലബൂഷ’ യെത്തും, നാളെ കഴിഞ്ഞുള്ള ഞങ്ങളുടെ ലക്ഷ്യ സ്ഥാനം. വലതുവശത്തെ വഴിയെ പിന്തുടർന്ന് ഞങ്ങൾ മലയുടെ മുകളിലേക്കുള്ള നടപ്പു പിന്നെയും തുടർന്നു. കുത്ത നെയുളള മലകയറ്റം യാത്രയിൽ ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും കഠിനമാണ്. മുകളിലുള്ള ബുദ്ധിസ്റ്റ് ഫ്ലാഗാണ് ലക്ഷ്യം, പക്ഷെ ഓരോ അഞ്ച് മിനിറ്റ് കഴിഞ്ഞ് മേൽപോട്ട് നോക്കുമ്പോളും അത് ആദ്യം കണ്ട അതേ ഉയരത്തിൽ നിൽക്കുന്ന പോലെ തോന്നും. ഒടുവിൽ വിയർത്തു കുളിച്ച് എല്ലാവരും മുകളിൽ എത്തിയപ്പോഴേക്കും വെള്ളമെല്ലാം കുടിച്ചു വറ്റിച്ചു. ഈ കുറഞ്ഞ സമയം കൊണ്ട് ഗ്രാമത്തിൽ നിന്നും ഏകദേശം 300- 400 മീറ്ററോളം കുത്തനെ കയറിയിരിക്കുന്നു.

Ama Dablam

താഴ്‍‍‍വാരത്തു നിന്ന് വീശുന്ന കാറ്റിന്റെയും ഞങ്ങളുടെ കലപിലയുമല്ലാതെ ഈ കുന്നിന്റെ മുകളിൽ മറ്റൊരു ശബ്ദവുമില്ല. മേഘങ്ങളില്ലാത്ത ഒരു പ്രഭാതം ആസ്വദിക്കുകയാണ് മലകളെല്ലാം. അക്കൂട്ടത്തിൽ ടെങ്ബോഷെയിൽ നിന്നുള്ള യാത്രയിൽ ഞാൻ ശ്രദ്ധിക്കാതെ പോയ ഒരു കൊടുമുടി യുമുണ്ട് - ‘ടബൂഷെ’. അമാദബലത്തെയും ലോഹട്സെയും നോക്കി നടക്കുന്നതിനിടയില്‍ ഇടതു വശത്തുണ്ടായ ഈ പർവ്വതത്തെ ഗൗനിച്ചതേയില്ല.  എന്തായാലും ഇന്നിനി അതിനു ധാരാളം സമയമുണ്ട്. ഇമ്ജിഘോല അരുവിക്കു സമീപത്തായി സ്ഥിതി ചെയ്യുന്ന ടബൂഷെയുടെ വലത്തേയറ്റം അങ്ങ് കണ്ണെത്താവുന്ന ദൂരത്തോളം പരന്നു കിടക്കുകയാണ്.

പടിഞ്ഞാറായുള്ള അമാദബലത്തിന്റെ മഞ്ഞ് തൊപ്പികൾ കഴിഞ്ഞ ദിവസത്തെപോലെ തന്നെ സൂര്യ രശ്മികളേറ്റ് അതീവ പ്രകാശത്തിൽ വെട്ടി തിളങ്ങുകയാണ്. മറുഭാഗത്ത് ലോഹട്സെയുടെ അരികത്തായി മലയിടുക്കുകളുടെ പിന്നിലായി ഒളിച്ച അനേകം കൊച്ചു മലനിരകൾ കാണാം.

താഴെ ബുദ്ധസ്തൂപത്തെ താണ്ടി, ഇടയന്റെ പുറകെ അനുസരണയോടെ പോകുന്ന ആട്ടിൻകുട്ടികളെ പോലെ, അനേകം സഞ്ചാരികൾ തങ്ങളുടെ ഗൈഡിനെ അനുഗമിച്ച് ലബൂഷയിലേക്കുള്ള പാതയിലൂടെ നടക്കുന്നുണ്ട്. അടുത്ത ദിവസം ഞങ്ങളും അതു പോലെയായിരിക്കും.

മലകയറാനുള്ള ബുദ്ധിമുട്ടൊന്നും ഇറങ്ങാൻ ഉണ്ടായില്ല. ഉച്ചഭക്ഷണം കഴിക്കാനുള്ള തത്രപ്പാടിൽ എല്ലാവരും പെട്ടെന്നു തന്നെ തിരികയെത്തി. തലേന്നു രാത്രി കിടന്നുറങ്ങുമ്പോഴുള്ള ബുദ്ധിമുട്ടിനെക്കുറിച്ചായിരുന്നു തീൻ മേശയിലെ ചർച്ച മുഴുവൻ. പലർക്കും ഉറക്കം ശരിയായി കിട്ടുന്നില്ല. പക്ഷെ എന്നെ തീർത്തും അതിശയിപ്പിച്ച കാര്യം ഇത്രയും ദൂരം ചുമലിൽ ഭാരവും തൂക്കി നടന്നിട്ടും ഒരിക്കൽ പോലും ശരീരത്തിന്, പ്രത്യേകിച്ചും കാലുകൾക്ക് വേദനയുണ്ടായില്ല എന്നതാണ്. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഇത് സാധ്യമാക്കിയത്. ഒന്ന്: ഈ ട്രക്കിങ്ങിൽ ഞാൻ ആദ്യമായി ഉപയോഗിച്ചു ശീലിച്ച നീപാഡ് (kneepad), രണ്ട്: പുതുതായി വാങ്ങിയ ട്രക്കിങ് ഷൂ, മൂന്ന്: അന്നപൂർണയാത്രയെ അപേക്ഷിച്ച് എവറസ്റ്റ് യാത്രയിൽ വഴിയിൽ നന്നേകുറവുള്ള ചവിട്ടു പടികൾ.

അലസമായ വൈകുന്നേരം സൊറ പറഞ്ഞിരുന്നു ഒരു ദിവസം കൂടി ഞങ്ങൾ ഡിങ്ബൂഷെയിൽ തളളി നീക്കി.

Chola Lake

Oct -28

ഒരു ദിവസത്തെ വിശ്രമത്തിനുശേഷം മലകയറ്റം പുനരാരംഭിക്കുകയാണ്. പക്ഷേ പദ്ധതികളിൽ ചെറിയ മാറ്റമുണ്ട്. മുൻ നിശ്ചയ പ്രകാരം ഞങ്ങൾ ഇന്ന്  ദുഖ്ലയിലേക്കാണ് പോകേണ്ടത്. അവിടെ ഇന്ന് രാത്രി തങ്ങിയ ശേഷം നാളെ ലബൂഷയിലേക്ക് തിരിക്കണം. എന്നാൽ ഒന്ന് ആഞ്ഞു പിടിച്ചാൽ ലബൂഷയിലേക്ക് ഒറ്റയടിക്ക് എത്തി ച്ചേരുമെന്നാണ് ദേവന്റെ അഭിപ്രായം. ഫലത്തിൽ ഒരു ദിവസം ലാഭിക്കാം. എല്ലാവരും ഇതിനോട് യോജിച്ചതോടെ ലബൂഷയിലേക്കുള്ള ഞങ്ങളുടെ യാത്രയ്ക്ക് തുടക്കമായി.

everest-Taboche-peak

കഴിഞ്ഞ ദിവസം സഞ്ചരിച്ച പാതകളിലൂടെ ഡിങ്ബോഷെ ഗ്രാമത്തിന്റെ മുകളിലേക്ക്, അവിടെ നിന്ന് നേരെ ദുഖ്ലയ്ക്കുള്ള വഴിയേ മുന്നോട്ട്. കണ്ണെത്താവുന്ന ദൂരത്തോളം സമനിരപ്പായ പാതയാണ്, മനസ്സിനും കാലുകൾക്കും ആശ്വാസം! ടബൂഷെ മലനിരകൾക്കും ഞങ്ങൾ സഞ്ചരിക്കുന്ന പൊക്കമുള്ള തിട്ടയുടെയും ഇടയിലൂടെ കുതിച്ചൊഴുകുന്ന ഇജിഘോല തന്റെ തീരത്തായി പെരിച്ചി ഗ്രാമത്തിനായി ഒരൽപം ഇടം മാറ്റിവച്ചിട്ടുണ്ട്. അവിടെ തങ്ങിയ സഞ്ചാരികളും ലബൂഷയ്ക്കുള്ള യാത്രയ്ക്ക്  തുടക്കം കുറിച്ചിരിക്കുന്നു. 

‘‘ആ കാണുന്ന പർവതം രണ്ടു കൊല്ലം മുമ്പ് ഞാൻ കയറിയതാണ്’’. കണ്ണിൽ നിന്ന് മറയുന്നതിനു മുമ്പായി, ലോഹട്സെയുടെ പടിഞ്ഞാറു ഭാഗത്തായുള്ള ‘ഐലന്റ് പീക്ക്’ ചൂണ്ടിക്കാട്ടിക്കൊണ്ടു ദേവൻ അഭിമാനത്തോടെ പറഞ്ഞു. പർവതാരോഹണം കുറേ നാളുകളായി ഞാൻ മനസ്സിൽ സൂക്ഷിച്ചിരിക്കുന്ന നിറവേറ്റാത്ത ഒരു സ്വപ്നമാണ്. ഒരിക്കൽ എനിക്കും അതുപോലെ ഒരു കൊടുമുടി കീഴടക്കണം. പക്ഷെ ആദ്യം ലബൂഷെ!

സമനിരപ്പായി തോന്നിയ ഈ ഭൂപ്രദേശം സത്യത്തിൽ സഞ്ചാരികളെ അവരറിയാതെ തന്നെ കൂടുതൽ ഉയരങ്ങളിലേക്ക് വലിച്ചെടുക്കുകയാണ്. ഇടയ്ക്കൊന്ന് തിരിഞ്ഞ് നോക്കിയപ്പോൾ മാത്രമാണ് വന്നവഴികൾ എത്രമാത്രം താഴെയാണെന്ന് തിരിച്ചറിഞ്ഞത്. ചെറു മേഘങ്ങളാൽ മറച്ച സൂര്യന്റെ ഇളംവെയിലിൽ ഇന്ന് ടെബോഷയ്ക്കും ഒരു പ്രത്യേക ചന്തമാണ്. പ്രകൃതിഭംഗികണ്ട് ചിത്രങ്ങളും പകർത്തി മെല്ലെ നീങ്ങുന്ന ഞങ്ങളെ കടന്ന് മുതുകത്തു മുഴുവൻ ഭാരവുമേന്തി വരുന്ന യാക്കിൻ കൂട്ടങ്ങൾ വരിവരിയായി പോയിക്കൊണ്ടിരുന്നു. അതിശൈത്യം പേറുന്ന ഈ താഴ്്വാരത്തെ മനുഷ്യയോഗ്യമാക്കുന്നതിൽ ഈ മിണ്ടാപ്രാണികൾ വഹിക്കുന്ന പങ്ക് ഒരിക്കലും വിസ്മരിച്ചു കൂടാ.

ദൂരെ ടബൂഷെ പര്‍വ്വതത്തിന്റെ വലത്തേയറ്റത്തായി തടാകത്തിന്റെ ഒരു ചെറിയ ഭാഗം കാണാം. ചുറ്റും നിൽക്കുന്ന മലനിരകളാല്‍ ഒരു കുളത്തിന്റെ വലുപ്പമേ ഇവിടെ നിന്നു നോക്കുമ്പോൾ അതിന് ഉള്ളുവെങ്കിലും വൈരക്കല്ലിന്റെ നിറമുള്ള ആ തടാകം മനോഹരമായിരിക്കും എന്ന് എനിക്കുറപ്പുണ്ട്. 

‘‘ആ കാണുന്ന തടാകത്തിനടുത്തു കൂടിയാണോ നമ്മളുടെ യാത്ര?”

“അല്ല നമ്മൾ ദുഖ്ലയിൽ നിന്നും വലതു വശത്തേക്കു മാറി സഞ്ചരിക്കും. അത് ‘ചോലാ’ തടാകമാണ്. ‘ഗോക്യോറേ’യിൽ നിന്നും വരുന്ന വഴിയുള്ള തടാകം. നാമ്ചി ബസാറിൽ നിന്നും ഗോക്യോറേയിലേക്ക് വേറെ ഒരു മാർഗമുണ്ട്. ആ വഴി വന്നാൽ ഈ തടാകത്തിന്റെ അരികിലൂടെ ലബൂഷയിലെത്തും’’. 

ദേവന്റെ ഉത്തരം എന്നെ വല്ലാതെ നിരാശപ്പെടുത്തി. അധികം വൈകാത തന്നെ മലനിരകൾ ചോലാ തടാകത്തെ അവരുടെ പിന്നിൽ ഒളിപ്പിച്ചു. ആദ്യ ദിവസം നാമ്ചിബസാറിൽ നിന്നും ഞാൻ കണ്ട ഇടത്തോട്ടുള്ള വഴി, അത് ഗോക്യോറേയിലേക്കുള്ളതായിരിക്കണം അപ്പോൾ.

‘‘നിരാശപ്പെടേണ്ട, അടുത്ത പ്രാവശ്യം ആ വഴി വരാമല്ലോ’’. എന്റെ മുഖഭാവം കണ്ട് ദേവൻ സമാധാനിപ്പിച്ചു. ഒടുവിൽ ഏകദേശം മൂന്നുമണിക്കൂറോളമുള്ള നടത്തത്തിനൊടുവിൽ ഞങ്ങൾ ദുഖ്ല ഗ്രാമത്തിന്റെ തൊട്ടു താഴെയെത്തി. പെരിച്ചി ഗ്രാമത്തിൽ നിന്നുള്ള വഴി ഞങ്ങളുടേതുമായി കൂടി ചേർന്നതിനു ശേഷമായിരുന്നുവിത്. വളരെ ചെറിയ ഒരു പാലം കയറിവേണം ദുഖ്ല ഗ്രാമത്തിലെത്താൻ. ഇതിനെ ഗ്രാമമെന്നൊന്നും വിശേഷിപ്പിക്കാൻ പറ്റില്ല, ആകപ്പാടെ രണ്ട് ലോഡ്ജുകള്‍. എന്നിരുന്നാലും ലബൂഷയ്ക്കുള്ള യാത്രയിൽ ഉച്ചഭക്ഷണത്തിനുള്ള ഏക ആശ്രയം ഇവിടമായതിനാൽ ഹോട്ടലുകളിലെ ഭക്ഷണമുറികൾ നിറയാൻ അധികം സമയം വേണ്ടി വന്നില്ല. ദാൽബാട്ടിന് ഒരു ഇടവേള കൊടുത്ത് ഞാനും മനുവും ടൂണ നൂഡിൽസ് ഓർ‍ഡർ ചെയ്തു.

everest-Near-Dughla

ഇടുങ്ങിയ താഴ്്വാരത്തിന്റെ മധ്യത്തിലാണ് ദുഖ്ല. ഇരുവശത്തുനിന്നും വീശിയടിക്കുന്ന തണുത്ത കാറ്റിൽ പുറത്ത് ഉച്ച സൂര്യന്റെ വെയിലിൽ പോലും അഞ്ചു മിനിറ്റ് തികച്ച് അടങ്ങി നിൽക്കാനാവില്ല. ഇന്ന് ഇവിടെ നിൽക്കാതെ ലബൂഷയ്ക്കു നേരിട്ട് പോകാമെന്ന് ദേവൻ പറഞ്ഞതിന് ഒരു കാരണം ഇതാകാം.

ഭക്ഷണശേഷം ഇനി ഞങ്ങൾ നേരിടേണ്ട പ്രയത്നത്തിനു മുന്നിൽ ഒരൽപ നേരം നോക്കി നിന്നു പോയി. ഒരു പടുകൂറ്റൻ കയറ്റമാണ് മുന്നിൽ. ഇത് കണ്ടാൽ തന്നെയറിയാം ഈ ബാഗും തൂക്കി മേലെ എത്തുന്നതോടെ പണി തീരുമെന്ന്. ഈ കഠിനമായ കയറ്റം ഇടയ്ക്കുള്ളതു കൊണ്ടാകാം കുറച്ചു സഞ്ചാരികളെങ്കിലും ഈ തണുത്തുറഞ്ഞ ഗ്രാമത്തില്‍ തങ്ങി ലബൂഷയ്ക്കുള്ള യാത്ര പിറ്റേദിവസമാക്കുന്നത്. ഞങ്ങൾ ഏവരും പരസ്പരമൊന്നു നോക്കി. സംസാരമൊന്നുമില്ല, പക്ഷെ കാലത്തെ തീരുമാനം അത്ര പന്തിയല്ലായിരുന്നുവെന്ന് പറയാതെ തന്നെ സമ്മതിച്ചു. കയറ്റത്തിന്റെ അങ്ങേതലയ്ക്ക് എത്തിയ സഞ്ചാരികൾക്ക് ഒരു ചെറിയ പൊട്ടിന്റെ വലുപ്പമേയുള്ളൂ. ഇന്നലത്തെ കയറ്റം ഇതിനുവേണ്ടിയുള്ള തയാറെടുപ്പായിരുന്നു.

തലേന്നു പോലെ മുകളിലേക്കു നോക്കാൻ നിന്നില്ല. ആ നിരാശപ്പെടുത്തുന്ന കാഴ്ച കാണാൻ വയ്യ. വെറും പത്ത് മിനിറ്റത്തെ അധ്വാനം കൊണ്ടു തന്നെ മനസ്സും ശരീരവും തളർന്നു. ഒരു യാക്കിനെ കിട്ടിയിരുന്നെങ്കിൽ മുതുകത്ത് കയറി പോകാമായിരുന്നു. ഇപ്പോൾ മണി 3, പദ്ധതി പ്രകാരം നാളെ ഇതേ നേരത്ത് എവറസ്റ്റ് ബേസ് ക്യാംപിൽ എത്തിച്ചേരും.  ലക്ഷ്യത്തിലേക്ക്  ഇനി സത്യത്തിൽ 24 മണിക്കൂറുകൾ മാത്രം. പക്ഷെ, ഈ സമയങ്ങളിലായിരിക്കും ഈ യാത്രയുടെ ഏറ്റവും കഠിനമേറിയത്, അതുറപ്പാണ്. പക്ഷെ ചെയ്തേ പറ്റൂ, അതിനാണല്ലോ ഇക്കണ്ട ദൂരമത്രയും താണ്ടി വന്നത്.

പുറകെ വരുന്ന അജിനും പ്രണവും എവിടെയെത്തി എന്നു നോക്കാൻ ഒന്നു തിരിഞ്ഞു നോക്കിയതേ ഓർമയുള്ളു, പുറകിലെ കാഴ്ച കണ്ട് ഒരല്പനേരം സ്തബ്ധനായിപോയി. അങ്ങ് ദൂരെയായി അമാദബലം നിൽക്കുന്നു. അതെ, മലകയറ്റത്തിന്റെ ആദ്യ നാൾ മുതൽ ഞാൻ കാണുന്ന പർവതം. പക്ഷേ ഇതതല്ല, ഇത്രയും ദിവസം കണ്ട് കൊണ്ടിരുന്ന മലയല്ല ഇത്. ഇന്ന് ഇവിടെ നിന്നും നോക്കുമ്പോൾ ഇതുവരെ കാണാത്ത ചന്തമാണ് ഈ കൊടുമുടിക്ക്.  കുംമ്പു താഴ്്വാരത്തിന്റെ സകല സൗന്ദര്യവും ആവാഹിച്ച് ഒറ്റയ്ക്ക് തലയുയർത്തി നിൽക്കുന്ന ഈ അമാദബലത്തെ, ജീവിതത്തിൽ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരമായ പർവതമായാണ് ലോകമെമ്പാടുമുള്ള സാഹസിക സഞ്ചാരികൾ വിലയിരുത്തുന്നത്. അക്കൂട്ടത്തിലേക്ക് എന്നെയും ചേർക്കാൻ സമയമായിരിക്കുന്നു! തന്നെ തഴുകി പോകുന്ന മേഘകീറുകളെ നോക്കി പ്രൗഢമായി നിൽക്കുന്ന ഈ പർവതത്തിന്റെ ദൃശ്യം ഒരു ഛായാചിത്രം പോലെ എന്നെന്നും മനസ്സിൽ സൂക്ഷിക്കാനുള്ളതാണ്.

everest-Near-Dughla

മനസ്സിലെ ക്ഷീണമെല്ലാം മാഞ്ഞു. ഓരോ പത്തടി വയ്ക്കുമ്പോളും പിന്നെ പുറകിലേക്ക് തിരിഞ്ഞ് നോക്കലായി പണി. മുകളിലോട്ട് പോകുന്തോറും ഇവളുടെ മൊഞ്ച് കൂടി വരികയാണ്! ഒടുവിൽ ഞാൻ പോലും അറിയാതെ തന്നെ കയറ്റത്തിന്റെ അറ്റത്തെത്തി.

കയറ്റത്തിനൊടുവിൽ കാലെടുത്തുവച്ച ഈ മണ്ണിനൊരു പ്രത്യേകതയുണ്ട്. ഇതാണ് ‘എവറസ്റ്റ് മെമ്മോറിയൽ പാർക്ക്’. ഈ ഭൂലോകത്തെ ഏറ്റവും ഉയരം കൂടിയ പർവ്വതത്തിന്റെ മുകളിലേക്കുള്ള യാത്രയ്ക്കിടയിൽ അകാലത്തിൽ ജീവൻ പൊലിഞ്ഞ ധീരരായ സാഹസിക സഞ്ചാരികളുടെ സ്മരണാർത്ഥം നിർമിച്ച കല്ലുകളാൽ തീർത്ത ചെറിയ സ്മൃതി മണ്ഡപങ്ങളാൽ നിബിഡമായ പ്രദേശം. അക്കൂട്ടത്തിൽ ലോക പ്രശസ്ത പർവതാരോഹകനായ സ്കോട്ട് ഫിഷറുടെ സ്മരണയ്ക്കായി പണിത കൽമണ്ഡപവുമുണ്ട്. 1996 ൽ ഇവിടെയുണ്ടായ വൻഹിമപാതത്തിൽ കൊല്ലപ്പെട്ട അനേകം സഞ്ചാരികളുടെ കൂട്ടത്തിൽ സ്കോട്ട് ഫിഷറും മറ്റൊരു പ്രശസ്ത പർവതാരോഹകനായ റോബ് ഹാളും ഉൾപ്പെട്ടിരുന്നു. ഇവരുടെ കഥ 'In to thin air'  എന്ന പുസ്തകത്തിലൂടെയും അതിന്റെ ചലച്ചിത്രാവിഷ്കാരമായ ഈ അടുത്തിടെ പുറത്തിറങ്ങിയ ‘എവറസ്റ്റ്’ എന്ന ചിത്രത്തിലൂടെയും ലോക പ്രശസ്തമാണ്.

കൽമണ്ഡപങ്ങൾക്കു മുകളിൽ കെട്ടിയ ബഹുവർണത്തിലുള്ള പ്രയർ ഫ്ലാഗുകൾ തണുത്ത കാറ്റിൽ പാറി കളിക്കുന്നു. ഈ കാറ്റിൽ ഇതിൽ എഴുതി യിരിക്കുന്ന പ്രാർത്ഥന ഈ താഴ്്വാരത്താകമാനം പറന്നു നടക്കുമെന്നാണ് വിശ്വാസം. വലിയകയറ്റത്തിന്റെ അനന്തര ഫലമായുണ്ടായ ശരീരത്തിന്റെ കിതപ്പ് എന്തായാലും സന്ദർഭത്തിനു അനുയോജ്യമായി. ഒരക്ഷരം ഉരിയാടാതെ ഞാനും പ്രണവും അജിനെ കാത്ത് അവിടെയിരുന്നു, ആത്മാവുകൾ ഉറങ്ങുന്ന താഴ്്വാരത്ത് അവർക്ക് അതിസുന്ദരിയായ അമാദബലത്തെ കൺകുളിർക്കെ എപ്പോഴും കാണുവാനായിരിക്കും ഈ സ്ഥലം തന്നെ തിരഞ്ഞെടുത്തത്.

വിശ്രമിക്കാൻ അധികം സമയമില്ല, താഴ്്വാരത്ത് നിന്നും മേഘങ്ങൾ പുറപ്പെട്ടു കഴിഞ്ഞു. അതിവിടെ വന്ന് മൂടി ഇരുട്ടാകുന്നതിനു മുമ്പ് ലബൂഷയെത്തണം. തൊട്ടടുത്തു നിൽക്കുന്ന ‘നംഗാർ ഷാംഗ്’ന്റെയും അകലെയുള്ള ‘ലബൂഷെ’ പർവതത്തിന്റെയും ഇടയിലുള്ള ഇടുങ്ങിയ മലയിടുക്കിലൂടെ ദേവൻ പറഞ്ഞ പോലെ വലതു വശത്തേക്കു തിരിഞ്ഞായി ഞങ്ങളുടെ യാത്ര. അമാദബലത്തെ ഞങ്ങൾ ഇവിടെ വച്ച് പിരിയുകയാണ്. ഈ മഹാമേരുവിന്റെ യഥാർത്ഥ സൗന്ദര്യം ശരിക്കും ഇന്നാണ് ആസ്വദിച്ചത്. പക്ഷെ അപ്പോളേക്കും അതിനൊരു വിരാമമായി. രണ്ട് ദിവസത്തിനുശേഷം ഇതുവഴിയെ തിരികെ വരും. അന്ന് നിന്നെപ്പോലെ തന്നെ എവറസ്റ്റിനെയും കണ്‍കുളിർക്കെ കണ്ട ആനന്ദം എന്നിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ രണ്ട് മണിക്കൂറത്തെ കഠിനാധ്വാനത്തിന് പ്രകൃതി നൽകിയ സമ്മാനമായിരിക്കണം ഈ നിരപ്പായ പാതകൾ. ചോലാ തടാകത്തിൽ നിന്നുള്ള വഴിയും ഒടുക്കം ഞങ്ങളുടെ വഴിയുമായി സംഗമിച്ചു. വേച്ചു നടക്കുന്ന ഞങ്ങളെ മറികടന്ന് താഴെ നിന്ന് പറന്നെത്തിയ മേഘങ്ങൾ തൊട്ടടുത്തു കൂടി പോയി മലയിടുക്കാകമാനം നിറച്ചു. സമയം 4 മണി കഴിഞ്ഞതേയുള്ളൂവെങ്കിലും സൂര്യന്റെ കിരണങ്ങൾക്ക് ഇവയെ തുളച്ച് അകത്തേക്ക് വരുവാൻ സാധിക്കുന്നതേയില്ല  ഇപ്പോൾ. കനമേറിയ മേഘങ്ങൾ മൂലമുണ്ടായ അന്തരീക്ഷ മർദത്തിന്റെ പെട്ടെന്നുണ്ടായ വ്യതിചലനമാണോ അതോ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്ററോളം ഉയരത്തിൽ എത്തിയതിനാലാണോ എന്നറിയില്ല. ഞൊടിയിടയിൽ തല പെരുത്തു കയറി. പൊട്ടി പിളരുന്ന പോലത്തെ ഒരു തലവേദനയായി അത് മാറാൻ അധിക സമയം വേണ്ടിവന്നില്ല.

കുടിവെള്ളമെല്ലാം തീർന്നു. എത്രയും വേഗം ലബൂഷയിലെത്തണം, അല്ലാതെ വേറെ രക്ഷയില്ല. എല്ലുകൾ തുളച്ചു കയറുന്ന തണുത്ത കാറ്റിൽ ആകാശത്ത് എന്തോ വെളുത്ത പൊടികൾ പാറിനടക്കുന്നുണ്ട്. അതാവല്ലെ എന്ന് ഒരുപാട് ആഗ്രഹിച്ചു. പക്ഷെ ഇതതുതന്നെ. ഒരു മഞ്ഞുവീഴ്ച ആരംഭിച്ചിരിക്കുന്നു. ആരോടോ ഉള്ള വാശി തീർക്കാനെന്നവണ്ണം താഴെ നിന്നും വീണ്ടും വീണ്ടും മേഘങ്ങൾ വരുകയാണ്, ഈ മലയിടുക്കുകളെ ശ്വാസം മുട്ടിക്കാൻ. അതോടൊപ്പം മഞ്ഞുവീഴ്‌ചയുടെ കാഠിന്യവും കൂടി കൂടിവരുന്നു.

ലബൂഷയിലേക്കിനി എത്രദൂരം?