പ്രേതനഗരം പഴങ്കഥ, ധനുഷ്കോടി ഇപ്പോൾ തിരക്കിലാണ്

ആളൊഴിഞ്ഞ പട്ടണത്തിലേക്ക് ഒരു ദേശീയപാത എത്തുക. അതിലൂടെ ചരിത്രം ഇനിയും മറക്കാത്ത പഴയ നഗരത്തിന്റെ തിരുശേഷിപ്പുകൾ തേടി സഞ്ചാരികൾ ഒഴുകിയെത്തുക. കന്യാകുമാരി പോലെ ജനസാഗരം വിട്ടൊഴിയാതെ, ഉദയാസ്തമയങ്ങൾക്ക് കാവൽ നിൽക്കുന്ന കടൽനഗരമായി ധനുഷ്കോടി പതിയെ മാറിത്തുടങ്ങുകയാണ്. കടലെടുത്ത പള്ളിയ്ക്കും പോസ്റ്റാഫീസിനും റയിൽവേ സ്റ്റേഷനും ചുറ്റും പണ്ടില്ലാത്ത ആൾക്കൂട്ടമാണ് ഇപ്പോൾ.

ധനുഷ്കോടിയിലെ പഴയ പോർച്ചുഗീസ് പള്ളി

വാഹനങ്ങളിൽ കൂട്ടം കൂട്ടമായി വന്നുകൊണ്ടിരിക്കുന്ന സഞ്ചാരികളിലൂടെ ജീവിതം കരുപിടിപ്പിക്കാനുള്ള ശ്രമത്തിലാണ് തദ്ദേശവാസികൾ. സഞ്ചാരികൾക്കായി ഓലമേഞ്ഞ കുടിലുകളിൽ അവർ കൗതുക വസ്തുക്കൾ ഒരുക്കി വച്ചിരിക്കുന്നു. കാഴ്ചകൾ നടന്നു കണ്ട് ക്ഷീണിച്ചവർക്ക് കഴിക്കാൻ തണ്ണിമത്തനും കൈതച്ചക്കയും കക്കരിക്കയും ചായയും സമോസയും പരിപ്പുവടയും ശാപ്പാടും മീൻ വറുത്തതും ഒരുക്കി അവർ കാത്തിരിക്കുന്നു. ഒരിക്കൽ കടലിൽ മറഞ്ഞുപോയ ധനുഷ്കോടി ആത്മസഞ്ചാരങ്ങളുടെ പുതിയ വഴികൾ തേടുകയാണ്.

അരിച്ചൽ മുനമ്പിലെ കാഴ്ചകളാസ്വദിക്കുന്ന യാത്രികർ

കടലെടുത്തുപോയ നഗരത്തിന്റെ ഓർമകളിലേക്കു നടന്നുകയറാൻ പാകപ്പെടുത്തിയ മനസുമായാണ് രാമേശ്വരത്തു നിന്നു രാവിലെ തിരിച്ചത്. സുഹൃത്തുക്കളായ സഞ്ചാരികൾ പറഞ്ഞുകേട്ട അറിവുകൾ മാത്രമായിരുന്നു മനസിൽ. എന്നാൽ, നിറുത്തിയിട്ടിരിക്കുന്ന വണ്ടികളുടെ നീണ്ട നിരയും നിരത്തിനപ്പുറവും ഇപ്പുറവുമുള്ള കടകളുമാണ് ധനുഷ്കോടിയെ ആദ്യകാഴ്ചയിൽ അടയാളപ്പെടുത്തിയത്. അവയ്ക്കിടയിൽ, കൊടുങ്കാറ്റിൽ തകർന്ന പള്ളിയുടെ അവശേഷിപ്പുകൾ കണ്ണുകൾ കൊണ്ട് കണ്ടെടുക്കാൻ അൽപം ബുദ്ധിമുട്ടി. ആദ്യം അരിച്ചൽ മുനമ്പിലേക്ക് എന്നതായിരുന്നു യാത്രാ പരിപാടി. അതുകൊണ്ട്, ധനുഷ്കോടിയിൽ ആദ്യം ഇറങ്ങാതെ കടലിൽ നിന്നു വീശിയടിച്ച കാറ്റിനൊപ്പം ഞങ്ങളുടെ വണ്ടിയും അരിച്ചൽ മുനമ്പിലേക്ക് കുതിച്ചു.

അരിച്ചൽ മുനമ്പിലെത്തിയ ഗുജറാത്തി സഞ്ചാരികൾ

2017 ജൂലൈ വരെ അരിച്ചൽ മുനമ്പിലേക്ക് പോകാൻ നല്ല റോഡുണ്ടായിരുന്നില്ല. മണലിലൂടെയും വെള്ളത്തിലൂടെയും ഒക്കെ പാഞ്ഞോടുന്ന ജീപ്പുകളും മിനി ബസുകളും മാത്രമായിരുന്നു സഞ്ചാരികളുടെ ആശ്രയം. ബസിലും ജീപ്പിലുമൊക്കെ തിങ്ങി ഞെരുങ്ങി ഇരുന്ന് അരിച്ചൽ മുനമ്പു വരെ പോയിരുന്ന യാത്രികരുടെ ഓർമക്കുറിപ്പുകൾ മനസിലേക്കെത്തി. പ്രേതനഗരമായി പ്രഖ്യാപിക്കപ്പെട്ട ധനുഷ്കോടിയിലേക്ക് ഒരു ദേശീയപാത തുറക്കാൻ പോലും കാരണം ഇങ്ങനെ തൂങ്ങിപ്പിടിച്ചും നടന്നും അരിച്ചൽ മുനമ്പിലേക്കെത്തിയ ആ സഞ്ചാരികളാണല്ലോ! ദേശീയപാത തുറന്നതോടെ ഇപ്പോൾ സഞ്ചാരികൾക്ക് അവരുടെ വാഹനത്തിൽ തന്നെ അരിച്ചൽ മുനമ്പു വരെ പോകാം. രാമേശ്വരത്തു നിന്നു ബസുകളുമുണ്ട്. അതുകൊണ്ടു തന്നെ ഇവിടേക്കുള്ള യാത്രക്കാരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

അരിച്ചൽ മുനൈലേക്കുള്ള ഡ്രൈവ്

ഉപ്പുകാറ്റേറ്റ് പൊടിഞ്ഞ ഓർമകളിലേക്ക് നീണ്ടുനിവർന്നു കിടക്കുകയാണ് ധനുഷ്കോടിയിൽ നിന്ന് അരിച്ചൽ മുനൈ (അരിച്ചൽ മുനമ്പ്) വരെയുള്ള റോഡ്. ഒരു വളവു പോലുമില്ലാതെ നീണ്ടുനിവർന്നു കിടക്കുന്ന റോഡിലൂടെ രണ്ടു തരത്തിൽ പോകാം. കടലിലേക്ക് ലാൻ‍ഡുചെയ്യുന്ന വിമാനം കണക്കെ കാറിൽ ചീറിപ്പാഞ്ഞു പോകാം. അതല്ലെങ്കിൽ, ഇരുവശത്തും പരന്നുകിടക്കുന്ന നീലക്കടലിന്റെ കാഴ്ചകളും കടൽജീവിതവും അറിഞ്ഞു പോകാം. ഞങ്ങൾ തിരഞ്ഞെടുത്തത് രണ്ടാമത്തെ വഴിയാണ്. ദൂരക്കാഴ്ചകളിൽ നഷ്ടപ്പെട്ടുപോകുന്ന മനുഷ്യരെ കണ്ടുകൊണ്ടുള്ള യാത്ര.

വെള്ളമെടുത്തു പോയ പഴയ ധനുഷ്കോടി നഗരം

രാവിലെ ആയതിനാൽ മീനുമായി വരുന്ന ബോട്ടുകൾ അങ്ങിങ്ങായി കാണാം. കുട്ടകളുമായി ബോട്ടുകളെ കാത്തു നിൽക്കുന്ന സ്ത്രീകളുണ്ട് തീരത്ത്. വല നിറച്ചു മീനുമായെത്തിയ ബോട്ടു കണ്ട് ഞങ്ങൾ വണ്ടി നിറുത്തി അവിടേക്ക് ചെന്നു. വലയിൽ നിന്നും കുട്ടകളിലേക്കു മീൻ പകർന്നു, തീരത്തു കൂട്ടിയിടുന്ന തിരക്കിലായിരുന്നു അവർ. മീനുകൾ തരം തിരിയ്ക്കാൻ സ്ത്രീകളടക്കമുള്ള മറ്റൊരു കൂട്ടവുമുണ്ട്.

ധനുഷ്കോടിയിലെ തകർന്ന പള്ളി (പഴയ ചിത്രം)

മത്തിയുടെ നിറമെന്താ?

വെള്ളിനിറത്തിൽ തിളങ്ങുന്ന മീനുകളെ കണ്ട് അന്തം വിട്ടിരിക്കുകയായിരുന്നു ഞാൻ. ആദ്യകാഴ്ചയുടെ ആഹ്ലാദത്തിൽ കുറെ പടങ്ങളെടുത്ത് കുറച്ചൂടെ അടുത്തു പോയി മീൻ നോക്കിയപ്പോഴാണ് അമ്പരന്നു പോയത്. വല നിറച്ചും തിളങ്ങിക്കിടക്കുന്നത് നമ്മുടെ സ്വന്തം മത്തി. ഇത്രയും ഫ്രഷ് ആയ മത്തി ജീവിതത്തിൽ ആദ്യമായി കാണുകയായിരുന്നു. വെയിലിൽ തിളങ്ങിക്കിടക്കുന്ന മത്തിയുടെ നിറം കണ്ട് സംശയം തോന്നി, ഞാൻ കുറച്ചു കൂടെ അടുത്തു പോയി നോക്കി. മീനുകൾ തരം തിരിയ്ക്കുന്ന അക്കയോട് കാര്യം തിരക്കി, ഇത് മത്തിയല്ലേ? ചാള എന്നു വിളിക്കുന്ന മത്തി? "ആമാ ആമാ"... അക്ക ചിരിച്ചുകൊണ്ട് തലയാട്ടി.

മത്തി

മത്തിയ്ക്ക് ഇത്രയ്ക്കു സൗന്ദര്യമോ, ഞാൻ മനസിലോർത്തു. മീൻകാരന്റെ കുട്ടയിൽ കാണുന്ന പോലെയല്ല. മേൽചുണ്ട് മുതൽ വാലറ്റം വരെ തിളങ്ങുന്ന പച്ചക്കരയുള്ള വെള്ളിയുടുപ്പിട്ടു സുന്ദരിയായി പെടയ്ക്കുകയാണ്. കടലിന്റെ നീല കലർന്ന പച്ചവർണം ഉടലിൽ പകർന്നു വച്ചതുപോലെ തോന്നും. വലയിൽ നിന്ന് കുട്ടകളിലേക്കും അവിടെ നിന്നു ശീതികരിച്ച പെട്ടികളിലേക്കും മാറ്റി, കിലോമീറ്ററുകൾ താണ്ടി നമ്മുടെ വീട്ടിലെത്തുമ്പോഴേക്കും ഈ നിറമൊക്കെ എങ്ങനെയുണ്ടാകാൻ! കടലിൽ നിന്ന് പിടിയ്ക്കുമ്പോഴുള്ള പച്ചക്കരയുള്ള വെള്ളി നിറം, വീട്ടിലെത്തുമ്പോൾ വേണമെന്ന് വാശി പിടിയ്ക്കാൻ പറ്റില്ലല്ലോ. അല്ലെങ്കിലും ഈ നിറം എന്നൊക്കെ പറയുന്നത് വെറും മായയല്ലേ! പെടയ്ക്കണ മത്തി രുചിച്ചു നോക്കാൻ കഴിയാത്തതിന്റെ സങ്കടം പടമെടുത്തു തീർത്തു. 

കടലിൽ ചെന്നവസാനിക്കുന്ന പാത

വൃത്താകൃതിയിൽ കെട്ടിയുണ്ടാക്കിയ ഒരു പ്ലാറ്റ്ഫോമിലാണ് റോഡ് അവസാനിക്കുന്നത്. അതിനു നടുവിലായി അശോകസ്തംഭത്തിന്റെ മാതൃകയിൽ ഒരു സ്തൂപമുണ്ട്. അൽപസ്വൽപം സാഹസികത ഇഷ്ടപ്പെടുന്നവർക്കു മാത്രം സ്വന്തമായിരുന്ന അരിച്ചൽ മുനമ്പിലെ കടൽക്കാഴ്ചകൾ ഇപ്പോൾ കൂടുതൽ ജനകീയമായിരിക്കുന്നു.

മീനുകൾ തരംതിരിക്കുന്ന സ്ത്രീകൾ

കുടിവെള്ളം പോലും കിട്ടാതിരുന്ന ആ പഴയ കടൽത്തീരം വെറുമൊരു ഓർമ മാത്രം. ഇപ്പോൾ വെള്ളവും ചായയും ലഘുഭക്ഷണവും സുലഭം. ചെറു സംഘങ്ങളായി എത്തിയ നിരവധി യാത്രികരുണ്ടായിരുന്നു കടൽ തീരത്ത്. അധികം തിരക്കില്ലാത്ത ഒരു ഭാഗം കണ്ടെത്തി ഞാനും അവർക്കിടയിൽ നിലയുറപ്പിച്ചു. അകലെയകലെ ഒരു കണ്ണേറു ദൂരത്തു ശ്രീലങ്കയുണ്ട്.

കടൽ തീരത്തു തരംതിരിക്കാനായി കൂട്ടിയിട്ടിരിക്കുന്ന മീനുകൾ

വെയിലിനു ചൂടേറിക്കൊണ്ടിരുന്നു. കയ്യിൽ കരുതിയിരുന്ന കുട നിവർത്തിപ്പിടിക്കാൻ നിർവാഹമില്ല. അത്രയും ശക്തമായ കാറ്റാണ്. എന്നിട്ടും, തിരിഞ്ഞുനടക്കാൻ തോന്നിപ്പിക്കാതെ കടൽ നമ്മെ പിടിച്ചു നിറുത്തും. കടലിന് നിറം പച്ചയോ നീലയോ? നിറങ്ങളേതായാലും, ആകാശവും കടലും പോലെ നമ്മെ മോഹിപ്പിക്കുന്ന കാഴ്ചകൾ വേറെ ഏതുണ്ട്! എത്ര നേരം നോക്കി നിന്നാലും അനന്തതയിലേക്ക് അതിങ്ങനെ നമ്മെ കൊണ്ടുപോയിക്കൊണ്ടേ ഇരിക്കും.

ശാന്തമായിരുന്നു കടൽ. ഇടയ്ക്കിടെ ചെറുതിരകൾ സഞ്ചാരികളുടെ കാലുകൾ നനച്ചു. ഒരു തുണ്ടു ആകാശവും ഒരു കുമ്പിൾ കടലും ഓർമകളിലേക്കു പകർന്നെടുത്ത് ഞങ്ങൾ തിരിച്ചു നടന്നു.

ബോട്ടിൽ നിന്നു കുട്ടകളിൽ മീൻ തീരത്തേക്കു കൊണ്ടുപോകുന്നവർ

മീൻകുളമ്പു സാപ്പാട് റൊമ്പ പ്രമാദം

സമയം നട്ടുച്ച. കാര്യമായി എന്തെങ്കിലും കഴിച്ചേക്കാമെന്ന ധാരണയിൽ ഞങ്ങൾ ധനുഷ്കോടിയിലേക്ക് വച്ചു പിടിച്ചു. പഴയനഗരത്തിന്റെ കാഴ്ചകൾ ഇനി വിശപ്പു മാറ്റിയതിനു ശേഷം. ഓല മേഞ്ഞ ഭക്ഷണശാലകൾ നിരവധിയുണ്ട് ധനുഷ്കോടിയിൽ. അധികം തിരക്കില്ലാത്ത ഒരു കടയിലേക്ക് ഞങ്ങൾ കയറി. ധനുഷ്കോടിയിൽ വന്നിട്ടു, മീൻ വറുത്തതു കൂട്ടി ഭക്ഷണം കഴിയ്ക്കാതെ പോരുന്നത് ശരിയല്ലല്ലോ! മുത്തുമണി അക്കയുടെതായിരുന്നു ഞങ്ങൾ കയറിയ കട. ഹോട്ടൽ എന്നൊന്നും പറയാൻ പറ്റില്ല. ശാപ്പാടും ദോശയുമുണ്ട്.

അരിച്ചൽ മുനമ്പ്; ചെക്ക് പോസ്റ്റിന് അപ്പുറത്തേക്കു പോകാൻ സഞ്ചാരികൾക്ക് അനുവാദമില്ല

ഉച്ച ആയതിനാൽ ശാപ്പാട് തന്നെയെന്നു ഉറപ്പിച്ചു. ഫ്രഷ് മീനുണ്ട്. അതു വറുത്തെടുക്കേണ്ട താമസം മാത്രം. ഏതു മീൻ വേണമെന്നു നമുക്ക് തിരഞ്ഞെടുക്കാം. ഞങ്ങൾ മൂന്നു മീനുകൾ തെരഞ്ഞെടുത്തു. നിമിഷനേരം കൊണ്ട് വൃത്തിയാക്കലും മസാല പുരട്ടലും കഴിഞ്ഞു. പിന്നെ നേരെ കല്ലുചട്ടിയിലേക്ക്. മീൻ വറുക്കുന്നതിന്റെ മണത്തിനൊപ്പം ഞങ്ങളുടെ വിശപ്പും കൂടിക്കൂടി വന്നു. മീൻ മൊരിഞ്ഞു പാകമായതും മുന്നിലേക്ക് ചൂടു ചോറും മീൻ കുളമ്പുമെത്തി.

ചുമ്മാ തക്കാളിയും സവോളയും പച്ചമുളകും കടുകു പൊട്ടിച്ച് അതിലേക്ക് മീൻമസാല ചേർത്ത പുളിവെള്ളം ഒഴിച്ചുണ്ടാക്കിയ മീൻ കറിയാണ്. പക്ഷേ, അതിന്റെ രുചി! പാകത്തിനു വെന്ത മീൻ കഷണങ്ങളും നല്ല എരിവും പുളിയുമുള്ള ചാറും മാത്രം മതി ഒരു കിണ്ണം ചോറു അകത്താക്കാൻ.

അരിച്ചൽ മുനമ്പിലെ കാഴ്ചകൾ

വറുത്ത മീൻ കൂട്ടായി വേറെയുണ്ട്. മസാല തേച്ച് അധികം നേരം വച്ചിരുന്നില്ലെങ്കിലും മീനിൽ നല്ല പോലെ ഉപ്പും മുളകുമൊക്കെ പിടിച്ചിട്ടുണ്ട്. ഫ്രഷ് മീനിന്റെ രുചിയ്ക്കൊപ്പം നിൽക്കാൻ വേറെ ഏതു രുചിയുണ്ട്! ഒരു ഫോട്ടോ പോലും എടുക്കാനുള്ള സാവകാശം നൽകാതെ ഞങ്ങൾ സാപ്പാട് വൃത്തിയായി കഴിച്ചു തീർത്തു. മീൻ വറുക്കുന്നതിന്റെ ഫോട്ടോ നേരത്തെ എടുത്തതുകൊണ്ട് മീൻകുളമ്പു ശാപ്പാട് കഴിച്ചതിന് ഒരു തെളിവായി.

കുടിവെള്ളത്തിന്റെ സൈറണുകൾ

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സൈറൺ മുഴങ്ങുന്നതു പോലുള്ള ശബ്ദം കേൾക്കാമായിരുന്നു. അക്കയോടു ചോദിച്ചപ്പോൾ അതു കുടിവെള്ളം കൊണ്ടുവരുന്ന ടാങ്കർ ലോറിയുടെ സിഗ്നലാണെന്നു പറഞ്ഞു. ധനുഷ്കോടിയിലെ കടകളിലേക്ക് ശുദ്ധജലം എത്തിക്കുന്നത് ടാങ്കർ ലോറികൾ വഴിയാണ്. ഓരോ കടക്കാരും കാശു കൊടുത്തു വെള്ളം വാങ്ങി വയ്ക്കും.

ധനുഷ്കോടിയിലെ തകർന്ന പോർച്ചുഗീസ് പള്ളി (പഴയ ചിത്രം)

മീൻ അല്ലാതെ ബാക്കിയുള്ളതൊക്കെ രാമേശ്വരത്തു നിന്ന് ഇവിടേക്ക് എത്തിക്കുന്നതാണ്. 1964ലെ കൊടുങ്കാറ്റിൽ അക്കയുടെ വീടും കാറ്റെടുത്തു പോയി. അന്നു കുടുംബത്തോടൊപ്പം ധനുഷ്കോടി വിട്ടെങ്കിലും കാലങ്ങൾക്കു ശേഷം അക്കയും കുടുംബവും കച്ചവടത്തിനായി തിരിച്ചെത്തി. ഈ കടലും കച്ചവടവുമൊക്കെയാണ് അവരുടെ ജീവിതം. ഭക്ഷണം കഴിച്ച് അക്കയോടു കുറച്ചു നേരം വർത്തമാനം കൂടി പറഞ്ഞാണ് ഇറങ്ങിയത്. ഇറങ്ങാൻ നേരം കൃത്യമായി നല്ല കാറ്റും മഴയും.

വഴിയോരത്തെ കടകളൊക്കെ നിമിഷനേരം കൊണ്ട് ടാർപോളിൻ ഇട്ടു നീലനിറത്തിലേക്കു കൂടു മാറി. പതിനഞ്ചു മിനിറ്റോളം പെയ്ത മഴ ചൂടിനെയും വെയിലിനെയും കൂടെക്കൊണ്ടു പോയി. മഴ നനച്ച മണൽപ്പരപ്പിലൂടെയായിരുന്നു പിന്നീടുള്ള ഞങ്ങളുടെ യാത്ര.

ഇനി ഒറ്റക്കല്ല ആ ദേവാലയം

ധനുഷ്കോടിയെക്കുറിച്ചുള്ള ഏത് ഓർമക്കുറിപ്പുകളെടുത്താലും, അതിൽ  ആകാശത്തേക്ക് കണ്ണും നട്ട് ധ്യാനത്തിലിരിക്കുന്ന ഒരു പള്ളിയുടെ ചിത്രമുണ്ട്. കടലെടുത്തിട്ടും തല കുനിക്കാൻ തയാറാകാതെ കാറ്റിനോട് മല്ലടിച്ചു നിൽക്കുന്ന വിശുദ്ധ അന്തോനീസിന്റെ പള്ളി. അതായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം. പ്രേത നഗരത്തിലെ ഉപേക്ഷിക്കപ്പെട്ട പള്ളിയെന്ന വിശേഷണങ്ങൾ മാറിത്തുടങ്ങുകയാണോ എന്ന സംശയം ബാക്കി വയ്ക്കുന്നതായിരുന്നു പുതിയ കാഴ്ചകൾ.

കടലെടുത്തു പോയ ധനുഷ്കോടിയിലെ റയിൽവേ സ്റ്റേഷൻ

ഇരുവശത്തുമുള്ള ഓലമേഞ്ഞ കടകളോടു കൂട്ടുകൂടാൻ തയാറാകാതെ മാനം നോക്കി നിൽക്കുകയാണ് പഴയ പള്ളി. തകർന്ന ചുവരുകളിലെ പവിഴപ്പുറ്റുകളുടെ രഹസ്യമൊളിപ്പിച്ച കല്ലുകൾ തൊട്ടു നോക്കി അദ്ഭുതം കൂറുന്ന യാത്രികരുടെ ഇടയിലേക്ക് ഞങ്ങളും ചേർന്നു. ആരും ബലിയർപ്പിക്കാൻ എത്താത്ത അൾത്താരയിൽ കയറി നിന്ന് പല രീതിയിലുള്ള ചിത്രങ്ങൾ എടുക്കുകയാണ് അവർ.

ഫ്രഷ് മത്തി

ഉപ്പുകാറ്റേറ്റ് ഓർമകളിലേക്ക് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ചുവരുകളിൽ ഞാനും തൊട്ടു നോക്കി. കുറെക്കാലം എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു കിടന്നതിനു ശേഷം, പെട്ടെന്നു കുറെ പേർ വന്നു ചുറ്റും കൂടുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത അനുഭവിക്കുന്നുണ്ടാകുമോ പ്രേതനഗരത്തിലെ ഈ പഴയ ദേവാലയം?! എന്തായാലും സഞ്ചാരികൾ ഇനി വരും ദിവസങ്ങളിൽ കൂടുകയല്ലാതെ കുറയാൻ ഒരു സാധ്യതയുമില്ല. ധനുഷ്കോടിയുടെ ഇന്നലെകൾ ഈ ബഹളത്തിൽ മുങ്ങിപ്പോകുമോ എന്ന ആശങ്ക ബാക്കിയാക്കി ഞങ്ങൾ പള്ളിയോടു യാത്ര പറഞ്ഞിറങ്ങി.

യാത്രികരില്ലാത്ത സ്റ്റേഷൻ

പള്ളിയ്ക്കു എതിർവശത്തായാണ് കടലെടുത്തു പോയ റയിൽവേ സ്റ്റേഷൻ. അതിനു പിറകിലായി ചെറിയൊരു ക്ഷേത്രം കാണാം. രാമസേതു നിർമാണത്തിന് ഉപയോഗിച്ചതെന്നു വിശ്വസിക്കുന്ന കല്ലാണ് ക്ഷേത്രത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകം. വെള്ളത്തിൽ ഇട്ടാലും താണു പോകാത്തതാണ് ഈ കല്ല്. വെള്ളത്തിൽ കിടക്കുന്ന കല്ലിൽ എത്ര അമർത്തിയാലും അതു താനെ പൊന്തി വരും. വിശ്വാസികൾ ഭക്ത്യാദരങ്ങളോടെ ഈ കല്ലിനു മുന്നിൽ പ്രാർത്ഥനപൂർവം നമസ്കരിക്കുന്നതു കാണാം.

അരിച്ചൽ മുനമ്പ്

അതിനും അപ്പുറത്ത് 1964ലെ കൊടുങ്കാറ്റിനു ശേഷം വെള്ളം കയറി ഇല്ലാതായ പഴയ നഗരമാണ്. ക്ഷേത്രത്തിന്റെ അരമതിലിൽ ഇരുന്ന് അൽപനേരം നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ജലപരപ്പ് നോക്കിയിരുന്നു. കരയിലേക്കു വന്നു കുടുങ്ങിപ്പോയ കടൽ തന്നെയാകണം ഈ ജലാശയം. അതിനടിയിൽ പെട്ടെന്നൊരു ദിവസം നിശബ്ദമായിപ്പോയ ഒരു നഗരമുണ്ടെന്ന തിരിച്ചറിവ് നൊമ്പരമായി ഉള്ളിലേക്കു നനഞ്ഞിറങ്ങി.

അമ്പത്തിനാലു വർഷം മുൻപ് ഇതുപോലൊരു ഡിസംബർ മാസത്തിലാണ് നൂറിലധികം ആളുകളെയും കൊണ്ടു യാത്ര തിരിച്ച തീവണ്ടി ധനുഷ്കോടിയിൽ വച്ചു കടലെടുത്തു പോയത്. ആ യാത്രക്കാർക്കൊപ്പം ധനുഷ്കോടിയിലെ സ്കൂളും പോസ്റ്റ് ഓഫീസും ആശുപത്രിയും വീടുകളും ക്ഷേത്രവും എല്ലാം കടലിലൊടുങ്ങി.

ഇനിയൊരു വീണ്ടെടുപ്പ് സാധ്യമല്ലാത്ത വിധം ഒരു നഗരം വിസ്മൃതിയിലായി. ആ ഓർമകളെ പിന്തുടർന്നെത്തുന്ന സഞ്ചാരികൾ വരച്ചിടുന്ന ധനുഷ്കോടി പുതിയ കാഴ്ചയാണ്. ഓരോ വരവിലും പുതുക്കപ്പെടുന്ന ഓർമകൾ സമ്മാനിക്കുന്ന കാഴ്ചകൾ.