രുചിപ്പെരുമയുടെ ചെട്ടിനാട്

രുചിപ്പെരുമ കൊണ്ടാണ് ചെട്ടിനാട് ലോകപ്രശസ്തമായത്. ആ രുചിയറിയാനായി നാടിന്റെ നാനാഭാഗങ്ങളിൽനിന്നും സന്ദർശകരെത്തി. അങ്ങനെ കടൽകടന്നുവരെ ചെട്ടിനാടിന്റെ സ്വാദൂറുന്ന വിഭവങ്ങളെത്തി. രുചിയാണ് ഈ നാടിന്റെ ഹൈലൈറ്റ്. എങ്കിലും കാഴ്ചകൾക്കും ഒട്ടും പഞ്ഞമില്ല ചെട്ടിനാട്ടിൽ. ക്ഷേത്രങ്ങളും മനോഹരമായ വാസ്തുവിദ്യയാൽ പണിതീർത്ത സൗധങ്ങളുമൊക്കെയായി ഏറെ പ്രൗഢിയാർന്ന നാടാണത്. 

തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലാണ് ചെട്ടിനാട്. പതിമൂന്നാം നൂറ്റാണ്ടിൽ നാട്ടുകോട്ടൈ ചെട്ടിയാർ കാരൈക്കുടിയിലേക്കു കുടിയേറിയ കാലമാണ് ചെട്ടിനാടിന്റെ ആരംഭമായി കണക്കാക്കുന്നത്. ഒരു വെള്ളപ്പൊക്കത്തെ തുടർന്നാണ് കാവേരി പൂംപട്ടണത്തിൽനിന്നു നാട്ടുകോട്ടൈ ചെട്ടിയാർ കാരൈക്കുടിയിലേക്കെത്തിയത്. കുടിയേറിയ ചെട്ടിയാർ സമുദായം ആ പ്രദേശത്തെ ചെട്ടിനാടാക്കി. സ്വാതന്ത്ര്യം ലഭിച്ച സമയത്തു  96 ഗ്രാമങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ ഏകദേശം 75 ചെട്ടിയാർ ഗ്രാമങ്ങൾ ഈ പ്രദേശത്തുണ്ട്. കച്ചവടമായിരുന്നു ഈ സമുദായത്തിന്റെ പ്രധാന തൊഴിൽ. കച്ചവടാവശ്യങ്ങൾക്കായി തെക്കു കിഴക്കനേഷ്യ, ശ്രീലങ്ക, സിംഗപ്പൂർ, ബർമ, കംബോഡിയ, വിയറ്റ്നാം, മലേഷ്യ തുടങ്ങിയ  രാജ്യങ്ങളിലേക്കെല്ലാം ചെട്ടിയാർമാർ യാത്ര ചെയ്തു. ഇന്ന് ആ രാജ്യങ്ങളിലെല്ലാം ചെട്ടിയാർ സമുദായത്തിൽപ്പെട്ട ധാരാളം ആളുകളെ കാണാം. 

നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ ചെട്ടിയാർമാർ വലിയ വ്യവസായികളും കച്ചവടക്കാരുമായി. വസ്ത്രങ്ങളും ആഭരണങ്ങളും രത്നങ്ങളും പോലുള്ള വലിയ വ്യവസായങ്ങൾക്കൊപ്പം തന്നെ  ബാങ്കിങ്, ധനകാര്യ മേഖലകളിലേക്കും ഇവർ കടന്നുവന്നുവെന്നു  ചരിത്രരേഖകൾ പരിശോധിച്ചാൽ മനസ്സിലാകും. പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ബാങ്കിങ് മേഖലയുടെ വലിയൊരു ഭാഗം നാട്ടുകോട്ടൈ ചെട്ടിയാർമാരുടെ കൈവശമായിരുന്നു. 

ക്ഷേത്രങ്ങളും മനോഹരമായ മണിമാളികകളും രുചി നിറച്ച വിഭവങ്ങളുമാണ് ചെട്ടിനാടിന്റെ സവിശേഷതകൾ. സന്ദർശകരിൽ വിസ്മയം ജനിപ്പിക്കുന്നതാണ് പതിനെട്ടാം നൂറ്റാണ്ടിൽ പണിതീർത്ത ക്ഷേത്രങ്ങളും സൗധങ്ങളുമൊക്കെ. ആ കാഴ്ചകളോരോന്നും ചെട്ടിയാർമാരെക്കുറിച്ചു സഞ്ചാരികൾക്കിടയിൽ വലിയ മതിപ്പുണ്ടാക്കും.

ചെട്ടിനാടൻ സൗധങ്ങൾ 

കച്ചവടക്കാരായ ചെട്ടിയാർമാർക്ക് വിദേശരാജ്യങ്ങളുമായി കച്ചവട ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഭവനങ്ങൾ നിർമിക്കുമ്പോൾ, ആ രാജ്യങ്ങളിലെ നിർമിതികളുടെ സവിശേഷതകൾ കൂടി തങ്ങളുടെ ഭവന നിർമാണത്തിൽ ചേർക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നത് ആദ്യകാഴ്ചയിൽ തന്നെ വ്യക്തം.  ധാരാളം സമ്പത്തു കൈവശമുണ്ടായിരുന്ന ഈ സമുദായങ്ങളുടെ ഭവനങ്ങളെല്ലാം മനോഹരമായ വാസ്തുവിദ്യയാൽ  സമ്പന്നമാണ്. പടിഞ്ഞാറിന്റെയും കിഴക്കിന്റെയും നിർമാണ വൈദഗ്ധ്യം മുഴുവൻ സമ്മേളിച്ചവയാണ് ഓരോ ഭവനവും. ബർമീസ് തേക്കും ഇറ്റാലിയൻ മാർബിളും ജാപ്പനീസ് തറയോടുമൊക്കെ ഈ ഗൃഹങ്ങൾക്ക് മോടികൂട്ടി. പതിനെട്ടാം നൂറ്റാണ്ടിലാണ് ഈ ഭവനങ്ങളിൽ ഭൂരിപക്ഷവും നിർമിച്ചിരിക്കുന്നത്. 

ക്ഷേത്രങ്ങൾ 

നിരവധി ക്ഷേത്രങ്ങൾ കൊണ്ടു നിറഞ്ഞതാണ്  ചെട്ടിനാട്. വലിയ വലിയ ക്ഷേത്രങ്ങൾക്കൊപ്പം ചെറു ക്ഷേത്രങ്ങളും അടുത്തടുത്തായിത്തന്നെ നിലകൊള്ളുന്നു. ചോള രാജാക്കന്മാരാണ് ഇവയിലേറിയപങ്കും  നിർമിച്ചതെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. പട്ടണനിർമാണത്തിൽ ഈ  ക്ഷേത്രങ്ങൾക്കെല്ലാം വലിയ പങ്കുണ്ട്. ഓരോ ക്ഷേത്രത്തിനു ചുറ്റുമായാണ് ഓരോ പട്ടണവും വികസിച്ചിരിക്കുന്നത്. മാത്രമല്ല, സംസ്കാരവും കലയും നിർമാണങ്ങളും കച്ചവടങ്ങളും വരെ ഈ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചാണ് നിലകൊള്ളുന്നത്.

വൈരാവൻ ക്ഷേത്രം, കർപ്പക വിനായകർ ക്ഷേത്രം, കുന്ദ്രാകുടി മുരുകൻ ക്ഷേത്രം, കോട്ടയൂർ ശിവ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രശസ്തമായ ക്ഷേത്രങ്ങൾ. ലളിതമെങ്കിലും നിർമാണ ചാതുര്യത്താൽ ആരെയും അത്ഭുതപ്പെടുത്തുന്നവയാണ് ഓരോ ക്ഷേത്രവും. കൊത്തുപണികൾ കൊണ്ടും ഛായാചിത്രങ്ങൾകൊണ്ടും മനോഹരമാക്കിയവയാണ് ക്ഷേത്രച്ചുവരുകൾ. ചെട്ടിയാർമാർ തങ്ങളുടെ കുലദൈവങ്ങൾക്കായി പണിത നിരവധി ചെറുക്ഷേത്രങ്ങളും ഇവിടെ കാണാവുന്നതാണ്. 

ചെട്ടിനാടൻ രുചികൾ 

ചെട്ടിനാടിന്റെ പേര് പുറംലോകത്തെത്തിച്ചതിൽ അവിടുത്തെ വിഭവങ്ങൾക്കുള്ള പങ്കു ചെറുതല്ല. മാംസാഹാരപ്രിയരെയും സസ്യാഹാരികളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്നവയാണ് ഇന്നാട്ടിലെ വിഭവങ്ങൾ. ആ രുചിമാഹാത്മ്യം കൊണ്ടുതന്നെയാണ് ഇന്ന് ഇന്ത്യയിലെ മിക്ക ഭക്ഷ്യശാലയുടെ മെനുവിലും ചിക്കൻ ചെട്ടിനാട് ഒരു പ്രധാന വിഭവമായിരിക്കുന്നത്. തീരദേശങ്ങളിൽ ജീവിച്ചിരുന്നതു കൊണ്ടുതന്നെ ഇവരുടെ ഭക്ഷണത്തിൽ മൽസ്യം, പ്രധാനമായും ചെമ്മീനും ഞണ്ടും പ്രധാനമാണ്. നിരവധി സുഗന്ധവ്യഞ്ജനങ്ങൾ ചേർന്നതും ഹൃദ്യമായ വാസന നിറഞ്ഞതുമാണ് ഓരോ വിഭവവും.

എരിവും പുളിയും ഉപ്പും മസാലയും നിറച്ചാണ് ഓരോന്നും തയാറാക്കുന്നത്. വരണ്ട പ്രദേശമായതുകൊണ്ടു തന്നെ വെയിലത്തുണക്കിയെടുക്കുന്ന ഇറച്ചി, ഉപ്പിലിട്ട പച്ചക്കറികൾ എന്നിവയെല്ലാം ഇവരുടെ ഭക്ഷണത്തിൽ കൂടുതലായി കാണാം. പെപ്പർ ചിക്കൻ, വറുവൽ, മുറുക്ക്, വട, തേങ്ങാപ്പാൽ ചേർത്ത കറികൾ തുടങ്ങി ചെട്ടിനാടിന്റെ കൈയൊപ്പു പതിഞ്ഞ നിരവധി വിഭവങ്ങൾ തനതു രുചിയോടെ കഴിക്കണമെന്നുണ്ടെങ്കിൽ ചെട്ടിനാട്ടിലേക്കു വണ്ടി കയറിയാൽ മതി. ആതിഥ്യ മര്യാദകളിലും ഏറെ മുമ്പിലായ ചെട്ടിയാർ സമുദായം അതിഥികളുടെ വയറും മനസ്സും ഒരുപോലെ നിറയ്ക്കും.