ചിരിമായാത്ത മഹാനഗരം

ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന ജീവിതങ്ങളുടെയും, സംസ്കാരങ്ങളുടെയും, കാഴ്ചകളുടെയും, കലകളുടെയും, സംഗീതത്തിന്റെയും സംഗമസ്ഥാനമാണ് ഹൂഗ്ലി നദിയുടെ തീരത്ത് നിലകൊള്ളുന്ന കൊൽക്കത്ത നഗരം. ബ്രിട്ടിഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന ഈ മഹാനഗരം. നവോഥാന ഇന്ത്യയുടെ ചിന്തയിലും സാഹിത്യത്തിലും കലയിലും കായിക രംഗത്തും രാഷ്ട്രീയ രംഗത്തുമെല്ലാം വ്യക്തമായ സാന്നിധ്യം കൊണ്ട് അടയാളപ്പെടുത്തിയ ചരിത്രനഗരമാണ്. കുട്ടികാലം മുതൽക്കേ പശ്‌ചിമ ബംഗാളിനോട് ഒരു മമതയുണ്ടായിരുന്നു. കേരളം കഴിഞ്ഞാൽ ബംഗാൾ അതായിരുന്നു തിയറി. ഈ യാത്ര ബംഗാളിന്റെ മണ്ണിലേക്കാണ്.  ചരിത്ര കാഴ്ചകൾ തേടി,  ഓരോ സഞ്ചാരിയെയും ഹൃദയത്തിലേക്ക് ചേർത്തുപിടിക്കുന്ന ആനന്ദത്തിന്റെ നഗരത്തിലേക്ക്...

വൈവിധ്യങ്ങളുടെ ബംഗാൾ

സാംസ്കാരികപരമായും സാഹിത്യപരമായും ഉയർന്ന നിലവാരം പുലർത്തിയിരുന്ന ബംഗാളിനെ കുറിച്ച് വായിച്ചറിഞ്ഞതിൽ നിന്നും കേട്ടറിഞ്ഞതിൽ നിന്നും ഭിന്നമായാണ് നേർക്കാഴ്ച്ച. ഇന്ന് ബംഗാൾ ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കും എന്ന ചൊല്ല് ഈ കാഴ്ചകൾ തികച്ചും അപ്രസക്തമായിരുന്നു.

2018 ജനുവരി ഒന്നു മുതൽ 11വരെയുള്ള എന്റെ ബംഗാൾ യാത്ര മറക്കാൻ കഴിയില്ല. രണ്ടര ദിവസം ദൈർഘ്യമുള്ള ട്രെയിൻ യാത്രയ്ക്കൊടുവിൽ ഹൗറ സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ കൊൽക്കത്തയുടെ രൂപ ഭാവങ്ങ ൾ വ്യക്തമായിത്തുടങ്ങി. മുപ്പത്തിലധികം ഫ്ലാറ്റ് ഫോമുകളുള്ള ഹൗറ സ്റ്റേഷൻ ഒട്ടും ആധുനികമല്ല.  കൊൽക്കത്തയിലെ ഒരു സുഹൃത്ത് സ്റ്റേഷനിൽ ഞങ്ങളെ പിക്ക് ചെയ്യാൻ വന്നിരുന്നു. വരുന്ന ഓരോ സഞ്ചാരിയും അലിഞ്ഞുചേരുന്ന ഹൗറ നഗരത്തിന്റെ തിരക്കിലേക്ക് ഞങ്ങളും ഒഴുകി.

ഹൂഗ്ലിനദിക്ക്‌ കുറുകെയുള്ള വിദ്യസാഗർ പാലം കടന്നാണ് ഞങ്ങളുടെ യാത്ര. 823 മീറ്റർ നീളത്തിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കേബിൾ പാലമാണിത്. ദിവസവും 30000 മുതൽ 85000 വരെ വാഹങ്ങൾ വിദ്യസാഗർ ബ്രിജ് വഴി കടന്നു പോകുന്നുണ്ടെന്നാണ് കണക്ക്. വലിയ ഇരുമ്പ് കേബിൾകൊണ്ട് വടം പോലെ വലിച്ചു കെട്ടിയ വിദ്യാസാഗർ ബ്രിജ് കാഴ്ചയിൽ തന്നെ കൗതുകമുണർത്തുന്നു. കൊൽക്കത്തയുടെ പ്രധാന ആകർഷകങ്ങളിൽ ഒന്നാണിത്. ഗതാഗതത്തിനായി ഈ പാലം തുറന്നുകൊടുത്തിട്ട് പത്തു വർഷമേ ആയിട്ടുള്ളൂ.

ഹുഗ്ലി നദിക്ക്‌ കുറുകെയുള്ള മറ്റൊരു ചരിത്രപ്രസിദ്ധ നിർമിതിയാണ് ഹൗറ പാലം. കൊൽക്കത്തയുടെ അഭിമാനമായ ഹൗറ പാലം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാന്റിലർ പാലമാണ്. 71 അടി വീതിയുള്ള ഈ പാലത്തിൽ എട്ട് വരിപാതയും ഇരു ഭാഗങ്ങളിലും വീതിയേറിയ നടപ്പാതയുമുണ്ട് .1943 ലാണ് ഹൗറ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഈസ്റ്റ് ഇന്ത്യ കമ്പനി നിർമിച്ച പാലത്തിന്റെ എൻജിനീയറിങ്ങും, ദീർഘ വീക്ഷണവും എത്ര വലുതാണെന്ന് ഹൗറ പാലം കടന്ന് പോകുന്ന ആരും ചിന്തിച്ചുപോകും. ഹൗറയെയും കൊൽക്കത്തയെയും ബന്ധിപ്പിക്കുന്ന ഈ പാലം രവീന്ദ്രനാഥ ടഗോറിന്റെ സ്മരണാർഥം 1965 ൽ രവീന്ദ്ര സേതു എന്ന് പുനർനാമകരണം ചെയ്തു.

കൊൽക്കത്തയുടെ ഹൃദയമിടിപ്പിനൊപ്പം

ഒരു ഭാഗത്ത്‌ സമ്പന്നതയുടെ തിളക്കവും മറുഭാഗത്ത് ദാരിദ്രത്തിന്റെ മുഷിപ്പും കൊൽക്കത്തയുടെ പൊതു കാഴ്ചകളാണ്. ഗ്രാമങ്ങളുടെ അവസ്ഥ ഉത്തരേന്ത്യൻ ഗ്രാമങ്ങളെക്കാൾ പരിതാപകരമാണ്. റോഡ്, ഇലക്ടിസിറ്റി, സ്കൂൾ, ഹോസ്പിറ്റൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലും ബംഗാളി ഗ്രാമീണരുടെ സ്വപ്‌നങ്ങളിലൊതുങ്ങുന്നു. റോഡിൽ കിടക്കുന്നവരും, കുളിക്കുന്നവരും, ഭക്ഷണം കഴിക്കുന്നവരും ജന നിബിഡമായ ചേരികളും മുഷിഞ്ഞു നിറം മങ്ങിയ ജീവിതങ്ങളുമാണ് നഗരത്തിനു ചുറ്റും. അൻപതോ അറുപതോ വർഷങ്ങൾക്കു മുൻപ് കേരളം പോലുള്ള സംസ്ഥാനങ്ങളിൽ നിന്ന് അപ്രത്യക്ഷമായ മനുഷ്യർ വലിക്കുന്ന റിക്ഷകളും സൈക്കിൾ റിക്ഷകളും, ടോട്ടോ ( ബൈക്ക് റിക്ഷ )കളും, കാളവണ്ടികളും  വഴിക്കാഴ്ചകളാണ്. മറുഭാഗത്ത് നഗരകാഴ്ചയുടെ മാറ്റുകൂട്ടുന്ന ഇന്ത്യലെ ആദ്യത്തെ ഭൂഗർഭ മെട്രോയും ആഡംബര വാഹനങ്ങളും ട്രാം പോലുള്ള പൈതൃക വാഹനവും.

ഹൗറപാലം

ജീവിച്ചു തീർക്കാൻവേണ്ടി മനുഷ്യർ നേരിടുന്ന പെടാപ്പാട് വളരെ ദയനീയമാണ്. മുഷിഞ്ഞൊട്ടിയ ജീവിതക്കോലങ്ങളുടെ ചുമലുകളിൽ പേറുന്ന ദുരിതപർവങ്ങൾ എത്ര നിസംഗതയോടെയാണ് അവർ ഉൾക്കൊള്ളുന്നത്.

കൊൽക്കത്തയിൽ നിന്ന് ആറ് കിലോമീറ്റർ വടക്ക് കൊൽക്കത്തയുടെ ഹൃദയഭാഗത്ത്, ഹൂഗ്ലി തീരത്തായാണ് ശ്രീരാമകൃഷ്ണ ആശ്രമത്തിന്റെ ആസ്ഥാന മന്ദിരമായ ബേലൂർ മഠം സ്ഥിതിചെയ്യുന്നത്.  എല്ലാ മതങ്ങളുടെയും ഐക്യത്തിന്റെ പ്രതീകമായി ഹിന്ദു, ക്രിസ്ത്യൻ, ഇസ്‌ലാമിക് വാസ്തു വിദ്യാശൈലിയാണ് ബേലൂർ മഠത്തിന്റെ നിർമാണ സവിശേഷത. പരമഹംസരുടെയും, വിവേകാനന്ദന്റെയും, ശാരാദമ്മയുടെയും സമാധികൾ സന്ദർശിച്ചു. ശേഷം ഹൂഗ്ലിനദി കരയിൽ ആശ്രമത്തിന്റെ  ശാന്തത ആസ്വദിച്ച് ഏറെനേരം അവിടെയിരുന്നു. ഉച്ച ഭക്ഷണത്തിന്റെ നീണ്ട ക്യൂവിനു പിറകിൽപോയി നിന്ന ഞങ്ങൾ പരുങ്ങുന്നത് കണ്ട്  മഠത്തിലെ ഒരു അന്തേവാസി ഞങ്ങളെ വിളിച്ചുകൊണ്ടുപോയി.  ഭക്ഷണം വിളമ്പി അതു കഴിക്കാൻ പ്രത്യേക സൗകര്യം ഒരുക്കിത്തന്നു.

മഠത്തിലെ പ്രസാദത്തിന് ഒരു പ്രത്യേകതയുണ്ട്. കിഴങ്ങും പച്ചക്കറികളും ചേർത്ത് വേവിച്ചെടുത്ത കുഴമ്പ് രൂപത്തിലുള്ള പ്രസാദമാണ് ആദ്യം വിളമ്പുക. ശേഷം ഒരു പച്ചക്കറിക്കൂട്ട് അതിന്റെ പിന്നാലെ ചോറും കറികളും അവസാനം പായസം ഇതാണ് അവിടത്തെ രീതി. രുചികരവും പോഷക പ്രധാനവുമാണ് ബേലൂർ മഠത്തിലെ പ്രസാദം. പൊതുവെ ബംഗാളി ഭക്ഷണം വിലക്കുറവും രുചികരവുമാണ്.

ഉദ്യാനങ്ങൾക്കു നടുവിൽ വിക്ടോറിയ

ബേലൂർ മഠത്തിൽ നിന്നും  പോയത് വിക്ടോറിയ മെമ്മോറിയലിലേക്ക്. വിക്ടോറിയ രാഞ്ജിയുടെ സ്മരണാർഥം പൂർണമായും വെളുത്ത മാർബിളിൽ നിർമിച്ച ഈ സൗധം ഹൂഗ്ലിനദിക്കരയോട് ചേർന്നു നിൽക്കുന്നു. വിശാലമായ പുൽമൈതാനത്ത് രാജകീയ പ്രൗഢിയോടെ നിലകൊള്ളുന്ന വിക്ടോറിയയ്ക്ക്‌ ചുറ്റും പൂന്തോട്ടങ്ങളാണ്. ചെറു മരങ്ങളും കുറ്റിച്ചെടികളും കുളങ്ങളും ഉദ്യാനം സുന്ദരമാക്കുന്നു.  സായാഹ്നം ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾ വിശ്രമിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലമാണിത്. ഇന്ത്യ, ബ്രിട്ടിഷ്, യൂറോപ്യൻ ചരിത്ര അവശേഷിപ്പുകളുടെ ഒരു കലവറതന്നെയാണ് വിക്ടോറിയ മെമ്മോറിയൽ.  റോയൽ ഗ്യാലറിയിൽ വിക്ടോറിയ രാഞ്ജിയുടെയും പ്രിൻസ് ആൽബറ്റിന്റെയും ഛായാച്ചിത്രങ്ങളും, എണ്ണചിത്രങ്ങളും കിരീടധാരണം, വിവാഹം ഉൾപ്പെടെയുള്ള ചരിത്രമുഹൂർത്തങ്ങളും. അവരുപയോഗിച്ച സാധനങ്ങളെല്ലാം റോയൽ ഗ്യാലറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

ലോകത്തെമ്പാടുമുള്ള കാളി ഭക്തർ ഒഴുകിയെത്തുന്ന കൊൽക്കത്തയിലെ പ്രധാന തീർഥാടനകേന്ദ്രമാണ് കാളിഘട്ട്. കൊൽക്കത്ത എന്ന പേര് തന്നെയുണ്ടായത് കാളി ഘട്ടിൽ നിന്നാണെന്ന് പറയുന്നു. മൃഗബലി ഇവിടെ ഇപ്പോഴും പതിവാണ്. രഹസ്യമായി നരബലിയും നടക്കുന്നുണ്ടെന്നു കേൾക്കുന്നു. ഞങ്ങൾ ചെല്ലുമ്പോൾ കാളിഘട്ടിൽ നല്ല തിരക്കായിരുന്നു. ശ്രീ കോവിലിലേക്ക് കുറേ പടികൾ  ഇറങ്ങി വേണം കടന്നുചെല്ലാൻ. വീൽചെയർ കടക്കുവാൻ പ്രയാസമായതിന്നാൻ അവിടെ കൂടുതൽ സാഹസത്തിന് ഞങ്ങൾ മുതിർന്നില്ല.

ആചാര്യ ജഗദീഷ് ചന്ദ്രബോസ് ഇന്ത്യൻ ബൊട്ടാണിക്കൽ ഗാർഡൻ ഇന്ത്യയിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡനും പ്രകൃതി സ്നേഹികളെ ആകർഷിക്കുന്ന ഒരു തുറന്നസ്ഥലമാണ്. 273 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഇവിടെ മുപ്പതിനായിരത്തിൽ പരം ചെടികളുണ്ടെന്നു കണക്കാക്കുന്നു. 600 വേരുകളുള്ള 200 ൽ അധികം വർഷം പഴക്കമുള്ള ലോകത്തിലെ ഏറ്റവും വലിയമരം The Great Banyan Tree യാണ് ബൊട്ടാണിക്ക ൽ ഗാർഡനിലെ ഏറ്റവും വലിയ  ആകർഷണം.  ഇത്രയും വിശാലമായ സ്ഥലം മുഴുവൻ വീൽചെയറിൽ കറങ്ങുക എന്നത് അസാധ്യമായതിനാൽ ഞങ്ങൾ ബാറ്ററി കാർ സേവനം പ്രയോജനപ്പെടുത്തി. ഒരു ട്രിപ്പിന് 400 രൂപയാണ് ചാർജ് അഞ്ചോ ആറോ പേർക്ക് കയറാം. അര മണിക്കൂർകൊണ്ട് പ്രധാന സ്ഥലങ്ങളെല്ലാം ചുറ്റിക്കാണാം.

ഇന്ത്യൻ മ്യൂസിയം ഒരു സംഭവം തന്നെയാണെന്ന് പറയാതെ വയ്യ. സന്ദർശകർ നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്ന്.  പുരാതന സിന്ധുനദീതട സംസ്കാരം മുതൽ ആധുനിക ഇന്ത്യയുടെ സംസ്കാരിക പൈതൃകം വരെ മ്യൂസിയത്തിൽ അടുക്കിവച്ചിരിക്കുന്നു. ഭൂമിശാസ്ത്രം, സസ്യശാസ്ത്രം, ജന്തു ശാസ്ത്രം, നരവംശശാസ്ത്രം, പുരാവസ്തു ശാസ്ത്രം, കലകൾ, വ്യവസായം, വാണിജ്യം തുടങ്ങി ഒട്ടേറെ വിഷയങ്ങളിലുള്ള ആധികാരികമായ ശേഷിപ്പുകൾ  ഈ മ്യുസിയത്തിൽ കാണാം.

ശാസ്ത്ര ലോകത്തെ അടുത്തറിയാൻ പറ്റിയ ഇടമാണ് സയൻസ് സിറ്റി. മൾട്ടി മീഡിയ വിഡിയോ ഷോകൾ, പനോരമിക് ഷോകൾ കൂടാതെ കറ്റാർ പില്ലർറൈഡ്, ഗ്രാവിറ്റി കോസ്റ്റർ, മ്യൂസിക്കൽ ഫൗണ്ടൻ, കേബിൾ കാർ, മോണോ റെയിൽ, ബട്ടർഫ്‌ളൈ നഴ്സറി തുടങ്ങി വിനോദവും വിജ്ഞാനവും പകരുന്ന കാഴ്ചകളും 3ഡി ഇഫക്ട് ഷോകളിലൂടെ ഭീമാകാരന്മാരായ ദിനോസറുകളും, ആർക്കിയോട്ടറിക്സ്കളുമെല്ലാം നമ്മുടെ തൊട്ടരികിൽ വിസ്മയം പകരും. ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിച്ചാൽ സൗജന്യമായി സയൻസ് സിറ്റിയിൽ പ്രവേശിക്കാം.

ഈഡൻ ഗാർഡൻ, മദർ തെരേസയുടെ നിർമൽ ഹൃദയ, മാർബിൾ പാലസ്, രവീന്ദ്രസധൻ, റൈസ്കോഴ്സ്, ഓൾ ഇന്ത്യ റേഡിയോ എല്ലാം കൊൽക്കത്ത സിറ്റിയുടെ അകക്കാഴ്ച്ചകളാണ്. സ്വാമി വിവേകാനന്ദന്റെയും, രവീന്ദ്രനാഥടഗോറിന്റെയും ചിത്രങ്ങളും പ്രതിമകളും കാണാതെയുള്ള സിറ്റി കാഴ്ചകൾ ഇല്ല. ചെറുതും വലുതുമായ പ്രതിമകൾ നഗരത്തിന്റെ മിക്കഭാഗങ്ങളിലും കാണാം.

കിഴക്കിന്റെ സൈയിന്റ് പീറ്റേഴ്സ് ബർഗ് എ ന്നും കൊട്ടാരങ്ങളുടെ നഗരമെന്നും, ആനന്ദത്തിന്റെ നഗരമെന്നും അറിയപ്പെടുന്ന കൊൽക്കത്തയെ സഞ്ചാരികൾ  അവരവരുടെ ഭാവനയ്ക്കനുസരിച്ച് മനസ്സിൽ വരയ്ക്കുന്നു. കൊൽക്കത്ത വൈവിധ്യങ്ങളുടെയും വൈരുധ്യങ്ങളുടെയും നഗരമാണ്.

മനസ്സ് തൊടുന്ന മയിൽ പീലി സ്പർശം പോ ലെ രവീന്ദ്രസംഗീതവും, സിരകളെ പിടിച്ചുലക്കുന്ന ബാബുൽ സംഗീതവും മഴയായി പെയ്തിറങ്ങുമ്പോഴും ബംഗാളിന്റെ ആത്മാവിനെ പൊള്ളിക്കുന്നത് പട്ടിണിയും നിരക്ഷരതയും തൊഴിലായ്മയുമൊക്കെയാണ്. .