ഊട്ടി തോൽക്കുന്ന തണുപ്പ്! ഓണാവധിക്ക് വ്യത്യസ്ത ട്രിപ്പ് പ്ലാൻ ചെയ്യാം

ഓണത്തിന് വ്യത്യസ്തമായൊരു ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഐഡിയൽ സ്പോട്ട് കോത്തഗിരിയാണ്. നീലഗിരി മലനിരയുടെ ഹൃദയ ഭാഗത്തുള്ള കോത്തഗിരി തണുപ്പിന്റെ കാര്യത്തിൽ ഊട്ടിയെ തോൽപ്പിക്കും. അതിഗംഭീരമൊരു വെള്ളച്ചാട്ടവും മനസ്സിൽ കുളിരു കോരിയിടുന്ന വ്യൂ പോയിന്റും മിനുക്കിയൊതുക്കിയ തേയിലത്തോട്ടങ്ങളുമാണ് കോത്തഗിരിയിലെ കാഴ്ചകൾ. സിനിമാ നടിയും തമിഴ്നാട് മുൻമുഖ്യമന്ത്രിയുമായ ജയലളിത അവധിക്കാലത്തു താമസിക്കാനായി ബംഗ്ലാവ് നിർമിച്ചത് കോത്തഗിരിയിലാണെന്നു പറയുമ്പോൾ ആ സ്ഥലത്തിന്റെ ഭംഗി ഊഹിക്കാമല്ലോ.

മേട്ടുപ്പാളയത്തു നിന്നു പാലപ്പെട്ടി, കോട്ടക്കാമ്പൈ വഴി ബംഗളാഡ കടന്നാൽ കോത്തഗിരിയെത്താം. മേട്ടുപ്പാളയത്തു നിന്ന് ഊട്ടിയിൽ എത്താനുള്ളത്രയും നേരം വണ്ടിയിൽ ഇരിക്കണ്ട. ഈ വഴിക്കുള്ള യാത്രയിൽ പാലപ്പെട്ടി വ്യൂ പോയിന്റ്, ബംഗളാഡ‍ ഹെയർപിൻ വളവുകൾ തുടങ്ങി പുതുകാഴ്ചകൾ ആസ്വദിക്കാം. മാസ്മരികമായ രണ്ടു ഡെസ്റ്റിനേഷനുകളാണ് കോത്തഗിരിയിലുള്ളത് – കാതറിൻ വാട്ടർ ഫാൾസ്, കോടനാട് വ്യൂ പോയിന്റ്.

വീതി കുറഞ്ഞ റോഡുകൾ. തോളുരുമ്മി നടക്കുന്ന ആളുകൾ. നിരയായി ചായക്കട, ചാന്തുകട, പലചരക്കു വിൽപ്പന – മൂന്നാർ പട്ടണത്തിന്റെ തമിഴ് പതിപ്പാണ് കോത്തഗിരി. കോത്തഗിരിയുടെ പ്രകൃതി ഭംഗി ഊട്ടിയിലേതിൽ നിന്നു വ്യത്യസ്തമാണ്. അടുക്കും ചിട്ടയുമുള്ള തേയിലത്തോട്ടങ്ങൾ. വിശാലമായ തോട്ടങ്ങൾ കളമിട്ടു വരച്ച ചിത്രം പോലെ ആകാശച്ചെരിവു വരെ പരന്നു കിടക്കുന്നു. അതിനു നടുവിൽ ചുവപ്പും നീലയും ചായം പൂശിയ വീടുകൾ, ബംഗ്ലാവുകൾ... കിഴക്കു ഭാഗത്ത് ‘രംഗസ്വാമിമല’ തെളിയുന്നതോടെ സീനറിയാകെ മാറുന്നു. ഹോളിവുഡ് സിനിമകളിലെ അദ്ഭുത ലോകത്തു പ്രത്യക്ഷപ്പെടാറുള്ള പർവതങ്ങളുടെ രൂപമാണ് രംഗസ്വാമി മലയ്ക്ക്.

വഴിയോരക്കാഴ്ച

നീലഗിരി കാടുകളിൽ നാലു ഗോത്രങ്ങളുണ്ട്. തോടാസ്, കോത്താസ്, കുറുംബാസ്, ഇരുളാസ്. ഇരുളരും കുറുമ്പരും കാടിനുള്ളിലാണ്. കോത്താസികൾ ഊട്ടിയിൽ. കോത്തഗിരിയിൽ തോടാസികൾ. കോത്തഗിരിയിൽ തോടാസികളുടെ പരമ്പരാഗത ക്ഷേത്രമുണ്ട്. ‘റ’ രൂപത്തിലുള്ള ശിലയാണ് ക്ഷേത്രത്തിന്റെ മുൻഭാഗം. മുകൾഭാഗം ഓല മേഞ്ഞിരിക്കുന്നു. മുൻഭാഗത്തെ കല്ലിന്റെ നടുവിൽ മണ്ണിനോടു ചേർന്നൊരു ദ്വാരമുണ്ട്. അതിലൂടെ നുഴഞ്ഞാണ് പൂജാരി ക്ഷേത്രത്തിനുള്ളിൽ കയറുക. ശങ്കരൻ എന്നയാൾക്കാണ് ഇപ്പോൾ ക്ഷേത്രത്തിന്റെ മേൽനോട്ട ചുമതല. ചിത്രപ്പണികളോടു കൂടിയ വെളുത്ത ഷാളാണ് തോടാസി വിഭാഗത്തിലെ പുരുഷന്മാർ പുതയ്ക്കാറുള്ളത്. ഭർത്താവിനു പുതയ്ക്കാനുള്ള ഷാൾ ഭാര്യ നെയ്തുണ്ടാക്കണമെന്നാണു തോടാസികളുടെ കീഴ്‌വഴക്കം.

കോടനാട് വ്യൂപോയിന്റിലെ വാച്ച് ടവർ

കോടനാട് റോഡ് അവസാനിക്കുന്നിടത്ത് ആൽത്തറയാണ്. അവിടെ നിന്നു താഴേക്കുള്ള പടവുകൾ വ്യൂ പോയിന്റിലേക്കാണ്. പാറപ്പുറത്തു കെട്ടിയ ഇരുമ്പു കൈവരികളുടെ താഴെ തമിഴ്നാടും കർണാടകയും പരന്നു കിടക്കുന്നു. തെളിഞ്ഞ പകലുകളാണ് വ്യൂപോയിന്റിൽ ഫോട്ടോ എടുക്കാൻ പറ്റിയ സമയം. രാവിലെ ഏഴു മണിക്ക് എത്തിയാൽ മഞ്ഞിന്റെ രസകരമായ രൂപഭേദങ്ങൾ കണ്ടാസ്വദിക്കാം.

പൂർണരൂപം വായിക്കാം