ലക്ഷദ്വീപിലെ ലക്ഷണമൊത്ത കാഴ്ചകൾ

ലക്ഷദ്വീപ്  കടലിനപ്പുറമുള്ള മറ്റേതോ ലോകമായാണ് മലയാളി കാണുന്നത്. പൃഥ്വിരാജിന്റെ അനാർക്കലി എന്ന സിനിമ കണ്ടവരാരും ലക്ഷദ്വീപിന്റെ സൗന്ദര്യം മറക്കില്ല. ഒരിക്കലെങ്കിലും അവിടേക്ക് പോകാൻ ആഗ്രഹിക്കും. അനാർക്കലിയിൽ സഞ്ചാര പ്രാധാന്യമുള്ള സ്ഥലമായല്ല ലക്ഷദ്വീപിനെ കാണിച്ചിരിക്കുന്നത്, എന്നിരുന്നാലും അതിനുശേഷം നിരവധി സഞ്ചാരികൾ ലക്ഷദ്വീപിലെ കാഴ്ചകൾ തേടിയെത്തിയിട്ടുണ്ട്.

ലക്ഷം ദ്വീപുകളുടെ സമുച്ചയമാണ് ലക്ഷദ്വീപെന്ന് സാഹിതീകരിച്ച് പറയാം. എന്തുതന്നെ ആയാലും കേരളവുമായി അഭേദ്യമായ ബന്ധമുണ്ട് ഈ ദ്വീപിന്. മലയാളവുമായി ഏറെയടുത്ത ബന്ധമുള്ള ഭാഷയാണ് ഇവിടുത്തേത്, എന്നാൽ കൃത്യമായ മലയാളഭാഷ അല്ലതാനും, എന്നിരുന്നാലും കേരളത്തിന്റെ ഭാഗമായി തന്നെയാണ് ലക്ഷദ്വീപിനെ കാണുന്നത് അറബിക്കടലിലാണ് ഈ ദ്വീപുള്ളത്.

മഴക്കാലം ദ്വീപ് സന്ദർശനങ്ങൾക്ക് അത്ര നല്ലതല്ല. അനാർക്കലി എന്ന ചിത്രത്തിൽ കണ്ടതുപോലെ തനി നാടൻ ഗ്രാമമാണ് ലക്ഷദ്വീപ്, ന്യൂജനറേഷൻ കടകളില്ലാത്ത, മനുഷ്യരില്ലാത്ത തനി നാട്ടു ഗ്രാമം. എറണാകുളത്ത് നിന്ന് കടൽ മാർഗവും വിമാന മാർഗവും ലക്ഷദ്വീപിലേക്ക് എത്തിച്ചേരാം. ‌എയർപോർട്ട് അഗത്തി ദ്വിപിൽ മാത്രമാണുള്ളത്. അവിടെ നിന്നും മറ്റു ദ്വീപുകളിലേക്ക് പോകണമെങ്കിൽ കപ്പലിനെ ആശ്രയിക്കേണ്ടി വരും. യാത്രകൾ വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിക്കുന്നതിനാൽ രണ്ടു തരം യാത്രകളും ആസ്വദിക്കാനാകും. ആഴ്ചയിൽ ആറു ദിവസം കൊച്ചിയിൽ നിന്ന് വിമാന മാർഗത്തിലൂടെ ലക്ഷദ്വീപിലെത്താം. കൊച്ചിയിൽ നിന്ന് അഗത്തി വരെ ഒന്നര മണിക്കൂറാണ് ഫ്‌ളൈറ്റിൽ യാത്ര. കപ്പൽ മാർഗ്ഗമാണ് സഞ്ചരിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ , കൊച്ചി, ബേപ്പൂര്‍, മംഗലാപുരം എന്നെ ഇടങ്ങളിൽ നിന്നും കപ്പലുകളുണ്ട്. പതിനാറു മുതൽ പതിനെട്ടു മണിക്കൂറാണ് കപ്പലിൽ യാത്ര ചെയ്യേണ്ടത്.

ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്ക് ഏറ്റവും വലിയ കടമ്പ പെർമിറ്റ് എടുക്കലാണ്. കേരളത്തിൽ നിന്നാണെങ്കിലും അവിടേയ്ക്ക് പോകുവാനുള്ള പെർമിറ്റ് എടുക്കേണ്ടതുണ്ട്. എറണാകുളം ഐലന്റിൽ ഉള്ള ലക്ഷദ്വീപ് അ‍ഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നിന്നും നേരിട്ട് ഇതിനുള്ള പെർമിറ്റ് എടുക്കാൻ സാധിക്കും. കൂടാതെ സർക്കാരിന്റെ  ലക്ഷദ്വീപ് ടൂർ പാക്കേജുകളുമുണ്ട്. ഇത്തരം പാക്കേജുകൾ തെരഞ്ഞെടുത്താൽ യാത്ര കുറച്ചുകൂടി രസകരമാകും. ഉത്തരവാദിത്തങ്ങളൊന്നും അലട്ടാതെ ലക്ഷദ്വീപിൽ പോകാനും ചുറ്റി കാണാനുമാകും. അല്ലെങ്കിൽ ദ്വീപിൽ തന്നെയുള്ള ആരെങ്കിലും സ്പോൺസർ ചെയ്യേണ്ടി വരും. പതിനഞ്ചു ദിവസത്തേക്കുള്ള വിസിറ്റിങ് പെർമിറ്റ്, ആറു മാസത്തേക്കുള്ള വർക്ക് പെർമിറ്റ് എന്നിങ്ങനെ രണ്ടു രീതിയിൽ പെർമിറ്റ് ലഭ്യമാണ്.

പോക്കറ്റ് കാലിയാക്കാതെ യാത്ര തിരിക്കാം

ലക്ഷദ്വീപിലേക്ക് യാത്രപോകുമ്പോള്‍ മുന്‍കൂട്ടി യാത്ര ബുക്കുചേയ്യേണ്ടതുണ്ട്. കാരണം ലക്ഷദ്വീപില്‍ ഒരു ദിവസം എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന്‍റെ ലക്ഷദ്വീപ് പാക്കേജ് തെരഞ്ഞെടുക്കുന്നതാണ് ഉചിതം. യാത്ര, താമസം,  ഉൾപ്പെടെ ഒരാൾക്ക് 25000 രൂപ നിരക്കില്‍ പാക്കേജുകൾ ഉണ്ട്. കൂടാതെ സ്വകാര്യ ടൂർ ഏജൻസി മുഖേനെയും ലക്ഷദ്വീപിലേക്ക് യാത്ര തിരിക്കാം. നിരവ‍ധി ഏജൻസികൾ ഉണ്ടെങ്കിലും യാത്ര നിരക്കുകൾ വ്യത്യസ്തമാണ്. ദ്വീപുകൾക്കനുസരിച്ചാണ് തുക ഇൗടാക്കുന്നത്. 15000 മുതൽ 30000 രൂപ വരെയാണ് സ്വകാര്യ ഏജൻസികൾ ഇൗടാക്കുന്നത്. സര്‍ക്കാര്‍-സ്വകാര്യ പാക്കേജില്‍ സ്പോൺസർമാരെ ഇവര്‍ത്തന്നെയാണ് ഏര്‍പ്പാടാക്കുന്നത്. ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗമാണിത്.

ദ്വീപിലെത്തിയാൽ അത്യാവശ്യ വസ്തുക്കൾ എല്ലാം ഇവിടെ ലഭ്യമാണ്. കേരളത്തിൽ നിന്നാണ് ഇവയൊക്കെ കൊണ്ടു പോകുന്നതും. നിരവധി ദ്വീപുകൾ ഉണ്ടെങ്കിലും പതിനൊന്ന് ദ്വീപുകളിൽ  മാത്രമാണ് ജനവാസമുള്ളത്. അതിൽ തന്നെ ടൂറിസം സാധ്യതകൾ ഉള്ളവ അഞ്ചോ ആറോ മാത്രമാണ്. അഗത്തി, കവരത്തി എന്നിവ പൊതുവെ കേട്ടുകേൾവിയുള്ള ഇടങ്ങളാണ്! എന്നിരുന്നാലും സ്വകാര്യ ടൂറിസം ഇവിടുത്തെ സർക്കാർ  പ്രോത്സാഹിപ്പിക്കാറില്ല, കാരണം ദ്വീപിലെ പ്രധാന കാഴ്ചയായ പവിഴപ്പുറ്റുകളുടെ സംരക്ഷണമാണ്

കണ്ണാടി പോലെ കടലിന്റെ അടിത്തട്ട് കാണാൻ കഴിയുന്ന വെള്ളം, മനോഹരമായ പവിഴപ്പുറ്റുകൾ, എല്ലാം കൊണ്ടും ഒരുതരം കടലിന്റെ ലോകത്തായി പോകുന്ന അനുഭവമാണ് ലക്ഷദ്വീപ് യാത്ര. സ്‌കൂബാ ഡൈവിങ്ങിന്റെ സാധ്യതകളെ ലക്ഷദ്വീപ് ടൂറിസം നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. വൃത്തിയുള്ള വെള്ളമായതുകൊണ്ട് കടലിന്റെ അടിത്തട്ടിലെ യാത്ര അതുല്യമായ അനുഭവവുമായിരിക്കും.ഡോൾഫിൻ കൂട്ടങ്ങൾ, പറക്കുന്ന മത്സ്യങ്ങൾ എന്നിവ ഇവിടുത്തെ ആകർഷകങ്ങളായ കാഴ്ചകളാണ്, ഇതൊക്കെ കാണണമെങ്കിൽ ഇവിടുത്തെ ബോട്ട് യാത്ര ഉറപ്പായും നടത്താൻ മറക്കരുത്. ലക്ഷദ്വീപ് എന്നാണു പേരെങ്കിലും മുപ്പത്തിയാറു ദ്വീപുകളാണ് ഇവിടെയുള്ളത്, ഇതിൽ ജനവാസമുള്ള പതിനൊന്ന് ദ്വീപുകളിലേയ്ക്കും ബോട്ടു മാർഗം സഞ്ചരിക്കാനാകും.  മദ്യ നിരോധിത മേഖലയാണിവിടം. നിഷ്കളങ്കരായ ആളുകളാണിവിടെയുള്ളത്, അതുകൊണ്ട് തന്നെ ഇവിടുത്തെ മനുഷ്യരുടെ സ്നേഹമാസ്വദിച്ച് , കടൽ ഭംഗികളെ കണ്ടു ലക്ഷദ്വീപിലെ കാഴ്ചകള്‍ അനുഭവിക്കാം.

നിരവധി ഇക്കോ ഫ്രണ്ട്‍‍‍ലി കോട്ടേജുകൾ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. കവരത്തി , മിനോക്കോയ് തുടങ്ങിയ പല ദ്വീപുകളിലും സഞ്ചാരികൾക്കായി ഹോം സ്റ്റേകളും കോട്ടേജുകളുമുണ്ട്. ഇതൊന്നുമല്ലെങ്കിൽ കുറഞ്ഞ വിലയിൽ സർക്കാരിന്റെ തന്നെ മുറികളും ലഭ്യമാണ്. ഇത്തരത്തിലുള്ള താമസ സൗകര്യങ്ങളെല്ലാം കടലിനോട് ചേർന്നാണ് നിലകൊള്ളുന്നത്. കടലിന്റെ ഭംഗി ആസ്വദിച്ച് ദിവസങ്ങൾ ചിലവഴിക്കാം. സ്‌കൂബാ ഡൈവിങ്, മത്സ്യബന്ധനം, സ്കീയിങ്, ആഴക്കടൽ മത്സ്യബന്ധനം എന്നിങ്ങനെയുള്ള എല്ലാ ടൂറിസം സാധ്യതകളും ഇവിടെ വരുന്നവർക്ക് ഉപയോഗപ്പെടുത്താം. നിങ്ങൾ യാത്രാപ്രേമിയാണോ?  എങ്കിൽ ഒരിക്കലെങ്കിലും ലക്ഷദ്വീപിന്റെ കാഴ്ചകളിലേക്ക് യാത്ര ചെയ്യണം. കാഴ്ചകളുടെ നിധികുംഭമാണ് ലക്ഷദ്വീപ്.