മഴ നനഞ്ഞ ഗോവൻ യാത്ര

കേരളത്തിൽ തോരാമഴ പെയ്തു തുടങ്ങിയ ദിവസം,  26 വർഷങ്ങൾക്കു ശേഷം ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്ന ദിവസം... അന്നായിരുന്നു ഞങ്ങൾ ഗോവൻ യാത്ര തുടങ്ങിയത്. ട്രെയിനെത്തും മുൻപ് ഉച്ചഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിലെ ടിവിയിൽ ആ ദൃശ്യങ്ങൾ കണ്ടത് ഇപ്പോഴും ഓർമയിലുണ്ട്. ഇടുക്കി ഡാം തുറന്നു വെള്ളം ഇരച്ചിറങ്ങുന്നതു നോക്കി ഞങ്ങളിരുന്നു. നുരഞ്ഞു പൊങ്ങിയ പതയോടൊപ്പം പുറത്തേക്കു വരുന്ന വെള്ളത്തിന്റെ ഒഴുക്കു കണ്ടു കൗതുകവും തെല്ലു ഭയവും തോന്നിയെങ്കിലും അതുകണ്ട് അധികനേരം മനസ്സിനെ തളർത്താൻ തോന്നിയില്ല. കാരണം മുൻപിൽ മനോഹരമായ ഒരു യാത്രയുണ്ട്. അതിന്റെ സന്തോഷം തല്ലിക്കെടുത്തരുതല്ലോ. ഓഫിസിലെ സഹപ്രവർത്തകരോടൊപ്പമുള്ള യാത്ര ആയതിനാൽ അതിന്റെതായ ഒരു ആഘോഷം തിരതല്ലുന്നുണ്ടായിരുന്നു. 

ആലുവ ശിവക്ഷേത്രം മുങ്ങാൻ വിതുമ്പി നിൽക്കുന്നതും, തനിക്കു കിട്ടിയ അതിരില്ലാത്ത വെള്ളത്തെ ആർത്തിയോടെ വിഴുങ്ങുന്ന പുഴയുമൊക്കെ കണ്ടാണു യാത്ര തുടങ്ങുന്നത്. ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് ആരംഭിച്ച ട്രെയിൻ യാത്രയ്ക്കൊടുവിൽ പിറ്റേന്നു പുലർച്ചെ നാലു മണിയോടെ മഡ്ഗാവ് റെയിൽവേ സ്റ്റേഷൻ ഞങ്ങളെ സ്വാഗതം ചെയ്തു. പിന്നെ അവിടെനിന്ന് ഏകദേശം ഒന്നര മണിക്കൂർ നീണ്ട കാർ യാത്ര.

നേർത്ത ശബ്ദത്തിൽ പഴയ സിനിമാഗാനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ആ യാത്ര. കാർ ഓടിച്ചിരുന്ന ആൾ കമ്യൂണിസ്റ്റ് ആയിരുന്നോ എന്നത് എനിക്കിപ്പോഴും ഒരു ചോദ്യചിഹ്നമാണ്. കാരണം, നമ്മൾ പറയുന്ന വഴിയിൽ അദ്ദേഹം യാത്ര ചെയ്യില്ല. മാത്രമല്ല, അയാൾ ഗൂഗിൾ മാപ്പിനും എതിരായിരുന്നു.

ഏതൊക്കെയോ വഴിയിലൂടെ അദ്ദേഹം കാറോടിച്ചു. എങ്ങോട്ടാണു പോകേണ്ടത് എന്നു പോലും അറിയാതെയുള്ള യാത്ര. താമസം ഒരുക്കിയിരുന്ന ‘അഞ്ചുന’യിലേക്കു ഞങ്ങളെത്തി. സ്വിമ്മിങ് പൂൾ അടങ്ങുന്ന മനോഹരമായ ഒരു വില്ലയായിരുന്നു അത്. ടൂവീലറുകൾ വാടകയ്ക്കെടുത്തു രാവിലെ തന്നെ ഞങ്ങളുടെ യാത്ര തുടങ്ങി. ആദ്യ ദിവസം വൈകുന്നേരത്തോടെ ഞങ്ങൾ ഹിൽടോപ്പിലെത്തി. യാത്രകൾ മുഴുവൻ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ. 

ചിലപ്പോൾ തോന്നും ഗോവയിൽ മനുഷ്യരെക്കാളധികമുള്ളതു നായ്ക്കളെന്ന്. ഓഫ് സീസൺ ആയതുകൊണ്ട് യാത്രയെ അലോസരപ്പെടുത്താതെ മഴയുടെ സാന്നിധ്യവും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ഹിൽടോപ്പിലേക്കുള്ള യാത്ര മനോഹരമായിരുന്നു. വഴി കുറച്ചു ദുർഘടമായിരുന്നെങ്കിലും കുന്നിന്മുകളിലെ ആ കാഴ്ച കാണാനുള്ള അഭിനിവേശം ഞങ്ങളെ പിന്തിരിപ്പിച്ചില്ല. വഴിമധ്യേ മരച്ചില്ലകളിൽനിന്നു ചില്ലകളിലേക്കു പാറിപ്പറന്ന മയിലിന്റെ മനോഹര ദൃശ്യം പെയ്യുന്ന മഴയേക്കാൾ കുളിർമയായിരുന്നു. കുന്നിന്മുകളിലെത്തിയാൽ ഒരു വശത്ത് തീരത്തോടു വന്നടുക്കാൻ കൊതിക്കുന്ന കടലും മറുവശത്തു പച്ചപ്പും തണുത്ത കാറ്റും, ഇടയ്ക്ക് പെയ്ത മഴയും. ചുറ്റും കണ്ണോടിച്ചാൽ പ്രകൃതിയുടെ എല്ലാ വിരുന്നും ഒരു കുടക്കീഴിൽ വന്നു നിൽക്കുന്നതു പോലെ.

കുന്നിന്മുകളിൽനിന്നു കണ്ട ഒരു സ്ഥലത്തേക്കായിരുന്നു അടുത്ത യാത്ര- ചപോറ ഫോർട്ട്. ‘Dil chahta hai’ എന്ന ഹിന്ദി ഫിലിമിൽ കണ്ട അതേയിടം. ആ ദിവസത്തെ യാത്രകൾ അവസാനിപ്പിച്ചതു ബാഗാ ബീച്ചിനു സമീപമുള്ള ഒരു പബ്ബിലായിരുന്നു. വേറിട്ടൊരു സംസ്‌കാരത്തിന്റെ നേർക്കാഴ്ചയായിരുന്നു അവിടെ.

പാശ്ചാത്യ സംസ്‌കാരത്തിന്റെ ആവിഷ്‌കരമെന്നോണമുള്ള വസ്ത്രധാരണവും നൃത്തവും ലഹരിയുമെല്ലാം അടങ്ങിയ ഒരു വിരുന്ന്. ആ പബ്ബിൽ ബില്യാർഡ്സ് കളിയിൽ ഏർപ്പെട്ടും മറ്റും പലരുമുണ്ടായിരുന്നു. 45 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയുടെ മണിക്കൂറുകൾ നീണ്ട നൃത്തം അവരുടെ ആഘോഷലഹരിയുടെ തീവ്രത പ്രകടമാകുന്നതായിരുന്നു. നേരം വെളുക്കുവോളം ഞങ്ങൾ അവിടെ ചെലവഴിച്ചു. 

തികച്ചും വേറിട്ടൊരു കെട്ടിട നിർമാണശൈലിയായിരുന്നു ലാറ്റിൻ കോളനി ആയ Fontainhasൽ. പല നിറത്തിലുള്ള കെട്ടിടങ്ങൾക്കിടയിൽ ഒരു കഥാപാത്രം മനസ്സിനെ ഏറെ ചിന്തയിലാഴ്ത്തി. ഒരു വൃദ്ധൻ വീടിന്റെ ജനാലക്കുള്ളിൽ തന്റെ തന്നെ പ്രായം തോന്നിക്കുന്ന ഒരു വയലിൻ വായിക്കുന്നു. കീറിപ്പറിഞ്ഞ വേഷം. യൗവനകാലത്തെ ഓർമകളിൽ, ഒരു സദസ്സിനെ അഭിസംബോധന ചെയ്തെന്നപോലെ ആസ്വദിച്ചു വായിക്കുകയാണെന്ന് അദ്ദേഹത്തിന്റെ ശരീരഭാഷയിൽ നിന്നു പ്രകടമായിരുന്നു. ഫോട്ടോ എടുക്കാൻ അദ്ദേഹം അനുവദിച്ചില്ല. താൻ മറ്റൊരു ലോകത്താണെന്ന് അദ്ദേഹം പറയാതെ തന്നെ വ്യക്തമായിരുന്നു.

ഓഗസ്റ്റ് 14ന് ഉച്ചയ്ക്കു ശേഷം മഴ നിർത്താതെ പെയ്തു. കേരളത്തിലെ ഡാമുകളിൽ വിരലിലെണ്ണാവുന്നവ ഒഴികെ എല്ലാം തന്നെ തുറന്നുവിട്ടു. തീർന്നില്ല, മുല്ലപ്പെരിയാർ ഡാമും തുറന്നു. പിന്നീടു കണ്ടതും അനുഭവിച്ചതും കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത പ്രളയം. ദിവസങ്ങൾ നീണ്ടു നിന്ന ദുരിതപ്പെയ്ത്. സ്വന്തം വീട് ഉപേക്ഷിച്ചു ലക്ഷങ്ങൾ ദുരിതാശ്വാസ ക്യാംപുകളിൽ. ഇല്ലാതായത് ഒട്ടേറെ ജീവിതങ്ങൾ. സമൂഹ മാധ്യമങ്ങൾ രക്ഷാ പ്രവർത്തന കേന്ദ്രങ്ങളായി. നാടും നാട്ടാരും കൈകോർത്തു. രക്ഷാ പ്രവർത്തനം ഊർജിതമായി. ഏകദേശം 5 ദിവസം നീണ്ട ദുരിതങ്ങൾക്കൊടുവിൽ കേരളം കര കാണാൻ തുടങ്ങി. ഒരു ആഘോഷയാത്രയുടെ സന്തോഷം തിരതല്ലിക്കെടും മുമ്പ് ഒരു ദുരിതയാത്ര നേരിൽക്കണ്ടു പകച്ചു നിൽക്കേണ്ടി വന്ന ഒരാളെന്ന നിലയിൽ, കേരളത്തിലെ ജനങ്ങൾ ഈ ദുരിതക്കയത്തിൽനിന്ന് കരകയറി വന്നത് വളരെയേറെ ആത്മവിശ്വാസം നൽകി. ജീവിതം എന്ന യാത്രയിൽ ഇനിയും കണ്ടു തീർന്നിട്ടില്ലാത്ത അനുഭവങ്ങളെ നേരിൽ കാണുവാനുള്ള ഭാഗ്യം എല്ലാർക്കും ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് അടുത്ത യാത്ര തുടങ്ങട്ടെ!!!