ആകാശത്ത് തൂങ്ങിയാടി ഭക്ഷണം കഴിക്കാം

പുരാതനകാലത്തെ സപ്താത്ഭുതങ്ങളിൽ ഒന്നായിരുന്നു ബാബിലോണിയയിലെ തൂങ്ങുന്ന പൂന്തോട്ടം. വിവിധ തട്ടുകളായി ക്രമീകരിക്കപ്പെട്ടിരുന്ന ഈ പൂന്തോട്ടം ഏകദേശം 22 മീറ്റർ വരെ ഉയരത്തിലായിരുന്നു നിര്‍മിക്കപ്പെട്ടിരുന്നത്. ബി സി ഒന്നാം നൂറ്റാണ്ടിലുണ്ടായ ഒരു ഭൂകമ്പത്തിൽ തൂങ്ങുന്ന ഈ ഉദ്യാനം നാമാവശേഷമായെന്നാണ് ചരിത്ര രേഖകൾ പറയുന്നത്. എന്തായാലും തൂങ്ങുന്ന പൂന്തോട്ടത്തിന്റെ കഥകൾ അവിടെ അവസാനിച്ചു. ഈ ആധുനിക കാലത്തിൽ തൂങ്ങുന്ന ഒരു ഭക്ഷ്യശാലയാണ് കാഴ്ചക്കാരിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കുന്നത്.  

തടാകത്തിന്റെ ഭംഗി നുകർന്നു ആകാശത്തിലും ഭൂമിയിലുമല്ലാതെ മനോഹരമായ പ്രകൃതിയുടെ സൗന്ദര്യമാസ്വദിച്ചുകൊണ്ടു ഭക്ഷണം ആസ്വദിക്കുക എന്ന അനിർവചനീയമായ അനുഭവമാണ് ബെംഗളൂരുവിലെ തൂങ്ങുന്ന റെസ്റ്റോറന്റ് അതിഥികൾക്കു സമ്മാനിക്കുന്നത്. ക്രയിൻ ഉപയോഗിച്ച് ഒരു ഭക്ഷണ മേശ ഉയർത്തിയാണ് ഭക്ഷണം കഴിക്കാനെത്തുന്നവരെ റെസ്റ്റോറന്റ് അധികൃതർ വിസ്മയലോകത്തെത്തിക്കുന്നത്. 160 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന തീൻമേശ 360 ഡിഗ്രിയിൽ കറങ്ങുകയും ചെയ്യും. നഗവര തടാകത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം മൻയത ടെക് പാർക്കിന്റെ കാഴ്ചകളും ഈ തൂങ്ങുന്ന ഭക്ഷ്യമേശയ്ക്കു ചുറ്റുമിരിക്കുമ്പോൾ കൺമുമ്പിൽ വന്നുനിറയും. 

െബംഗളൂരു നഗരത്തിന്റെ ഹൃദയഭാഗത്തുതന്നെയാണ് ഈ സ്കൈ ഡൈനിങ്ങ് റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ഒരേ സമയം 22 പേർക്ക് ഈ തീൻമേശയിലിരുന്നു ഭക്ഷണം ആസ്വദിക്കാം. ഒരു ടേബിൾ മൊത്തമായോ ഒരു ഇരിപ്പിടം മാത്രമായോ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. സഹായങ്ങളുമായി റെസ്റ്റോറന്റ് ജീവനക്കാരും ഒരു ഫോട്ടോഗ്രാഫറും ഭക്ഷണ സമയത്തിലുടനീളം അതിഥികൾക്കൊപ്പമുണ്ടാകും.

ഏറെ സമയം റെസ്റ്റോറന്റിൽ ചെലവഴിക്കാമെന്ന മോഹത്തോടെ ഈ ഭക്ഷ്യശാലയിലേക്കു ആരും കടന്നു വരണ്ട. മോക്ടെയിൽ കഴിക്കാനാണ് കയറുന്നതെങ്കിൽ അരമണിക്കൂർ മാത്രമാണ് അതിനായി അനുവദിക്കപ്പെട്ടിട്ടുള്ള സമയം. ഡിന്നറിനെങ്കിൽ ഒരുമണിക്കൂർ സമയം ആകാശത്തിലെയും ഭൂമിയിലെയും കാഴ്ചകൾ രുചിക്കൊപ്പം ആസ്വദിക്കാം. ഗ്രിൽഡ് ചിക്കെനും റൈസും മോക്ടെയിലും ഒരു ബൗൾ നിറയെ പഴങ്ങളും അടങ്ങിയതാണ് ഡിന്നർ. സന്ദർശകർക്കു കൺമുമ്പിൽവെച്ചു ഭക്ഷണം തയ്യാറാക്കി നൽകുക എന്നതൊന്നും ഈ റെസ്റ്റോറന്റിൽ നടക്കില്ല. അതിഥികൾ എത്തുമ്പോൾ നേരത്തെ തയ്യാറാക്കിവെച്ചിരിക്കുന്ന ഭക്ഷണം വിളമ്പുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. പക്ഷേ, ഒന്നോർക്കുക, ഇവിടെ ഭക്ഷണത്തേക്കാൾ പ്രാധാന്യം, സ്കൈ ഡൈനിങ്ങിനാണ്. 

ആകാശത്തിലും ഭൂമിയിലുമല്ലാതെ വായുവിൽ നിന്നുള്ള ആഹാരം കഴിക്കൽ ചിലരിലെങ്കിലും എത്രമാത്രം സുരക്ഷിതമെന്ന സംശയമുണ്ടാക്കിയേക്കാം. സുരക്ഷയുടെ കാര്യത്തിൽ യാതൊരു  ഭയത്തിന്റെയും ആവശ്യമില്ലെന്നാണ് റെസ്റ്റോറന്റ് അധികൃതർ ഉറപ്പുനൽകുന്നത്. വളരെ സുരക്ഷിതമായ രീതിയിലും ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുമാണ് സീറ്റുകൾ സജ്ജമാക്കിയിരിക്കുന്നത്. അതിഥികളെ സീറ്റിൽ ബന്ധിപ്പിക്കുകയും ചെയ്യും. നാലടി അഞ്ചിഞ്ച് പൊക്കമുള്ളവരെ മാത്രമേ ഇവിടെ ഭക്ഷണം കഴിക്കാനായി പ്രവേശിപ്പിക്കുകയുള്ളു. ശരീര ഭാരം അതെത്രയായലും കുഴപ്പമില്ല. മോക്ടെയിലിനു അതിഥികളുടെ കയ്യിൽ നിന്നും ഈടാക്കുന്ന തുക ഒരു വ്യക്തിയ്ക്ക്‌ 3999 രൂപയാണ്. ഡിന്നറിനു 6999 രൂപയും. അവധി ദിവസങ്ങളിൽ ഈ തുക കുറച്ചുകൂടി ഉയരാനിടയുണ്ട്.