ജീവനുണ്ടോ ഈ കൽസ്മാരകങ്ങൾക്ക്

അമ്പരപ്പിക്കുന്ന കൊത്തുപണികൾ കണ്ടാൽ നിങ്ങൾക്കും അങ്ങനെ തോന്നും. 

ചരിത്രത്തെയും സംസ്കാരത്തെയും ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ…? എങ്കിൽ ഈ ക്ഷേത്രങ്ങളിലേക്കും സ്മാരകങ്ങളിലേക്കും ഒന്നു കണ്ണോടിക്കുക. സാധ്യമെങ്കിൽ ഒരു യാത്ര നടത്തുക. കല്ലുകൊണ്ടു കഥ മെനയുന്ന  ചരിത്രസ്മാരകങ്ങളിലൊന്നാണ് ബേലൂരിലെ ഹൊയ്സാല ശൈലിയിലെ ക്ഷേത്രം

ബേലൂരിലെ ക്ഷേത്രം

ആ യുവതിയുടെ കൈയിലുള്ള വീണ കണ്ടോ?  അതിലെ കമ്പികൾ പോലും കല്ലുകൊണ്ടാണു നിർമിച്ചിക്കുന്നത്. ബേലൂർ ക്ഷേത്രത്തിനുള്ളിലെ കൽപ്രതിമയൊന്നു ചൂണ്ടിക്കാണിച്ച് ഗൈഡ് പറഞ്ഞു. അതിശയം കൊണ്ടു മനസ്സുവിടർന്നു.  ഇങ്ങനെയുള്ള അനേകം പ്രതിമകളും ശിൽപ്പങ്ങളും നിറഞ്ഞ അതിമനോഹരമായ ഒരു കൽത്താമരയാണു ബേലൂരിലെ ക്ഷേത്രങ്ങൾ. കർണാടകയിലെ ഹാസൻ ജില്ലയിലാണ് ഈ ക്ഷേത്രങ്ങൾ. രണ്ടിടത്തായിട്ടാണിവ കാണപ്പെടുന്നത്. ഒന്ന് ബേലൂരിൽ. രണ്ട് ഹാലേബിഡുവിൽ. ഓരോ ഇഞ്ചും കൊത്തുപണികളാൽ നിറഞ്ഞ ഇവ വിദേശികളെപ്പോലും അമ്പരപ്പിക്കുന്നു. ഹൊയ്സാല രാജാക്കൻമാരുടെ കീഴിലാണ് ഈ അമ്പലങ്ങൾ പണികഴിപ്പിച്ചത്. ഏതാണ്ട് ആയിരം വർഷം പഴക്കമുണ്ട് ഈ കൽനിർമിതികൾക്ക്. 

ബാലനായ കൃഷ്ണനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ചെന്ന കേശവ ക്ഷേത്രം എന്നാണ് പേര്. അമ്പലത്തിനു ചുറ്റും സാലഭഞ്ജികമാരുടെയും മറ്റുള്ളവരുടെയും ശിൽപ്പങ്ങളാൽ നിറഞ്ഞിട്ടുണ്ട്. ബേലൂരിലെ ക്ഷേത്രം കണ്ടുകഴിഞ്ഞാൽ ഹാലേബിഡുവിലേക്കു പോകാം. പതിനഞ്ചുകിലോമീറ്റർ ആണു ദൂരം. ഇതും കൊത്തുപണികളാൽ സമ്പന്നമായ അമ്പലമാണ്. എന്നാൽ ശിവനാണു പ്രതിഷ്ഠ എന്നു മാത്രം. വലുപ്പത്തിൽ ഇന്ത്യയിലെ ആദ്യപത്തിൽ വരുന്ന നന്ദിപ്രതിമകളാണ് ആകർഷകം. മിക്കവയും ഒറ്റക്കല്ലിൽ തീർത്തവയാണത്രേ. 

അമ്പലത്തിനുള്ളിൽ കയറിയാലോ…. തറ, തൂൺ തുടങ്ങിയവ തൊട്ട് മേൽക്കൂര വരെ കല്ലുകൊണ്ടാണു നിർമിച്ചിരിക്കുന്നത്. 

എങ്ങനെപോകാം

എറണാകുളത്തുനിന്ന് കോഴിക്കോട്-താമരശ്ശേരി ചുരം- മാനന്തവാടി-കാട്ടിക്കുളം . പിന്നെ കർണാടക അതിർത്തിയായ കുട്ട കടന്നു തിത്തിമത്തി വനത്തിലൂടെ പെരിയപട്ടണ-ഹാസൻ- ബേലൂർ.  ദൂരം 478 Km 

നാഗർഹോളെ വനത്തിലൂടെ കാറാണെങ്കിൽ പോകാം. ബൈക്കുകൾക്ക് അനുമതി നൽകാറില്ല. 

താമസം

കർണാടക സർക്കാരിന്റെ ഗസ്റ്റ്  ഹൗസ് ഉണ്ട്-  മയൂര 08177222209

അടുത്തുള്ള സ്ഥലങ്ങൾ

ചിക്കമംഗളൂർ, സക് ലേഷ് പുര, ഹാസൻ, ഭദ്രാ വന്യജീവി സങ്കേതം, ശ്രാവണബേൽഗോല, ഷിമോഗ, മടിക്കേരി. 

മൂന്നുദിവസം വേണം പോയിവരാൻ. ഈ ക്ഷേത്രം തന്നെ ഒരു ദിവസം കാണാനുണ്ട്. രാത്രിയാത്ര വേണ്ട. തിത്തിമത്തി ഫോറസ്റ്റിനുള്ളിലൂടെ രാത്രിയിലും ട്രാഫിക് ഉണ്ട്. നാഗർഹോളയിലും ബന്ദിപ്പൂരും അനുമതിയില്ല. 

ഗൈഡിന്റെ സഹായം തേടുക. കാരണം കാണാനേറെയുണ്ടെങ്കിലും കാഴ്ചകൾ അറിഞ്ഞു കാണുന്നതാണു രസം.