വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ രുചി യാത്ര

സഞ്ചാരികളിൽ പല തരക്കാരുണ്ട്. മനോഹരമായ സ്ഥലങ്ങൾ കണ്ടെത്തി, അങ്ങോട്ടു യാത്ര പോകുന്നവരാണ് ഒരു കൂട്ടർ. രുചികരമായ ഭക്ഷണവും സുന്ദരമായ സ്ഥലങ്ങളും തേടി യാത്ര പോകുന്നവരാണ് മറ്റൊരു വിഭാഗം. സംസ്കാരം കൊണ്ടും ഭാഷ കൊണ്ടുമൊക്കെ വളരെയധികം വ്യത്യസ്തത പുലർത്തുന്ന നമ്മുടെ രാജ്യത്ത് ഭക്ഷണത്തിന്റെ കാര്യത്തിലും ഈ വൈവിധ്യം കാണാം. ചില നാടുകൾ അറിയപ്പെടുന്നതുതന്നെ അവിടുത്തെ ഏറ്ററ്വും സ്വാദേറിയ ഭക്ഷണത്തിന്റെ പേരിലായിരിക്കും. ഉദാഹരണമായി, ഹൈദരാബാദി ബിരിയാണിയും ചെട്ടിനാടൻ ചിക്കൻകറിയുമൊക്കെ വായിൽ കപ്പലോടിക്കുന്ന തെക്കേ ഇന്ത്യൻ വിഭവങ്ങളാണ്. രുചിയിൽ കേമന്മാർ തെക്കേ ഇന്ത്യക്കാരാണെന്ന ഒരു തെറ്റിദ്ധാരണ ആർക്കെങ്കിലും ഉണ്ടെങ്കിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ  രുചിനിറച്ച ഈ തനിനാടൻ വിഭവങ്ങൾ കൂടി ഒന്നു കഴിച്ചുനോക്കണം. അപ്പോൾ മനസ്സിലാകും അവരും ഒട്ടും മോശമല്ലെന്ന്.

സഞ്ചാരികൾ അധികമൊന്നും എത്താറില്ലെങ്കിലും അഴകേറെയുണ്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക്. സംസ്കാരത്തിലും ആചാരങ്ങളിലും ജീവിതരീതികളിലുമൊക്കെ ഏറെ വ്യത്യസ്തരായ ഇവിടുത്തെ ജനതയുടെ വിഭവങ്ങൾക്കും രുചിയേറെയാണ്. ലോകത്തിന്റെ വേറൊരു കോണിലും ഇവിടുത്തെ പ്രാദേശിക വിഭവങ്ങൾ കിട്ടില്ല. മണിപ്പൂരിന്റെയും നാഗാലാൻഡിന്റെയും മിസോറാമിന്റെയുമൊക്കെ പ്രാദേശികവിഭവങ്ങൾ രുചിക്കാനായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടെ ഒരു യാത്ര പോയാലോ...

എറോംബ 

മണിപ്പുരിലെ ഏറ്റവും പ്രശസ്തമായ  വിഭവങ്ങളിൽ പ്രഥമ സ്ഥാനമുണ്ട് എറോംബയ്ക്ക്. പച്ചക്കറികളും മത്സ്യവും ചേർത്താണ് ഇത് തയാറാക്കുന്നത്. ഏതു പച്ചക്കറി ചേർത്തും ഇതു തയാറാക്കാം. മുള്ള് അധികമില്ലാത്ത മീനാണ് ഇതിനായി തെരെഞ്ഞെടുക്കുന്നത്. പുളിചേർത്തു വേവിച്ച മത്സ്യവും കൂണും വിവിധതരത്തിലുള്ള പച്ചക്കറികളും ഇലകളും കിംഗ് ചില്ലി എന്നറിയപ്പെടുന്ന എരിവ് അധികമുള്ള ചുവന്ന മുളകും ചേർത്തു തയാറാക്കുന്ന എറോംബ കാണുന്നവരുടെ വായിൽ വെള്ളമൂറിക്കും. ചോറിനൊപ്പമാണ് ഈ കറി പൊതുവെ ഉപയോഗിക്കാറ്. രുചികരമായ ഭക്ഷണം പ്രിയമുള്ളവരെങ്കിൽ ഈ വിഭവം നിങ്ങളെ വല്ലാതെ ആകർഷിക്കും.  

സ്മോക്ഡ് പോർക്ക് 

രുചിപ്രേമിയെങ്കിൽ, നാഗാലാൻഡിലെത്തിയാൽ ആദ്യം കഴിക്കേണ്ട വിഭവമാണിത്. പോർക്ക് ആണ് ഇതിലെ പ്രധാന കൂട്ട്. സിചുവാൻ കുരുമുളകിലയും മുളയുടെ മുകുളങ്ങളും വൻപയറും  വെളുത്തുള്ളിയുമെല്ലാം ചേർത്തു തയാറാക്കുന്ന സ്മോക്ഡ് പോർക്കിന്റെ സ്വാദ് ഒരിക്കലറിഞ്ഞാൽ അതിന് അടിമപ്പെട്ടുപോകുമെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. നാഗാലാൻഡിലെത്തുന്ന സഞ്ചാരികളും തദ്ദേശീയരും ഏറ്റവും കൂടുതൽ കഴിക്കുന്നതും ആവശ്യപ്പെടുന്നതും ഈ വിഭവമാണെന്നു കേൾക്കുമ്പോഴേ ഊഹിക്കാമല്ലോ രുചിയിൽ എത്ര  കേമനാണ് ഇവനെന്ന്. തനിനാടൻ വിഭവങ്ങൾ ധാരാളമുള്ള നാടാണ് നാഗാലാൻഡ്. വളരെ വ്യത്യസ്തമായ മണവും രുചിയുമുള്ള നാഗാ വിഭവങ്ങൾക്ക് ആരാധകരേറെയാണ്.

ഖർ 

അതിഥികൾക്കു  ഭക്ഷണം വിളമ്പുമ്പോൾ അസമുകാർ ഒരിക്കലും ഒഴിവാക്കാത്ത വിഭവമാണ് ഖർ. ഏറെ ജനപ്രീതിയുള്ള ഈ രുചിക്കൂട്ടിലെ താരങ്ങൾ, പച്ചപപ്പായയും പയറുമാണ്. ഊണിനൊപ്പമാണ് ഈ കറി സാധാരണയായി വിളമ്പാറ്‌. കുറച്ചു കയ്പുരസമുള്ള ഖറിന്റെ മണം ആരെയും കൊതിപിടിപ്പിക്കും. ചോറിനൊപ്പം ആദ്യം കഴിക്കുന്ന കറിയാണിത്. ഏറെ രുചികരമെന്നാണ് ഖറിന്റെ സ്വാദറിഞ്ഞവരുടെ അഭിപ്രായം. യാത്ര അസമിലേക്കെങ്കിൽ ഒരിക്കലെങ്കിലും രുചിക്കേണ്ട വിഭവമാണിത്.

സാന്പിയാവു  

പച്ചക്കറി പ്രേമികളെ ഏറെ സുഖിപ്പിക്കുന്നൊരു മിസോറം വിഭവമാണ് സാന്പിയാവു. മൽസ്യ-മാംസാഹാരത്തിൽ‌ താല്പര്യമില്ലാത്തവർക്കു ധൈര്യപൂർവം പരിഗണിക്കാവുന്ന ഒരു സവിശേഷ രുചിക്കൂട്ട്. മിസോറമിലെ സ്ട്രീറ്റ്‌ഫുഡിൽ പ്രധാനിയാണ് ഈ വിഭവം. ലഘുഭക്ഷണമായ സാന്പിയാവുവിന്റെ മുഖ്യകൂട്ട് അരിയാണ്. കൂടെ മല്ലിയും സ്പ്രിങ് ഒനിയനും ചതച്ച കുരുമുളകുമൊക്കെ ചേർക്കും. കാഴ്ചയിൽത്തന്നെ രുചിപ്രേമികളെ വശീകരിക്കുന്ന ഈ വിഭവത്തിന്  സഞ്ചാരികളുടെ ഇടയിൽ വൻഡിമാൻഡാണുള്ളത്. മിസോറമിലേക്കു പോകുമ്പോൾ, അതുകൊണ്ടു തന്നെ മറക്കാതെ കഴിക്കേണ്ട വിഭവമാണ് സാന്പിയാവു.  

തുക്പ 

ടിബറ്റിൽനിന്നു കുടിയേറിയതെങ്കിലും ഇപ്പോൾ സിക്കിമിന്റെ അടുക്കളയിലെ രാജാവാണ് തുക്പ. പച്ചക്കറികൾ കൊണ്ടും ചിക്കൻ കൊണ്ടുമൊക്കെ തയാറാക്കുന്ന ഈ വിഭവം, സിക്കിമുകാരുടെ ഇഷ്ടഭക്ഷണമാണ്. ന്യൂഡിൽസാണ് ഇതിലെ പ്രധാനി. ധാരാളം പച്ചക്കറികൾ ചേർത്ത് തയാറാക്കുന്നതു കൊണ്ടുതന്നെ പോഷകസമ്പുഷ്ടമാണ് തുക്പ. കാരറ്റ്, ചീര, കോളിഫ്ലവർ, സെലറി തുടങ്ങിയവയും നിറയെ മസാലയും ചേർത്താണ് ഈ വിഭവം തയാറാക്കുന്നത്. സിക്കിമിലെ മിക്കവാറും എല്ലാ റസ്റ്ററന്റുകളിലും കഫെകളിലും ലഭ്യമാകുന്ന തുക്പ, ഏറെ രുചികരമായി തോന്നുന്നത് തെരുവോരങ്ങളിലെ തട്ടുകടകളിൽനിന്നു കഴിക്കുമ്പോഴാണ്.