ഇൗ കയറ്റത്തിൽ വാഹനം തനിയെ കയറും

അതിമനോഹര കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് ലേ. യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഭൂരിപക്ഷം ഒരിക്കലെങ്കിലും ഒന്നുപോകാൻ ആഗ്രഹിക്കും ഈ സുന്ദരമായ ഭൂമിയിലേക്ക്. നിരവധി അദ്ഭുതങ്ങൾ ഒരുക്കിയാണ് ലഡാക്ക് സന്ദർശകരെ കാത്തിരിക്കുന്നത്. കാശ്മീരിലെ ലഡാക്ക് ജില്ലയിലാണ് ലേ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ളതെന്ന് പറയപ്പെടുന്ന ഈ ഭൂമിയിൽ അദ്ഭുതങ്ങൾ ഒരുക്കിയിരിക്കുന്ന ഒരിടമാണ് മാഗ്നെറ്റിക് ഹിൽ. വാഹനങ്ങൾ തനിയെ ചലിക്കുന്ന ഈ മലയുടെ പ്രത്യേകതകൾ എന്താണെന്നറിയേണ്ടേ?

കാണുന്നവരുടെ കൺമുമ്പിൽ വിസ്മയം ജനിപ്പിക്കുന്നതിനാൽ സഞ്ചാരികൾ ലഡാക്ക് സന്ദർശനത്തിൽ ഒരിക്കലും ഒഴിവാക്കത്തൊരിടമാണ് മാഗ്്നെറ്റിക് ഹിൽ. ശ്രീനഗറിലേക്കുള്ള ദേശീയപാതയിൽ, ലേയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് ഈ മലയുടെ സ്ഥാനം. കാഴ്ചയിൽ വലിയ പ്രത്യേകതയൊന്നും തോന്നാത്ത ഈ കുന്നിലേക്കു കയറുമ്പോൾ, എൻജിൻ ഓഫ് ആണെങ്കിലും തനിയെ കുന്നുകയറി പോകുന്നത് അനുഭവിച്ചറിയാൻ സാധിക്കും. ആ പ്രദേശത്തെ ഭൂമിയുടെ കാന്തിക ശക്തികൊണ്ടാണിത് സാധ്യമാകുന്നതെന്നാണ് പറയപ്പെടുന്നത്‌. ശരാശരി 20 കിലോമീറ്റർ വേഗത ആ സമയത്തു വാഹനത്തിനുണ്ടായിരിക്കും.

ലേയിലെ ഈ അദ്ഭുതകാഴ്ച അനുഭവിച്ചറിയാൻ ഏതൊരു സഞ്ചാരിയ്ക്കും അവസരമുണ്ട്. മാഗ്്നെറ്റിക് ഹില്ലിനു കുറച്ചു മീറ്റർ അകലത്തിൽ, റോഡിൽ മഞ്ഞ നിറത്തിലുള്ള ബോർഡ്  കാണാം. അതിനു സമീപത്തു വണ്ടി ന്യൂട്രൽ ഗിയറിലാക്കി പാർക്കുചെയ്യുക. നോക്കിനിൽക്കേ നിങ്ങളുടെ വാഹനം പതിയെ നീങ്ങും.

സമുദ്രനിരപ്പിൽ നിന്നും പതിനാലായിരമടി മുകളിലാണ് മാഗ്്നെറ്റിക് ഹില്ലിന്റെ സ്ഥാനം. വാഹനങ്ങൾ തനിയെ സഞ്ചരിക്കുന്നതിലെ ശാസ്‌ത്രീയ വശങ്ങൾ കണ്ടുപിടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ലേയിൽ മാത്രമല്ല, ലോകത്തിന്റെ പലഭാഗങ്ങളിലും ഇതുപോലുള്ള വിസ്മയങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. താഴ്ചകളിലേക്കല്ലാതെ, ഉയരം കൂടിയ സ്ഥലങ്ങളിലേക്ക് ഒഴുകുന്ന പുഴകളെക്കുറിച്ചും പറഞ്ഞുകേൾക്കുന്നുണ്ട്. കാന്തികബല സിദ്ധാന്തമാണ്  ഇതിനു പുറകിലെ രഹസ്യമെന്നാണ് ഒരു കൂട്ടം ശാസ്ത്രജ്ഞന്മാർ പറയുന്നതും പൊതുവെ സ്വീകരിക്കപ്പെട്ടിട്ടുള്ളതും. മലയിൽ നിന്നും പുറത്തേക്കുവരുന്ന കാന്തികശക്തിയാണ് വാഹനങ്ങളെ മുന്നോട്ടു നീക്കുന്നതെന്നാണ് പറയപ്പെടുന്നത്.  കാന്തിക ശക്തിയൊന്നുമില്ല, ഒപ്റ്റിക്കൽ ഇല്യൂഷൻ ആണെന്ന് പറയുന്നവരും കുറവല്ല. അവിടെ ഒരു കുന്നില്ലെന്നും തോന്നുന്നതാണെന്നു വാദിക്കുന്നവരുമുണ്ട്. ഗുരുത്വാകർഷണമുണ്ടെന്നു എല്ലാവരും വിശ്വസിക്കുന്നത് കൊണ്ടുതന്നെ ഇതിലൂടെ പറന്നു നീങ്ങാൻ വിമാനങ്ങൾ വരെ മടിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മാഗ്്നെറ്റിക് ഹില്ലിനു സമീപത്തായി പിന്നെയുമുണ്ട് ആകർഷകങ്ങളായ നിരവധി കാഴ്ചകൾ. ഇരുനദികളുടെ സംഗമസ്ഥാനമായ നിമ്മു വാലിയും സമുദ്രനിരപ്പിൽ നിന്നും പന്ത്രണ്ടായിരം അടി മുകളിൽ സ്ഥിതി ചെയ്യുന്ന പതാർ സാഹിബ് ഗുരുദ്വാരയും ആ യാത്രയിലെ കാഴ്ചായിടങ്ങളാണ്.

ലേ ഇന്റർനാഷണൽ എയർപോർട്ട്, മാഗ്്നെറ്റിക് ഹില്ലിൽ നിന്നും 32 കിലോമീറ്റർ മാത്രം അകലെയായാണ് സ്ഥിതി ചെയ്യുന്നത്. റോഡു മാർഗമാണ് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഡൽഹിയിൽ നിന്നും മണാലി വഴി ലേയിലെത്തി ചേരാം. ഏകദേശം 490 കിലോമീറ്ററാണ് മണാലിയിൽ നിന്നും ലേയിലേക്കുള്ള ദൂരം.