ട്രെക്കിങ് പ്രേമികളുടെ സ്വർഗഭൂമി

ട്രെക്കിങ്ങ് ഹരമായി കൊണ്ടുനടക്കുന്ന നിരവധി സഞ്ചാരികളുണ്ട്. കാടും മലയും താണ്ടി ഉയരങ്ങളിലെത്തി കാഴ്ചകൾ കണ്ടു നിൽക്കുന്നതാണ് ഇത്തരം യാത്രികരെ സംബന്ധിച്ച് ഏറെ സന്തോഷം നൽകുന്ന കാര്യം. അത്തരക്കാർക്കായി നിരവധി സുന്ദരമായ ട്രെക്കിങ്ങിടങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലും ചില സുന്ദരമായ ട്രെക്കിങ്ങ് കേന്ദ്രങ്ങളുണ്ട്. അതിമനോഹരം എന്നതിനൊപ്പം തന്നെ ഏറെ കാഴ്ചകളും സമ്മാനിക്കുന്നവയാണ് ഇവയോരോന്നും. അവയേതൊക്കെയെന്നു അറിയേണ്ടേ?

സാൽഹെർ 

മഹാരാഷ്ട്രയിലെ ഏറ്റവും ഉയരം കൂടിയ കോട്ടയാണ് സാൽഹെർ. നാസിക് ജില്ലയിലാണിത് സ്ഥിതി ചെയ്യുന്നത്. സഹ്യാദ്രി മലനിരകളിലെ ഏറ്റവുമുയരമാർന്ന പ്രദേശത്താണ് ഈ കോട്ടയുടെ സ്ഥാനം.

ബേസ് ക്യാമ്പുകളായ സാൽഹെർവാടിയിൽ നിന്നോ വാഗെമ്പേയിൽ നിന്നോ ഏകദേശം മൂന്നു മണിക്കൂർ നേരത്തെ ട്രെക്കിങ്ങ് കൊണ്ട് മാത്രമേ സാൽഹെർ കോട്ടയുടെ മുകളിലെത്താൻ സാധിക്കുകയുള്ളു. 

അലാങ് കോട്ട 

മഹാരാഷ്ട്രയിലെ ഏറ്റവും ദുർഘടം പിടിച്ച ട്രെക്കിങ്ങ് പാതകളിലൊന്നു താണ്ടിയാൽ മാത്രമേ അലാങ് കോട്ടയിൽ എത്തിച്ചേരാൻ കഴിയുകയുള്ളു.

കൽസുബായിയിലാണിത് സ്ഥിതി ചെയ്യുന്നത്. സഹ്യാദ്രി മലനിരകളിലെ ഏറ്റവും കഠിനമെന്നു വിശേഷിപ്പിക്കപ്പെടുന്ന അലാങ്, മദൻ, കുലാങ് എന്നിവയിലൊന്നിലാണ് ഈ കോട്ടയുടെ സ്ഥാനം. 

ടൈൽബൈല ട്രെക്ക് 

രണ്ടു മലകൾ താണ്ടിയാൽ മാത്രം എത്തിച്ചേരാൻ കഴിയുന്ന, ട്രെക്കിങ്ങ് പാതകളാണ് ഗംഗാദ്, ടൈൽബൈല എന്നിവ. ലോണാവാല പ്രദേശത്താണിത് സ്ഥിതി ചെയ്യുന്നത്.

വളരെ ഉയരംകൂടിയ ഈ മലകയറ്റം അല്പം ആയാസം നിറഞ്ഞതാണ്. നാലുവഴികളിലൂടെ ഈ മലമുകളിലേക്കു എത്തിച്ചേരാം. 

കലാവന്തിൻ ദർഗ്

സഹ്യാദ്രി മലനിരകളിലെ ഏറ്റവും മികച്ച ട്രെക്കിങ്ങ് പോയിന്റുകളിലൊന്നായാണ് കലാവന്തിൻ ദർഗ് അല്ലെങ്കിൽ പ്രബൽഘട്ട് കോട്ട അറിയപ്പെടുന്നത്. താക്കൂർവാടിയിലാണ് ഈ ട്രെക്കിങ്ങിന്റെ ബേസ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. 

ഹരിഹർ കോട്ട 

ഇഗത്പുരിയ്ക്ക് വടക്കു ഭാഗത്തായി ത്രയംബക് റേഞ്ചിൽ, ത്രികോണാകൃതിയിലുള്ള മലകൾക്കു മുകളിലായാണ് ഹരിഹർ കോട്ട സ്ഥിതി ചെയ്യുന്നത്.

തെന്നലുള്ളതു കൊണ്ടുതന്നെ ഈ കോട്ടയിലേക്കുള്ള ട്രെക്കിങ്ങ് കഠിനമാണ്. എങ്കിലും കോട്ടയ്ക്കു മുകളിൽ നിന്നുള്ള കാഴ്ചകൾ ആരെയും വിസ്മയിപ്പിക്കത്തക്കതായതു കൊണ്ടുതന്നെ ഹരിഹർ കോട്ട കാണാനെത്തുന്ന സഞ്ചാരികൾ നിരവധിയാണ്. 

ഹരിചന്ദ്രഗഡ് 

പശ്ചിമഘട്ടത്തിലെ ഏറ്റവും മനോഹരമായ കോട്ടയാണ് ഹരിചന്ദ്രഗഡ്. അഹമ്മദ്‌നഗറിലാണിത് സ്ഥിതി ചെയ്യുന്നത്. പുരാതനകാലത്തു നിര്മിക്കപ്പെട്ടതാണ് ഈ കോട്ട. ചുറ്റുമുള്ള പ്രദേശങ്ങളുടെ വളരെ സുന്ദരമായ കാഴ്ചകൾ സമ്മാനിക്കാൻ ഇതിനു കഴിയും.

മൂന്നു പാതകളാണ് ഈ കോട്ടയിലേക്ക് നീളുന്നത്. അവ ആരംഭിക്കുന്നത് ഖിരേശ്വർ, നാളാച്ചി വാറ്റ്, കൊത്തലേ എന്നീ മൂന്നുഗ്രാമങ്ങളിൽ നിന്നാണ്. 

ദോഡാപ് 

സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന, ഉയരത്തിൽ രണ്ടാം സ്ഥാനമുള്ള കോട്ടയാണ് ദോഡാപ്. നാസിക്കിന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്രയിലെ ഉയരത്തിൽ മൂന്നാം സ്ഥാനമുള്ള മലയ്ക്കു മുകളിലായാണ് ഈ കോട്ടയുടെ സ്ഥാനം. അതിസാഹസികർക്കും ട്രെക്കിങ്ങ് പ്രിയർക്കും ഏറെ പ്രിയപ്പെട്ട ട്രെക്കിങ്ങ് പാതയാണിത്.

ജിവ്ധൻ 

3757 അടി മുകളിലായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് ജിവ്ധൻ. പൂനെ ജില്ലയിലെ നാരായൺഗണിലാണിതിന്റെ സ്ഥാനം. പ്രശസ്തമായ അഞ്ചു ട്രെക്കിങ്ങ് പോയിന്റുകളിലൊന്നായി കണക്കാക്കുന്ന ഇങ്ങോട്ടുള്ള ട്രെക്കിങ്ങ് ഏറെ പ്രയാസകരമാണ്. 

ജംഗ്ലി ജയ്‌ഗഡ് 

കൊയ്‌ന തടാകത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന, ഇടതൂർന്നു നിൽക്കുന്ന മരങ്ങൾ മനോഹര കാഴ്ചകളൊരുക്കുന്ന ഒരു കോട്ടയാണ് ജംഗ്ലി ജയ്‌ഗഡ്. കാട്ടിലൂടെയുള്ള ട്രെക്കിങ്ങ് ആണ്  പ്രധാന സവിശേഷത. നിബിഡമായ വനവും കൊയ്‌ന തടാകവും കുമ്പർലി ഘട്ടും ഈ ട്രെക്കിങ്ങിനെ അവിസ്മരണീയ അനുഭവമാക്കും.

ടൊർണ ട്രെക്ക് 

പൂനെ ജില്ലയിൽ സ്ഥിതി ചെയ്യുന്ന, മഹാരാഷ്ട്രയിലെ തന്നെ ഏറ്റവും വലിയ കോട്ടകളിലൊന്നാണ് ടൊർണ. മഹാരാജ ശിവജിയാണ് ഈ കോട്ട ആദ്യമായി പിടിച്ചടക്കിയത്. 4063 അടി ഉയരമുള്ള ഈ കോട്ടയാണ് പൂനെ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കോട്ട. മൺസൂൺ സമയത്താണ് ഇവിടെ കൂടുതൽ ആളുകൾ ട്രെക്കിങ്ങിനെത്തുന്നത്‌.

രാജ്ഗഡ് 

4250 അടി ഉയരമുള്ള കോട്ട, പൂനെയിൽ തന്നെയാണിതു സ്ഥിതി ചെയ്യുന്നത്. ധാരാളം സഞ്ചാരികൾ എത്തുന്ന പ്രശസ്തമായ ഒരു ട്രെക്കിങ്ങ് പോയിന്റാണിത്.

ടമൺസൂണിനു ശേഷമാണ് ഇവിടെ  കൂടുതലാളുകൾ ട്രെക്കിങ്ങിനായി എത്തിച്ചേരുന്നത്. സഹ്യാദ്രി മലനിരകളുടെ മനോഹര കാഴ്ചകൾ സമ്മാനിക്കുമെന്നതു  കൊണ്ടുതന്നെ നിരവധി ട്രെക്കിങ്ങ് പ്രിയർ ഇവിടുത്തെ സുന്ദരകാഴ്ചകൾ കാണായി എത്താറുണ്ട്. 

വസോട്ട ജംഗിൾ ട്രെക്ക് 

കൊയ്‌ന തടാകത്തിനു സമീപത്തായി തന്നെ സ്ഥിതി ചെയ്യുന്ന, നിബിഡ വനങ്ങളും വലിയ വൃക്ഷങ്ങളും വഴിയിലുടനീളം കൂട്ടുവരുന്ന മനോഹരമായ ഒരു ട്രെക്കിങ്ങ് പാതയാണ് വസോട്ട ജംഗിൾ ട്രെക്ക്.

സഞ്ചാരികളെ വിസ്മയിപ്പിക്കുകയും ഹരം പിടിപ്പിക്കുകയും ചെയ്യുന്ന, അനിർവചനീയമായ അനുഭവങ്ങൾ സമ്മാനിക്കാൻ വസോട്ട ജംഗിൾ ട്രെക്കിനു കഴിയും.