ട്രെയിനിലൊരു വിനോദസഞ്ചാരം, കൂട്ടായി റാണിയും

യാത്രകൾക്കായി ഇന്ത്യയിലെ  നല്ലൊരു വിഭാഗം ജനങ്ങളും ആശ്രയിക്കുന്നത് തീവണ്ടികളെയാണ്. നമ്മുടെ നാട്ടിലെ ഗ്രാമങ്ങളുടെ ഹൃദയമിടിപ്പും നഗരത്തിരക്കുകളും സുന്ദരിയായ പ്രകൃതിയും കണ്ടുകൊണ്ടുള്ള നീണ്ട തീവണ്ടി യാത്രകൾ ഇഷ്ടമില്ലാത്തവർ ചുരുക്കമാണെന്നു തന്നെ പറയാം. പ്രകൃതിയെ അടുത്തറിയാൻ കഴിയുന്ന നിരവധി തീവണ്ടി യാത്രകളുണ്ട്. മഞ്ഞും തണുപ്പും ചൂടും മഴയും ഒരേ യാത്രയിൽ തന്നെ അനുഭവിച്ചറിയാൻ കഴിയുന്ന നീണ്ട യാത്രകൾ... പൂക്കളും കൊട്ടാരങ്ങളും കഥ പറയുന്ന മൈസൂരിൽ നിന്നും വർണങ്ങൾ വാരിയണിഞ്ഞു അതിഥികളെ സ്വീകരിക്കുന്ന രാജസ്ഥാന്റെ മണ്ണിലേക്ക്... യാത്ര പാലസ് ക്വീൻ ഹംസഫർ എക്സ്പ്രസ് എന്ന തീവണ്ടിയിലാണ്. 

രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്നാരംഭിച്ചു മൈസൂരിൽ അവസാനിക്കുന്ന നീണ്ട 43 മണിക്കൂറുകൾ. 2267 കിലോമീറ്റർ. യാത്ര ആരംഭിക്കുമ്പോൾ മുതൽ കൂട്ടിനു വരുന്ന വ്യത്യസ്തവും മനോഹരവുമായ കാഴ്ചകൾ അവസാനിക്കുന്നതുവരെ കൂടെ ഉണ്ടാകുമെന്നതാണ് പാലസ് ക്വീൻ ഹംസഫർ എക്സ്പ്രസിന്റെ യാത്രയിലെ ഏറ്റവും വലിയ സവിശേഷത.

2018 ഫെബ്രുവരിയിലാണ് ഈ തീവണ്ടി യാത്ര ആരംഭിച്ചത്. കൂടുതൽ സൗകര്യങ്ങൾ, വേഗത്തിലുള്ള യാത്ര, തെക്കു നിന്നും പടിഞ്ഞാറോട്ടുള്ള ഓരോ ദേശങ്ങളും താണ്ടുമ്പോൾ കണ്മുമ്പിൽതെളിയുന്ന കാഴ്ചകൾ, അതെല്ലാമാണ് പാലസ് ക്വീൻ  യാത്രക്കാർക്കു വാഗ്ദാനം ചെയ്യുന്നത്. യാത്രാപ്രേമികൾ ആ വാഗ്ദാനത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ ആരംഭിച്ചു പത്തുമാസം പൂർത്തിയാകുമ്പോൾ നിറയെ യാത്രക്കാരുമായി ഇപ്പോഴും  തകർത്തോടുകയാണ് ഹംസഫർ എക്സ്പ്രസ്സ്. 

Image courtesy:Indian Railways Facebook page

അഞ്ചു സംസ്ഥാനങ്ങളാണ് പാലസ് ക്വീൻ  തന്റെ യാത്രയിൽ താണ്ടുന്നത്. കർണാടകം, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ. പതിനാലു സ്റ്റോപ്പുകൾ മാത്രം. രണ്ടു ദിവസം പൂർത്തിയാകുന്നതിനു മുൻപ് തന്നെ ഏകദേശം രണ്ടായിരത്തിലധികം കിലോമീറ്ററുകൾ പിന്നിടുന്നു. പതിനാലു സ്റ്റേഷനുകളിൽ മാത്രമേ സ്റ്റോപ്പ് ഉള്ളുവെങ്കിലും ഈ അഞ്ചു സംസ്ഥാനങ്ങളിലെ 347 റെയിൽവേ സ്റ്റേഷനുകളിലൂടെ തീവണ്ടി കടന്നുപോകുന്നു. 

പേരു സൂചിപ്പിക്കുന്നതുപോലെ യാത്രക്കാർക്കു മികച്ച സൗകര്യങ്ങളെലാം ഒരുക്കിയിട്ടുള്ള അകത്തളങ്ങൾ. എയർ കണ്ടീഷൻ ചെയ്തിട്ടുള്ള, ത്രീ ടയർ സ്ലീപ്പർ ആണ് ഓരോ കോച്ചുകളും. ചായ/കാപ്പി മേക്കിങ് മെഷീനുകൾ, കണ്ണാടികൾ, സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ തുടങ്ങി ധാരാളം സൗകര്യങ്ങൾ.എല്ലാ തിങ്കളാഴ്ചയും രാത്രി 9.00 നു ഉദയ്പൂരിൽ നിന്നും പുറപ്പെടുന്ന പാലസ് ക്വീൻ ബുധനാഴ്ച വൈകുന്നേരം 4.25 നു മൈസൂരിൽ എത്തിച്ചേരും. അതുപോലെ തന്നെ വ്യാഴാഴ്ച കാലത്തു 6.15 നു മൈസൂരിൽ നിന്നും പുറപ്പെട്ടു, ശനിയാഴ്ച ഉച്ചയ്ക്ക് 1.45 നു ഉദയ്പൂരിലെത്തിച്ചേരും.