ഹിമ ശങ്കറിന്റെ തനിച്ചുള്ള യാത്രകൾ

തനിച്ചുള്ള യാത്രകളെ അതിരറ്റു സ്നേഹിക്കുന്ന വ്യക്തിയാണ് ഹിമ ശങ്കർ. തിരക്കുകളെല്ലാം മാറ്റിവെച്ചുകൊണ്ടു സ്വസ്ഥമായി യാത്ര ചെയ്യാനാണു ഹിമയ്‌ക്കെപ്പോഴും താൽപര്യം. യാത്രകളെ അതിരറ്റ ആവേശത്തോടെ സ്നേഹിക്കുന്ന, സ്വീകരിക്കുന്ന, ആ യാത്രകളിൽ അലിഞ്ഞില്ലാതാകാൻ ആഗ്രഹിക്കുന്ന ഹിമ തന്റെ യാത്രാവിശേഷങ്ങൾ മനോരമ ഓണ്‍ലൈനിൽ പങ്കുവെയ്ക്കുന്നു....

തനിച്ചുള്ള യാത്രകൾ ഏറെ പ്രിയം 

ഞാൻ നടത്തുന്ന യാത്രകളിലധികവും തനിച്ചാണ്. അങ്ങനെ തനിച്ചു പോകാൻ തന്നെയാണ് എനിക്കേറെയിഷ്ടം. പോകുന്ന യാത്രയെ പൂർണമായും ആസ്വദിക്കുകയും അതിലേക്ക് അലിഞ്ഞുചേരുകയുമാണ് എന്റെ രീതി. അതുകൊണ്ടു തന്നെ ആ സമയങ്ങളിൽ ഫോൺ പോലും ഓഫാക്കി വെയ്ക്കാറാണ് പതിവ്. ഒറ്റയ്ക്ക് യാത്ര പോകാൻ പലർക്കും ഭയമാണ്. എന്നാൽ എനിക്കങ്ങനെയൊരു പേടിയില്ല. പുതിയ സാഹചര്യങ്ങളെയും പുതിയ വഴികളെയും പുത്തൻ കാഴ്ചകളെയും പരിചയപ്പെടാൻ താൽപര്യമധികമാണ്. ഏതു സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നാലും ധൈര്യപൂർവം നേരിടാൻ ഞാൻ എപ്പോഴും തയാറായിരിക്കും.

കുട്ടിക്കാലം മുതലുള്ള മോഹമാണ് ഹിമാലയൻ യാത്ര

യാത്രകൾ ഏറെ ചെയ്തിട്ടുണ്ടെങ്കിലും എന്നിലെ യാത്രാപ്രേമിയുടെ മനസുനിറച്ച യാത്രയായിരുന്നു ഈയടുത്തു ഹിമാലയത്തിലേക്കു പോയത്. കുട്ടിക്കാലം മുതൽ എന്റെ ആഗ്രഹമായിരുന്നു ഹിമാലയൻയാത്ര. എന്തുകൊണ്ടെന്നാൽ എന്റെ പേര് തുടങ്ങുന്നതേ ഹിമാലയവുമായി ബന്ധപ്പെട്ടല്ലേ, മാത്രമല്ല പണ്ട് ഞാൻ ഇപ്പോഴും പറയുമായിരുന്നു ഹിമയുടെ ആലയമാണ് ഹിമാലയമെന്ന്. അന്നു തോന്നിയ ആ യാത്രാമോഹം സാധ്യമായതു ഈയടുത്താണ്.

ഋഷികേശിൽ നിന്നും ബദരീനാഥിലേക്ക് ഒരു ഉടമ്പടി യാത്ര

മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു യാത്രയായിരുന്നില്ല ഹിമാലയത്തിലേക്ക്. ഋഷികേശിൽ നിന്നും ഒരു ബൈക്കറെ പരിചയപ്പെട്ടു.

ഒരു ഗൈഡ് കൂടിയായിരുന്നു അയാൾ. ഋഷികേശിൽ നിന്നും ബദരീനാഥിലേക്കും അവിടെ നിന്നും തിരിച്ചു ഋഷികേശിലേക്കും സുരക്ഷിതമായി എത്തിക്കാമെന്നായിരുന്നു ഉടമ്പടി. ഉടമ്പടിയിൽ ഒപ്പുമിട്ട് പണവും നൽകി യാത്രയ്ക്കു തയാറായി.

കാഴ്ചകൾ ആസ്വദിക്കുകയല്ല, ഞാനതിൽ അലിഞ്ഞു ചേരുകയാണ്

യാത്രകളിൽ കാഴ്ചകൾ ആസ്വദിക്കുന്ന ശീലം എനിക്കില്ല. ഞാൻ യാത്രകളെ അനുഭവിക്കുകയാണ് ചെയ്യുന്നത്. അതിലലിഞ്ഞു ചേരാനാണ് ഞാൻ ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും. ആ യാത്രയിൽ ശാന്ത സുന്ദരമായ നിരവധിയിടങ്ങളുണ്ടായിരുന്നു. മണിക്കൂറുകളോളം അവിടെ ചെലവഴിച്ചു.

ഒരു പുസ്തകം വായിക്കുമ്പോൾ അതിലെ കഥാപാത്രമായി മനസുകൊണ്ടു  മാറാറുണ്ട് ഞാൻ. അതുപോലെ ഒരു യാത്ര ചെയ്യുമ്പോൾ അതിലിഴുകി ചേരാനായിരിക്കും എന്റെ ശ്രമങ്ങൾ.

ഋഷികേശിലെ വസിഷ്ഠഗുഹയും ഗംഗാനദിയും

ശാന്തസുന്ദരമാണ് ഋഷികേശിലെ ഈ പ്രദേശം. വസിഷ്ഠഗുഹയുടെ അരികിലൂടെ ഗംഗാനദി ഒഴുകുന്നുണ്ട്. ആ കാഴ്ചയും അവിടുത്തെ പ്രകൃതിയും ഏറെ  സുന്ദരമാണ്. വളരെ ശാന്തമായ ഒരിടമാണത്. ഒരുപാട് നേരം ഞാനവിടെ ചെലവഴിച്ചു. എത്രത്തോളം മനോഹരമാണ് അവിടമെന്നു പറഞ്ഞറിയിക്കുക അസാധ്യമാണ്.

എന്നെ ചിന്തിപ്പിച്ച യാത്ര

ഒരു സ്ഥലത്തേക്ക് യാത്ര പോയാൽ അവിടുത്തെ രീതികളും സംസ്കാരവുമൊക്കെ ചോദിച്ചറിയാൻ ഞാൻ ശ്രമിക്കാറുണ്ട്. കൂടാതെ തദ്ദേശീയരുമായി സംസാരിച്ചു, അവിടുത്തെ പ്രധാന സ്ഥലങ്ങളെ കുറിച്ചൊക്കെ അന്വേഷിക്കും. അങ്ങനെയാണ് എന്റെ മിക്ക യാത്രകളും ആരംഭിക്കുന്നത്. ഋഷികേശിൽ ഞാനൊരു സുന്ദര കാഴ്ചയ്ക്കു സാക്ഷ്യം വഹിച്ചു.

ബദരീനാഥിൽ തപ്തകുണ്ഡ് എന്നൊരിടമുണ്ട്. അവിടെ ചൂടുവെള്ളം നിറയുന്നൊരു തടാകമുണ്ട്. ആ തടാകത്തിൽ സ്ത്രീ- പുരുഷ വ്യത്യാസമില്ലാതെ ആളുകൾ കുളിക്കാറുണ്ട്. സമീപത്തായി സ്ത്രീകൾക്ക് മാത്രമായി കുളിക്കാൻ മറപുര ഒരുക്കിയിട്ടുണ്ടെങ്കിലും അതിന്റെ വാതിലുകൾ തുറന്നാണ് കിടക്കാറ്. അൽപ വസ്ത്രധാരികളായാണ്  മിക്ക സ്ത്രീകളും അവിടെ കുളിക്കുന്നത്. മറപുരയോട് ചേർന്ന് പലരും നടന്നു പോകാറുണ്ടെങ്കിലും ആരും അവിടേക്ക് ശ്രദ്ധിക്കാറില്ല. എന്നെ ഏറെ  അതിശയപ്പെടുത്തിയ കാഴ്ചയായിരുന്നുവത്. ആരുടേയും തുറിച്ചുനോട്ടങ്ങളെ എതിരിടേണ്ട ഒരു സാഹചര്യം അവിടെയുണ്ടായിരുന്നില്ല. നമ്മുടെ നാട്ടിലായിരുന്നെങ്കിൽ എന്തൊക്കെ പ്രശ്നങ്ങളായിരുന്നു ഉണ്ടാകുമായിരുന്നത്? ഞാനും വസ്ത്രമഴിച്ചു അവരിൽ ഒരാളായി ആ തടാകത്തിൽ നിന്നും കുളിച്ചു കയറി. അവരുടെ ആ സംസ്കാരം എന്നെ അദ്ഭുതപ്പെടുത്തിയെന്നു മാത്രമല്ല, അന്നാട്ടുകാരോട് വലിയ ആദരവും തോന്നി.

ബദരീനാഥിലെ രാത്രികാഴ്ചകൾ കാണാൻ ഇനിയും പോകണം

ബദരീനാഥിലെ രാത്രികാഴ്ചകൾ കാണാൻ ഒരിക്കൽ കൂടി അങ്ങോട്ടൊരു റൈഡ് പോകണമെന്നു അതിയായ ആഗ്രഹമുണ്ട്. വർണിക്കാൻ വാക്കുകളില്ലാത്തത്രയും സൗന്ദര്യമുള്ളതായിരുന്നു ആ യാത്ര. രാത്രിയുടെ നിറവിൽ തിളങ്ങി നിൽക്കുന്ന ചെറുതാരകങ്ങളും മലയിടുക്കിൽ ഒളിഞ്ഞും തെളിഞ്ഞും കാണുന്ന ചന്ദ്രനും ഇടയ്ക്കുള്ള മഞ്ഞുവീഴ്ചയും ഒരു അദ്ഭുത കഥയിലെ ലോകത്തെത്തിച്ചു.

അടുത്ത യാത്രയിൽ രാത്രി മുഴുവൻ അവിടെ ചെലവിടണമെന്നും രാത്രിയുടെ സൗന്ദര്യം  ആസ്വദിക്കണമെന്നുമാണ് ആഗ്രഹം. ഉയരക്കൂടുതലുള്ള ഇടങ്ങളിൽ ഈ സുന്ദര കാഴ്ചയുടെ മാറ്റ് ഇനിയും കൂടുമല്ലോ എന്നതായിരുന്നു ആ കാഴ്ച ആസ്വദിക്കുമ്പോൾ മനസ്സിലുണ്ടായിരുന്ന ചിന്ത. ഹിമാലയ കാഴ്ചകൾ മുഴുവൻ ആസ്വദിക്കാൻ അന്നു ഭാഗ്യമുണ്ടായില്ല. അച്ഛന്റെ ആരോഗ്യം തൃപ്തികരമല്ലാത്തതിനാൽ പെട്ടെന്ന് മടങ്ങേണ്ടി വന്നു.

കാശിയിലേക്കൊരു യാത്ര

2013ൽ കാശിയിലേക്കൊരു യാത്ര പോയിരുന്നു. വേറിട്ടൊരു അനുഭവമായിരുന്നുവത്. അവിടെ  മുഴുവൻ ചുറ്റിക്കറങ്ങി കണ്ടതിനു ശേഷം രാത്രിയിലാണ് വാരണാസിയിലെ ശവങ്ങൾ ദഹിപ്പിക്കുന്ന ഹരിചന്ദ് ഘട്ടിൽ പോയത്. ഒട്ടും ഭയം തോന്നിയിലെന്നുമാത്രമല്ല വളരെ വ്യത്യസ്തമായ ഒരനുഭവവുമായിരുന്നുവത്.

ഇനിയും പോകാനുണ്ട് ഒരുപാട് സുന്ദര സ്ഥലങ്ങൾ

ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്രകൾ പോകണമെന്നു അതിയായ ആഗ്രഹമുണ്ട്. ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥലങ്ങളിലേക്കും യാത്രകൾ  പോകണം. പക്ഷേ, ഇപ്പോൾ ലക്‌ഷ്യം ഇന്ത്യയിലെ മനോഹരമായ സ്ഥലങ്ങൾ സന്ദർശിക്കുക എന്നതു മാത്രമാണ്. ചരിത്രങ്ങൾ കഥ പറയുന്ന ഒരുപാടു സ്ഥലങ്ങൾ എനിക്ക് നമ്മുടെ നാട്ടിൽ കണ്ടു തീർക്കാനുണ്ട്. എന്നിട്ടേ പുറംരാജ്യങ്ങളിലേക്ക് യാത്രയുള്ളൂ.

യാത്രകൾ സമ്മാനിച്ച സുന്ദരാനുഭവങ്ങളുടെ ഓർമയിൽ ഹിമ ശങ്കർ തന്റെ യാത്രാവിശേഷങ്ങൾ പറഞ്ഞു നിർത്തി.