തലയാട്ടു ബൊമ്മ, തേൻകിനിയും ഹൽവ, തങ്കപ്പട്ടുകൾ.. ശുദ്ധസംഗീതം പോലൊരു തഞ്ചാവൂർ യാത്രയെക്കുറിച്ച്

ഒരു ദേശത്തിന്റെ സംസ്കാരം പേരിന്റെ പെരുമയിലൊതുക്കിയ കലാകാരന്മാരുടെ ജന്മദേശമാണു തഞ്ചാവൂർ. മധുര സംഗീതത്തിൽ തുടങ്ങി നാവിൽ മധുരം നിറയ്ക്കുന്ന പലഹാരങ്ങളോളം ആ നാടിന്റെ  കൈപ്പുണ്യം നിറഞ്ഞു നിൽക്കുന്നു. സംഗീതത്തിനു താളം പോലെ, പട്ടും ചിത്രവും പാട്ടും പലഹാരവും തഞ്ചാവൂരുകാർ പരസ്പരം കോർത്തിണക്കി. മനസ്സ് അസ്വസ്ഥമായവരെ മടിയിലിരുത്തി തലോടുന്ന സംഗീതം പോലെയാണു തഞ്ചാവൂരിന്റെ പ്രകൃതി. അവിടെ ചെന്നിറങ്ങിയാൽ കഴി‍ഞ്ഞ ജന്മത്തിലേക്ക് ആരോ കൈ പിടിച്ചു നടത്തുന്നതായി തോന്നും. ചേളരാജാവിന്റെ കാലം തൊട്ടു പിതൃക്കൾക്കു ശ്രാദ്ധമൂട്ടുന്ന നാടാണത്. തർപ്പണക്കടവിലെ പൂക്കൾ ഒഴുകുന്നതു രണ്ടായിരം വർഷം മുൻപുള്ള ജന്മബന്ധങ്ങളിലേക്കാണ്. ഒരാളെ സ്വപ്നസഞ്ചാരിയാക്കാൻ ഇതൊക്കെ മതയില്ലോ.

തലയാട്ടുബൊമ്മ

തഞ്ചാവൂരിന് സംഗീതത്തിന്റെ മുഖമാണ്. കർണാടക സംഗീത കുലപതി ത്യാഗരാജ സ്വാമികളുടെ ജന്മദേശമാണു തിരുവയ്യാർ. മറാത്ത രാജാക്കന്മാരുടെ ദർബാറിൽ പണ്ടു പെയ്ത സംഗീതത്തിന്റെ പെരുമഴ ഇന്നും തിരുവയ്യാറിലൂടെ തഞ്ചാവൂരിനെ കുളിരണിയിക്കുന്നു. ഒരിക്കൽക്കൂടി പറയട്ടെ, രണ്ടായിരം വർഷങ്ങളായി കൈമാറി വരുന്ന ചിട്ടവട്ടങ്ങളെ ഈണമാക്കിയ സംഗീതമാണ് തഞ്ചാവൂർ പെരുമ.

തർപ്പണക്കടവ്

തൃശൂർ നഗരത്തിനു വടക്കുന്നാഥ ക്ഷേത്രം പോലെയാണ് തഞ്ചാവൂരിന് ബൃഹദീശ്വര ക്ഷേത്രം. പെരിയകോവിൽ എന്നറിയപ്പെടുന്ന ബൃഹദീശ്വര ക്ഷേത്രത്തിനെ ചുറ്റിയുള്ള  റോഡാണ് തഞ്ചാവൂർ പട്ടണം. കുന്നോ മലകളോ കരിമ്പാറകളോ ഇല്ലാത്ത തഞ്ചാവൂരിൽ ഒറ്റക്കല്ലുകൾ ഉപയോഗിച്ച് പെരുംകോവിൽ നിർമിച്ച ചോള രാജാവിന്റെ പേര് രാജരാജൻ എന്നായതിൽ അതിശയിക്കാനില്ല. എത്ര ലക്ഷം ആളുകളുടെ അധ്വാനമാണ് ഈ പെരുംകോവിലെന്നു പറയാൻ വയ്യ.  പട്ടണത്തിന്റെ ഏതു ഭാഗത്തു നിന്നാലും ക്ഷേത്ര ഗോപുരത്തിന്റെ മുകളറ്റം കാണാം. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ളവർ തഞ്ചാവൂരിലെത്തുന്നത് ഈ മഹാദ്ഭുതം കാണാനാണ്.

തഞ്ചാവൂർ ഹൽവ

തഞ്ചാവൂരിൽ കോട്ട കെട്ടാൻ ചോള രാജാക്കന്മാരെ കരുത്തു പകർന്നത് കാവേരിയുടെ സമൃദ്ധിയാണ്. അക്കാലം മുതൽ തിരുവയ്യാറിൽ പിതൃതർപ്പണം നടത്തി വരുന്നുണ്ട്. ദീക്ഷിതന്മാരുടെ നാടാണ് തിരുവയ്യാർ.  ഇവിടെ നിന്നാണ് ‘അന്യൻ’ എന്ന സിനിമയിൽ വിക്രം അവതരിപ്പിച്ച അമ്പി എന്ന കഥാപാത്രം ചിട്ടപ്പെട്ടത്. അന്യന്റെ കുറേ ഭാഗങ്ങൾ തർപ്പണക്കടവിൽ ചിത്രീകരിച്ചിരുന്നു. തിരുവയ്യാറിൽ കാവേരിയുടെ തീരത്താണ് ത്യാഗരാജസ്മൃതി മണ്ഡപം. ത്യാഗരാജ സ്വാമികളുടെ പ്രതിഷ്ഠയുള്ള ‘വാത്മീകി മണ്ഡപവും’ വേദിയുമാണ് ഇവിടെയുള്ളത്. പതിനായിരക്കണക്കിനു സംഗീതപ്രേമികൾ എത്തുന്ന ത്യാഗരാജ സംഗീതമേള തഞ്ചാവൂരിന്റെ ദേശീയോത്സവമാണ്. 

തഞ്ചാവൂരിലെ വെങ്കല ശിൽപ്പനിർമാണ കേന്ദ്രം

അടിയുറച്ച അച്ചടക്കത്തിൽ ചിട്ടപ്പെട്ടതാണ് തഞ്ചാവൂർ തനിമ. അതു കണ്ടറിയാൻ അയ്യാറപ്പർ ക്ഷേത്രത്തിൽ പോകണം. രണ്ടായിരം വർഷം മുൻപ് നിർമിച്ച കരിങ്കൽ ക്ഷേത്രമാണിത്. ഒറ്റക്കൽത്തൂണുകളും കരിങ്കല്ലുകൊണ്ടുള്ള മേൽക്കൂരയുമാണ് അദ്ഭുതക്കാഴ്ച. പട്ടണത്തിൽ നിന്നു വിടുകയും ചെയ്തു നഗരത്തോളം വളർന്നതുമില്ല എന്നു പറയാവുന്ന അവസ്ഥയാണ് തഞ്ചാവൂരിന്റേത്. തിങ്ങി നിറഞ്ഞ് ജനങ്ങളൊഴുകുന്ന വലിയ പട്ടണത്തിന്റെ ബലം അതിന്റെ ചരിത്രമാണ്. ഛത്രപതി ശിവജിയുടെ കുലമായ മറാത്ത രാജവംശത്തിന്റെ കൊട്ടാരം, ദർബാർ ഹാൾ, പുരാവസ്തു മ്യൂസിയം, ശിവഗംഗ പാർക്ക്, സ്വാർട്സ് പള്ളി, ആർട്ട് വില്ലേജ് എന്നിവയാണ് പട്ടണക്കാഴ്ചകൾ. 

തഞ്ചാവൂർ പാലസ് കെട്ടിട സമുച്ചയമാണ് രാജഭരണത്തിന്റെ ശേഷിപ്പുകൾ സൂക്ഷിച്ചിട്ടുള്ള സ്ഥലം. ആർട്ട് ഗാലറി, ബെൽ ടവർ, സരസ്വതി മഹൽ ലൈബ്രറി, സർജ മെഹ്ദി, ദർബാർഹാൾ, അർസെനൽ ടവർ, രാം മഹൽ എന്നിവയാണ് കൊട്ടാരത്തിലുള്ളത്. ഒരു കാലത്ത് ഈ തെരുവു മുഴുവൻ വീണ നിർമിക്കുന്ന ആളുകളുണ്ടായിരുന്നു. സംഗീതത്തിന്റെ സ്വർഗമായിരുന്നു അക്കാലത്തെ തഞ്ചാവൂർ. പാട്ടുകാരും മേളപ്രമാണികളും നഗരങ്ങളിലേക്കു ചേക്കേറി. വീണകൾ രണ്ടു വിധം – ഒട്ടുവീണ, ഏകകണ്ഠം. രണ്ടിലും കൊത്തു വേലകൾ ചെയ്യാം. 

ഡിസൈൻ ചെയ്ത വീണയ്ക്ക് ചീട്ടു വീണയെന്നാണു പേര്. ഒട്ടുവീണയിലും ഏകകണ്ഠത്തിലും ചീട്ട് വേലയാകാം. അമ്പതു കിലോയുള്ള മരക്കഷണം ചെത്തിയെടുത്ത് ഏഴു കിലോയുള്ള വീണയാക്കി മാറ്റുന്നതിനു പിന്നിൽ നല്ല അധ്വാനമുണ്ട്. ഗുജറാത്തിൽ നിന്നു തഞ്ചാവൂരിലെത്തിയ കച്ചവടക്കാരാണ് തഞ്ചാവൂരിനെ പട്ടിന്റെ കലവറയാക്കിയത്. കുംഭകോണത്തു നിന്നു നൂൽ കൊണ്ടു വന്ന് തഞ്ചാവൂരിലെ കൈത്തറികളിൽ നെയ്ത് അവർ തങ്കപ്പട്ടുകൾ നെയ്തു. 



തഞ്ചാവൂർ പെയിന്റിങ് വീട്ടിൽ വച്ചാൽ ഐശ്വര്യം വിളങ്ങുമെന്നൊരു വിശ്വാസം നിലനിൽക്കുന്നുണ്ട്. ലാഫിങ് ബുദ്ധയും ലക്കി ബാംബുവും കോലായയിൽ  വയ്ക്കുന്നതുപോലെയൊരു വിശ്വാസം. തഞ്ചാവൂരിലെ അതിപ്രഗത്ഭരായ കലാകാരന്മാർ വരയ്ക്കുന്ന ചിത്രങ്ങളെ എന്തായാലും ഈടിന്റെ കാര്യത്തിൽ നൂറു ശതമാനം വിശ്വാസത്തിലെടുക്കാം. വൈദ്യുതി വിളക്കുകൾ ഇല്ലാതിരുന്ന കാലത്ത് തഞ്ചാവൂർ പെയ്ന്റിങ്ങുകളാണ് വീട്ടു മുറികളിൽ വെളിച്ചം പരത്തിയിരുന്നത്. 

പൂർണരൂപം വായിക്കാം