ഒഡീഷയിൽ പിഷു കണ്ട സൂര്യക്ഷേത്രം

മിനിസ്‌ക്രീനിൽ നിന്നും മലയാളികളെ ചിരിപ്പിച്ചുകൊണ്ടു ബിഗ് സ്ക്രീനിലേക്ക് നടനായി കടന്നുവന്നതാണ്  രമേശ് പിഷാരടി. നടനിൽ നിന്ന് സംവിധായകനിലേക്കെത്തിയപ്പോഴും ചിരിച്ചും  ചിരിപ്പിച്ചും മർമമറിഞ്ഞുള്ള  മറുപടികൾ കൊണ്ടും പിഷു തകർത്തുകൊണ്ടിരിക്കുകയാണ്.

ആദ്യമായി സംവിധാനം ചെയ്ത പഞ്ചവർണതത്ത  75 ദിവസങ്ങളും കടന്നു നൂറിലേക്കടുക്കുമ്പോൾ സംവിധായകൻ  ഒരു പരിപാടിയുമായി ബന്ധപ്പെട്ടുകൊണ്ട് ഒഡിഷയിലാണ്. ഒഴിവുസമയത്ത് കൊണാർക്കിലെ സൂര്യക്ഷേത്രം സന്ദർശിച്ച പിഷാരടി, വാസ്തുവിദ്യയിലെ വിസ്മയമായ ആ ക്ഷേത്രത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. കൂടെ അതിന്റെ  നിർമാണവൈദഗ്ദ്ധ്യത്തെ പ്രകീർത്തിച്ചുകൊണ്ടൊരു കുറിപ്പും. ''ഒറീസ്സയിലെ കൊണാർക് സൂര്യ ക്ഷേത്രം....

1800 വർഷങ്ങൾ....

ഇപ്പോഴത്തെ എഞ്ചിനീയറിങ്ങിനെ വിസ്മയിപ്പിക്കാൻ പോന്ന മനുഷ്യന്റെ ഇച്ഛാശക്തിയുടെ കരിങ്കൽ സ്വരൂപം''. വളരെ സീരിയസായി എഴുതിയ കുറിപ്പിന് താഴെ ഉടനെ വന്നു തമാശ നിറച്ചുകൊണ്ട് ധര്മജന്റെ കമന്റ് ''തള്ളിമറിക്കല്ലേ''. സംഗതി പിഷു പറഞ്ഞത് നൂറു ശതമാനം ശരിയാണെങ്കിലും ധർമന്റെ കമന്റ് ചിരിയോടെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. 

'കല്ലിൽ തീർത്ത വിസ്മയം' എന്ന് തന്നെ വിശേഷിപ്പിക്കണം കൊണാർക്കിലെ ഈ ക്ഷേത്രത്തെ. പന്ത്രണ്ടായിരം ശിൽപികൾ കൊത്തിയെടുത്തതാണ് ഈ ആദിത്യ ക്ഷേത്രമെന്നാണ് പറയപ്പെടുന്നത്. നൂറ്റാണ്ടുകൾക്കു മുൻപ്, കൃത്യമായി പറഞ്ഞാൽ പതിമൂന്നാം നൂറ്റാണ്ടിൽ ഇന്നത്തെ മനുഷ്യനെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഒരു നിർമിതി നടത്തണമെങ്കിൽ  അത്രമാത്രം വൈദഗ്ധ്യമുള്ളവർ ഓരോ മേഖലയിലും അന്നുണ്ടായിരുന്നു എന്ന് വേണം അനുമാനിക്കാൻ. 

ഒഡിഷയിലെ പുരി ജില്ലയിലാണ്  സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്നത്. നരസിംഹദേവൻ ഒന്നാമൻ എന്ന രാജാവാണ് 1236 നും 1264നുമിടയ്ക്ക്  ക്ഷേത്രം പണികഴിപ്പിച്ചതെന്നു കരുതപ്പെടുന്നു. യുനെസ്കോയുടെ ലോകപൈതൃകപട്ടികയിൽ ഇടമുണ്ട് ഈ ഇന്ത്യൻ വിസ്മയത്തിന്.

ഏഴു കുതിരകൾ ഒരു രഥം വലിക്കുന്നത് പോലെയാണ്  ക്ഷേത്രത്തിന്റെ നിർമിതി. രഥത്തിന്റെ ഇരുവശങ്ങളിലുമായി പന്ത്രണ്ടു ചക്രങ്ങൾ  വീതമുണ്ട്. ഈ ഇരുപത്തിനാലു ചക്രങ്ങളും സൂര്യ ഘടികാരങ്ങളാണ്. പുരാണ കഥാപാത്രങ്ങളുടെയും ദേവീ ദേവന്മാരുടെയും കല്ലിൽ കൊത്തിയ രൂപങ്ങൾ, ക്ഷേത്രത്തിനു ചുറ്റിലുമായി രണ്ടായിരം ആനകളുടെ ശില്പങ്ങൾ തുടങ്ങി അദ്ഭുതകരമായ നിരവധി കൊത്തുപണികളും കല്ലിൽ തീർത്ത രൂപങ്ങളും ഇവിടെ കാണുവാൻ സാധിക്കുന്നതാണ്.  

ഭാരതത്തിലെ സപ്താത്ഭുതങ്ങളിൽ ഒന്നായ ഈ ക്ഷേത്രം പതിനെട്ടാം നൂറ്റാണ്ടോടെ നശിച്ചുവെന്നു തന്നെ പറയാം. ശ്രീകോവിലും കുറെ ഭാഗങ്ങളും ഇടിഞ്ഞുവീണു. കയ്യും കാലും ഉടലുമില്ലാത്ത ശില്പങ്ങളും തകർന്നുവീഴാറായ തൂണുകളുമെല്ലാം ഊന്നുവടികളുമായി പ്രതാപകാലത്തെ സ്മരിച്ചുകൊണ്ട് നിൽക്കുന്നത് കാണാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ  ഗവണ്മെന്റ് ഏറ്റെടുത്ത ക്ഷേത്രം, അതീവ സൂക്ഷ്മമായി ഇപ്പോൾ സംരക്ഷിച്ചുപോരുന്നു. വിദേശികളടക്കമുള്ള ലക്ഷക്കണക്കിന് പേരാണ് ഇതിന്റെ  നിർമാണചാതുര്യം കാണാനായി ഇവിടെ വർഷാവർഷം എത്തിച്ചേരുന്നത്. 

പിഷാരടി കുറിച്ച വാക്കുകൾ എത്രയോ സത്യമാണ്... ഇപ്പോഴത്തെ എഞ്ചിനീയറിങ്ങിനെ വിസ്മയിപ്പിക്കാൻ പോന്ന മനുഷ്യന്റെ ഇച്ഛാശക്തിയുടെ കരിങ്കൽ സ്വരൂപം തന്നെയാണ് കൊണാർക്കിലെ ഈ സൂര്യക്ഷേത്രം.