എവറസ്റ്റിന്റെ മടിത്തട്ടിൽ

ഒരു മഞ്ഞുവീഴ്ച പതുക്കെ തുടങ്ങിയിരിക്കുന്നു. കാറ്റിൽ ഓരോ നിമിഷവും കൂടി വരുന്ന മഞ്ഞ് കണങ്ങൾ ഒരു വലിയ മഞ്ഞുവീഴ്ചയുടെ സൂചനയാണ് തരുന്നത്. എത്രയും പെട്ടെന്ന് ഇന്നത്തെ ലക്ഷ്യസ്ഥാനമായ ലബൂഷയെത്തണം. ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്നാണ് മഞ്ഞ് വീഴ്, പക്ഷെ അതിലൂടെയുള്ള മലകയറ്റത്തെക്കാൾ ദുഷ്കരമായ ഒരു കാര്യം ഉണ്ടാവില്ല. കൃത്യം മൂന്ന് വർഷം മുമ്പുള്ള ഗംഗോത്രി - ഗോമുഖ് യാത്രയുടെ അനുഭവത്തിൽ നിന്നും മനസ്സിലാക്കിയതാണത്. കയ്യിലെ വെള്ളമെല്ലാം തീർന്നു, തലയാണെങ്കിൽ വെട്ടിപ്പൊളിയുന്ന വേദനയിലാണ്. Acute mountain sickness എന്നെ പതുക്കെ പിടിച്ചിരിക്കുന്നു. ഈ 5000 മീറ്റർ ഉയരത്തിലൂടെയുള്ള നടത്തത്തിൽ തലച്ചോറിലേക്ക് ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാത്തതാണ് കാരണം. നടന്ന് നടന്ന് കാലുകൾ കഴച്ചു. ഒരല്പം വെള്ളം കിട്ടിയില്ലെങ്കിൽ ഞാൻ ഇവിടെ കുഴഞ്ഞു വീഴും.

‘‘അത് കുടിയ്ക്കരുത് ഒരു മുപ്പതുമിനിറ്റിൽ നമ്മൾ ലബൂഷയെത്തും’’ തൊട്ടരികിലുള്ള ഇമ്ജി ഘോലയിലെ കലങ്ങിയ വെള്ളം കുടിയ്ക്കാനായി ഓടിയ എന്നെ കണ്ട് പോർട്ടർ ഖട്ക തടഞ്ഞു. എന്തായാലും ആ ഉറപ്പിൽ നടപ്പു തുടരാം എന്നു വച്ചു. ഒടുവിൽ വിറയ്ക്കുന്ന ശരീരത്തോടെ ഞാൻ ലബൂഷെ ഗ്രാമത്തിന്റെ പടിവാതിൽക്കൽ എത്തി. മറ്റൊരിടത്തും കാണാത്ത ഒരു വിചിത്രമായ സമ്പ്രദായമുണ്ടിവിടെ. മുറിയുടെ വാടകയായ 500 രൂപ ഹോട്ടലിൽ ഏൽപ്പിക്കുന്നതിനു പകരം ഗ്രാമത്തിലേക്കു പ്രവേശിക്കുന്ന വഴിയിലെ ഒരു കൊച്ചു ടോൾ ബൂത്തിൽ ഏൽപ്പിക്കണം. അതിനുള്ള കാരണമൊക്കെ അതിന്റെ ചുമരിൽ എഴുതി വച്ചിട്ടുണ്ട്. അതൊന്നും തന്നെ വായിക്കാനുള്ള അവസ്ഥയിലല്ലാത്തതു കൊണ്ട് ഒരിറ്റു ദാഹ ജലത്തിനായി ദേവൻ ഞങ്ങൾക്കായി കണ്ടെത്തിയ ഹോട്ടലിലേക്ക് ഞാൻ ബാക്കിയുള്ള ഊർജ്ജം മുഴുവൻ സംഭരിച്ച് ആഞ്ഞു നടന്നു.

എന്റെ മാത്രമല്ല സംഘത്തിലെ മറ്റെല്ലാവരുടേയും അവസ്ഥ പരിതാപകരമാണ്. കണ്ടമാനം ചൂടുവെള്ളം കുടിച്ചിട്ടും Diamox മരുന്നു കഴിച്ചിട്ടൊന്നും തലവേദന മാറുന്ന ലക്ഷണമില്ല. പുറത്തെ കനത്ത മഞ്ഞു വീഴ്ചയിൽ ചിമ്മിനി അടഞ്ഞ് നെരിപ്പോടിലെ പുക മുഴുവൻ നിറഞ്ഞതോടെ ഭക്ഷണ മുറിയി ലെ ഇരുപ്പ് അതിലേറെ ബുദ്ധിമുട്ടേറിയതായി. ഒരല്പം ശുദ്ധ വായുവിനായി പുറത്തിറങ്ങിയപ്പോളാണ് അകത്തിരിക്കുന്നതു തന്നെയാണ് നല്ലതു എന്നു മനസ്സിലായത്. ലബൂഷെ പർവ്വത ത്തിന്റെ മുകളിൽ നിന്നും വീശി അടിയ്ക്കുന്ന തണുത്തുറഞ്ഞ കാറ്റിൽ സമീപത്തുള്ള ഹോട്ടലുകളുടെ അടുക്കളയിൽ നിന്നു വമിക്കുന്ന പുക മുഴുവൻ മുകളിലേക്കു പോകാനാകാതെ ചുറ്റിലും തിങ്ങി വീർപ്പുമുട്ടിക്കുകയാണ്. ലബൂഷെ ഗ്രാമം മൊത്തത്തിൽ ശുദ്ധവായു കിട്ടാത്ത ഒരു ആവി എൻജിനായി മാറിയിരിക്കുന്നു! 

‘‘നാളെ ബേസ് ക്യാംപിലേക്ക് എങ്ങനെ എത്തുമെന്ന് എനിക്കറിയില്ല, എന്തായാലും ഞാൻ ഒരു കാര്യം തീരുമാനിച്ചു. കാലാപത്തർ പോകാൻ ഞാൻ ഇല്ല ’’. ‘‘മനു, നമ്മള്‍ക്ക് കാലത്തെ തീരുമാനിക്കാം. ചിലപ്പോൾ ഈ തലവേദന പോയാലോ?’’ മനുവിന്റെയും വിക്രമിന്റെയും സംഭാഷണ ത്തിൽ പങ്കു ചേരുവാനുള്ള ആവതില്ലാതെ പുക നിറഞ്ഞ ആ കുടുസു മുറിയിലെ ഇരുട്ടിൽ ഞാൻ കണ്ണുകളടച്ചു. ഒരൊറ്റ ആഗ്രഹമേ മനസ്സിലുള്ളൂ, ഈ അസഹനീയമായ തലവേദന ഒന്നു മാറണം. യാത്രയുടെ ലക്ഷ്യത്തേക്കാൾ പ്രധാനമായ ചില കാര്യങ്ങൾ ഉണ്ടെന്ന് ഈ ദിവസം എന്നെ പഠിപ്പിച്ചു.

Oct 29

അത്ഭുതം തലവേദന പൂർണമായും മാറി. ഇന്നത്തെ യാത്ര യുടെ പ്രാധാന്യം അറിയാവുന്നതു കൊണ്ടു തന്നെ എല്ലാവരും തങ്ങളുടെ ശാരീരിക ബുദ്ധിമുട്ടുകള്‍ അവഗണിച്ച് കാലത്തെ തന്നെ തയ്യാറായി വന്നു. ഇന്നാണ് ഞങ്ങൾ എവറെസ്റ്റ് എന്ന മഹാമേരുവിന്റെ അടിത്തട്ടിൽ എത്തുന്നത്. പക്ഷേ, അതിനു മുമ്പ് ആദ്യം ‘ഗൊരഖ്ഘേഷ്’ എത്തണം, ബേസ് ക്യാംപിനു മുമ്പുള്ള അവസാന വാസസ്ഥലം.

ഇന്നലത്തെ മഞ്ഞുവീഴ്ചയിൽ ലബൂഷെ ഗ്രാമം ആകെ മഞ്ഞിൽ കുളിച്ചിരിക്കുകയാണ്. ഒരു മേഘ കീറുപോലുമില്ലാ ത്ത തെളിഞ്ഞ ആകാശം കണ്ടാൽ ഇന്നലെ തന്നെയാണോ ഇതൊക്കെ നടന്നതെന്ന് തോന്നിപ്പോകും. ഹിമാലയസാനു ക്കളിലെ കാലാവസ്ഥ ഇങ്ങനെയാണ്, വെറും മണിക്കൂറുകൾ കൊണ്ടാണ് എല്ലാം മാറി മറിയുന്നത്. തൊട്ടരികിലായുള്ള മലകളുടെ പുറകിൽ നിന്നും അധികം താമസിയാതെ തന്നെ ആദിത്യൻ ഉയർന്നുവരും, എന്നാൽ അതുവരെ കാക്കാൻ ഞങ്ങൾക്കാവില്ല. ഭാരമേറിയ ജാക്കറ്റും ബാഗും ഇട്ട് ഞാൻ മറ്റുള്ളവര്‍ക്കു പുറകിലായി നടപ്പാരംഭിച്ചു.

ഇന്നലത്തെ കൊടുംതണുപ്പിൽ മരവിച്ച ഇംമജിച്ചോല അരുവി ഉരുകി തുടങ്ങുന്നതേയുള്ളൂ. പരന്ന പാതയായതിനാൽ ചില ചുവടുകൾ വയ്ക്കുന്നത് മഞ്ഞു പുതച്ച മണ്ണിലാണോ അതോ തണുത്തുറഞ്ഞ അരുവിയിലാണോ എന്ന് സ്പഷ്ടമല്ല. ഒരു പൂരത്തിനുള്ള ആളുകളുണ്ട് എനിക്ക് മുമ്പിലായി. ഇന്ത്യയിൽ നിന്നും വന്ന BBC യുടെ ഒരു 60 അംഗ ഡോക്യുമെന്ററി ടീമുമു ണ്ട് അക്കൂട്ടത്തിൽ. ഇക്കണ്ട ആളുകളത്രയും ഇന്നലെ ഇവിടെ തങ്ങിയവരാണോ?! കാരണം ഈ കൊച്ചു ഗ്രാമത്തിൽ ഇത്രയും പേർക്കു വേണ്ട സൗകര്യങ്ങൾ ഉണ്ടെന്ന് വിശ്വസി ക്കാൻ പ്രയാസമാണ്.

യാത്രയിൽ ഒരു പുതിയ അതിഥി കൂടി വന്നിരിക്കുന്നു. ഭീമാകാരനായ ‘നുപ്സ്ടെ’, ലോകത്തിലെ 20–മത്തെ ഉയരം കൂടിയ കൊടുമുടി. എവറസ്റ്റിന്റേയും ലോഹ്സ്ടെയുടെയും നേരെ മുമ്പിലായാണ് നുപടസ്ടെയുടെ നിൽപ്പ്. അതുകൊണ്ട് തന്നെ ആ രണ്ട് പർവ്വതങ്ങളെയും ഒരു തരി കാണാൻ സമ്മതിക്കില്ല ഈ കക്ഷി. മണി 8 കഴിഞ്ഞപ്പോളാണ് സൂര്യൻ തന്നെ നുപസ്ടെയുടെ പിടി വിട്ട് മുകളിൽ എത്തുന്നത്. ഉച്ചയോടെ അടുത്തിട്ടും സമുദ്ര നിരപ്പിൽ നിന്നും 5 കിലോമീറ്റ റുകൾക്കു മുകളിലുള്ള ഈ ഭൂമിയെ ചൂടുപിടിപ്പിക്കാൻ സൂര്യ രശ്മികൾ പാടുപെടുകയാണ്. വഴിയുടെ വലതു വശത്തായി പതുക്കെ പൊങ്ങിവരുന്ന മഞ്ഞുപാളികളുടെ സാന്നിധ്യമാകാം അതിനൊരു കാരണം.

ഇടയ്ക്കു വന്ന ഒരു വലിയ കയറ്റം ഇന്നലത്തെ ദുഷ്കരമായ നിമിഷങ്ങളെ അനുസ്മരിപ്പിച്ചെങ്കിലും വലിയ പ്രയാസമില്ലാതെ കയറാനായി. പക്ഷേ തലവേദന, അത് ഇന്നലത്തെ പോലെ തന്നെ പതുക്കെ വന്നു തുടങ്ങിയിട്ടുണ്ട്. മൺപാതകളിലൂടെയുള്ള കയറ്റം ഇവിടെ അവസാനിക്കുക യാണ്. മുന്നില്‍ കണ്ണെത്തുന്ന ദൂരം വരെ ചെറിയ കയറ്റവും ഇറക്കവുമുള്ള പാറക്കെട്ടുകളിലൂടെയുള്ള ചെറിയ വഴികളാ ണ്. പലപ്പോഴും എതിരെ നിന്നും വരുന്ന സഞ്ചാരികൾക്ക് വഴികൊടുക്കാൻ ഒരു വശത്തേക്കു നീങ്ങി നിൽക്കണം. ചില ഭാഗങ്ങളിലാകട്ടെ രണ്ട് കാലും ഒരുമിച്ച് വയ്ക്കാൻ തന്നെ സാധിക്കുകയില്ല.

 ഒടുക്കം ഹിമശൃംഗങ്ങളുടെ മടിത്തട്ടിൽ ഉറങ്ങുന്ന ഗൊരഖ്ഘേഷ് ഗ്രാമം അതാ ദൂരെയായി തെളിഞ്ഞു വരികയാണ്. ‘‘ദാ ആ പുറകിൽ കാണുന്ന മലയുടെ മുകളിലാണ് കാലാപ ത്തർ’’. ഗൊരഘ്ഷേപ്പിലെ ലോഡ്ജുകളുടെ പുറകിലേക്ക് കൈ ചൂണ്ടി ഗൈഡായ ദേവൻ പറഞ്ഞു. സത്യത്തിൽ എവറ സ്റ്റിന്റെ ഏറ്റവും നല്ല ദൃശ്യം  കാണാൻ കഴിയുന്നത് കാലാപത്തറിൽ നിന്നാണ് എന്നാണ് എല്ലാ സഞ്ചാരികളുടേയും അഭിപ്രായം. അവിടേ യ്ക്ക് എന്തായാലും പോകണമെന്ന് നാമ്ചി ബസാറിലെ ലോഡ്ജിലിരുന്ന് അഹമ്മദ് ഒരാഴ്ച മുമ്പ് ഞങ്ങളോടു പറഞ്ഞത് ഓർമ്മ വരുന്നു.  എന്തായാലും ആദ്യം ബേസ് ക്യാംപ്, അത് കഴിഞ്ഞ് നാളെ തീരുമാനിക്കാം കാലാപത്തർ പോകണോ വേണ്ടയോ എന്ന്.

ഉച്ചഭക്ഷണ ശേഷം ബേസ്ക്യാംപിലേക്ക് തിരിക്കാനാണ് പദ്ധതി, പക്ഷേ ഇപ്പോൾ തന്നെ ഞങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്. അനുനിമിഷം കൂടിവരുന്ന ഈ അസഹനീ യമായ തലവേദനയും വച്ച് എവിടെ വരെ എത്തുമെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല. ഏതാനും കിലോമീറ്ററുകൾക്ക പ്പുറം ഞങ്ങൾ മാസങ്ങളായി സ്വപ്നം കണ്ടു കൊണ്ടു നടന്ന ലക്ഷ്യസ്ഥാനമുണ്ട്. എന്നാൽ ആ വഴികൾ കീഴടക്കാൻ ഉള്ള ത്രാണി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

‘‘എല്ലാവർക്കും തീരെ വയ്യെന്നറിയാം. പക്ഷെ, നമ്മള്‍ക്കു ഇത് ചെയ്തേ മതിയാകൂ. ഇനി ഒരു മൂന്നുമണിക്കൂറത്തെ അധ്വാനം കൂടിയേയുള്ളൂ. ഒരു സിനിമ കാണുന്ന സമയം മാത്രം’’. മനുവിന്റെ വക ഉത്തേജനം. ‘‘ശരിയാണ്, പക്ഷെ കണ്ട സിനിമ അതേ പടി റിവേഴ്സിൽ കാണണമെന്ന് മറക്കരുത്’’. വിക്രമിന്റെ ഉത്തരം ഏവരിലും പൊട്ടിച്ചിരി ഉണർത്തി. യാത്ര യിൽ ഇതുവരെ ഞങ്ങൾ ഒരേ ദിശയിലാണ് പൊയ്ക്കൊണ്ടി രിക്കുന്നത്. ബേസ്ക്യാംപ് ഇവിടെ നിന്നും 3 കിലോമീറ്റർ മാത്രം ദൂരെയാണ്. എന്നാൽ അവിടെ വരെ ചെന്ന് അതേ ദൂരം അതേ വഴിയിലൂടെ തിരികെ നടന്ന് ഇവിടെയെത്തണം എന്ന വസ്തുത ഭീതി ഉളവാക്കുന്നതാണ്. ബാഗുകൾ ഇവിടെ വച്ച് പോകാം എന്നത് ഒരു ആശ്വാസമാണ്, പക്ഷെ 5300 മീറ്ററോളം ഉയരത്തിലൂടെയു ള്ള നടത്തത്തിൽ ഇടയ്ക്കു വച്ച് ഒന്നു തളർന്നാൽ തിരികെ ഇവിടെ എത്താതെ യാതൊരു സഹായവും പ്രതീക്ഷിക്കേ ണ്ടതില്ല.  

സമയം ഒരു മണിയോടടുക്കുന്നു. ഇപ്പോൾ പുറപ്പെട്ടാലെ നേരം ഇരുട്ടുന്നതിനു മുമ്പ് ഇവിടേയ്ക്കു തിരികെ എത്താൻ സാധി ക്കുകയുള്ളൂ. അങ്ങനെ അവസാന ചുവടുവയ്ക്കുവാനായി ഞങ്ങൾ ഏവരും പുറത്തിറങ്ങി. ഗോരഖ്ഷേപ്പിലെ ഒട്ടുമിക്ക സഞ്ചാരികളും ബേസ്ക്യാംപിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. ലോഡ്ജുകളുടെ പുറകിലുള്ള സമനിരപ്പായ മൺപാതകൾ വളരെ പെട്ടെന്നു തന്നെ ഇടുങ്ങിയതും അപകടം നിറഞ്ഞതു മായ പാറക്കെട്ടുകളിലൂടെയുള്ള വഴിയിലേക്കു ഞങ്ങളെ എത്തിച്ചു. പലയിടത്തും വഴിതെറ്റിയ എനിക്ക് മുമ്പേ പോയ സഞ്ചാരികളുടെ പാറപുറത്തെ കാലടികൾ തിരഞ്ഞു നടക്കേണ്ടി വന്നു.

ഈ ദുർഘടമായ പാതകളിലൂടെയുള്ള നടപ്പ് ശരീരത്തിന് താങ്ങാനാവുന്നതിനും അപ്പുറത്തായിരിക്കുന്നു. ബേസ് ക്യാംപിൽ എത്തിപ്പെ ടാൻതന്നെ പെടാപാടുപെടുന്ന എനിക്ക്,  പർവ്വതാരോഹണം എന്ന എന്റെ സ്വപ്നം എത്രയോ ബുദ്ധിമുട്ടേറിയതാണെന്ന് കാണിച്ചു തരുകയാണ് ഈ കുമ്പു താഴ്‍വാരം അനുനിമിഷം.

ചുറ്റിലും ഒരു പുൽനാമ്പുപോലുമില്ല. മാനം മുട്ടെ നിൽക്കുന്ന പർവ്വതങ്ങളും പാറക്കെട്ടുകളും മഞ്ഞ് പാളികളും മാത്രം. വലതു വശത്തുള്ള നുപ്സ്ടെ ഇപ്പോഴും എവറസ്റ്റിനെ മറച്ചു നിൽക്കുകയാണ്. എപ്പോളാണ് അതിനെ ഒന്നു കാണാനാ കുക. താഴ്‍വാരത്തു നിന്ന് മേഘകീറുകൾ പർവ്വതങ്ങളെ പതുക്കെ പിടിമുറുക്കി തുടങ്ങിയിരിക്കുന്നു. ഇന്നലത്തെ പോലെ ഒരു മഞ്ഞു വീഴ്ചയുണ്ടായാൽ ഞാൻ ഇവിടെ കിടക്കുകയേയുള്ളൂ !

‘‘എവറസ്റ്റ്, എവറസ്റ്റ് ’’ തൊട്ടു പിറകിലായുള്ള വിദേശ സഞ്ചാരി മുകളിലേക്ക് നോക്കിക്കൊണ്ട് അലമുറയിടുന്നു.

മേഘങ്ങൾ തുന്നാൻ മറന്ന അവരുടെ നീളൻ കമ്പിളിയിലെ ഒരു ചെറുദ്വാരത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി അതാ ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നു. ശരീരത്തിന്റെയും മനസ്സിന്റെയും സകല ക്ഷീണവും ഒരു നിമിഷം അലിഞ്ഞില്ലാതായി. മേഘങ്ങൾക്ക് ഇനിയും എത്തിപ്പെടാനാകാത്ത അതിന്റെ ശിഖിരം ഉച്ചസൂര്യന്റെ വെയിലേറ്റ് വെട്ടി തിളങ്ങുകയാണ്. ഈ നിമിഷം അതിന്റെ ഉച്ചസ്ഥായിയിൽ ഒരു പർവ്വതാരോഹകൻ ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നി പോവുകയാണ്. ദൂരെ പോകുന്ന തീവണ്ടിയിലെ യാത്രക്കാരെ നോക്കി കൈവീശുന്ന കൊച്ചു കുട്ടിയെ പോലെ എനിക്ക് അലമുറയിട്ടുകൊണ്ട് അയാളെ കൈവീശാമാ യിരുന്നു. പക്ഷെ പർവ്വതാരോഹണത്തിന്റെ സമയം ഇപ്പോളല്ല. അത് ഏപ്രിൽ–മെയ് മാസങ്ങളിലാണ്.

മേഘങ്ങൾ തുറന്നദ്വാരം അവർ തന്നെ തുന്നിച്ചേർത്തു. എവറ സ്റ്റിന്റെ സൗന്ദര്യത്തിൽ സ്ഥലകാലബോധം മറന്ന എനിക്ക് ക്യാമറയെടുത്ത് ഒരു ഫോട്ടോ എടുക്കാനുള്ള സമയം പോലും കിട്ടിയില്ല. ഈ സുന്ദരമായ കാഴ്ച കാണാൻ ഒരിക്കൽ കൂടെ പ്രകൃതി എന്നെ അനുവദിക്കില്ലെ? അതോ മനോഹരമായ ഒരു ഛായാചിത്രമായി അത് എന്നിൽ തന്നെ അവശേഷിക്കുമോ? ബേസ് ക്യാംപിനേ അതിനുത്തരം നൽകാൻ സാധിക്കുക യുള്ളൂ.

മഞ്ഞുപാളികളുടെ ഏറിവരുന്ന സാമീപ്യം ഓരോ അടിയിലും എല്ലു തുളച്ച് വരുന്ന തണുപ്പ് സമ്മാനിക്കുന്നു. മുന്നോട്ടു പോകുന്തോറും ഒരു കൂറ്റൻ സ്റ്റേഡിയത്തിനകത്ത് കയറിയ പ്രതീതിയാണ്. മഞ്ഞു പുതച്ച പർവ്വതങ്ങൾ ഗാലറിയുടെ സ്ഥാനം ഏറ്റെടുക്കുന്നു.

ആദ്യമേ പോയ ഒട്ടുമിക്ക സഞ്ചാരികളും ബേസ്ക്യാംപ് സന്ദർ ശിച്ച് മടങ്ങി കഴിഞ്ഞു. അകലെയായി കാണുന്ന ഏതാനും സഞ്ചാരികളാകട്ടെ തിട്ട പോലെ ഉയർന്നു നിൽക്കുന്ന ഞങ്ങളുടെ വഴിയിൽ നിന്നു താഴെയാണ് നിൽക്കുന്നത്. അതാവല്ലെ ബേസ്ക്യാംപ്, കാരണം ഇനിയൊരു ഇറക്കം കൂടി നടന്നു അവിടെയെത്താൻ എനിക്കു വയ്യ. ഇറങ്ങാൻ എനിക്കു സാധിച്ചേക്കും, പക്ഷേ പിന്നെ ഒരു കയറ്റത്തിനുള്ള ത്രാണി എനിക്കു ണ്ടാവുമെന്ന് കരുതുന്നില്ല. പ്രതീക്ഷകൾ അസ്ഥാനത്തായി, അതു തന്നെ ബേസ് ക്യാംപ്. ഈ യാത്ര തിരഞ്ഞെടുത്ത നിമിഷത്തെ പഴിച്ചു കൊണ്ട് ഞാന്‍ ഇറക്കത്തിലേക്ക് നടന്നു.

‘എവറസ്റ്റ് ബേസ് ക്യാംപ് – 5364 മീറ്റർ’ കൺമുന്നിലെ ചുവന്ന ബോർഡിലെ വാക്കുകളാണിത്. അതേ, എട്ടു ദിവസത്തെ യാത്രയ്ക്കൊടുവിൽ ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തിയിരി ക്കുന്നു - ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയുടെ മടിത്തട്ടിൽ. കാത്മണ്ഡുവിൽ നിന്നും പുറപ്പെട്ട യാത്ര ധാരാളം അനിശ്ചിതത്വങ്ങൾ നിറഞ്ഞതായിരുന്നു, പക്ഷെ ഇതാ ഒടുവിൽ ഞാൻ ഇവിടെ. ബഹുവർണത്തിലുള്ള പ്രയർ ഫ്ലാഗുകളും തോരണങ്ങളും കൊണ്ട് നിബിഡമായ മണ്ണിൽ നിന്നും നിന്നുകൊണ്ട് ഞാൻ ഒരല്പം പുറകിലേക്ക് സഞ്ചരിച്ചു.

ആറു പതിറ്റാണ്ടു കൾക്കു മുമ്പ് സർ എഡ്മണ്ട് ഹിലരിയും ടെൻസിംഗ് നോർഗ യും മനുഷ്യരെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച യാത്ര യുടെ തുടക്കം കുറിച്ചത് ഒരു പക്ഷെ ഞാൻ ചവിട്ടി നിൽക്കുന്ന ഈ മണ്ണിൽ നിന്നാകാം. മൂന്നുവർഷങ്ങൾക്കു മുമ്പുണ്ടായ ഹിമപാതത്തിൽ പെട്ട് എന്റെ ചേച്ചി മഞ്ഞിൽ മൂടി വീണത് ഇവിടെയാകാം. കൂടെയുണ്ടായിരുന്ന ഷേർപ്പയുടെ സംയോജി തമായ ഇടപെടൽ കൊണ്ടുമാത്രമാണ് ജീവൻ തിരികെ കിട്ടി യത്. എവറസ്റ്റിനു നേരെ മറുവശത്തു നിന്നുള്ള ‘പുമോറി’ പർവ്വതത്തിൽ നിന്നാണ് അന്ന് ഹിമപാതം ഉണ്ടായത്. ഇവിടെ നിന്ന് നോക്കുമ്പോൾ നല്ല ദൂരമുണ്ടെങ്കിലും ഇടിച്ചു കുത്തി വന്ന മഞ്ഞ് കട്ടകൾക്ക് അവിടെ നിന്നും ബേസ് ക്യാംപുവരെ എത്താൻ അന്ന് വിരലിലെണ്ണാവുന്ന  നിമിഷങ്ങൾ പോലും വേണ്ടി വന്നില്ല എന്നതാണ് യാഥാർത്ഥ്യം.

കൈയെത്തും ദൂരെ ചിതൽപുറ്റു പോലെ കാണുന്ന മഞ്ഞ പാളികളുണ്ട്. ഒരു വെള്ളച്ചാട്ടം തണുത്തുറഞ്ഞതു കണക്കെ ഉള്ള പ്രകൃതിയുടെ ഈ പ്രതിഭാസത്തിന്റെ പേരാണ് icefall. എവറസ്റ്റിന്റെ മുകളിലേക്കുള്ള പർവ്വതാരോഹണത്തിന്റെ ആദ്യകടമ്പയായ Khumbu icefall ഈ യാത്രയിൽ ഏറ്റവും ദുർഘടമായ ഒന്നായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

പർവ്വതാരോഹ കർ യാത്ര തുടങ്ങുന്നതിനുമുമ്പേ അനുഭവസമ്പത്തേറിയ ഷേർപ്പകൾ ഇതിനിടയിലുള്ള ആഴമേറിയ ഗർത്തങ്ങൾ മറികട ക്കവാൻ വേണ്ട ഏണിപ്പടികളും കയറുകളുമെല്ലാം തയ്യാറാക്കി വയ്ക്കും. എന്നിരുന്നാൽ തന്നെയും വർഷം തോറും അനേകം പർവ്വതാരോഹകർ ഇതിലെ അഗാധ ഗർത്തങ്ങളിലേക്ക് അപകടം പറ്റി വീണ് കൊല്ലപ്പെടാറുണ്ട്. അവരുടെ ശവശരീരം ജീർണിക്കാതെ ഇപ്പോളും ആ ഉരുണ്ട ആഴങ്ങളിൽ കിടക്കുന്നു. ഒട്ടനവധി ആളുകളുടെ കഠിനാധ്വാനത്തിന്റെ വിജയത്തിനു മാത്രമല്ല അനേകം ദൗർഭാഗ്യരുടെ മരണത്തിനും സാക്ഷ്യം വഹിക്കുന്ന മണ്ണാണിത്.

ആകെ ഒരു മായപ്രപഞ്ചത്തിൽ എത്തിയ കണക്കാണ് എന്റെ നിൽപ്പ്. നാമ്ചി ബസാറിൽ നിന്ന് ഇവിടെ വരെയുള്ള ദിവസങ്ങൾ നീണ്ടയാത്രയിൽ ഒട്ടനവധി കൊടുമുടികളെ ഞാൻ കണ്ടു, ചന്തമേറിയ അമാദബലവും ടബൂഷയും, അംബര ചുംബികളായ ലോഹ്ടസയും നുപസ്ടെയും പോലുള്ള ഭീമാകാരുക്കൾ പക്ഷെ ഈ കഥയിലെ നായകൻ അത് എവറസ്റ്റ് ആയിരുന്നു. എന്നിട്ട് എവറസ്റ്റ് എവിടെ? അത് ഇപ്പോഴും മേഘങ്ങൾക്കിടയിൽ ഒളിച്ചിരിക്കുകയാണ്. തൊട്ടരികിലുണ്ട് പക്ഷെ എന്നിട്ടും കാണാൻ വയ്യ. ഈ ഒരു തിരിച്ചറിവ് സങ്കടത്തേക്കാൾ ഏറെ ദേഷ്യമാണ് തരുന്നത്. ഇതിനായി രുന്നോ ഇക്കണ്ട ദൂരമത്രയും താണ്ടി വേദനയും സഹിച്ചു നടന്നുവന്നത്. ഇത്രയും കഷ്ടപ്പെട്ടിട്ടും എവറസ്റ്റിന്റെ ഒരു നല്ല ചിത്രം പോലും എടുക്കാതെ പോകാനാണോ വിധി? ‘‘Its about the journey, not the destination” -ഇതുപോലെയുള്ള അവസ്ഥ യ്ക്കു യോജിച്ച വരികളാണിത്. സ്വയം ആശ്വസിച്ച് തിരികെ പോവുക യേ നിവൃത്തിയുള്ളൂ.

കാഴ്ചകൾ കണ്ടു കൊണ്ടുള്ള ഈ നിൽപ്പ് അധികം തുടരാനാകില്ല. ഇപ്പോൾ തിരികെ പുറപ്പെട്ടില്ലെങ്കിൽ ഗോരഖ്ഷേപ്പ് എത്തുമ്പോൾ ഇരുട്ടു വീഴും. തിരിച്ചുള്ള കയറ്റത്തിനു വേണ്ടി യുള്ള ഊർജം പകരാൻ എന്റെ കയ്യിൽ ഇനി ഒരു അരകുപ്പി വെള്ളം മാത്രമേയുള്ളൂ. അതുകുടിച്ചിട്ടാകാം ഇനി യാത്ര.

ഒരു ഐസ് കഷണമാണോ തൊണ്ടയിലൂടെ ഇറങ്ങിപ്പോയത്! ഒരു ഞെട്ടലോടെ ഞാൻ മനസ്സിലാക്കി. കുപ്പിയിലെ വെള്ളം പകുതിയിലേറെയും തണുത്തുറഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇനിയും ഇവിടെ നിൽക്കുന്നത് പന്തിയല്ല.

അസഹ്യമായ തലവേദനയും കടിച്ചമർത്തി ശരീരത്തിൽ ബാക്കിയുള്ള ഊർജം മുഴുവൻ സംഭരിച്ച് ഞാൻ തിരികെ നടത്തം ആരംഭിച്ചു. ഒരിക്കൽകൂടി കനിയുമോ പ്രകൃതി എവറസ്റ്റിനെക്കാണാൻ. ഇല്ല, താഴ്‍വാരത്തു നിന്നുള്ള മേഘങ്ങൾ നുപ്ടസയെ പോലും മറച്ചു കഴിഞ്ഞിരിക്കുന്നു. ഹോ ഈ പർവ്വതം ഇവിടെയില്ലായിരുന്നുവെങ്കിലോ എന്നാശിച്ചു പോവുകയാണ്.

ഗോരഖ്ഷേപ്പില്‍ ഇരുട്ടുവീണു കഴിഞ്ഞിരിക്കുന്നു. പുറത്തെ കടുത്ത മൂടൽമഞ്ഞിൽ തൊട്ടടുത്തുള്ള ഹോട്ടലുകളിലെ വെളിച്ചം പോലും മങ്ങിയിരിക്കുന്നു. രാത്രിയിലെ തെളിഞ്ഞ ആകാശവും നക്ഷത്രങ്ങളുടെ ചിത്രം എടുക്കലുമൊന്നും എന്നെ ബാധിക്കുന്ന പ്രശ്നങ്ങളേയല്ല ഇപ്പോൾ. എത്രയും വേഗം ഈ മരം കോച്ചുന്ന താഴ്‍വാരം വിട്ട് പോകണം. കനം കുറഞ്ഞ മരപ്പാളികൾ കൊണ്ട് മറച്ച മുറികളിൽ ഇപ്പോൾ ശ്മശാന മൂകതയാണ്. കാലാപത്തർ പോകുന്നതിനെപ്പറ്റി ആരും പറയുന്നു പോലുമില്ല. ഈ രാത്രി ഒന്നു സമാധാനമായി ഉറങ്ങണമെന്നു മാത്രമേയുള്ളൂ ഇപ്പോൾ മനസ്സിൽ ആഗ്രഹം.